Friday, July 24, 2020

കപട നിഷ്‌പക്ഷത

മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന മഹാമാരി കേരളത്തിലും വലിയ ഭീഷണി മുഴക്കുകയാണ്. രോഗം ആശങ്കപ്പെടുത്തുന്നവിധം വ്യാപിക്കുകയും പ്രതിദിനം 1000 കടക്കുകയും ഒന്നിലധികം സ്ഥലത്ത്‌ സമൂഹവ്യാപനത്തിൽ എത്തിയിരിക്കുകയുമാണ്. അതിസങ്കീർണമായ ഈ അവസ്ഥയിൽ ജാതി-, മത, -രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും യോജിക്കേണ്ട സമയമാണ്. പല ദിക്കിൽനിന്നും വന്നവരാണെങ്കിലും കപ്പൽഛേദം  കാരണം നാമെല്ലാം ഒരേ ബോട്ടിൽ കയറണമെന്ന് പണ്ട് മാർട്ടിൻ ലൂഥർ പറഞ്ഞത് ഓർമിക്കേണ്ട കാലം.

ഇത് വിസ്മരിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ്,- ബിജെപി, - മുസ്ലിംലീഗ് തുടങ്ങിയ പ്രതിപക്ഷകക്ഷികൾ ഉത്സാഹം കൂട്ടുന്നത്. ഇതിനെ തുറന്നുകാട്ടി അവരെ നേർവഴിയിൽ എത്തിക്കാൻ പ്രേരണയേകാനുള്ള സാമൂഹ്യധർമത്തിനു പകരം ഇഞ്ചി തിന്ന കുരങ്ങന്‌ കള്ള് കൊടുക്കുംപോലെയുള്ള പണിയാണ് ഏഷ്യാനെറ്റ്,- മനോരമാദി ന്യൂസ്‌ ചാനലുകളും ഒരുപിടി അച്ചടി,- ഓൺലൈൻ മാധ്യമങ്ങളും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം മാധ്യമരീതിക്കെതിരെ തുറന്ന വിമർശനത്തിനും ഏഷ്യാനെറ്റിന്റെ ന്യൂസ്‌ ചാനൽ ചർച്ചയിൽനിന്നു വിട്ടുനിൽക്കാനും സിപിഐ എം നിർബന്ധിതമായത്. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഐ എം. കോവിഡ്–-19ന്റെ വ്യാപനം തടയുന്നതിന് സമൂഹത്തെ പ്രാപ്തമാക്കാൻ വിലപ്പെട്ട സേവനം മാധ്യമങ്ങൾ ലോകവ്യാപകമായി തന്നെ നൽകുന്നുണ്ട്. എന്നാൽ, അടുത്തകാലത്തായി കേരളത്തിലെ മാധ്യമങ്ങളിൽ ഒരുവിഭാഗം വഴിമാറി സഞ്ചരിക്കുകയാണ്. പൊതുയിടങ്ങളുടെ വാതായനമാണ് മാധ്യമങ്ങൾ. പക്ഷേ, തുറന്ന സംവാദങ്ങൾ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയൻ വാലാബാഗുകളാക്കാൻ ചാനലുകൾ പരിശ്രമിക്കുന്നു.

നേരറിയാനുള്ള മൗലികാവകാശം പൗരനുണ്ട്. അത് നിഷേധിക്കുന്നതാകരുത് ചാനൽ സംവാദം. വ്യാജവാർത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനൽ ചർച്ചകളെ അധഃപതിപ്പിക്കരുത്. ഇതൊക്കെ ചെയ്തശേഷവും ഞങ്ങളുടെ ചാനൽ നിഷ്‌പക്ഷമാണ്‌ എന്നുള്ള ഏഷ്യാനെറ്റ് ചാനൽ എഡിറ്ററുടെ വിളിച്ചുപറയൽ അപഹാസ്യമാണ്. രാത്രികാല ചർച്ചകളെ യുഡിഎഫ്,- ബിജെപി അജൻഡ നടപ്പാക്കാനുള്ള ആസൂത്രിതവേദിയാക്കി ഈ ചാനൽ മാറ്റി. സിപിഐ എം പ്രതിനിധികൾ വിട്ടുനിൽക്കാനുള്ള തീരുമാനം പ്രാകൃതമാണെന്നാണ് ചാനൽ എഡിറ്ററുടെ പക്ഷം. ഭരണ പാർടിയുടെ പ്രതിനിധിയോട് ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നതു കേട്ടു. ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരം പറയാൻ അവസരം നൽകാതിരിക്കുകയും ചെയ്യുന്നതാണ് കാട്ടാളത്തം. യേശുവിനെ വിചാരണ ചെയ്ത പീലാത്തോസ് പോലും മറുപടി കേൾക്കാൻ സാവകാശം നൽകിയിരുന്നു. എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ വീരശൂര പരാക്രമം കാട്ടുന്ന ഇക്കൂട്ടർ എന്തേ, മോഡി സർക്കാരിനും ബിജെപിക്കുമെതിരെ ചോദ്യമൊന്നും ഉയർത്തുന്നില്ല. അപ്പോൾ വിഗ്രഹഭഞ്ജനം ആർക്കുവേണ്ടിയാണ്.

ചർച്ചകളിൽ അവതാരകർക്ക് ഒരർഥത്തിൽ റഫറിയുടെ റോളാണ്. എന്നാൽ, റഫറി ഗോളടിക്കുക എന്നത് ഇത്തരം ചാനലുകൾ ഒരു നയമാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ അവതാരകരോടല്ല, അവരെ ഗോളടിക്കുന്ന റഫറിമാരാക്കിയിരിക്കുന്ന നയമാണ് തുറന്നുകാട്ടപ്പെടുന്നത്. ഡൽഹി കലാപത്തിലെ റിപ്പോർട്ടിങ്ങിന് സംപ്രേഷണ വിലക്കുവന്ന കാര്യം ഏഷ്യാനെറ്റ് പ്രതിനിധി നിഷ്‌പക്ഷതയ്ക്ക് തെളിവായി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ആ റിപ്പോർട്ടിൽ മോഡി സർക്കാരിനോട് മാപ്പിരന്നതുകൊണ്ടാണ് കാര്യങ്ങൾ സമവായത്തിലായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നല്ലോ? ബിജെപിയുടെ പാർലമെന്റംഗത്തിന്റെ ഉടമസ്ഥതയിലുള്ള ചാനൽ എൽഡിഎഫ് വിരുദ്ധത രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്നതും ആശ്ചര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ച്. ഇത്തരം നയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നിട്ടും നിഷ്‌പക്ഷതയുടെ മുഖംമൂടി അണിയുന്നതാണ് കപടത. അത് ജനങ്ങളോടു പറയാനുള്ള അവകാശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ട്. അത് ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്.

നാലുപേരെ സംഘടിപ്പിച്ച് ചർച്ച നടത്തുമ്പോൾ മൂന്നുപേരും അവതാരകരും ചേർന്ന് എൽഡിഎഫ് വിരുദ്ധ രാവണൻകോട്ട തീർക്കുന്നു. എന്നിട്ടവർ വാദങ്ങളും ചോദ്യങ്ങളുമായി കെട്ടിയുയർത്തുന്ന വ്യാജകഥകളെ പൊളിക്കാൻ സിപിഐ എം പ്രതിനിധി സംസാരിക്കാൻ തുടങ്ങുമ്പോഴേ അവതാരകർ ഇടപെടുകയോ മൈക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നു. ഇങ്ങനെ സിപിഐ എം പ്രതിനിധികളുടെ നാവിന് കത്രികപ്പൂട്ട് ഇടാൻ നോക്കുന്നു. ഇത്തരം സംവാദങ്ങൾ ജനാധിപത്യ മര്യാദകളുടെ പൂർണ ലംഘനമാണ്. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ്‌ ചർച്ചയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നതിന് സിപിഐ എം പ്രതിനിധികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ എന്തെങ്കിലും സ്വയംവിമർശനം  നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് പത്രാധിപർ ഇറങ്ങിയത് അപക്വ നടപടിയാണ്.

എൽഡിഎഫ് സർക്കാരിന്റെയും സിപിഐ എമ്മിന്റെയും പിഴവിന് മാധ്യമങ്ങളെ എന്തിന് പ്രതിക്കൂട്ടിലാക്കണമെന്ന വാദം ഇക്കൂട്ടർ ഉയർത്തുന്നുണ്ട്. കൊറോണ വ്യാപനം, നയതന്ത്ര സ്വർണക്കടത്തുകേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. എന്നാൽ, ഈ രണ്ട് വിഷയത്തിലും എൽഡിഎഫ് സർക്കാരോ മുന്നണിയോ സിപിഐ എമ്മോ ഒരു കുറ്റവും ചെയ്തിട്ടില്ല. കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ലോകമാതൃക എന്ന ബഹുമതി ലഭിക്കാൻ ഈ നാടിനെ പ്രാപ്തമാക്കിയത് പിണറായി വിജയൻ സർക്കാരാണ്. നമുക്ക് ലഭിച്ച സാർവദേശീയ അംഗീകാരം കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1000 കടന്നതുകൊണ്ട് ഇല്ലാതാകുന്നില്ല. രോഗവ്യാപനം ആഗസ്ത്‌, - സെപ്‌തംബറിൽ ഉയർന്നതോതിൽ എത്തുമെന്ന കണക്കുകൂട്ടൽ ആരോഗ്യവിദഗ്ധർക്ക്‌ ഉണ്ടായിരുന്നു. എന്നാൽ, ചില പ്രദേശങ്ങളിൽ പ്രതീക്ഷയ്‌ക്കുമപ്പുറത്ത് വ്യാപനമുണ്ടായിട്ടുണ്ട്. അതൊന്നും എൽഡിഎഫ് സർക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതല്ല. രോഗം പിടിച്ചുകെട്ടുക തന്നെ ചെയ്യും ഈ സർക്കാർ.

ഈ ഘട്ടത്തിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനു പകരം പൊതുജനാരോഗ്യ സംവിധാനത്തെ ക്ഷീണിപ്പിക്കുകയും ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നവിധത്തിൽ പ്രതിപക്ഷം പ്രവർത്തിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുന്നുണ്ട്. ഇതേ ശൈലി പ്രതിപക്ഷത്തെ കടത്തിവെട്ടി ചെയ്യുന്നതിൽ ചില മാധ്യമങ്ങൾ ആനന്ദം കാണുന്നുണ്ട്. അത് അവസാനിപ്പിക്കേണ്ട അനാരോഗ്യ പ്രവണതയാണ്.

നയതന്ത്ര സ്വർണക്കടത്തിന്റെ വിഷയത്തിലാകട്ടെ കേസിൽ പ്രതിചേർത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും യുഡിഎഫ്,- ബിജെപി ബന്ധമുള്ളവരാണ്. പ്രതിയായ വിവാദ വനിതയുമായി ചട്ടങ്ങൾക്കു നിരക്കാത്തവിധത്തിൽ ബന്ധമുണ്ടാക്കിയതിന് ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആവശ്യംകൂടി പരിഗണിച്ച് കേന്ദ്ര ഏജൻസിയുടെ  അന്വേഷണം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും അപ്രകാരമുള്ള അന്വേഷണം നടക്കുകയുമാണ്. വിവാദ വനിതയുമായി ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഒരു രാഷ്ട്രീയനേതാവല്ല. സ്വർണക്കടത്തുകേസിൽ പങ്കുള്ളവരെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെയും സിപിഐ എമ്മിന്റെയും താൽപ്പര്യം. സ്വർണക്കടത്തിനു പിന്നിൽ ഭീകരവാദികളും ഹവാല ഇടപാടുകാരുമുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്മേൽ ചർച്ചകൾ കേന്ദ്രീകരിക്കുന്നതിനു പകരം മുഖ്യമന്ത്രിയെ കരിതേക്കാനുള്ള വ്യാജകഥകൾ വാർത്തെടുക്കാനാണ് പല മാധ്യമങ്ങളും പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഉപതെരഞ്ഞെടുപ്പുവേളയിൽ അരൂരിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ച ഒരു വീടിനെ ആസ്‌പദമാക്കിയുള്ള കള്ളവാർത്ത. ആ കള്ളക്കഥയെ കേന്ദ്രീകരിച്ച് ഒരു ചാനൽ രാത്രികാല സംവാദംവരെ നടത്തി. ഇത്തരം തലതിരിഞ്ഞ വാർത്താരീതിയെ വിമർശിക്കുന്നത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലല്ല, സത്യമറിയാനുള്ള ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള പൗരബോധ സംരക്ഷണമാണ്.

കോവിഡ് കാലത്തും എൽഡിഎഫ് സർക്കാർ എത്രയെത്ര മേഖലകളിലാണ് പ്രവർത്തനമികവ് കാട്ടുന്നത്. ഇത് തമസ്‌കരിക്കുകയാണ് ഏറിയപങ്ക് മാധ്യമങ്ങളും. ലക്ഷക്കണക്കിനു വീടുകളിൽ പാചകവാതകം നേരിട്ടെത്തുന്ന ഗെയിൽ പൈപ്പുലൈൻ പദ്ധതി ഉടൻ യാഥാർഥ്യമാകുകയാണ്. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി. ഇത് നടപ്പാക്കാൻ കിഫ്ബിക്ക് 1061.73 കോടി രൂപയുടെ വായ്‌പ നബാർഡ് അനുവദിച്ചു. 2021 മാർച്ചിൽ കെ ഫോൺ പദ്ധതി യാഥാർഥ്യമാകുമ്പോൾ മുപ്പതിനായിരത്തിലധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വീട്ടിലും ഒപ്റ്റിക്കൽ ഫൈബർ വഴി ഇന്റർനെറ്റ് ലഭ്യമാകും. സാമ്പത്തികമായി പിന്നണിയിലുള്ള 20 ലക്ഷം കുടുംബത്തിന്‌ സൗജന്യഇന്റർനെറ്റ് ലഭിക്കും.

സർക്കാരിന്റെ ഇത്തരം കരുത്തുറ്റ ചുവടുവയ്പുകളൊന്നും ചാനൽ സംവാദ പരിപാടികളുടെ പരിധിയിൽ ഇല്ല. ചാനലുകളുടെ ദൃഷ്ടിയിൽ തെളിയാത്ത ഇത്തരം എത്രയോ പ്രധാന സംഭവങ്ങൾ സമീപ ദിവസങ്ങളിലുണ്ടായി. തദ്ദേശഭരണവകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, മുനിസിപ്പൽ കോമൺ സർവീസ്, എൻജിനിയറിങ്‌, ടൗൺ ആൻഡ്‌ കൺട്രി പ്ലാനിങ്‌ വകുപ്പുകൾ ഏകീകരിച്ച് തദ്ദേശഭരണ സർവീസാക്കി. ഇതൊരു ചരിത്രസംഭവമാണ്. യുഡിഎഫ് ഭരണത്തിൽ നഗര, -ഗ്രാമ വകുപ്പുകൾക്കും ടൗൺ ആസൂത്രണത്തിനും പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. കേരളത്തിന്റെ അധികാര വികേന്ദ്രീകരണത്തിന്റെ ശക്തി ചോർത്തുന്നതായിരുന്നു അത്തരം നടപടി. ഇപ്പോഴത്തെ ലയനത്തിലൂടെ ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് നിലവിൽ വന്നിരിക്കുന്നു.

സാമൂഹിക ക്ഷേമ പെൻഷനുകൾ യുഡിഎഫ് ഭരണകാലയളവിൽ ദീർഘകാല കുടിശ്ശികയായി. എന്നാൽ, പെൻഷൻതുക ഇരട്ടിയാക്കുകയും കുടിശ്ശികയില്ലാതെ നൽകുകയും ചെയ്യുന്നു. വിഷുവിന് ക്ഷേമപെൻഷൻ വിതരണം ചെയ്‌താൽ ഓണത്തിനാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം വിതരണം ചെയ്തത്. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ജൂലൈ അവസാനംമുതൽ വിതരണം ചെയ്യും. 48.5 ലക്ഷം പേർക്ക് ലഭിക്കും. ക്ഷേമനിധി ബോർഡുകളിലെ 10.8 ലക്ഷം പേർക്കും പെൻഷൻ നൽകും. ഇതിനെല്ലാം വേണ്ടി 1300 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. ഇതൊന്നും ചാനൽ ചർച്ചയ്ക്ക് വിഷയമല്ല.

സ്വർണക്കടത്തുകേസിന്റെ മറപറ്റി യുഡിഎഫ്, എൽഡിഎഫ് ഭരണങ്ങൾ തുല്യമാണെന്നു വരുത്താനുള്ള ഭഗീരഥയത്‌നം ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ നടത്തുന്നുണ്ട്. അത് കാഞ്ഞിരവും ചന്ദനവും ഒന്നാണെന്ന് വാദിക്കുന്നതുപോലുള്ള അസംബന്ധമാണ്. സോളാർ കേസും സ്വർണക്കടത്തുകേസും മുന്നോട്ടുവച്ച്‌ രണ്ടു മുന്നണികളുടെ മുഖ്യമന്ത്രിമാരുടെയും ഓഫീസുകൾ ഒരേ പോലെയാണെന്ന് ചിത്രീകരിക്കുന്നത് കടന്നകൈയാണ്. സോളാർ കേസിന്റെ ഉത്ഭവം, അതിൽ ഉൾപ്പെട്ട സ്‌ത്രീയും ആ സ്‌ത്രീക്ക്‌ അന്നത്തെ മുഖ്യമന്ത്രി നിർദേശിച്ചപ്രകാരം പണം കൈമാറിയ കോൺഗ്രസുകാരനായ ക്വാറി മുതലാളിയും നടത്തിയ വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നെ അന്ന്‌ ആരോപണവിധേയനായിരുന്നു. സോളാർ കേസിൽ മാത്രം ഒതുങ്ങുന്നതല്ല യുഡിഎഫ് ഭരണത്തിലെ അഴിമതിപ്പട്ടിക. പാലാരിവട്ടം പാലം അഴിമതി, ടൈറ്റാനിയം ഇടപാട്, കടകംപള്ളി ഭൂമി തട്ടിപ്പ്, സിവിൽ സപ്ലൈസ് അഴിമതി, പാഠപുസ്തക അച്ചടി അഴിമതി, പ്ലസ് ടു കുംഭകോണം ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി നടത്തിയതാണ് യുഡിഎഫ് ഭരണം. അക്കൂട്ടരെ തിരിച്ചുകൊണ്ടുവരാനും കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഇടംനൽകാനുമുള്ള ദൗത്യമാണ് ഏഷ്യാനെറ്റ് ഉൾപ്പെടെ ചില മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പത്തു മാസത്തിനുശേഷം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി യുഡിഎഫിനും ബിജെപിക്കുംവേണ്ടി തറയൊരുക്കൽ നടത്തുന്നതല്ല നിഷ്‌പക്ഷ മാധ്യമപ്രവർത്തനം. കേരളീയ പൊതുമണ്ഡലത്തിൽ ഇടതുവ്യവഹാരം ശക്തമായി നിലനിൽക്കേണ്ടതും ഭരണത്തിൽ എൽഡിഎഫ് തുടരേണ്ടതും ഇന്ത്യയുടെ തന്നെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവിക്ക് അനിവാര്യമാണ്. ആ രാഷ്ട്രീയംപോലും മറന്നാണ് ചില മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ കുഴലൂത്തുകാരായിരിക്കുന്നത്. നാടിന്റെ നന്മയെക്കരുതി ആത്മപരിശോധന നടത്താൻ ഇൗ മാധ്യമങ്ങൾ തയ്യാറാകണം. മനുഷ്യജീവന്റെ വില വലുതാണ്. അത് മനസ്സിലാക്കി കോവിഡ് വ്യാപനത്തിന്റെ കാലത്ത് സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും അതിനുവേണ്ടി ജനമനസ്സുകളുടെ യോജിപ്പിനുമുള്ള കടമ മാധ്യമങ്ങൾ നിറവേറ്റണം.

*
കോടിയേരി ബാലകൃഷ്ണൻ 

No comments:

Post a Comment