സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും സമൂഹത്തിൽ ഇകഴ്‌ത്തിക്കെട്ടാൻ വൃഥാശ്രമിച്ചവർ ഇപ്പോൾ ബൂമറാങ്ങുപോലെ തിരിച്ചുവരുന്ന ചോദ്യങ്ങളാൽ തുറന്നുകാട്ടപ്പെടുകയാണ്. എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിന്റെ രണ്ടാമത്തെ വാചകം ഇങ്ങനെയാണ്. “വിയന്ന കൺവൻഷൻ പ്രകാരം പരിശോധനകളിൽനിന്ന് ഒഴിവാക്കപ്പെട്ട, യുഎഇയിൽനിന്നുള്ള നയതന്ത്രബാഗേജിനകത്താണ് 30 കിലോ സ്വർണം ഒളിപ്പിച്ചുകൊണ്ടുവന്നത്.’’ എൻഐഎയെ അന്വേഷണം ഏൽപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പിയും എഫ്ഐആറിന്റെ ഒപ്പമുണ്ട്. അതിന്റെ രണ്ടാമത്തെ ഖണ്ഡികയിലും വിയന്ന കൺവൻഷൻ പ്രകാരം പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെട്ട നയതന്ത്ര ബാഗേജിനകത്താണ് സ്വർണം ഒളിപ്പിച്ചുകടത്തിയതെന്ന് വ്യക്തമാക്കുന്നു.
അപ്പോൾ ഗൗരവമായ ചോദ്യത്തിന് മറുപടി പറയേണ്ടത് കേന്ദ്രവിദേശ സഹമന്ത്രി വി മുരളീധരനാണ്. അദ്ദേഹമാണ് നയതന്ത്ര ബാഗേജായിരുന്നില്ലെന്നും അതുകൊണ്ട് പ്രത്യേക പരിരക്ഷയുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളോട് പരസ്യപ്പെടുത്തിയത്. വിദേശമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നയതന്ത്ര പരിരക്ഷകളുടെ മേൽനോട്ടം. സാമ്പത്തിക കുറ്റകൃത്യ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടു മുമ്പാകെ കസ്റ്റംസ് റിമാൻഡ് അപേക്ഷയുടെ മൂന്നാമത്തെ ഖണ്ഡികയിൽ വിദേശമന്ത്രാലയം വഴി ഇന്ത്യയിലെ യുഎഇ അംബാസഡറിൽനിന്ന് എൻഒസി ലഭിച്ചതിനുശേഷമാണ് ബാഗേജ് തുറന്നതെന്ന് വ്യക്തമാക്കുന്നു. ഈ വിദേശമന്ത്രാലയത്തിൽത്തന്നെയല്ലേ ഇദ്ദേഹം സഹമന്ത്രിയായിരിക്കുന്നത്? അപ്പോൾ ആരെ രക്ഷിക്കുന്നതിനാണ് മന്ത്രി തിടുക്കത്തിൽ സ്വയം വിളിച്ചുചേർത്ത മാധ്യമപ്രതിനിധികളോട് ഈ പ്രതികരണം നടത്തിയത്? ഈ ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇപ്പോൾ എൻഐഎ സമർപ്പിച്ച എഫ്ഐആറിൽ ആധികാരികമായി പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് വഴിതെറ്റിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ആദ്യം അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടിവരും.
