Monday, August 6, 2012

ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി


അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനമായ "ക്യൂരിയോസിറ്റി" തിങ്കളാഴ്ച ചൊവ്വയിലെ ഗെയില്‍ ഗര്‍ത്തത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നോടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയ ദൃശ്യം 14 മിനിറ്റ് കഴിഞ്ഞശേഷം ഭൂമിയിലെത്തി. ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന നിര്‍ണ്ണായകമായ ഗവേഷണമാണ് "ക്യൂരിയോസിറ്റി" നടത്തുക. എട്ടരമാസത്തെ യാത്രയ്ക്കുശേഷമാണ് പേടകം വിജയകരമായി ചൊവ്വയിലെത്തിയത്.

ചൊവ്വയുടെ മുകളിലെത്തുമ്പോള്‍ മണിക്കൂറില്‍ 21,000 കിലോമീറ്ററായിരിക്കും "ക്യൂരിയോസിറ്റി"യുടെ വേഗത. തുടര്‍ന്ന് ശബ്ദാതിവേഗ പാരച്യൂട്ട് ഉപയോഗിച്ച് പേടകത്തിന്റെ വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായി കുറയ്ക്കും. തുടര്‍ന്ന് റോക്കറ്റുകള്‍ ഉപയോഗിച്ച് മണിക്കൂറില്‍ 3.2 കിലോമീറ്ററായി വീണ്ടും കുറച്ചശേഷം "ആകാശ ക്രെയിന്‍" മുഖേന "ക്യൂരിയോസിറ്റി" ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയത്. ഏഴു മിനിറ്റോളമാണ് "ക്യൂരിയോസിറ്റി" താഴെ ഉറപ്പിക്കാന്‍ വേണ്ടിവരികയെന്ന് ബഹിരാകാശ എന്‍ജിനിയര്‍മാര്‍ പറഞ്ഞു. "ആകാശ ക്രെയിന്‍" ഉപയോഗിച്ച് പര്യവേക്ഷണപേടകം ഇറക്കുന്നത് ആദ്യമായിട്ടാണെങ്കിലും ചൊവ്വയുടെ പ്രതലത്തില്‍ പേടകം ഇറക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗമാണ് ഇതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഒരു ടണ്ണോളം ഭാരമുള്ള "ക്യൂരിയോസിറ്റി"ക്ക് ചെറുകാറിന്റെ വലുപ്പമാണത്. പേടകത്തില്‍ പത്ത് പ്രധാന ശാസ്ത്രസാങ്കേതിക ഉപകരണങ്ങളാണ് ഉള്ളത്. ഗെയില്‍ ഗര്‍ത്തത്തില്‍ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ള ഷാര്‍പ് പര്‍വതത്തിലായിരിക്കും പേടകം ഗവേഷണത്തിനായി ആദ്യഘട്ടത്തില്‍ കൂടുതല്‍ സമയം ചെലവിടുക. പര്‍വതത്തില്‍ കളിമണ്ണിന്റെയും സള്‍ഫേറ്റിന്റെയും സാന്നിധ്യമുണ്ടെന്ന കണക്കുകൂട്ടലിലാണിത്.

2011 നവംബറില്‍ ഫ്ളോറിഡയില്‍ നിന്നാണ് പേടകം യാത്ര തിരിച്ചത്. ഇപ്പോള്‍ ചൊവ്വയിലുള്ള മാര്‍സ് ഒഡിസി, മാര്‍സ് റികണിസന്‍സ് ഒര്‍ബിറ്റര്‍ എന്നീ പര്യവേക്ഷണപേടകങ്ങള്‍ ക്യൂരോസിറ്റിയുടെ ഇറക്കം അവിടെ നിന്ന് നിരീക്ഷിക്കും. പേടകം ഇറക്കത്തിന്റെ വിവിധഘട്ടങ്ങള്‍ വിവരിച്ച് നാസ ഇന്റര്‍നെറ്റ് വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. "ഭീകരമായ ഏഴുനിമിഷങ്ങള്‍" എന്നാണ് ഈ വീഡിയോക്ക് "നാസ"യിട്ട പേര്.

deshabhimani

1 comment:

  1. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനമായ "ക്യൂരിയോസിറ്റി" തിങ്കളാഴ്ച ചൊവ്വയിലെ ഗെയില്‍ ഗര്‍ത്തത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നോടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയ ദൃശ്യം 14 മിനിറ്റ് കഴിഞ്ഞശേഷം ഭൂമിയിലെത്തി. ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന നിര്‍ണ്ണായകമായ ഗവേഷണമാണ് "ക്യൂരിയോസിറ്റി" നടത്തുക. എട്ടരമാസത്തെ യാത്രയ്ക്കുശേഷമാണ് പേടകം വിജയകരമായി ചൊവ്വയിലെത്തിയത്

    ReplyDelete