എല്ലാവിധ സംവാദാത്മകതയും നിഷേധിക്കുന്ന മാധ്യമ പ്രവർത്തനം കോർപ്പറേറ്റ് മൂലധന താല്പര്യങ്ങളിൽ നിന്നുള്ള ക്ഷുദ്രമായ കമ്യൂണിസ്റ്റ് വിരോധം മാത്രമാണു്. അത്തരം മാധ്യമ മാടമ്പിത്തരത്തെ തുറന്നു കാട്ടാനുള്ള സി പി ഐം ൻ്റെ ബഹിഷ്ക്കരണ തീരുമാനത്തെ ജനാധിപത്യവിരുദ്ധമായ ഫ്യൂഡൽ അയിത്താചരണമെന്നൊക്കെ ആക്ഷേപിക്കുന്നവർ ചരിത്രത്തെയും നവോത്ഥാനത്തെയും കളിയാക്കുക കൂടിയാണ്. അധികാരവരേണ്യതയെ ബഹിഷ്ക്കരണത്തിലൂടെയും പണിമുടക്കിലൂടെയും പ്രതിരോധിച്ച സമരോത്സുകമായ അനുഭവങ്ങളും നമ്മുടെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമാണെന്ന് അറിയാത്തവരല്ലോ ഇക്കൂട്ടർ.കോർപ്പറേറ്റ് മൂലധന താല്പര്യങ്ങളിൽ നിന്നുയർന്നു വരുന്ന ദയനീയമായ ന്യായവാദങ്ങൾ മാത്രമാണ് ഇത്തരം ചരിത്രവിരുദ്ധ ചൈ ആക്ഷേപങ്ങൾ
റോയിട്ടർ മേധാവിയായിരുന്ന സർ റോബർട്ട് ജോൺസൻ്റെയും അമേരിക്കൻ കോർപ്പറേറ്റ് മാധ്യമതന്ത്രങ്ങളുടെ ആചാര്യനായിരുന്ന വാട്ടർ ലിപ്മാൻ്റെയും അഹങ്കാരപൂർണ്ണമായ വാദങ്ങൾ ആവർത്തിക്കുകയാണോ കേരളത്തിലിപ്പോൾ ചില ചാനൽ മേധാവികളും വലതുപക്ഷ മാധ്യമബുദ്ധിജീവികളുമെന്നു തോന്നുന്നു. ജനാധിപത്യവും ആധുനികസംസ്കാരവും വിപുലമാക്കാനെന്ന പേരിൽ ബ്രിട്ടൻ്റെ സൂര്യനസ്തമിക്കാത്ത സാമ്രാജൃത്യവാഴ്ച ഉറപ്പാക്കുന്നതിൽ റോയിട്ടർ വഹിച്ച പങ്കിനെ കുറിച്ച് 1930ൽ ജേണർലിസ്റ്റുകളുടെ ഒരു സമ്മേളനത്തിൽ സർ റോബർട്ട് ജോൺസൺ നടത്തിയ പ്രസംഗം കുപ്രസിദ്ധമാണ്. ദേശീയ വിമോചന പ്രസ്ഥാനങ്ങളെയും സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളെയും അടിച്ചമർത്തുന്നതിലും തകർക്കുന്നതിലും റോയിട്ടർവഹിച്ച പങ്കിനെ കുറിച്ച് അഭിമാനം കൊള്ളുകയായിരുന്നു ഈ മാധ്യമാചര്യൻ... ഒക്ടോബർ വിപ്ലവനാന്തരം പടർന്നു പിടിച്ച കമ്മ്യൂണിസ്റ്റു വിപ്ലവാശയങ്ങളെയും ദേശീയ വിമോചന സമരങ്ങളെയും തല്ലിക്കെടുത്തിയ മാധ്യമതന്ത്രങ്ങളെയും കൗശലപൂർവ്വമായ വാർത്താ പ്രക്ഷേപങ്ങളെയും കുറിച്ചാണ് അദ്ദേഹം പുതുതലമുറയിലെ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത്.
