കെ-ഫോൺ ഇൻറ്റർനെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ സൃഷ്ടിച്ച് കേരള സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഹീനമായ പരിശ്രമങ്ങൾക്ക് യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും sdpi യും വലതുപക്ഷ മാധ്യമങ്ങളും നേതൃത്വം നൽകുകയാണല്ലോ. നിയമസഭ തെരെഞ്ഞെടുപ്പ് വരെ ഈ മഴവിൽസഖ്യം ശരിയായ വിമർശനം ഒന്നും ഉയർത്തുവാൻ ഇല്ലാത്തത് കൊണ്ട് നുണ ബോംബുകൾ എറിഞ്
ഇടതുപക്ഷ സർക്കാരിനെ വകവെരുത്തുവാൻ ശ്രമിക്കുമെന്നത് സ്വാഭാവികം.
വലതുപക്ഷ മഴവിൽസഖ്യങ്ങളുടെ ഇടതുപക്ഷവിരുദ്ധതയുടെ ചരിത്രം എക്കാലവും നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് "നുണബോംബാക്രമണങ്ങൾ" എങ്ങിനെയായിരിക്കുമെന്ന്. ഈ സാഹചര്യത്തിൽ കെ-ഫോൺ പദ്ധതിയെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
കെ - ഫോൺ പദ്ധതി തുടക്കം എങ്ങനെ?
2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് സംസ്ഥാനത്ത് ഉടനീളം ഹൈസ്‌പീഡ് ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാനുള്ള പദ്ധതി എന്ന നിലയിൽ കെ-ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായും ഇടത്തരക്കാര്‍ക്ക് മിതമായ നിരക്കിലും ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി സേവനം നല്‍കുമെന്നുമുള്ള പ്രഖ്യാപനത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നിലയിലാണ് സർക്കാർ കെ- ഫോൺ പദ്ധതി ആരംഭിച്ചത്.
2017 ഫെബ്രുവരിയിൽ സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി, ധനകാര്യം, വൈദ്യുതി എന്നിവയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാർ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാൻ എന്നിവർ ഉൾപ്പെട്ട സമിതിയുടെ വിലയിരുത്തലിന് ശേഷം, 2017 മേയ് മാസമാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കെ- ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി.
ഇനിയൊരൽപ്പം ചരിത്രം
LDF സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് 2012 മുതല്‍ സമാന പദ്ധതികൾ സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടായിരുന്നു. നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ചത്. ബി.എസ്.എന്‍.എല്‍, റെയില്‍ടെല്‍ എന്നിവയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.
എന്നാല്‍ ഈ പദ്ധതിക്ക് (എന്‍.ഒ.എഫ്.എന്‍) ചില പരിമിതികളുണ്ടെന്ന് കേന്ദ്രത്തിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പു തന്നെ കണ്ടെത്തി. തുടര്‍ന്ന് ഭാരത് നെറ്റ് എന്ന പുതുക്കിയ പദ്ധതി മുന്നോട്ടുവെച്ചു. അതു നടപ്പാക്കുന്നതിന് മൂന്ന് മാതൃകകൾ കേന്ദ്രം നിര്‍ദേശിക്കുകയുണ്ടായി:
ഒന്ന് - സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍
രണ്ട് - സ്വകാര്യ കമ്പനികള്‍
മൂന്ന് - കേന്ദ്രപൊതുമേഖലാ കമ്പനിയുടെ നേതൃത്വത്തില്‍
2015 ജൂലൈ 16-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച ഉന്നതാധികാര സമിതി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള മാതൃകയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാനും തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്താനും ഈ കമ്മിറ്റി നിര്‍ദേശിച്ചു.
ഇതില്‍ കെ.എസ്.ഇ.ബിക്ക് 49 ശതമാനവും, കെ.എസ്.ഐ.ടി.ഐ.എല്ലിന് 49 ശതമാനവും സര്‍ക്കാരിന് 2 ശതമാനവും ഓഹരിയുണ്ട്.
അടിവരയിട്ട് പറയട്ടെ കണ്‍സള്‍ട്ടന്‍സി നടപടി ആരംഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. ചീഫ് സെക്രട്ടറിതല കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഐടി മിഷന്‍ കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയിൽ യുഡിഫ് ഭരണകാലത്താണ് ടെണ്ടറും ക്ഷണിച്ചത്.
അനാലിലിസ് മാസണ്‍, പി.ഡബ്യൂ.സി, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നീ നാലു കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഈ ടെണ്ടര്‍ ഒരു സാങ്കേതിക സമിതിയുടെ പരിശോധനയ്ക്കുശേഷമാണ് ഉറപ്പിച്ചത്. ഓരോ കമ്പനിയും സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യൂ.സിയെയാണ് കമ്മിറ്റി തെരഞ്ഞെടുത്തത്. 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി.
ഇതില്‍ നിന്ന് വ്യക്തമാകുന്ന പ്രധാന കാര്യം കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ യുഡിഎഫ് കാലത്തു തന്നെ തുടങ്ങിയിരുന്നു എന്നാണ്. 2016 ജനുവരിയില്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോഴാണ് പി.ഡബ്യൂ.സി ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവരുടെ ഓഫര്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഇടത് സര്‍ക്കാര്‍ വന്നയുടനെയാണ്, ഇതിന്‍റെ മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യൂ.സി തന്നെയാണ് ടെക്നിക്കല്‍ ബിഡിലും മുന്നില്‍ വന്നത്. ഏതു സര്‍ക്കാര്‍ ആണെങ്കിലും ഇക്കാര്യത്തില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് മാത്രമേ നടത്താന്‍ കഴിയൂ.
വ്യക്തമാകുന്ന രണ്ടാമത്തെ കാര്യം, കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ സുതാര്യമായിരുന്നു എന്നുള്ളതാണ്.
ടെണ്ടര്‍ സംബന്ധിച്ച്
2017 മേയ് 18-ന്‍റെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1028 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. 907.4 കോടി രൂപ മൂലധന ചെലവും ഒരു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംഗ് ചെലവ് 104.4 കോടി രൂപയും ഭരണ ചെലവ് 16.4 കോടി രൂപയും ഉള്‍പ്പെടെയാണ് 1028 കോടി രൂപ. എന്നാല്‍ ടെണ്ടര്‍ ക്ഷണിച്ചത് ഏഴു വര്‍ഷത്തേക്കുള്ള നടത്തിപ്പ് ചെലവും പരിപാലന ചെലവും (ഓപ്പറേറ്റിംഗ് ആന്‍ഡ് മെയ്ന്‍റനന്‍സ് എക്സ്പെന്‍സ്) ഉള്‍പ്പെടെയാണ്. ഇതു കണക്കാക്കുമ്പോള്‍ പ്രൊജക്ട് ചെലവ് 1638 കോടി രൂപവരും. എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ഓഫര്‍ ചെയ്ത തുക 1532.67 കോടി രൂപയാണ്. ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണിത്.
ടെണ്ടര്‍ തുകയില്‍ അധികമായി കരാര്‍ കൊടുത്തു എന്ന വാദം അസംബന്ധമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നു. ടെണ്ടര്‍ നടപടികള്‍ മാനേജ് ചെയ്യുന്നതിനും കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനും ടെക്നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുന്നതിനും സര്‍ക്കാര്‍ 2017 സപ്തംബര്‍ 8-ന് ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചിരുന്നു. ഐഐഎം, എന്‍.ഐ.ടി, കേന്ദ്രസര്‍ക്കാരിന്‍റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍.ഐ.സി. കേന്ദ്രത്തിന്‍റെ സ്ഥാപനമായ സി-ഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.
ബി.ഇ.എല്‍ ഉള്‍പ്പെട്ട ഈ കണ്‍സോര്‍ഷ്യത്തില്‍ റെയില്‍ടെല്‍ എന്ന പൊതുമേഖലാ കമ്പനിയും എസ്.ആര്‍.ഐ.ടി, എല്‍.എസ്.കേബിള്‍ എന്നീ സ്വകാര്യ കമ്പനികളുമാണുള്ളത്.
ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ബി.ഇ.എല്‍ കണ്‍സോര്‍ഷ്യത്തിനു പുറമെ ടി.സി.ഐ.എല്‍ കണ്‍സോര്‍ഷ്യം, എ2സെഡ് ഇന്‍ഫ്രാ എഞ്ചിനീയറിംഗ് കണ്‍സോര്‍ഷ്യം എന്നിവയും ഓഫര്‍ നല്‍കിയിരുന്നു. ഓരോ കണ്‍സോര്‍ഷ്യവും ഓഫര്‍ ചെയ്ത തുക താഴെ:
1. ബി.ഇ.എല്‍ - 1548 കോടി രൂപ
2. ടി.സി.ഐ.എല്‍ - 1729 കോടി
3. എ2സെഡ് - 2853 കോടി
ഈ ഓഫറുകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പദ്ധതി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്മെന്‍റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണിത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ബിഇഎല്‍ അവസാനഘട്ടത്തില്‍ 17 കോടി രൂപ കൂടി ഇളവ് നല്‍കിയിരുന്നുവെന്നും ഡിപ്പാര്‍ട്ട്മെന്‍റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ മിനുട്ട്സ് പരിശോധിച്ചാല്‍ വ്യക്തമാകും.
ഇപ്പോഴത്തെ വിവാദങ്ങളുടെ താൽപ്പര്യമെന്ത്?
