Thursday, July 30, 2020

ആരോപണവൈറസിനു മരുന്നില്ല

ആറുമാസമായി കേരളം അപകടകാരിയായ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് നിരവധി അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ പ്രവർത്തനമികവ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. ഒരു ഘട്ടത്തിലും പ്രതിരോധരംഗത്ത് അവസാന വിജയം കൈവരിച്ചു എന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ, ദേശീയ–- സാർവദേശീയ പഠനങ്ങൾ കേരളത്തിന്റെ മുന്നൊരുക്കവും പ്രതിരോധ തന്ത്രങ്ങളും രോഗവ്യാപനവും മരണ നിരക്ക് കുറയ്ക്കുന്നതിനും കാരണമായെന്ന് വിലയിരുത്തി. അതിൽ അഭിമാനംകൊള്ളുമ്പോഴും അടുത്തഘട്ടത്തിൽ കോവിഡ് ഗ്രാഫിൽ ഉയർച്ചയുണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. അപ്പോഴും കടുത്ത വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തി. 

ഇപ്പോൾ കോവിഡ് വ്യാപനം വർധിച്ച ഘട്ടത്തിൽ ചിലരുടെ ദുഷ്‌പ്രചാരണങ്ങൾ തുറന്നു കാണിക്കേണ്ടതാണ്‌. കോവിഡ്-–-19 ആയിരക്കണക്കിനു മനുഷ്യരെ ദൈനംദിനം കൊന്നൊടുക്കുകയാണ്‌. പിൻവാങ്ങിയിടത്ത്‌ വീണ്ടും തലപൊക്കുന്നതായി വാർത്തകൾ വരുന്നു. നമ്മുടെ ഏറ്റവും പ്രധാനലക്ഷ്യം ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ മൂന്നാമതാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടകം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരങ്ങൾ മരിച്ചു.

കേരളത്തിന്റെ പ്രത്യേകത

കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് നാം കാര്യങ്ങൾ നിയന്ത്രിച്ചത്. ശരിയായ പരിശോധനാരീതിയും നിയന്ത്രണരീതിയുമാണ് അവലംബിച്ചത്. ടെസ്റ്റിന്റെ എണ്ണം കേരളത്തിൽ വളരെ കുറവാണെന്നും ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം അവഗണിച്ചെന്നും ചിലർ പറയുന്നു. എന്നാൽ, പരിശോധനയുടെ കാര്യത്തിൽ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതിയാണ് ശരിയെന്ന് ലോകംമുഴുവൻ ചർച്ചചെയ്‌തു. ഒന്നാംഘട്ടത്തിൽ ചൈനയിൽനിന്ന്‌ വന്ന മൂന്നുപേർക്കും മെയ് മൂന്നുവരെ മറ്റ് പല രാജ്യങ്ങളിൽനിന്നും വന്ന 499 പേർക്കും കോവിഡ് വൈറസ് ബാധ ഉണ്ടായപ്പോൾ അവരിൽ 165 പേർക്ക് സമ്പർക്കംമൂലം (33 ശതമാനം) രോഗബാധയുണ്ടായി. ആ ഘട്ടത്തിൽ മൂന്നുപേർമാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഈ മൂന്നുപേരും മറ്റ് നിരവധി അനുബന്ധ രോഗങ്ങളുള്ളവരുമായിരുന്നു. ഈ ഘട്ടത്തിൽ മരണനിരക്ക് 0.56 ആയി കുറയ്ക്കാൻ സാധിച്ചു. ഇതേക്കുറിച്ച് ബിബിസിയും ഗാർഡിയനുമടക്കം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകി. അപ്പോഴും കേരളം ലോക്ഡൗൺ പിൻവലിക്കുന്ന സമയത്ത് മറ്റൊരു വലിയ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി മുൻകൂട്ടി ആസൂത്രണം നടത്തുകയായിരുന്നു. സ്ഥാപനത്തിൽ ഒരുമിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്യുന്നതിനേക്കാൾ വീട്ടിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ് നല്ലതെന്ന് കേന്ദ്രവും ഐസിഎംആറും പിന്നീട് അംഗീകരിക്കുന്ന സ്ഥിതിവന്നു.

വ്യാപനത്തിന്റെ മൂന്നാംഘട്ടം

ലോക്ഡൗൺ നിബന്ധനകൾ പിൻവലിച്ചതോടെ വലിയ തോതിൽ മറ്റ് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ജനപ്രവാഹമുണ്ടായി. കേരളീയരെ മുഴുവൻ ഒരുമിച്ച് സംസ്ഥാനത്തിലേക്ക് കൊണ്ടുവരണമെന്നും സർക്കാർ പ്രവാസികളെ അവഗണിക്കുന്നുവെന്നും ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിദേശത്ത് ചികിത്സയ്ക്കും മറ്റും പ്രയാസമനുഭവിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ അവസരമൊരുക്കണമെന്ന് ആദ്യമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് കേരള മുഖ്യമന്ത്രിയാണ്. ആളുകൾ തിരിച്ചുവരുന്നത് രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളിൽനിന്നായതിനാൽ അവരിൽനിന്ന് സമ്പർക്കത്തിലൂടെ പകർച്ചയുടെ തോത് കുതിച്ചുയരാമെന്ന് നാം കണക്കുകൂട്ടി. എയർപോർട്ട്, സീ പോർട്ട്, റെയിൽവേ സ്റ്റേഷൻ, ചെക്പോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാനും നമ്മുടെ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേഷൻ, ട്രീറ്റ് എന്ന സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാനും ആവശ്യമായ ആസൂത്രണം ഉണ്ടാക്കി. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകേന്ദ്രങ്ങൾ ശക്തമായി ഇടപെട്ടു. ഓരോ ദിവസവും എത്താവുന്ന പരമാവധി ആളുകളെ കൊണ്ടുവന്ന് പരിശോധിച്ച് നിർദേശങ്ങൾ നൽകി കടത്തിവിടുക എന്ന തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഇതിനെ തുരങ്കംവയ്ക്കാൻ ചിലർ കാണിച്ചിട്ടുള്ള പരിശ്രമം എത്ര വലിയ അപകടത്തിലേക്കാണ് കേരളത്തെ നയിക്കുന്നത് എന്നത് എല്ലാവരും ഓർക്കേണ്ടതാണ്. അത്‌ വരുന്ന സഹോദരങ്ങളെയോ കേരളത്തിലുള്ളവരെയോ രക്ഷിക്കാനുതകുന്നതായിരുന്നില്ല. പകരം ‘പ്രതിരോധവേലിയിൽ വിള്ളലുണ്ടാക്കുന്നതിനും' കേസുകൾ വർധിച്ച് കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനുംവേണ്ടിയായിരുന്നു.

ഇപ്പോഴത്തെ സ്ഥിതി

മെയ് നാലിനുശേഷം കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ലോക്ഡൗൺ നിബന്ധനകൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഇത്. കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന്‌ ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്‌ത്തി എങ്കിലും ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. അവരിൽനിന്ന് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം രോഗബാധയുണ്ടായി. രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ രൂപംകൊള്ളാൻ തുടങ്ങി.

കേന്ദ്ര സർക്കാരിൽനിന്ന് കൂടുതൽ പരിശോധനാ ലാബുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ഇടപെടുകയും ലാബുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിനം 22,000ൽ ഏറെ പരിശോധന നടത്തുന്നുണ്ട്. 17 സർക്കാർ ലാബിലും എട്ട്‌ സ്വകാര്യ ലാബിലുമുൾപ്പെടെ 25 സ്ഥലത്താണ് കോവിഡ്–--19 ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. കൂടാതെ, എയർപോർട്ടിലെയും ക്ലസ്റ്ററുകളിലെയും ആന്റിജൻ പരിശോധനയ്ക്കായി 10 ലാബുമുണ്ട്.

കേരളത്തിൽ ടെസ്റ്റിന്റെ എണ്ണം കുറവാണെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവർ മനസ്സിലാക്കേണ്ടത് ടെസ്റ്റിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് എന്നതാണ്. പോസിറ്റീവ് കേസുകൾക്ക് ആനുപാതികമായി നടത്തുന്ന ടെസ്റ്റിന്റെ എണ്ണത്തിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം എന്നിവയാണ് മുന്നിലുള്ളത്. ഇതിൽത്തന്നെ മരണനിരക്കിന്റെ കാര്യത്തിൽ ടെസ്റ്റിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച സ്ഥാനമാണ് കേരളത്തിന്. രാജ്യത്തിൽത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് (0.32) കേരളത്തിലാണ്.

ക്ലസ്റ്ററുകൾ

കേരളം മുൻകൂട്ടി തയ്യാറാക്കിയ ക്ലസ്റ്റർ മാനേജ്‌മെന്റ് സ്ട്രാറ്റജി അനുഭവങ്ങളുടെ വെളിച്ചത്തിൽ ശക്തമാക്കി പ്രയോഗത്തിൽ വരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. തമിഴ്‌നാട്ടിൽനിന്ന് മത്സ്യവിപണത്തിനായി വന്ന വാഹനംവഴിയാണ് തിരുവനന്തപുരം കുമരിച്ചന്തയിലും പൂന്തുറയിലുമെല്ലാം ക്ലസ്റ്റർ രൂപംകൊണ്ടത്. കായംകുളം, ആലുവ, പൊന്നാനി, പട്ടാമ്പി തുടങ്ങിയ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നവർവഴിയാണ് ക്ലസ്റ്ററുകൾ രൂപംകൊണ്ടത്. മാസ്‌ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ ശുചിയാക്കുക, ഓരോരുത്തരും രണ്ടുമീറ്റർ അകലം പാലിക്കുക എന്നിവയിലൂടെമാത്രമേ വൈറസ് വ്യാപനം തടയാൻ കഴിയൂ.

രോഗവ്യാപനത്തിന്റെ കണ്ണിപൊട്ടിക്കുക എന്നത് വളരെ പ്രധാനമാണ്. ജനങ്ങൾ കർശനമായി നിബന്ധനകൾ പാലിക്കണം. വിവാഹത്തിന് 50 പേർമാത്രമെന്നു പറഞ്ഞാൽ അത് 25 പേരായി ചുരുക്കാൻ കഴിയുമോ എന്നാണ് നോക്കേണ്ടത്. മരണാന്തരചടങ്ങിൽ 20 ആൾക്കാരെന്നു പറഞ്ഞാൽ അതിൽ പകുതിമാത്രം പങ്കെടുത്താൽ ഏറെ ഗുണകരമാകും. ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ആരാധനാലയങ്ങളിൽ ഒരു സമയം രണ്ടു മീറ്റർ അകലത്തിൽ നാലോ അഞ്ചോ ആളുകൾമാത്രംനിന്ന് പ്രാർഥനകൾ നടത്തുന്നതായിരിക്കും സുരക്ഷിതം. ആറുമാസത്തേക്കെങ്കിലും നാം ഈ നിബന്ധനകൾ അനുസരിക്കണമെന്നാണ് ലോകത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പുതിയ സാഹചര്യം നേരിടാൻ