മുപ്പതുകളിലെ മഹാമാന്ദ്യവും സോവ്യറ്റ് മാതൃകക്ക് കിട്ടിയ സാർവ്വദേശീയ സ്വീകാര്യതയുടേതുമായ സാഹചര്യത്തിൽ റോയിട്ടർ സ്വീകരിക്കേണ്ട കമ്യൂണിസ്റ്റ് ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കെതിരായ പ്രചാരണതന്ത്രങ്ങളെ കുറിച്ചാണ് റോയിട്ടർ മേധാവി ഉദ്ബോധിപ്പിച്ചത്.കമ്യൂണിസ്റ്റുകാരെ കുറ്റവാളികളും ജനാധിപത്യത്തിൻ്റെ ശത്രുക്കളുമായി അവതരിപ്പിക്കണമെന്നും സമൂഹത്തിലെ എല്ലാ തിന്മകളുമായി അവരെ ബന്ധിപ്പിച്ച് അവരെ പറ്റി ജനമനസ്സുകളിൽ അവമതിപ്പ് വളർത്തിയെടുക്കണമെന്നുമാണ് കൊളോണിയൽ മാധ്യമാചര്യന്മാർ ജനാധിപത്യ മാധ്യമ പ്രവർത്തനമായി വിശദീകരിച്ചത്.അതാണണ്ട് മാധ്യമ ധർമ്മമെന്നാണവർ ആവർത്തിച്ചത്. അതിനുള്ള അവസരങ്ങൾ കുറ്റബോധമില്ലാതെ ഉപയോഗിക്കണമെന്നാണവർ നിർദ്ദേശിച്ചത്. കമ്യൂണിസ്റ്റുകാരെ ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യുന്നത് ദൈവികമായൊരു ദൗത്യമാണെന്നുമാണ് അവർ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.
ജനാധിപത്യത്തിലെ പുതിയ കലയാണ് സമ്മതി നിർമ്മിതിയെന്നും കമ്യൂണിസ്റ്റു വിരുദ്ധമായൊരു പൊതുബോധം രൂപപ്പെടുത്തുന്നതിനുള്ള പ്രചാരണയുദ്ധമായി മാധ്യമ പ്രവർത്തനത്തെ മാറ്റണമെന്നും നിർദ്ദേശിച്ച മാധ്യമ വിദഗ്ധനും അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു വാട്ടർലിപ് മാൻ.വുഡ്രോവിത്സൺ തുടങ്ങി 4 അമേരിക്കൻ പ്രസിഡൻറുമാരുടെ തുടർച്ചയായി മാധ്യമ ഉപദേഷ്ടാവായി വാട്ടർലിപ് മാൻ പ്രവർത്തിച്ചു. ജനാധിപത്യ സംരക്ഷണത്തിൻ്റെ പേരിൽ കമ്യൂണിസ്റ്റുവേട്ട സംഘടിപ്പിക്കാനുള്ള കുപ്രസിദ്ധമായ കൗണ്ടർ ഇൻ്റലിജൻസ് പ്രോഗ്രാമിൻ്റ ആസൂത്രകരിൽ പ്രധാനിയായിന്നു ഇദ്ദേഹം.
മുതലാളിത്തത്തിന് ബദലായി ഉയർന്നു വരുന്ന സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും അപകീർത്തിപ്പെടുത്തി ഇല്ലാതാക്കുന്നതിന്നുള്ള പ്രത്യയശാസ്ത്ര പ്രചാരണയുദ്ധങ്ങളുടെ ആസൂത്രകരാണ് റോബർട്ട് ജോൺസണും വാട്ടർ ലിപ്മാനുമെല്ലാം. കമ്യൂണിസ്റ്റുകാർക്കെതിരായ അപവാദ പ്രചരണങ്ങളും ഉപജാപങ്ങളും മാധ്യമ പ്രചാരവേലയുടെ മുഖ്യ അജണ്ടയായി മാറ്റണമെന്നാണ് ഈ സാമ്രാജ്യത്വ ബുദ്ധി കേ ന്ദ്രങ്ങളുടെ തത്വശാസ്ത്രം തന്നെ.
