Saturday, July 25, 2020

ഉഭയകക്ഷി ചർച്ചകളിലെ ബി ഇ എഫ് ഐ സാന്നിധ്യം.


ബാങ്ക് ജീവനക്കാരുടെ ഉഭയകക്ഷി ചർച്ചകൾക്ക് ചൂടും ചൂരും ഉണ്ടായി തുടങ്ങിയത് ബി ഇ എഫ് ഐ യുടെ ആവിർഭാവത്തോടെയാണ്. അതിനു മുൻപെല്ലാം ബി ഇ എഫ് ഐ സംഘടനക്ക് നേതൃത്വം നൽകിയ സഖാക്കൾ AIBEA ക്കകത്തു നടത്തിയ ശ്രമങ്ങൾ മാത്രമായി ചുരുങ്ങുകയാണുണ്ടായത്. ബാങ്ക് ജീവനക്കാരുടെ സമരചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു അവയെല്ലാം. അതെല്ലാം വിശദമായി പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കു BEFI പുറത്തിറക്കിയ History of Bank Employees Movement വായിച്ചാൽ ലഭിക്കും.

മൂന്നിൽ അവശേഷിച്ചതും നാലിന്റെ തുടക്കവും

1982 ഒക്ടോബറിൽ BEFI രൂപം കൊള്ളുമ്പോൾ മൂന്നാം കരാറിന്റെ residual issues ഉം നാലാം കരാറിന് വേണ്ടിയുള്ള അവകാശ പത്രികയും ചർച്ച ചെയ്യപ്പെടുന്ന കാലമായിരുന്നു. കഴിഞ്ഞകാല കരാറുകളിൽ ഉണ്ടായ വേതനശോഷണം കണക്കിലെടുത്തു ബാങ്ക് ജീവനക്കാർക്ക് അർഹതപ്പെട്ട വേതനം എന്തായിരിക്കണം എന്ന ചർച്ചയാണ് 25 ശതമാനം വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് 15-11-82 ൽ BEFI സമർപ്പിച്ച അവകാശ പത്രികയുടെ ഉള്ളടക്കം. AIBEAയും NCBEയും കരാർ കാലാവധി കഴിഞ്ഞു നാലു മാസത്തിനു ശേഷം 3-1-83 നാണ് സംയുക്തമായി അവകാശ പത്രിക സമർപ്പിച്ചത്. അവരുടെ അവകാശ പത്രികയെ AIBEA വിശേഷിപ്പിച്ചത് "Realistic and Realisable"(യഥാതഥമായതും സാദ്ധ്യമായതും)എന്നാണ്. പ്രാസ ബന്ധിതമായ ഈ വിശേഷണമാണ് അവർ പിന്നീടുണ്ടായ എല്ലാ കരാറുകൾക്കും നൽകി പോന്നത്. പതിനൊന്നാം കരാറിലും നാം അതു തന്നെ മുഴങ്ങി കേൾക്കുന്നു.

 നാലാം കരാറിൽ BEFI യുടെ ശബ്ദം വേറിട്ട ഒന്നായിരുന്നുവെങ്കിലും ചർച്ചകളിൽ BEFI യെ പങ്കെടുപ്പിക്കാതിരിക്കാൻ IBAയും AIBEA/NCBE ദ്വന്ദവും ഒത്തുപിടിച്ചപ്പോൾ ശൈശവ ദശയിലായിരുന്ന BEFI ക്കു പ്രചരണ പ്രക്ഷോഭങ്ങളിൽ ഒതുങ്ങി നിൽക്കേണ്ടി വന്നു. നാലാം കരാർ ഒപ്പുവെച്ചത് AIBEA, NCBE, INBEC എന്നീ മൂന്നു സംഘടനകളാണ്.  1983 സെപ്റ്റംബർ 6 നു ബാങ്കുകളിൽ വ്യാപക യന്ത്രവൽക്കരണം അനുവദിച്ചു കൊണ്ടുള്ള കരാറും BEFI ഒഴിച്ചുള്ള സംഘടനകളുമായി IBA ഒപ്പുവെച്ചു.

യന്ത്രവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ചു കൊണ്ടു "പണിയെത്തിക്കു കൈകളിൽ ആദ്യം എന്നിട്ടാവാം കമ്പ്യൂട്ടർ" എന്ന മുദ്രാവാക്യമുയർത്തി BEFI ഒറ്റയ്ക്കു 1983 സെപ്റ്റംബർ 6 നു അഖിലേന്ത്യാ വ്യാപകമായി പണിമുടക്കി. അന്ന് ഏറെ പരിഹാസത്തിനും വിമർശനത്തിനും വിധേയമായ ഈ മുദ്രാവാക്യത്തിന് 37 വർഷത്തിന് ശേഷവും പ്രസക്തിയുണ്ടെന്നു അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. യന്ത്രങ്ങൾ തൊഴിൽ അപഹരിക്കുക മാത്രമല്ല ചെയ്തത് മറിച്ച് ചില തൊഴിലുകൾ തന്നെ അപ്രസക്തമാക്കി. സ്വയം തൊഴിലെടുത്ത് ജീവിക്കുന്നവർ ടെക്നോളജി പ്ലാറ്റ്‌ഫോമിലെ കരാർ തൊഴിലാളികൾ ആകുന്നതും (gig economy) പുറം കരാർ പണിയും മറ്റും അസംഘടിത തൊഴിലാളികളുടെ എണ്ണം പെരുകിയതും തൊഴിലില്ലാത്തവരുടെ എണ്ണം, പ്രത്യേകിച്ച് യുവാക്കളുടെ, കൂടിയതും നാം കണ്മുന്നിൽ കാണുന്ന സത്യങ്ങൾ മാത്രമാണ്. യന്ത്രങ്ങൾ മനുഷ്യാദ്ധ്വാനം കുറക്കുമെന്ന വാദം ജീവിതത്തിൽ ആർക്കെങ്കിലും അനുഭവവേദ്യമായി തോന്നുന്നുണ്ടോ. 

സത്യത്തിൽ നാലാം ഉഭയകക്ഷിക്കാരാറിന്  വേണ്ടിയുള്ള മൂന്നുപാധി എന്ന നിലക്കാണ് യന്ത്രവൽക്കരണക്കരാർ ഒപ്പുവെച്ചത്. അക്കാലത്താണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (coal steel port and dock) തൊഴിലാളികൾ 17 ശതമാനം മുതൽ 20 ശതമാനം വരെ വേതന വർധനവ് നേടിയത്. വേതന വർധനവ് 10 ശതമാനത്തിൽ നിർത്തണമെന്ന Bureau of Public Enterprise ന്റെ നിർദേശത്തെ നിഷ്പ്രഭമാക്കിയാണ് കേന്ദ്ര പൊതുമേഖലാ ജീവനക്കാർ ഈ നേട്ടം കൈവരിച്ചത് എന്നു കൂടി ഓർക്കുന്നത് നന്നായിരിക്കും.

ചരിത്രം വഴി മാറുന്ന അഞ്ചാം കരാർ

BEFI പുഷ്ടിപ്പെട്ടു അഞ്ചു കൊല്ലമെത്തുമ്പോഴാണ് അഞ്ചാം ഉഭയകക്ഷി ചർച്ച വട്ടമെത്തി വന്നത്. BEFI യെ പങ്കെടുപ്പിക്കാതെ ചർച്ച കൊണ്ടുപോവുക എന്ന നയം തന്നെയാണ് മറ്റു സംഘടനകളും IBAയും തുടർന്നത്. നാലാം കരാർ 30.6.87 നു കാലാവധിയായി. BEFI 5.6.87 നു തന്നെ അവകാശ പത്രിക സമർപ്പിച്ചു പ്രചാരണം ആരംഭിച്ചു. 1987 നവംബർ 27നു പണിമുടക്കി. വ്യത്യസ്ത കാഴ്ചപ്പാടുകൾ നില നിർത്തിക്കൊണ്ടുതന്നെ യോജിച്ച സമരപരിപാടികൾക്കു 28.9.88 നു തുടക്കം കുറിച്ചു. ബാങ്ക് ജീവനക്കാരുടെയിടയിൽ ഉയർന്നുവരേണ്ട യോജിച്ച പ്രക്ഷോഭത്തിന്റെ ആദ്യ തീപന്തത്തിന് തിരികൊളുത്തി. UFBU വിലൂടെ ആ തീപന്തം ഇന്നും ജ്വലിക്കുന്നത് BEFI യുടെ സക്രിയമായ ഇടപെടലുകൾ കൊണ്ടാണെന്നു ഓരോ ബാങ്ക് ജീവനക്കാരനും അറിയാവുന്ന സത്യമാണ്.

തിരുത്തിയെഴുത്തുകൾ

ഉഭയകക്ഷി കരാറുകൾ തിരുത്തിയെഴുതുന്ന അപൂർവ കാഴ്ചകൾ ആരംഭിക്കുന്നത് അഞ്ചാം കരാറിലൂടെയാണ്. MOU 4.12.88 നു BEFI ഒഴിച്ചുള്ള സംഘടനകളും IBA യും ചേർന്നു ഒപ്പു വെച്ചു. 15.12.88 നു ആദ്യ തിരുത്തിയെഴുത്തു വന്നു. ഇതിനിടയിൽ LIC ജീവനക്കാർ മെച്ചപ്പെട്ട ആനുകൂല്യം നേടിയെടുത്തു. AIBEA യും NCBE യും വ്യവസ്ഥകളിൽ മാറ്റം വേണമെന്നു ആവശ്യപ്പെട്ടു. അങ്ങിനെ 23.2.89 ഒരു കരാറും തുടർന്ന് 10.4.89നു മറ്റൊരു കരാറും. ബാങ്ക് ജീവനക്കാർക്ക് നാലു മാസത്തെ മുൻകാല പ്രാബല്യത്തിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തി നവംബർ മുതൽ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി.

അഞ്ചാം കരാറിൽ പരിഷ്കരണം ആവശ്യപ്പെട്ട് 23.4.89 നു പ്രക്ഷോഭം ആരംഭിച്ചു. കൂട്ടത്തിൽ പെൻഷൻ മൂന്നാം retirement ആനുകൂല്യമായി നൽകുക, എല്ലാവർക്കും ബോണസ് നൽകുക, നിയമന നിരോധനം പിൻവലിക്കുക, massive computerisation  നിർത്തിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ കൂടി ഉൾപ്പെടുത്തി.  കരാറിന്റെ പവിത്രത കാത്തു സൂക്ഷിക്കുക, പെൻഷൻ, conveyance allowance, തുടങ്ങീ ആവശ്യങ്ങൾ ഉയർത്തി AIBEA യും പ്രക്ഷോഭ പാതയിലേക്ക് വരാൻ നിർബന്ധിതമായി.

ഐക്യസമരങ്ങളുടെ തുടക്കം

AIBEA യും NCBE യും ചേർന്നു 12.6.1990 നു സമരം പ്രഖ്യാപിച്ചു. യോജിച്ച പ്രക്ഷോഭത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചു BEFI യും സ്വന്തം സമരം ഈ തിയ്യതിയിലാക്കി. അങ്ങിനെ ബാങ്ക് ജീവനക്കാരുടെ ഐക്യ സമരങ്ങൾക്ക് നാന്ദിയായി മറ്റൊരു സമരം കൂടി ചരിത്രത്തിൽ രേഖപ്പെടുത്തി. പിന്നീടുള്ള BEFI യുടെ പ്രയാണത്തെ ചരിത്രം  ഇങ്ങിനെ രേഖപ്പെടുത്തുന്നു. 

"The impact of BEFIs struggle exhibited with tremendous fighting spirit and determination for long 12 years since inception and the effective tactic evolved by it for bringing the other unions in joint forum of struggles made IBA realise the futility of ignoring BEFIs rightful place in the negotiating forum any longer."

BEFI ചർച്ചാ മേശയിലേക്ക്

IBA യുമായി നടത്തിയ കത്ത് ഇടപാടുകളുടെയും അതുവരെയുള്ള സമരാനുഭവങ്ങളെ അപഗ്രഥിച്ചും മുൻ കരാറുകൾ, കമ്പ്യൂട്ടർ കരാർ അടക്കം, പുനർ ചർച്ചകൾക്ക് വിധേയമാക്കില്ല എന്ന വ്യവസ്ഥയോടെ BEFIക്കു ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കാനുള്ള ക്ഷണം IBA BEFI ക്കു നൽകി. അങ്ങിനെ ആറാം കരാർ മുതൽ BEFI യും ചർച്ചകളിൽ പങ്കെടുത്തു. BEFI യെ ചർച്ചകളിൽ പങ്കെടുപ്പിച്ചാൽ കമ്പ്യൂട്ടർ കരാർ തന്നെ റദ്ദാക്കികളയുമെന്നു പറഞ്ഞു IBA യെ ഭീഷണിപ്പെടുത്തിയ AIBEA ക്കു ശിവസേന സംഘടനക്കും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ NCBE സംഘടന ലേബൽ മാറ്റി NUBE എന്നാക്കി ചർച്ചയിൽ പങ്കെടുത്തപ്പോഴും കൂടെ പങ്കെടുക്കാൻ ഒരു വിമുഖതയും ഉണ്ടായില്ലെന്നതും ഈ സന്ദർഭത്തിൽ ഓർമിക്കാവുന്നതാണ്.
             
II

ചർച്ചാ മേശകളും മാനേജ്മെന്റിലെ തൊഴിലാളി പ്രാതിനിധ്യവും

വർഗ സംഘടനയായി പ്രവർത്തിക്കുന്ന ഏതൊരു തൊഴിലാളി സംഘടനക്കും ചർച്ചാ മേശകളും മാനേജ്മെന്റിലെ തൊഴിലാളി പ്രാതിന്യത്തവും കൂട്ടായ വിലപേശലിനുള്ള ജനാധിപത്യ ഉപകരണങ്ങൾ ആണ്. അതുകൊണ്ടാണ് BEFI പോലുള്ള സംഘടനകൾ ഐക്യ സമരങ്ങൾക്ക് പ്രാധാന്യം നല്കിപ്പോരുന്നത്. സംഘടനകളുടെ ഭൂരിപക്ഷം നിശ്ചയിക്കുന്നത് രഹസ്യ ബാലറ്റിലൂടെ ആയിരിക്കണം എന്നൊരു നിർദേശവും BEFIക്കുണ്ട്. മറ്റു കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഈയൊരു രീതി തുടരുന്നതായി കാണാം. ബാങ്കിങ് വ്യവസായത്തിലെ ഉഭയകക്ഷി ചർച്ചകളിൽ BEFI പങ്കെടുക്കാൻ തുടങ്ങിയതോടെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ടുള്ള പൊതു അവകാശ പത്രികൾക്കു രൂപം നൽകാൻ സാധിച്ചു. മാത്രമല്ല ചർച്ചകളിൽ നടക്കുന്ന കാര്യങ്ങൾ സാധാരണ ബാങ്ക് ജീവനക്കാരും അറിയാൻ തുടങ്ങി. ചർച്ചകൾക്ക് സുതാര്യത ഏർപ്പെടുത്താൻ BEFI യുടെ സാന്നിധ്യം സഹായകമായി എന്നർത്ഥം.

"Realistic and Realisable"(യഥാതഥമായതും സാദ്ധ്യമായതും) എന്ന ആശയം തകർന്നു

ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ ആത്മനിഷ്ഠക്കനുസരിച്ചും മാനേജ്മെന്റിന്റെ ദയാവായ്പ്പിനും വിധേയമായി രൂപപ്പെടുത്തിയ കരാർ വ്യവസ്‌ഥകൾക്കപ്പുറം അവകാശങ്ങൾ ഉന്നയിക്കുന്നതിനു തന്നെ ശാസ്ത്രീയ മാനദണ്ഡങ്ങൾ സ്വീകരിച്ചു. അതുകൊണ്ടു തന്നെ വിലപേശി നേടിയെടുക്കുന്ന നേട്ടങ്ങൾക്കും തിളക്കം കൂടി. നേടാൻ കഴിയാതെ പോയവ വീണ്ടും ശക്തിയോടെ ഉന്നയിക്കാനുള്ള ജനാധിപത്യ അവകാശവും ബാങ്ക് ജീവനക്കാർക്ക് കൈ വന്നു. കുറഞ്ഞ അനൂകൂല്യങ്ങൾക്ക് കയ്യൊപ്പു ചാർത്തി ബാങ്കിങ് മേഖലയെ trend setter ആക്കി കൊണ്ടുള്ള AIBEA, NCBE നയസമീപനം സമാന മേഖലകളിലെ -RBI LIC - തൊഴിലാളികൾ സമരത്തിലൂടെ ഉയർന്ന ആനൂകൂല്യങ്ങൾ നേടിയെടുക്കാൻ തുടങ്ങിയതോടെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. പിന്നീട് അതേ ആനൂകൂല്ല്യങ്ങൾ തങ്ങൾക്കും ബാധകമാക്കണമെന്നു അവർ ആവശ്യപ്പെടാൻ തുടങ്ങി. അതോടെ "Realistic and Realisable"(യഥാതഥമായതും സാദ്ധ്യമായതും) എന്ന ആശയം തകർന്നു.

ആറു മുതൽ പത്ത് വരെ

ഐക്യ സമര വേദിക്കു രൂപം(Joint Struggle Committee) നൽകാനും ഐക്യ സമരങ്ങൾക്ക് പ്രാധാന്യം ഏറിവരുകയും ചെയ്യുന്ന ഒരു കാലയളവാണ് പിന്നീടുണ്ടായ ഘട്ടം. ഇതു വികസിപ്പിച്ചു ഓഫീസർമാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള United Forum of Bank Unions (UFBU) എന്ന നിലയിലേക്ക് ബാങ്ക് ജീവനക്കാരുടെ ആകെ ഐക്യം വളർന്നു വന്നു. അപ്പോഴും ഭൂരിപക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ മൗലിക സ്വഭാവങ്ങൾക്കു മാറ്റമൊന്നും ഉണ്ടായതായി കാണാൻ കഴിയില്ല. ഏഴാം കരാർ arrears ൽ നിന്നു മൂന്ന് ബാങ്കുകളെ ഒഴിച്ചു നിർത്തി  ഒപ്പു വെക്കാൻ AIBEA യും NCBE യും തയ്യാറായതിലൂടെ വെളിവായത് അത്തരമൊരു സത്യമാണ്.

വർമ കമ്മിറ്റി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ ബാങ്ക് യുകൊ ബാങ്ക് യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളിലെ ജീവനക്കാർക്ക് നൽകേണ്ട arrears കരാറിൽ നിന്നും ഒഴിവാക്കിയത്. അതിൽ പ്രതിഷേധിച്ചു കൊണ്ടു BEFI യും  മറ്റു കാരണങ്ങളാൽ NOBW യും ഏഴാം കരാർ ഒപ്പു വെച്ചില്ല. മാത്രമല്ല പെൻഷന് മറ്റൊരു ഓപ്ഷൻ കൂടി നൽകുക, ജീവനക്കാരുടെ പുനർവിന്യാസം നിർത്തിവെക്കുക, അമിത യന്ത്രവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ കൂടി ചേർത്തു BEFI സമരത്തിലേക്ക് നീങ്ങി. മേൽകൊടുത്ത മൂന്നു ബാങ്കുകളിലെ BEFI സംഘടനകൾ 2000 ഏപ്രിൽ 18 നു പണിമുടക്കി പ്രതിഷേധിച്ചു. 2000 ജൂലൈ 12 നു സമരം ബാങ്കിങ് വ്യവസായത്തിലെ എല്ലാ BEFI സംഘടനകളും ഒരുമിച്ചു ചേർന്നു നടത്തി. അതിന്റെ ഫലമായി നഷ്ടപ്പെടുമെന്ന് കരുതിയ ഏഴാം കരാർ arrears ഈ മൂന്നു ബാങ്കുകൾക്കും ബാധകമാക്കി. മാത്രമല്ല നിലവിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കേണ്ട ക്ഷാമബത്ത 1684 പോയിന്റിലും  പെൻഷൻകാർക്ക് 1616 പോയിൻറ് ലും നിജപ്പെടുത്തിയതിലെ അപാകത  BEFI ഉയർത്തിക്കൊണ്ടുവന്നത് പിന്നീട് സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കാൻ കഴിഞ്ഞതും BEFI വിവിധ സാധ്യതകളെ എങ്ങിനെ തൊഴിലാളികൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളത്രെ.

ഉഭയകക്ഷി ചർച്ചകളിൽ IBA കൗണ്ടർ ഡിമാൻഡ്സ് ആദ്യമായി വരുന്നത് എട്ടാം ഉഭയകക്ഷി ചർച്ചകളിലൂടെയാണ്. വേതന നിശ്ചയം സംബന്ധിച്ച ചർച്ച ബാങ്ക്കളുടെ മൂലധന പര്യാപ്‌തത, ജീവനക്കാരുടെ ഉൽപാദനക്ഷമത, basel കമ്മിറ്റി നിർദേശങ്ങൾ തുടങ്ങിയവയും കണക്കിലെടുത്ത് വേണമെന്നായിരുന്നു IBA യുടെ ആവശ്യം.

