Saturday, May 24, 2014

മാധ്യമങ്ങള്‍ സ്വയം വികൃതമാകുന്നു: വി എസ്

തൃശൂര്‍: ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെ ആഘോഷങ്ങള്‍ക്കിടെ സ്വയം മുഖം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആഗോള-ദേശീയ-സംസ്ഥാന സാഹചര്യങ്ങളിലെ മാധ്യമസംവിധാനം മുതലാളിത്ത-കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ്. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുന്നുവോ" എന്ന സെമിനാറിനയച്ച ഉദ്ഘാടന പ്രസംഗത്തിലാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പ്രധാനപ്പെട്ട നാല്‍പ്പതോളം പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും ടാറ്റയും ബിര്‍ളയും ബെന്നറ്റ് കോള്‍മാനും അടക്കമുള്ള നാലഞ്ച് കുത്തകകളുടെ ഉടമസ്ഥതയിലാണ്. കേരളത്തിലും പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത ഇത്തരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. സാമൂഹ്യജീവിതത്തിലെ കാലുഷ്യങ്ങളെ കണ്ടറിയാനും അവ ഇല്ലാതാക്കി ജീവിതം ചിട്ടപ്പെടുത്താനും പുതുക്കിപ്പണിയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ ഇന്ന് പണം നല്‍കിയുള്ള വാര്‍ത്തയുടെയും പ്രൈവറ്റ് ട്രീറ്റി ജേണലിസത്തിന്റെയും പേരില്‍ അധിക്ഷേപം ഏറ്റുവാങ്ങുന്നു. തലസ്ഥാനത്ത് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ട 54 പത്രപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായിട്ടും ഒരു പൈസപോലും തിരിച്ചടച്ചില്ല എന്നായിരുന്നു കുറച്ചുനാള്‍ മുമ്പുവന്ന ഒരു വാര്‍ത്ത. എല്ലാത്തിനെയും വിമര്‍ശിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെ ആരു വിമര്‍ശിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങള്‍ക്ക്, മറ്റു പത്രങ്ങള്‍ക്ക് നല്‍കുന്നതിന്റെ മൂന്നിരട്ടി നിരക്കില്‍ സര്‍ക്കാര്‍ പരസ്യം നല്‍കി എന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വാര്‍ത്ത പറയുന്നത്. മാധ്യമപ്രചാരണം വഴി നരേന്ദ്രമോഡിയെ ഭാരതത്തിന്റെ "രക്ഷകന്‍" എന്നനിലയില്‍ അവതരിപ്പിച്ചത് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നു. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ഹിറ്റ്ലറോട് ഉപമിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്ക് വിധേയനായ മോഡിയെ മാധ്യമങ്ങള്‍ വിനയാന്വിതനും കാരുണ്യവാനും ദുര്‍ബലചിത്തനും പാവങ്ങളുടെ രക്ഷകനുമായി അവതരിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളെയും മാധ്യമപ്രവണതകളെയും വിമര്‍ശനാത്മകമായി കാണുന്ന സമൂഹം യാഥാര്‍ഥ്യമാവുക എന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രധാന ചുവടുവയ്പ്പെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment