Monday, May 19, 2014

രമയ്ക്കും വേണുവിനുമെതിരെ കേസെടുത്തു

വടകര: എല്‍ഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എ എന്‍ ഷംസീര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ആര്‍എംപി നേതാക്കളായ കെ കെ രമ, എന്‍ വേണു എന്നിവര്‍ക്കെതിരെ കോടതി കേസെടുത്തു. ഇരുവര്‍ക്കും സമന്‍സ് അയക്കാനും വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം ഷുഹൈബ് ഉത്തരവിട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചുവെന്നും കേസില്‍ ഗൂഢാലോചന നടത്തിയെന്നും രമയും വേണുവും ഏപ്രില്‍ അഞ്ചിന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തി തെറ്റായ ആരോപണമുന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പുവേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി തന്നെ തേജോവധം ചെയ്യാന്‍ ആസൂത്രിത ആരോപണമാണ് ഇരുവരും നടത്തിയതെന്നുകാണിച്ച് ഷംസീര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ ഉത്തരവായത്. വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനാണ് കള്ള ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പുഫലത്തെ ഇത് സ്വാധീനിക്കാനിടയുണ്ടെന്നും ഷംസീര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആര്‍എംപി നേതാക്കളുടെ ആരോപണത്തെത്തുടര്‍ന്ന് ഷംസീറിന് വോട്ട് ചെയ്തില്ലെന്നും വോട്ട് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റുള്ളവരോട് അഭ്യര്‍ഥിച്ചുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഹര്‍ജി പരിഗണിച്ചപ്പോള്‍ സാക്ഷിയും മണ്ഡലത്തിലെ വോട്ടറുമായ സതീഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വേണുവിന്റെയും രമയുടെയും പ്രസ്താവനക്കുപിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രനും തെറ്റായ ആരോപണത്തെ അനുകൂലിച്ച് രംഗത്തുവന്നു. മുല്ലപ്പള്ളിക്കെതിരെയും കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഷംസീറിനുവണ്ടി അഡ്വ. കെ വിശ്വന്‍, അഡ്വ. എം സിജിത് എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment