Thursday, July 30, 2020

ഹാഗിയ സോഫിയയിൽനിന്ന് അയോധ്യയിലേക്ക് എത്ര ദൂരം

രണ്ടാഴ്ചയ്‌ക്കിടയിൽ വന്ന രണ്ടു വാർത്ത ലോകരാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നവയാണ്.   ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ആഗസ്‌ത്‌ അഞ്ചിന് നടത്തും എന്ന പ്രഖ്യാപനമാണ് ഒന്നാമത്തേത്.  മറ്റൊന്ന് തുർക്കിയിൽ കഴിഞ്ഞ 86 വർഷമായി മ്യൂസിയമായി സംരക്ഷിക്കപ്പെടുകയും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിരുന്ന ഹാഗിയ സോഫിയ എന്ന ദേവാലയം മുസ്ലിങ്ങൾക്ക് പ്രാർഥനയ്ക്കായി തുറന്നുകൊടുത്തു എന്നതാണ്.   തുർക്കിയുടെ പ്രസിഡന്റ്‌ റസിപ്‌ തയിപ്‌ എർദോഗൻതന്നെ ആദ്യ പ്രാർഥനയിൽ പങ്കെടുക്കുകയുണ്ടായി. അയോധ്യക്കും ഹാഗിയ സോഫിയക്കും സമാനതകളുണ്ട്.  ഹിന്ദുത്വ വർഗീയതയുടെ രാഷ്ട്രീയ ഇന്ധനമായി അയോധ്യ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ശൈലിയുടെ അതേ  പ്രയോഗമാണ് ഹാഗിയ സോഫിയയെ ചരിത്രത്തിനു പിന്നിലേക്ക്‌ നടത്തുന്നവരുടേതും.

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യയിൽനിന്നും ഏഷ്യയും യൂറോപ്പും അതിർത്തി പങ്കിടുന്ന സാംസ്‌കാരിക സംഗമ നഗരമായ  ഇസ്താംബുൾ ഉൾപ്പെടുന്ന തുർക്കിയിൽനിന്നും ഒരേ തരത്തിലുള്ള വാർത്തകൾ വരുന്നത് യാദൃച്ഛികമല്ല. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി സങ്കുചിത മത രാഷ്ട്രീയത്തിന്റെ അപകടകരമായ പ്രയോഗങ്ങളിൽ ലോകരാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളും ഏർപ്പെടുന്ന കാലമാണ്. അമേരിക്കയിൽ ട്രംപും ബ്രിട്ടനിൽ ബോറിസ് ജോൺസണും ബ്രസീലിൽ ബോൾസനാരോയും പ്രതിനിധാനം ചെയ്യുന്ന അതേ രാഷ്ട്രീയമാണ് നരേന്ദ്ര മോഡിയും എർദോഗനും പിന്തുടരുന്നത്. തീവ്ര ദേശീയതാവാദത്തിന്റെയും വംശീയതയുടെയും അടയാളങ്ങളെയും ചിഹ്നങ്ങളെയും സൃഷ്ടിക്കുകയും സമർഥമായി അത് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നത് ഇവരുടെയെല്ലാം തന്ത്രമാണ്.

ഹാഗിയ സോഫിയ ദേവാലയവും മ്യൂസിയവും

ക്രിസ്തുവർഷം 538ൽ  ബൈസന്റൈൻ സാമ്രാജ്യത്തിലെ രാജാവായിരുന്ന ജസ്റ്റീനിയൻ ഒന്നാമനാണ് ഹാഗിയ സോഫിയ എന്ന ക്രിസ്തീയ ദേവാലയം നിർമിച്ചത്. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ വിശ്വാസ തലസ്ഥാനമായി അത് വർത്തിച്ചു. ലോകത്തിലെ ഏറ്റവും  വലുപ്പമുള്ള  ക്രൈസ്തവ ദേവാലയം നൂറ്റാണ്ടുകളോളം ഹാഗിയ സോഫിയ ആയിരുന്നു. ബൈസന്റൈൻ സാമ്രാജ്യത്തിലെ  രാജാക്കന്മാരുടെ സ്ഥാനാരോഹണം ഇവിടെയായിരുന്നു. ബൈസന്റൈൻ ഭരണകൂടം ദുർബലമായി ഓട്ടോമൻ അധിനിവേശത്തിനു കീഴടങ്ങി. അറബ് മേഖലയിൽ അതിശക്തമായിരുന്ന ഓട്ടോമൻ സാമ്രാജ്യം തുർക്കിയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തുർക്കി ഖലീഫയുടെ ഭരണത്തിൻകീഴിൽ ആയത്. അതോടെ കോൺസ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്താംബുൾ എന്ന്‌  മാറ്റുകയുണ്ടായി. ഇതോടെ ഹാഗിയ സോഫിയ ഒരു മുസ്ലിംദേവാലയമായി മാറി.