BEFI യുടെ നിർണ്ണായക ഇടപെടലിലൂടെ ഏറ്റവും ഉയർന്ന വേതന വർധനവ് നേടാൻ കഴിഞ്ഞ ഒരു കരാർ ആണ് എട്ടാം ഉഭയകക്ഷി കരാർ. ഒരു stagnation increment അധികമായി ലഭിച്ചതും എല്ലാ scale of pay ലും ക്ഷാമബത്തക്കു പൂർണ്ണ സമീകരണം ഏർപ്പെടുത്തിയതും ഈ കരാറിന്റെ സവിശേഷതകളായി പരിഗണിക്കപ്പെട്ടു.

പത്താം കരാറിൽ cost to the company method, variable pay, എന്നിവ ആവിഷ്കരിക്കാനുള്ള ഒരു നീക്കം IBA യുടെ ഭാഗത്തു നിന്നുണ്ടായത് തടയാൻ UFBU വിനു കഴിഞ്ഞു. ബാങ്ക് ജീവനക്കാർക്കും പുതിയ പെൻഷൻ സ്കീം നടപ്പാക്കാനുള്ള തീരുമാനം ഏറെ വേദനയോടെയാണ് BEFI ക്കു അംഗീകരിക്കേണ്ടി വന്നത്. ബാങ്ക് ജീവനക്കാരുടെ UFBU തകർന്നു പോകരുതെന്ന് കരുതിയാണ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരമൊരു ഉപാധി സ്വീകരിച്ചത്. അതു ജീവനക്കാരോട് തുറന്ന് പറയാനും BEFI തയ്യാറായി.

പതിനൊന്നിലെ ചതിക്കുഴികൾ

കഴിഞ്ഞ കരാറിൽ സാധിക്കാതെ പോയ cost to the company method, variable pay, എന്നിവ പുതിയ രൂപത്തിൽ അംഗീകരിച്ചു കൊടുക്കാൻ മറ്റു സംഘടനകൾ തയ്യാറായപ്പോൾ BEFI കരാർ ഒപ്പു വെക്കാതെ മാറി നിൽക്കുകയാണ് ചെയ്തിരിക്കുന്നത്. ജീവനക്കാരെ വലിയ തോതിൽ ബാധിക്കുന്ന മറ്റു തൊഴിൽ വിഭാഗങ്ങൾക്കു  ആപൽക്കരമായേക്കാവുന്നവ ഉഭയകക്ഷി ചർച്ചകളിൽ ഉയർന്നു വരരുത് എന്ന വർഗ കാഴ്ചപ്പാടിന്റെ പുറത്താണ് BEFI ഈ തീരുമാനം എടുത്തിട്ടുള്ളത്.

2015 മുതൽ ഒരു ബാങ്കിലും workmen director നെ നിയമിച്ചിട്ടില്ല പോലും. അതു തൊഴിലാളികളുടെ അവകാശമാണ് എന്ന ബോധ്യമുണ്ടെങ്കിൽ അല്ലെ ചോദിച്ചു വാങ്ങാൻ കഴിയുകയുള്ളൂ. ഇതെല്ലാം അലങ്കാര പദവിയും താഴെയുള്ള വരെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിൽ നിർത്താനുമുള്ള സ്വാധീനമായി കാണുന്നവർക്ക് അവകാശമായി ചോദിക്കാൻ എന്തു അർഹത. BEFI യെ സംബന്ധിച്ചടത്തോളം ചർച്ചാമേശകളും workmen director സ്ഥാനങ്ങളും അലങ്കാര പദവികളല്ല. കൂട്ടായ വിലപേശലിനുള്ള ജനാധിപത്യ ഉപകരണങ്ങൾ മാത്രമാണ്. അതേ സമയം ചർച്ചകളുടെ ഗതിവിഗതികളെയും അന്തിമ ഫലത്തെയും നിർണ്ണയിക്കുന്ന ഘടകം നാം പുറത്തു നടത്തുന്ന പ്രചരണ പ്രക്ഷോഭ സമരങ്ങളും പണിമുടക്കുകളുമാണ്. അതു മനസ്സിലാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഈ രണ്ടു കുറിപ്പുകളും സഹായകമാകുമെന്ന് കരുതട്ടെ.

*
ശ്രീകുമാർ 
(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)
ബി.ഇ.എഫ്.ഐ.മുൻ സംസ്ഥാന കമ്മിറ്റി അംഗം 

No comments:

Post a Comment