എഫ്ഐആർ വായിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയർന്നുവരുന്നു. അതിനോടൊപ്പമുള്ള കേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ ചുമതലപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പിയുടെ ആദ്യത്തെ ഖണ്ഡിക ഇങ്ങനെയാണ്. ‘‘2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 14 യാത്രക്കാരിൽനിന്ന് 24 കാരറ്റിന്റെ 14.82 കോടി രൂപയുടെ 30 കിലോ സ്വർണം പിടിച്ചെടുത്തത് സംബന്ധിച്ച് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് ഒ ആർ നമ്പർ 07/2020ൽ കേസ് രജിസ്റ്റർ ചെയ്ത വിവരം കേന്ദ്രസർക്കാരിന് ലഭിച്ചു. വിയന്ന കൺവൻഷൻ പ്രകാരം പരിശോധനകളിൽനിന്ന് ഒഴിവാക്കപ്പെട്ട നയതന്ത്രബാഗേജിനകത്താണ് മേൽപ്പറഞ്ഞ സ്വർണം ഒളിപ്പിച്ചിരുന്നത്.” ഇതുവരെ മാധ്യമങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്തതും എൻഐഎ സമർപ്പിച്ച എഫ്ഐആറിലും കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് അപേക്ഷയിലും പരമാർശിച്ചു കാണാത്തതുമായ 14 യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടിച്ചെടുത്തതെന്ന ‘കാര്യം’ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ അടിസ്ഥാന കാരണമായി പ്രഖ്യാപിച്ചിട്ടുള്ളത് ആരെ രക്ഷപ്പെടുത്താനായിരിക്കും. അങ്ങനയല്ലെങ്കിൽ ഈ 14 യാത്രക്കാർ ആരാണ്? കസ്റ്റംസിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നു പറയുന്ന ഇവരെ കസ്റ്റംസുതന്നെ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ട്. ഈ വിവരത്തിന്റെകൂടി അടിസ്ഥാനത്തിൽ കേസ് ഏൽപ്പിക്കപ്പെട്ട എൻഐഎയുടെ പ്രതിലിസ്റ്റിൽ ഇവർ എന്തുകൊണ്ട് ഉൾപ്പെടുത്തപ്പെട്ടില്ല? ഇതിനെക്കുറിച്ച് പരാമർശംപോലും എഫ്ഐആറിൽ എന്തുകൊണ്ട് കാണുന്നില്ല? അപ്പോൾ എൻഐഎ ശരിയായ രൂപത്തിൽ അന്വേഷിച്ചാലും പ്രതികൾക്ക് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഒരു വഴി കേന്ദ്രത്തിൽ ആരായിരിക്കും ഒരുക്കിയിട്ടുണ്ടാവുക എന്നതിലേക്കാണ് ഈ ചോദ്യം വിരൽചൂണ്ടുന്നത്. എന്തായാലും എൻഐഎ ശരിയായ രൂപത്തിൽ അന്വേഷണം നടത്തുന്ന ഘട്ടത്തിൽ ഇതും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
നടപടി എടുക്കേണ്ടത് ആര്
ഇനി നിങ്ങൾ മറുപടി പറയേണ്ട അടുത്ത ചോദ്യത്തിലേക്ക് വരാം. എന്തുകൊണ്ട് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നില്ലെന്ന് ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും തുടർച്ചയായി ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ അദ്ദേഹത്തിന് ഇത്രയും സമയമെന്തിനാണെന്ന അനുബന്ധ ചോദ്യവും വരും. ഈ ചോദ്യകർത്താക്കൾ വസ്തുത ബോധപൂർവം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള ആരെങ്കിലും ഇത്തരമൊരു ആരോപണത്തിന് വിധേയരായിരുന്നെങ്കിൽ അവർ ഒരു നിമിഷംപോലും ആ സ്റ്റാഫിലുണ്ടായിരിക്കുകയില്ല. മന്ത്രിമാർക്കെതിരെ ആരോപണം വന്ന ഘട്ടത്തിൽപ്പോലും മുഖ്യമന്ത്രി എടുത്ത സമീപനത്തിന്റെ കാർക്കശ്യം കേരളം കണ്ടതാണ്. എന്നാൽ, ഇവിടെ ശിവശങ്കർ കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഗൂഗിളിൽ തിരയുകയാണെങ്കിൽ 1995 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന് ആദ്യം കാണാൻ കഴിയും. സിവിൽ സർവീസിൽനിന്ന് മികച്ചതെന്ന് അതുവരെ കണ്ടിരുന്ന ഒരാളെ മുഖ്യമന്ത്രി ചുമതല ഏൽപ്പിച്ചു. ആക്ഷേപം ഉയർന്ന ഘട്ടത്തിൽത്തന്നെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു.
അദ്ദേഹത്തെ പിരിച്ചുവിടുന്നതിനുള്ള അധികാരം ഭരണഘടന അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിനാണ്. സസ്പെൻഡ് ചെയ്യുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ 1969ലെ ചട്ടങ്ങൾ 2015ൽ മോഡി സർക്കാർ പുതുക്കിയിട്ടുണ്ട്. അതിലെ മൂന്നാംവകുപ്പിന്റെ ഒമ്പത് എ ഉപവകുപ്പും പത്ത് ഉപവകുപ്പും പ്രകാരം സസ്പെൻഡ് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കണം.
സർക്കാരിന്റെ മുമ്പിൽ ആദ്യംവന്ന പ്രശ്നം സ്വർണക്കടത്തിലെ പ്രതികളിലൊരാളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടെന്നതായിരുന്നു. അന്വേഷണംപോലും നടത്താതെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കി. പിന്നീട് പ്രതിയായ വ്യക്തിയുടെ നിയമനത്തെ സംബന്ധിച്ചുള്ള ആരോപണം ഉയർന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘത്തെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ ഗൗരവമായി എന്തെങ്കിലും കണ്ടെത്തിയാൽ ഒരു നിമിഷം പോലും നടപടിക്ക് വൈകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെയും വ്യക്‌തമാക്കിയിട്ടുണ്ട്.
ഇപ്പോൾത്തന്നെ സസ്പെൻഡ് ചെയ്യാൻ കഴിയില്ല. കഴിയണമെങ്കിൽ നിലപാട് സ്വീകരിക്കേണ്ടത് സ്വർണക്കടത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികളാണ്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ ഏതെങ്കിലും തരത്തിൽ ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ ഒരു നിമിഷംപോലും എടുക്കാതെ സംസ്ഥാന സർക്കാരിന് സാധ്യമായ നടപടി സ്വീകരിക്കാൻ കഴിയും. അപ്പോൾ എന്തുകൊണ്ടാണ് കേന്ദ്രഏജൻസികൾ സർക്കാരിനെ അറിയിക്കാതിരിക്കുന്നത് എന്ന് മറുപടി പറയേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. എന്നാൽ, അവരും പ്രവർത്തിക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിന് അന്വേഷണം ആവശ്യമാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയത്.
മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുത്തില്ല എന്നും ചിലർ വാദിക്കുന്നുണ്ട്. ഒരു റിപ്പോർട്ടും കിട്ടാതെതന്നെ ആരോപണം ഉയർന്ന ഘട്ടത്തിൽ നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ടിന്റെ മുമ്പിൽ അടയിരിക്കുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, കള്ളക്കടത്തുകാരുമായി ബന്ധമുണ്ടായിരുന്നത് ശരിയാണെങ്കിൽ ചോദ്യം നിങ്ങളോടുതന്നെയാണ്. വിമാനത്താവളങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളും കേന്ദ്രസർവീസിലെ ഐഎഎസുകാർ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ചും കേന്ദ്ര ഇന്റലിജൻസ് അറിയാതെ പോയതെന്തുകൊണ്ട്? അതോ അവർ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതാണോ? ഇതിനും മറുപടി കേന്ദ്രം ഭരിക്കുന്നവർക്കുമാത്രമേ നൽകാൻ കഴിയൂ.
പ്രതികളുടെ രാഷ്‌ട്രീയബന്ധം
എന്നാൽ, ഈ കേസിൽ ഇതുവരെ പ്രതിയാക്കപ്പെട്ടവരുടെ രാഷ്ട്രീയബന്ധങ്ങളും കുടുംബബന്ധങ്ങളും സംബന്ധിച്ച വാർത്തകൾ കാണുകയാണെങ്കിൽ ആരാണ് അതിന് മറുപടി പറയേണ്ടത്? അത് ബിജെപിയും മുസ്ലിംലീഗുമാണ്. ഈ പ്രതികളുടെ സാമൂഹ്യമാധ്യമ പേജുകൾതന്നെ അവരുടെ ബന്ധങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
ഇതിൽ ഒരു പ്രതിയായിരുന്ന സന്ദീപ് 2014ൽ കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെന്ന് അമ്മതന്നെ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ കോൺഗ്രസ് പ്രതിനിധി ടി സിദ്ദിഖ് അത് ആധികാരികമായി പറയുകയും ചെയ്തു. എങ്കിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന ഘട്ടത്തിൽ, കേന്ദ്രത്തിൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നടന്ന ഈ കള്ളക്കടത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയത് ആരായിരിക്കും? ഇപ്പോൾ മാധ്യമങ്ങളിൽ കാണുന്ന അന്നത്തെ ചില ചിത്രങ്ങൾക്ക് കഥകൾ പറയാനുണ്ടായിരിക്കുമോ?
ഇതിന്റെ തുടർച്ചയിൽ മറ്റൊരു കാര്യംകൂടി ചില മാധ്യമങ്ങൾതന്നെ പുറത്തുകൊണ്ടുവന്നിരുന്നു. നയതന്ത്രവഴികളിലൂടെ സ്വർണക്കടത്ത് നടക്കുന്നുവെന്ന് സംസ്ഥാന ഇന്റലിജൻസിന് കിട്ടിയ വിവരം കേന്ദ്രത്തിന് നൽകിയെന്ന് മലയാളമനോരമതന്നെ റിപ്പോർട്ട് ചെയ്തു. അങ്ങനെയാണെങ്കിൽ ഈ റിപ്പോർട്ടിന്റെ പുറത്ത് അടയിരുന്നത് ആരാണ് സാർ?
കേസിലെ പ്രതിയെ ഐടിവകുപ്പുമായി ബന്ധപ്പെട്ട കൺസൾട്ടൻസി ചുമതലപ്പെടുത്തിയവർ താൽക്കാലികജോലിക്ക് റിക്രൂട്ട് ചെയ്‌തതു സംബന്ധിച്ച അന്വേഷണത്തിൽ പിഡബ്ല്യുസി കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ഈ ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തിയതാണെന്ന ആക്ഷേപം ബിജെപിയും കോൺഗ്രസും ആവർത്തിക്കുന്നു. സെബി കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നത് ഈ സ്ഥാപനത്തെയല്ലെന്നും അത് പിഡബ്ല്യുസി ഓഡിറ്റ് എന്ന മറ്റൊരു സ്വതന്ത്രസ്ഥാപനമാണെന്നും സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ, കഴിഞ്ഞദിവസം എല്ലാ സാമ്പത്തിക മാധ്യമങ്ങളിലും വന്ന ഒരു പ്രധാന വാർത്ത ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പ്രധാന നയരൂപീകരണ നിർവഹണ, ഐടി സംബന്ധിയായ കാര്യങ്ങളുടെ കൺസൾട്ടൻസിയായി കേന്ദ്രസർക്കാർ പാനൽചെയ്തതിൽ പ്രധാനം ഇതേ സ്ഥാപനംതന്നെയാണ്. ഇത് ഏത് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിനും ആര് മറുപടി തരും?
രാജ്യത്ത് ദീർഘകാലം ഭരിച്ചത് കോൺഗ്രസായിരുന്നു. ഇപ്പോൾ അധികാരത്തിൽ ബിജെപിയാണ്. ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടുന്നില്ലെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾതന്നെ പറയുന്നു. കോൺഗ്രസ് ഭരിക്കുമ്പോൾ ചിദംബരം വർധിപ്പിച്ച നികുതിയാണ് കള്ളക്കടത്ത് ശക്തിപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ. അത് കൂടുതൽ വർധിപ്പിച്ച് കള്ളക്കടത്ത് വ്യാപിപ്പിച്ചത് നിർമല സീതാരാമന്റെ ബജറ്റാണെന്നും പറയുന്നു. അപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം സംയുക്തമായി നൽകാവുന്നതാണ്. നിങ്ങൾ രണ്ടുകൂട്ടരുംതന്നെയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
പി രാജീവ് courtesy: deshabhimani
No comments:
Post a Comment