1918ൽ ഒന്നാം ലോക മഹായുദ്ധാനന്തരം ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടുന്ന സഖ്യകക്ഷികളോട് തുർക്കി ഉൾപ്പെടുന്ന മുന്നണി പരാജയപ്പെടുകയും ഖലീഫയുടെ ഭരണം അവസാനിക്കുകയും ചെയ്തു. ശേഷം അധികാരത്തിൽ വന്ന മുസ്തഫ കമാൽ  അത്താതുർക്കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ആധുനിക തുർക്കിയുടെ സൃഷ്ടിക്കുള്ള നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു.  വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ തുർക്കിയെ സാംസ്കാരിക നവോത്ഥാനത്തിന്റെ വഴികളിലേക്ക് അദ്ദേഹം നയിച്ചു. ഹാഗിയ സോഫിയ ദേവാലയം സംരക്ഷിത മ്യൂസിയമാക്കി. ആ മ്യൂസിയം കാണാനുള്ള അവസരം ലഭിച്ചിട്ടുള്ളയാളാണ് ലേഖകൻ.

എൺപത്താറ്‌ വർഷം മ്യൂസിയം ആയിരുന്ന ആ ദേവാലയം ഇപ്പോൾ മുസ്ലിംപള്ളിയായി മാറ്റപ്പെടുകയാണ്. തുർക്കിയിലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇസ്ലാംമത വിശ്വാസികൾക്ക് ഹാഗിയ സോഫിയയിൽ പ്രാർഥന നടത്താനുള്ള അനുമതി. തീവ്ര മതമൗലികവാദിയും  യാഥാസ്ഥിതികനുമായ തുർക്കി പ്രസിഡന്റ് എർദോഗന്റെ സമ്മർദത്തിലാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന.  പ്രതിച്ഛായ നഷ്ടപ്പെട്ട എർദോഗന്റെ, ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കൗശലമായി ഈ തീരുമാനത്തെ കാണുന്നവരുമുണ്ട്.

ചരിത്രത്തിലൂടെ പിന്നിലേക്ക് നടക്കുകയാണ് എർദോഗന്റെ തുർക്കിഷ് ഭരണകൂടം ഈ നടപടിയിലൂടെ ചെയ്തത്.  ലോകമാകെയുള്ള പുരോഗമനവാദികളുടെയും വിവിധ രാഷ്ട്രത്തലവന്മാരുടെയും അതിശക്തമായ എതിർപ്പ്  ഉണ്ടായിരിക്കുകയാണ്.  ഫ്രാൻസിസ് മാർപാപ്പവരെ അപലപിച്ചു. ആയിരത്തോളം വർഷം ക്രൈസ്തവ ദേവാലയമായിരുന്ന, ക്രൈസ്തവമായ ചിത്രങ്ങളും നിർമാണ രീതികളും കെട്ടിടത്തിലുടനീളം ഇപ്പോഴും ദൃശ്യമായിട്ടുള്ള ഹാഗിയ സോഫിയയെ മുസ്ലിംദേവാലയം ആക്കിയതിനെതിരായി പ്രതിഷേധം നടക്കുകയാണ്.

ഈ വിഷയത്തിന് അയോധ്യ ക്ഷേത്രഭൂമി പ്രശ്നവുമായുള്ള സമാനതകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ബാബ്‌റി മസ്ജിദ് നിർമിക്കപ്പെടുന്നതിനുമുമ്പ്‌ അയോധ്യയിൽ ഒരു രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് തകർക്കപ്പെട്ടതാണെന്നുമുള്ള വാദമാണല്ലോ പ്രശ്നത്തിന്റെ അടിസ്ഥാനം. പള്ളി നിന്നിരുന്ന സ്ഥലത്താണ് രാമൻ ജനിച്ചത് എന്ന് വളരെയധികം ആളുകൾ വിശ്വസിക്കുകയും ചെയ്യുന്നു. എപ്രകാരമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ പ്രശ്നം ഉപയോഗിക്കപ്പെട്ടത് എന്നത് ഒരു യാഥാർഥ്യമായി രാജ്യത്തിനു മുന്നിലുണ്ടല്ലോ. ചരിത്രത്തിലേക്ക് പോവുകയും  അതിൽനിന്ന്‌ നമുക്ക് ആവശ്യമുള്ള ഒരു പ്രത്യേക ഭാഗമെടുത്ത് കണക്കുകൾ തീർക്കാൻ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ഗുണകരമല്ല. സുപ്രീംകോടതി വിധിയെക്കുറിച്ചുതന്നെ വലിയ ആക്ഷേപങ്ങൾ ഉയർന്നതാണ്. വസ്തുതകൾ പരിശോധിക്കുന്നതിനു പകരം വിശ്വാസത്തെ അതേപടി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത് എന്ന ചർച്ചകൾ ഉണ്ടായി. രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തുന്നതോടുകൂടി കുറെക്കൂടി ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനും വർഗീയമുതലെടുപ്പിനും സംഘപരിവാർ കോപ്പുകൂട്ടുകയാണ്.

ഭരണാധികാരികളുടെ കൗശലം

അയോധ്യ വിധിയുടേതിനു സമാനമായ തുർക്കി സുപ്രീംകോടതിയുടെ വിധിയിലൂടെയാണ്  ഹാഗിയ സോഫിയ പള്ളിയിൽ ഇസ്ലാംമത വിശ്വാസികൾക്ക് പ്രാർഥനയ്ക്ക് അവകാശം നൽകിയിരിക്കുന്നത്. ആധുനിക തുർക്കി രൂപപ്പെട്ട കാലത്ത് മുസ്ലിംദേവാലയം ആയിരുന്നതിനാൽ പ്രാർഥനയ്ക്ക് വിശ്വാസികൾക്ക് അവകാശമുണ്ട് എന്നായിരുന്നു വാദം. ഹാഗിയ സോഫിയയുടെ ചരിത്രപരമായ പരിണാമഘട്ടങ്ങളെ കണക്കിലെടുക്കാതെ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് കോടതി വഴങ്ങുകയായിരുന്നു എന്നാണ് വിമർശകരുടെ വാദം. വിധി വന്ന ദിവസംതന്നെ പള്ളി ഉടൻ തുറന്നുകൊടുക്കുമെന്ന്‌ പ്രസിഡന്റ്‌ എർദോഗന്റെ  പ്രസ്താവന വന്നു. കഴിഞ്ഞ 25ന്  മുസ്ലിം ദേവാലയമാക്കി  മാറ്റുകയും ആദ്യ പ്രാർഥന നടത്തുകയും ചെയ്തു. കോവിഡിനെ നേരിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പരാജിതരായ ഭരണാധികാരികൾ കൗശലപൂർവം ജനങ്ങളെ കബളിപ്പിക്കാൻവേണ്ടി അങ്ങേയറ്റം വർഗീയവും വംശീയവുമായ അജൻഡകൾ ഉപയോഗിക്കുകയാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വ്യാപാരകേന്ദ്രംകൂടിയായിരുന്നു ഇസ്താംബുൾ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധപ്പെടുത്തുന്ന, ഭൂമിശാസ്ത്രപരമായി ഏറ്റവും പ്രധാനമായ പ്രദേശം.1453ൽ ഓട്ടോമൻ സാമ്രാജ്യം തുർക്കിയെ ആക്രമിച്ച്‌ കീഴടക്കുന്നതുപോലും സമഗ്രമായ വ്യാപാരാധിപത്യത്തിനുവേണ്ടിയായിരുന്നു. ഏഷ്യാമൈനറിലൂടെ ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കും തിരികെയും കരമാർഗമുള്ള വഴി അവർ അടയ്ക്കുകയുണ്ടായി. അതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ ഏഷ്യയിലെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ യൂറോപ്പിലേക്ക് കരമാർഗം ചരക്കുകൾ കൊണ്ടുപോകാൻ കഴിയാതെയായി. അങ്ങനെയാണ് വാസ്കോഡിഗാമയും കൊളംബസും ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് സമുദ്രപര്യവേക്ഷണം തുടങ്ങുന്നത്. 1498ൽ കടൽമാർഗം ഇന്ത്യയിലേക്കുള്ള വഴി വാസ്കോഡിഗാമ കണ്ടെത്തി. അക്കാലത്ത് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാരബന്ധം ഉണ്ടായിരുന്നവർ മൂറുകൾ എന്നു വിളിച്ചിരുന്ന അറബികളായിരുന്നു. ഗാമ  വന്നിറങ്ങുമ്പോൾ ഏതാണ്ട് മൂവായിരത്തോളം നൗകയാണ് കാപ്പാട് കടപ്പുറത്ത് ചരക്കുകൾ കയറ്റാനും ഇറക്കാനുമായി ഉണ്ടായിരുന്നത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

തുർക്കിയിലെ സർക്കാരിനെതിരെ അതിശക്തമായ ജനരോഷമാണ് ഏതാനും വർഷമായി നിലനിന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധികളും തൊഴിലില്ലായ്മയും ക്രമസമാധാന തകർച്ചയും കരിനിയമങ്ങളോടുള്ള പ്രതിഷേധവും രാജ്യത്താകെയുണ്ടായിരുന്നു. അമേരിക്കയോടൊപ്പം ചേർന്ന് സിറിയയിലെ ബാഷർ അൽ അസദ് സർക്കാരിനെ അട്ടിമറിക്കാനുള്ള എർദോഗന്റെ പരിശ്രമം വലിയ എതിർപ്പ് സൃഷ്ടിച്ചിരുന്നു. പൗരാവകാശങ്ങൾ നിഷേധിക്കുകയും കലാകാരന്മാരെ വേട്ടയാടുകയും ചെയ്യുന്ന എർദോഗൻ സർക്കാരിനോടുള്ള പ്രതിഷേധമായി 288 ദിവസം നിരാഹാരം കിടന്ന് സ്വയം മരണം വരിച്ച ഹേലിൻ ബോലേക് എന്ന ഗായികയുടെ ജീവത്യാഗം ലോകത്തെ ഞെട്ടിച്ചതാണ്.

ഈ പ്രതിസന്ധിയിൽനിന്ന് കരകയറുകയാണ് ഹാഗിയ സോഫിയ ദേവാലയം ഇസ്ലാംമത വിശ്വാസികൾക്ക് തുറന്നുകൊടുത്തതിലൂടെ എർദോഗൻ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവംശജനെ പൊലീസ് കൊലപ്പെടുത്തിയതിനുശേഷം ഡോണൾഡ് ട്രംപ് നടത്തിയ പ്രതികരണങ്ങൾ വംശീയ വിഭജനം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.

അഞ്ഞൂറോ ആയിരമോ വർഷംമുമ്പുള്ള ചരിത്രത്തിൽനിന്ന് തങ്ങൾക്കാവശ്യമുള്ള ഒരു ഭാഗം എടുത്ത്‌ വ്യാഖ്യാനിച്ച്, അതിന്റെ പേരിൽ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്ന രാഷ്ട്രീയം അങ്ങേയറ്റം ദുഷ്ടലാക്കുള്ളതാണ്.  ഇത് പൊതു ജനാധിപത്യത്തെയും മാനവിക മൂല്യങ്ങളെയും മതനിരപേക്ഷതയെയും ദുർബലപ്പെടുത്തും. സാർവദേശീയ സഹവർത്തിത്വം എന്ന ആശയത്തെ തുരങ്കം വയ്ക്കും. ഇത്തരം പ്രയോഗങ്ങളിൽ അഭിരമിക്കുന്ന ഭരണാധികാരികൾ ലോകമാകെ  ഉണ്ടാകുന്നു എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ കാര്യം. ചരിത്രത്തിലൂടെ പിന്നിലേക്ക് നടന്ന് വെറുപ്പ് വിതയ്ക്കുകയല്ല,  മറിച്ച് വർത്തമാനത്തിലൂടെ മുന്നിലേക്ക് നടന്ന് മാനവികമായ പുതിയ ലോകം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

*
കെ എൻ ബാലഗോപാൽ

No comments:

Post a Comment