വിദ്യാഭ്യാസരംഗം നിരന്തരം നവീകരിക്കേണ്ടതും സർഗാത്മകമാക്കേണ്ടതുമാണെന്ന കാര്യത്തിൽ സംശയമില്ല. മാറുന്ന ലോകത്തിന്റെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ വരുംതലമുറയെ സജ്ജമാക്കാൻ വിദ്യാഭ്യാസത്തിന് കഴിയണം. ചോദ്യങ്ങൾ ചോദിക്കാനും അറിവിന്റെ വിശാല ലോകങ്ങൾ അന്വേഷിക്കാനും ശേഷിയുള്ള യുവതലമുറയെ സൃഷ്ടിക്കുകയാകണം ലക്ഷ്യം. എന്നാൽ, രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അപകടകരമായ നിർദേശങ്ങൾ നിറഞ്ഞതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം.
ഐഎസ്‌ആർഒ ചെയർമാനായിരുന്ന ഡോ. കെ കസ്‌തൂരിരങ്കൻ അധ്യക്ഷനായ സമിതി 2019 മേയിൽ സമർപ്പിച്ച കരട് നയം മാറ്റമില്ലാതെ മന്ത്രിസഭ അംഗീകരിച്ചെന്നാണ് വാർത്ത. ഹിന്ദി നിർബന്ധ പഠനവിഷയമാക്കുന്നത് തമിഴ്‌നാടിന്റെ എതിർപ്പ് കാരണം നേരത്തേ പിൻവലിച്ചെങ്കിലും മറ്റ് വിവാദ നിർദേശങ്ങൾക്ക് മാറ്റമില്ല. വിപുലമായ ചർച്ചകൾക്കുശേഷമേ വിദ്യാഭ്യാസമേഖലയിൽ ഏത് മാറ്റവും വരുത്താവൂ എന്നിരിക്കെ പാർലമെന്റിൽപ്പോലും ചർച്ചചെയ്യാതെ പുതിയ നയം തിരക്കിട്ട് അംഗീകരിച്ചിരിക്കുകയാണ് മോഡി സർക്കാർ.
പ്രീ പ്രൈമറിമുതൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള മേഖലകൾവരെ മാറ്റിമറിക്കുന്നതാണ് പുതിയ നയം. പ്രചാരണത്തിനായി ചില പുതുമകൾ പറയുന്നുണ്ടെങ്കിലും രാജ്യത്തെ വൈവിധ്യങ്ങളെ നിരാകരിച്ച് സംഘപരിവാറിന്റെ കാവിവൽക്കരണം ശക്തിപ്പെടുത്തുന്നതും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടത്തിന് അവസരമൊരുക്കുന്നതുമാണിത്.
സ്‌കൂൾതലത്തിലെ 10+2 സംവിധാനം മാറ്റി പ്രീ പ്രൈമറി മുതൽ 5+3+3+4 ഘടന കൊണ്ടുവരാനാണ് തീരുമാനം. ഈ മാറ്റം സ്‌കൂളുകളിൽ അക്കാദമികവും ഘടനാപരവുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നുറപ്പാണ്. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസമേഖല നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാതെ ഘടനാമാറ്റംകൊണ്ട് എന്ത് കാര്യം. അഞ്ചാംക്ലാസുവരെ മാതൃഭാഷയിൽ പഠനം നിർബന്ധമാണെന്ന് പറയുന്നുണ്ടെങ്കിലും ദേശീയതലത്തിലുള്ള വിദ്യാഭ്യാസ ബോർഡുകളിൽ ഇത് നടപ്പാക്കുമോ എന്ന് വ്യക്തമല്ല. വരേണ്യർക്കായുള്ള പഠനബോർഡുകൾ തുടരുമെന്നതിനർഥം രണ്ടുതരം വിദ്യാഭ്യാസം നിലനിൽക്കുമെന്നുതന്നെയാണ്. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളെ വരുതിയിലാക്കി സംഘപരിവാറിന്റെ കാവിവൽക്കരണം അടിച്ചേൽപ്പിക്കുകമാത്രമാണ് നയം മാറ്റത്തിനു പിന്നിൽ.
യുജിസിയെ ഉൾപ്പെടെ പൊളിച്ചെറിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്ത് സമ്പൂർണ വാണിജ്യവൽക്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുകയാണ്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമീഷനായിരിക്കും ഇനി എല്ലാം തീരുമാനിക്കുക. കോളേജുകൾക്ക് യഥേഷ്ടം സ്വയംഭരണം അനുവദിക്കും. ഗവേഷണ യൂണിവേഴ്‌സിറ്റികൾ ആരംഭിക്കും. വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതിയും നൽകും. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് ഇതെല്ലാം എന്നാണ് വാദം. രാജ്യത്തെ സർവകലാശാലകൾക്ക് അന്ത്യംകുറിക്കാൻ വഴിയൊരുക്കുന്നതാണ് മേൽപ്പറഞ്ഞ തീരുമാനങ്ങൾ. ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്ന് പാവപ്പെട്ടവർ പുറത്താകുകയാകും ഫലം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സമരബോധത്തിന് കടിഞ്ഞാണിടുകയും ലക്ഷ്യമാണ്. ഭയവും അനുസരണയുമുള്ള വിദ്യാർഥിസമൂഹമാണ് സംഘപരിവാറിന് വേണ്ടത്.
പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് പ്രചണ്ഡമായ പ്രചാരണത്തിന് അവസരമൊരുക്കുകയാണ് മോഡി സർക്കാർ. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വർഷംതോറും വെട്ടിക്കുറയ്ക്കുന്ന കേന്ദ്രമാണ് 18 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കുമെന്ന് അവകാശപ്പെടുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഹായിക്കാത്തവരുടെ അവകാശവാദങ്ങളിൽ എന്തുകാര്യം. രാജ്യത്ത് ബാലവേല ചെയ്‌ത് അന്നംതേടുന്ന ലക്ഷക്കണക്കിനു കുട്ടികൾക്ക് പഠനവും സുരക്ഷിതത്വവും നൽകാൻ ആരാണുള്ളത്.
പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രീതി മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെയും അധികാര കേന്ദ്രീകരണത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യമാകെ ഒരേ സിലബസും പാഠഭാഗങ്ങളും പഠിപ്പിച്ച് കാവിവൽക്കരണത്തിന് ആക്കം കൂട്ടാനുള്ള ശ്രമത്തിലാണ് അവർ. സംസ്ഥാനങ്ങളോട് ആലോചിക്കാതെയും ജനപ്രതിനിധികളെ അറിയിക്കാതെയും നയംമാറ്റം നടപ്പാക്കാൻ കോവിഡ് മഹാമാരി മറയാക്കുകയാണ് കേന്ദ്രം. ഭരണഘടനാതത്വങ്ങൾക്കും ഫെഡറൽമൂല്യങ്ങൾക്കും വിരുദ്ധമാണിത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്ന് എല്ലാം കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണ്. ഭരണഘടനാപരമായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാധികാരമുള്ള സമവർത്തി പട്ടികയിലെ വിഷയമായിട്ടും വിദ്യാഭ്യാസരംഗത്തെ നയംമാറ്റം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈയേറ്റം അവസാനിപ്പിച്ച് ചർച്ചകളിലൂടെ തീരുമാനത്തിലെത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
deshabhimani editorial 310720
No comments:
Post a Comment