ലോക്ഡൗൺ ഇളവുകൾ വരുമ്പോൾ ഉണ്ടാകാവുന്ന രോഗച്ചകർച്ചയുടെ പുതിയ സാഹചര്യം നേരിടാൻ സർക്കാർ വേണ്ടത്ര ഒരുക്കം നടത്തിയില്ല എന്നാണ് ചിലർ വിമർശിക്കുന്നത്. കോവിഡ് ബാധിതരെ ചികിത്സിക്കാൻ 1.38 ലക്ഷം കിടക്ക സജ്ജമാണെന്ന് അവകാശപ്പെട്ടിട്ട് ഇപ്പോൾ എന്തായി എന്നും ചോദിക്കുന്നു. മെയ് മാസംവരെ 499 ആയിരുന്ന കോവിഡ് ബാധിതരുടെ എണ്ണം 50,000മോ ഒരുലക്ഷമോ അതിൽ കൂടുതലോ ആയി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. കോവിഡ് കെയർ സെന്ററുകളും രോഗബാധിതരിൽ അപകടനിലയിൽ അല്ലാത്തവരെ അഡ്മിറ്റ് ചെയ്യാൻ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും തയ്യാറാക്കാൻ നേരത്തേതന്നെ പദ്ധതി തയ്യാറാക്കി. ജനകീയ സഹകരണത്തോടെ ഓരോ പ്രദേശത്തും ആവശ്യകതയ്ക്കനുസരിച്ച് ഇത് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. 101 സിഎഫ്എൽടിസികൾ തയ്യാറാക്കിക്കിഴിഞ്ഞു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുംകൂടി ചേർന്നാണ് ഇത് തയ്യാറാക്കിയത്. തുടർന്ന് എല്ലാ പഞ്ചായത്തുകളും 100 കിടക്കവീതമുള്ള സിഎഫ്എൽടിസികൾ തയ്യാറാക്കിവരുന്നു. ഇപ്പോൾ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളിൽ 8704 ബെഡ്‌ ഉണ്ട്.

കടുത്ത രോഗലക്ഷണങ്ങളുള്ള 67 പേരും (ഐസിയു) ഉണ്ട്. അതായത്, കോവിഡ് ആശുപത്രികളിലെ ആകെ ബെഡിന്റെ പകുതിയോളംമാത്രമേ ഇപ്പോൾ രോഗികളായി അഡ്മിറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ, ഇതേസമയംതന്നെ 101 സിഎഫ്എൽടിസികളിലായി 12,801 ബെഡ് തയ്യാറായി കഴിഞ്ഞതിൽ 5851 പേരെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. സിഎഫ്എൽടിസികളുടെ രണ്ടാംഘട്ടവും പൂർത്തിയായി ഇരിക്കുകയാണ്. മിഷൻ 50,000 എന്ന പദ്ധതിയിൽ 229 സിഎഫ്എൽടിസികളിലായി 30,598 ബെഡ് റെഡിയായിക്കഴിഞ്ഞു.

സിഎഫ്എൽടിസികളിൽ പ്രവർത്തിക്കുന്നതിന് വളരെയേറെ ആരോഗ്യപ്രവർത്തകർ ആവശ്യമാണ്. ആരോഗ്യ, ആയുഷ് മേഖലകളിൽനിന്ന്‌ കണ്ടെത്തുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാർട്‌മെന്റുകളിൽനിന്നുള്ളവരും സന്നദ്ധരായി മുന്നോട്ട് വരുന്നവരും ചേർന്ന് കോവിഡ് ബ്രിഗേഡ് രൂപീകരിക്കാനും പരിശീലനം നൽകുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം

തുടക്കംമുതൽ സ്വകാര്യമേഖലയെ ഈ പോരാട്ടത്തിൽ സഹകരിപ്പിച്ച് കൂടെനിർത്താനാണ് സർക്കാർ തയ്യാറായിട്ടുള്ളത്. നിരവധിതവണ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും ഐഎംഎപോലുള്ള സംഘടനകളുടെയും യോഗം വിളിച്ചുചേർക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയുംചെയ്തു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും സ്രവപരിശോധന നടത്തുന്നതിനും അവർക്ക് അനുമതി നൽകി. കാസ്പിൽ രജിസ്റ്റർചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്ന കോവിഡ് രോഗികൾക്ക് കാസ്പ് പാക്കേജ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ചികിത്സയുടെ നിരക്കും നിശ്ചയിച്ച് നൽകിയിട്ടുണ്ട്. വൻ ചെലവുവരുന്ന കോവിഡ് ചികിത്സ സർക്കാർമേഖലയിൽ തികച്ചും സൗജന്യമായാണ് നൽകിവരുന്നത്. ആശുപത്രിയിൽ രോഗികൾക്ക് നേരിട്ട് വരാൻ പ്രയാസമുണ്ടാകുന്ന ഈ കാലത്ത് ടെലിമെഡിസിൻ സമ്പ്രദായത്തിലൂടെ നൂറുകണക്കിനു രോഗികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു.