കേരളത്തിലെ വൈദ്യുതി ലഭ്യമായ മുഴുവൻ വീടുകളിലേക്കും വളരെ കുറഞ്ഞ നിരക്കിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുകയും അതുവഴി ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഐടി വ്യവസായ സ്പെയ്സിൽ 88 ലക്ഷം ചതുരശ്ര അടിയുടെ വർദ്ധനവാണ് കഴിഞ്ഞ നാല് വർഷത്തിനിടെ സൃഷ്ടിച്ചത്. ടെക്നോസിറ്റിയിലെ 2.5 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആദ്യ ഐടി കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കോഴിക്കോട് സൈബർ പാർക്കും വികസന പാതയിലാണ്. ഒരു ലക്ഷം ചതുരശ്ര അടി ഐടി സ്പെയ്സ് വർദ്ധിപ്പിക്കുമെന്നാണ് ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞതെങ്കിൽ അതിന്റെ ഇരട്ടി IT സ്പേസ് ആണ് LDF സർക്കാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവരസാങ്കേതികതയുടെ പ്രയോജനം ഓരോ പൗരനിലുമേക്കെത്തിക്കാനുള്ള കെ-ഫോൺ പദ്ധതിയും പുരോഗമിക്കുകയാണ്.
ഇച്ഛാശക്തിയുള്ള ഒരു സർക്കാർ പിന്തുണയുമായി മുന്നിട്ടിറങ്ങിയപ്പോൾ Taurus Investment, ബ്രിഗേഡ് ഗ്രൂപ്പ്, ആഗോള വാഹന വിപണിയിലെ ഭീമന്മാരായ നിസാൻ കമ്പനിയുടെ ഗ്ലോബൽ
R& Dസെൻറർ, അമേരിക്കൻ IT ഭീമൻമാരായ HR ബ്ലോക്ക്, കനേഡിയൻ കമ്പനിയായ ടെറാനെറ്റ്, ഇന്ത്യയിലെ ഏറ്റവും വലിയ IT കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര, ഹിറ്റാച്ചി ഒക്കെ നമ്മുടെ നാട്ടിലെത്തി. ഇ-ഗവേണൻസ് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിനുള്ള കേന്ദ്ര സർക്കാർ അവാർഡ്, 2018- 19ൽ ഭാരത സർക്കാരിന്റെ ദേശീയതല സ്റ്റാർട്ട്അപ്പ് റാങ്കിങ്ങിൽ കേരള സർക്കാരിന് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്, 2200 ലേറെ സ്റ്റാർട്ട് അപ് സംരഭങ്ങൾ, അതിൽത്തന്നെ ആഗോളസംരംഭകരായ 130 ലേറെ സ്റ്റാർട്ട് അപ്പുകൾ, കൊച്ചിയിലെ 1. 8 ലക്ഷം ചതുരശ്ര അടിയിലെ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംബ്ലക്സ്, സൂപ്പർ ഫാബ് ലാബ്, ഡിജിറ്റൽ സർവകലാശാല, കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ്. ഇങ്ങനെ പറയാനേറെയുണ്ട് ഐടി മേഖലയിലെ കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങളിൽ.
ഈ പദ്ധതി കൂടി നടപ്പിൽ വന്നാൽ നമ്മുടെ നാടിനുണ്ടാകുന്ന കുതിപ്പ് പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്. വിവാദങ്ങൾ സൃഷ്ടിച്ച് വികസനത്തെ ഇല്ലാതാക്കുവാനുള്ള ചിലരുടെ ശ്രമം നന്നായി തിരിച്ചറിയുന്നവരാണ് കേരളീയ സമൂഹം.
ഇന്റർനെറ്റ് ഉപഭോഗം വളരെ കൂടിയ സംസ്ഥാനമെന്ന നിലയിൽ, വൻകിട സ്വകാര്യ ഇൻറ്റർനെറ്റ് കമ്പനികളുടെ ഇന്ത്യയിലെ ഏറ്റവുമുയർന്ന വിപണിയാണ് കേരളം. ഈ സംസ്ഥാനത്ത് സർക്കാർ മേൽനോട്ടത്തിൽ ഒരു പൊതുമേഖലാ ഇൻറ്റർനെറ്റ് സംവിധാനം നിലവിൽ വരുന്നതോടു കൂടി സ്വകാര്യ ബ്രോഡ്ബാൻഡുകൾക്ക് കേരള വിപണി അന്യമാകുമെന്ന ഭീതിയുണ്ടാകുന്നത് സ്വാഭാവികം.
ഇത് ചില മാധ്യമ ഉടമകളുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്.നിയമസഭ തെരഞ്ഞെടുപ്പും അധികാര കസേരയും എന്ന ചിന്തക്കൊപ്പം; വൻനിരക്കിൽ ഇൻറ്റർനെറ്റ് വിപണനം ചെയ്യുന്ന സ്വകാര്യ കമ്പനികളുടെ അച്ചാരം കൂടി പറ്റിയാണ് ചിലർ കെ- ഫോൺ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നത് എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാകില്ല.
*
പി എ മുഹമ്മദ് റിയാസ്
No comments:
Post a Comment