കേരളത്തിലിപ്പോൾ നടക്കുന്ന മാധ്യമ പ്രചരണങ്ങൾ പരിശോധിച്ചാൽ വ്യക്തമാവുന്നത്;സ്വർണ്ണക്കടത്തിന് പിറകിലെ രാഷ്ടീയ ബന്ധങ്ങളെയും അധോലോക ശക്തികളെയും സംബന്ധിച്ച അന്വേഷണാത്മകമായൊരു റിപ്പോർട്ടിങ്ങോ സംവാദമോ സാധ്യമാവില്ലെന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങിനെയെങ്കിലും സി പി ഐ എമ്മുമായി ഈ കേസ്സിനെ ബന്ധിപ്പിക്കാനാകുമോ എന്ന സിംഗിൾ അജണ്ടയിലാണു് ചാനൽ ചർച്ചകളെല്ലാം പ്ലാൻ ചെയ്യപ്പെട്ടിരിക്കുന്നത്. ഈയൊരു അജണ്ടയിൽ നിന്നും അവതാരകർ ആവശ്യപ്പെടുന്നത് സമ്മതിച്ചു കൊടുക്കുന്ന നിരീക്ഷകരും വായിൽ തോന്നിയത് എന്തും കോതക്ക് പാട്ടെന്ന പോലെ വിളിച്ചു പറയുന്ന യുഡിഎഫ് ബി ജെ പി നേതാക്കളും ചേർന്നു നടത്തുന്ന സി പി ഐ എം വിരുദ്ധആക്രോശങ്ങളായി ചാനൽ ചർച്ചകകൾ മാറിയിരിക്കുന്നു.
സ്വർണ്ണക്കടത്ത് അഴിമതിയും അധോലോകവും അധികാരവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് നമ്മുടെ മാധ്യമ ലോകം തിരിച്ചറിയുന്നുവെങ്കിൽ പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളെയും അവരുടെ സംരക്ഷകരിലേക്കും സഹായികളിലേക്കും നീളുന്ന പുറത്തു വന്ന അന്വേഷ്ണവിവരങ്ങളെങ്കിലും ചർച്ചയാ വേണ്ടതല്ലേ. വിശകലന വിധേയമാക്കേണ്ട. ആ ദിശയിൽ ചർച്ചകൾ പോകാൻ പാടില്ലെന്ന വാശിയെന്തു കൊണ്ടാവാം ... അവർക്ക് പിറകിലുള്ള കോർപ്പറേറ് മൂലധനശക്തികൾ അതിനവരെ അനുവദിക്കുമോ... അവിടെയാണു് ഇടതുപക്ഷത്തെ എങ്ങിയെങ്കിലും അപകീർത്തിപ്പെടുത്തുക എന്ന വലതുപക്ഷ രാഷ്ടീയ അജണ്ടയുടെ നിർവാഹകരായി മാധ്യമങ്ങൾ അധപതിച്ചു പോയിരിക്കുന്നുവെന്ന് പറയേണ്ടി വരുന്നത്. അത് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും വ്യക്തികളുടെ പ്രശ്നമായിച്ചുരുക്കി കാണേണ്ടതുമല്ല. കോർപ്പേറേറ്റ് മൂലധന താല്പര്യങ്ങളിലധിഷ്ഠിതമായ രാഷ്ടീയ അജണ്ടയുടെ പ്രശ്നമാണ്.
കെ ടി കുഞ്ഞിക്കണ്ണൻ
No comments:
Post a Comment