പ്രായംചെന്നവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ തുടങ്ങിയവരെ വൈറസ് ബാധിച്ചിട്ടുള്ള ആളുകളിൽനിന്ന്‌ പൂർണമായി മാറ്റിനിർത്തേണ്ടതുണ്ട്. അവർ വീടിനു വെളിയിൽ ഇറങ്ങാതിരിക്കുകയും രോഗം പകരാനുള്ള സാധ്യത ഒഴിവാക്കുകയും വേണം. ഇതിനെയാണ് റിവേഴ്സ്‌ ക്വാറന്റൈൻ എന്ന് പറയുന്നത്. പഞ്ചായത്ത് വാർഡ് സമിതി, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ സഹായത്തോടെ ഇത്തരം ആളുകളെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് മരണങ്ങൾ

കേരളത്തിൽ മൂന്നാംഘട്ടത്തിലാണ് കൂടുതൽ മരണങ്ങൾ ഉണ്ടായത്. മറ്റ് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ഇങ്ങോട്ട് വരുന്നതിന് മുൻഗണന നിശ്ചയിച്ചത് ഗുരുതരമായ അസുഖം ഉള്ളവർക്കായിരുന്നു. അവരിൽ ചിലർ ഇവിടെ എത്തുമ്പോൾത്തന്നെ രോഗം മൂർച്ഛിച്ച അവസ്ഥയിലാകുകയും ജീവൻ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്തു. മരിച്ചവരിൽ മഹാഭൂരിപക്ഷവും 60 വയസ്സിനു മേലെയുള്ളവരാണ്. മരണസംഖ്യ കുറച്ച് കാണിക്കുന്നു എന്ന പരാതി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഐസിഎംആർ ഗൈഡ് ലൈൻ അനുസരിച്ച് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താവുന്ന എല്ലാ കേസും ഉൾപ്പെടുത്തുന്നുണ്ട്. ചിലപ്പോൾ മരിക്കുന്ന സമയത്ത് ട്രൂനാറ്റ് ടെസ്റ്റിലൂടെയും മറ്റും കോവിഡ് പോസിറ്റീവായ കേസുകൾ എൻഐവിയിൽ അയച്ച സാമ്പിൾ റിസൾട്ട് വരുമ്പോൾ നെഗറ്റീവായി വരുന്ന അവസ്ഥയുണ്ട്. സംശയിക്കപ്പെടുന്ന എല്ലാ കേസും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ശവസംസ്‌കാരം നടത്തണം എന്നാണ് നിബന്ധന. അന്നന്നത്തെ മാധ്യമവാർത്തകളിൽ അത് കോവിഡ് മരണമായി ചിത്രീകരിക്കാറുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കുകളിൽ സ്ഥിരീകരിച്ച റിസൾട്ട് കിട്ടുമ്പോഴാണ് കോവിഡ് മരണത്തിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്.

കേരളം ഒരു ചെറിയ സംസ്ഥാനമാണ്. സാമ്പത്തികമായും നമ്മുടെ സ്ഥിതി ഏറെ ഭദ്രമല്ല. എന്നിട്ടും കൂടുതലാളുകളെ മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നത് കൂട്ടായി നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. എന്നാൽ, രോഗബാധ അനിയന്ത്രിതമായി പെരുകിയാൽ ആരോഗ്യസംവിധാനത്തിന്റെ പരമാവധി സാധ്യതയ്ക്കും അപ്പുറമുള്ള പ്രശ്‌നങ്ങളാകും അത് സൃഷ്ടിക്കുക. അതുകൊണ്ട് ഓരോ വ്യക്തിയുടെയും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിൽക്കൂടിമാത്രമേ നമുക്ക് ഈ ആപത്ത് തരണംചെയ്യാൻ കഴിയുകയുള്ളൂ. കേരളത്തിൽ കരുതലിന്റെ പാഠം ഉൾക്കൊണ്ട് കൊറോണയെ നമുക്ക് മാറ്റിനിർത്താം. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. സർക്കാർ ഒപ്പമുണ്ട്.

കെ കെ ശൈലജ

No comments:

Post a Comment