Saturday, May 31, 2014

കാത്തലിക് മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു; എസ്സി, എസ്ടി ഫീസ് 8000 രൂപ കൂട്ടി

കാത്തലിക് മാനജ്മെന്റുകളുടെ 12 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു. വര്‍ഷംതോറും കരാര്‍ പുതുക്കുന്ന രീതിക്ക് പകരം മൂന്നുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസില്‍ പ്രതിവര്‍ഷം 8000 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസിനൊപ്പം നല്‍കേണ്ട| ഒരുലക്ഷം രൂപയുടെ നിക്ഷേപം നല്‍കാനാവില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെയാണ് പലിശയിനത്തില്‍ പ്രതിവര്‍ഷം 8000 രൂപ ഫീസിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍ആര്‍ഐ ക്വോട്ട ഒഴികെയുള്ള 85 ശതമാനം സീറ്റുകളിലും 75,000 രൂപ വാര്‍ഷികഫീസും ഒരുലക്ഷം രൂപ തിരികെ നല്‍കേണ്ട നിക്ഷേപവും സ്വീകരിക്കാമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. സര്‍ക്കാര്‍ മെറിറ്റിലുള്ള വിദ്യാര്‍ഥികള്‍ക്കും ഫീസിളവില്ല. 15 ശതമാനം എന്‍ആര്‍ഐ ക്വോട്ടയില്‍ 75,000 രൂപ ഫീസും ഒറ്റത്തവണ 8000 ഡോളറും നല്‍കണം. ഈ തുക തിരികെ നല്‍കില്ല.

കാത്തലിക് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാഫിലിപ്പ് ഞര്‍ലക്കാടും ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഷെരീഫുമാണ് കരാറിലൊപ്പിട്ടത്. എണ്‍പത്തഞ്ച് ശതമാനം സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമീഷണറുടെ ലിസ്റ്റില്‍ നിന്നാകും പ്രവേശനമെന്നും പ്രത്യേക പ്രവേശന പരീക്ഷ നടത്തില്ലെന്നും കാത്തലിക് മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. എന്‍ആര്‍ഐ ക്വോട്ടയിലേക്ക് പ്രവേശനത്തിന് എന്‍ട്രന്‍സ് എഴുതേണ്ടതില്ല. സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 105 കോളേജുകളില്‍ 42,000 രൂപയാണ് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്. നിക്ഷേപത്തുക ഈടാക്കുന്നുമില്ലെന്നിരിക്കെയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ അനാവശ്യ നിര്‍ബന്ധത്തിന് വഴങ്ങി സര്‍ക്കാര്‍ ലക്ഷങ്ങളുടെ അധികബാധ്യതയുണ്ടാക്കിയത്.

deshabhimani

No comments:

Post a Comment