Thursday, May 29, 2014

ഏകജാലകം കൂട്ടക്കുഴപ്പത്തില്‍

തിരു: പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്നാംദിവസവും ആര്‍ക്കും അപേക്ഷിക്കാനായില്ല. എസ്എസ്എല്‍സി ജയിച്ച നാലരലക്ഷം വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസില്‍നിന്ന് മാറുന്ന ഒരുലക്ഷത്തോളം പേരും ഓണ്‍ലൈന്‍ രജിസ്ട്രേഷനായി നാടാകെയുള്ള ഇന്റര്‍നെറ്റ് കഫേകള്‍ക്കുമുന്നില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ചയും ഹയര്‍സെക്കന്‍ഡറി അധികാരികള്‍ ശ്രമിച്ചില്ല. നിലവിലുള്ള സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാണ്.

നിലവില്‍ ഒരേസമയം 1500 പേര്‍ക്കുമാത്രമേ ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൈറ്റ് ഉപയോഗിക്കാനാകൂ. എന്നാല്‍, ഇപ്പോള്‍ മണിക്കൂറില്‍ 6000 മുതല്‍ 7000 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി വെബ്സൈറ്റ് തുറക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം ആര്‍ക്കും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഗ്രാമനഗരഭേദമെന്യേ സൈറ്റ് ലഭിക്കുന്നില്ല. തിരക്കുകുറഞ്ഞാല്‍ ശരിയാകും ഇനിയും സമയമുണ്ടല്ലോ എന്നു മാത്രമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കുന്ന മറുപടി. ജൂണ്‍ 12വരെ അപേക്ഷിക്കാമെങ്കിലും ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പ്രോസ്പെക്ട്സ്പോലും നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. സ്കൂളുകളില്‍ പ്രോസ്പെക്ടസ് ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും അച്ചടി തുടങ്ങിയിട്ടേയുള്ളൂ.

ശാരീരികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയ്ക്കുമുമ്പ് നടത്തേണ്ടുന്ന കൗണ്‍സലിങ്ങും ഇതുവരെ നടത്തിയിട്ടില്ല. പ്രാക്ടിക്കല്‍ ഉള്ള സയന്‍സ് വിഷയങ്ങളില്‍ ഇവര്‍ക്ക് അപേക്ഷിക്കണമെങ്കില്‍ അധ്യാപകരും ഡോക്ടറും അടങ്ങുന്ന സംഘം കൗണ്‍സലിങ് നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചേ അപേക്ഷിക്കാനാകൂ. കൗണ്‍സലിങ് ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഐടി വികസനത്തിന്റെപേരില്‍ സര്‍ക്കാര്‍ മേനി നടിക്കുന്ന തലസ്ഥാന നഗരത്തില്‍പോലും ബുധനാഴ്ച ആര്‍ക്കും അപേക്ഷിക്കാനായില്ല. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ട ഹെല്‍പ്പ് ലൈന്‍ സെന്ററുകളില്‍പോലും വെബ്സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്ത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഐസിടി സെല്‍ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. സെല്ലില്‍ ലാന്‍ഡ്ലൈനിലും അധികാരികളുടെ മൊബൈലിലും വിളിച്ചാല്‍ കിട്ടില്ല. മേലുദ്യോഗസ്ഥരോട് ചോദിച്ചാല്‍ "ട്രാഫിക് ബ്ലോക്കില്‍പെട്ടാല്‍ ബ്ലോക്ക് മാറാതെ പോകാനാകുമോ" എന്ന മറുപടിയാണ് ലഭിക്കുന്നത്.

deshabhimani

1 comment: