Monday, May 19, 2014

പാലക്കാട്ടെ യുഡിഎഫ് പരാജയം; എംഎല്‍എമാര്‍ക്കെതിരെ തീയും പുകയും

പാലക്കാട്: ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നേതാക്കളിലും അണികളിലും കടുത്ത അമര്‍ഷം. പാലക്കാട് ലോക്സഭാമണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് ഉത്തരം പറയേണ്ടത് എംഎല്‍എമാരായ ഷാഫിപറമ്പിലും കെ അച്യുതനും സി പി മുഹമ്മദുമാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ മണ്ണാര്‍ക്കാട്ടെ പിന്നോട്ടടിയുടെ കാരണക്കാരന്‍ എന്‍ ഷംസുദ്ദീനാണെന്ന് ലീഗുകാര്‍പറയുന്നു. അതിനിടയില്‍ പരാജയത്തെ ചൊല്ലി ലീഗും കോണ്‍ഗ്രസും പരസ്പരം ചളിവാരി എറിയല്‍ തുടരുകയുമാണ്. കടുത്ത മുറുമുറുപ്പാണ് യുഡിഎഫില്‍ ഘടകകക്ഷികളില്‍ ഉയരുന്നത്. വരുംദിവസങ്ങളില്‍ അത് പരസ്യപൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളിയോളമെത്തിയ വിഴുപ്പലക്കല്‍.

ചാമ്പ്യനാവാന്‍ ശ്രമിച്ചു മുട്ടടിച്ചു വീണതുപോലെയായി പാലക്കാട് എംഎല്‍എയുടെ സ്ഥിതിയെന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. മുസ്ലിംലിഗിനെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും പാലക്കാട് നഗരസഭാ ചെയര്‍മാന്‍വരെ എംഎല്‍എ മൂലക്കിരുത്തിയതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. നഗര വികസനത്തിന്റെ പേരില്‍ അശാസ്ത്രിയമായി മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ അടിച്ചേല്‍പിക്കാന്‍ശ്രമിച്ച് വ്യാപാരികളടക്കമുള്ളവരുടെ എതിര്‍പ്പ് ഏറ്റുവാങ്ങി എന്നും അവര്‍ പറയുന്നു. അതിനാല്‍ പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്തം എംഎല്‍എക്ക്മാത്രമാണെന്ന് ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പത്തായിരംവോട്ടെങ്കിലും പാലക്കാട് മണ്ഡലത്തില്‍ ഭൂരിപക്ഷംഉണ്ടാക്കുമെന്നാണ് വീരേന്ദ്രകുമാറിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും എംഎല്‍എ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ രാജേഷിന് 8,169 വോട്ടിന്റെ ലീഡ്. യുഡിഎഫിന് സ്വാധീനമുണ്ടെന്ന് കരുതിയിരുന്ന പാലക്കാട് നഗരസഭാ പരിധിയില്‍ പോലും എല്‍ഡിഎഫിന് 2,690 വോട്ടിന്റെ ലീഡ്. കണ്ണാടിയില്‍ 3,222. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് നേരിയ ഭൂരിപക്ഷം. കോണ്‍ഗ്രസില്‍ താന്‍ തന്നെയാണ് ചാമ്പ്യന്‍ എന്ന് നേതൃത്വത്തെ ധരിപ്പിക്കാനുള്ള അവസരമായി എംഎല്‍എ തെരഞ്ഞെടുപ്പിനെ കണ്ടുവെന്നും മറ്റുള്ളവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നുമാണ് ഗ്രൂപ്പ് ഭേദമന്യേയുള്ള ആരോപണം. എന്നാല്‍ സ്ഥാനാര്‍ഥിയില്‍നിന്ന് പണം വാങ്ങി വീട്ടില്‍ പോയിരുന്നവരുടെ ജല്‍പ്പനങ്ങളായി മാത്രം ഇതിനെ കണ്ടാല്‍മതിയെന്നാണ് എംഎല്‍എയെ പിന്തുണക്കുന്നവര്‍ നല്‍കുന്ന മറുപടി.

ചിറ്റൂരില്‍ കെ അച്യുതന്‍ എംഎല്‍എക്കെതിരെയാണ് കോണ്‍ഗ്രസിലെ അരിശം മുഴുവന്‍. ജനബന്ധമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കിയതുമുതല്‍ ഹൈക്കമാന്‍ഡ് നല്‍കിയ പണം ചെലവഴിച്ചില്ല എന്നുവരെയുള്ള ആരോപണമാണ് ഉയരുന്നത്. ഫ്ളക്സ് ബോര്‍ഡ് പ്രചാരണത്തിന് ഉപയോഗിക്കില്ല എന്ന തീരുമാനത്തിന് പിന്നിലും സാമ്പത്തികനേട്ടമായിരുന്നു ലക്ഷ്യമെന്ന് അച്യുതന്‍വിരുദ്ധര്‍ പറയുന്നു. ചിറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇരുപതിനായിരത്തിലെത്തിക്കുമെന്ന് പറഞ്ഞ എംഎല്‍എ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണെന്ന് അവര്‍ പറയുന്നു. അച്യുതന്റെ താന്‍പ്രമാണിത്വമാണ് ഇവിടെ ബിജുവിന് 6,497 വോട്ടിന്റെ ലീഡ് നേടികൊടുത്തതെന്ന് പറയുന്നതും കോണ്‍ഗ്രസുകാര്‍ തന്നെ. മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീനിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ലീഗില്‍നിന്ന് ഉയരുന്നത്. എംഎല്‍എ നേരിട്ട് ഇടപ്പെട്ട സ്ഥലങ്ങളിലൊക്കെ യുഡിഎഫ് തോറ്റ് തുന്നംപാടി. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും യുഡിഎഫിന് ബാലികേറാമലയായി. ഷംസുദ്ദീന്‍ എം ബി രാജേഷിന്റെ വിജയത്തിനാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിക്കുന്ന ബോര്‍ഡുകള്‍ മണ്ണാര്‍ക്കാട് പ്രത്യക്ഷപ്പെട്ടതിന് പിന്നിലും ലീഗിലെ ചിലരാണെന്ന് പറയപ്പെടുന്നു. ലീഗുകാര്‍ കാണിച്ച അമിതാവേശം യുഡിഎഫിന് വിനയായെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ പണം വാങ്ങി ഒന്നും ചെയ്യാത്തവര്‍ എന്നാണ് ലീഗുകാര്‍ തിരിച്ചു വിളിക്കുന്നത്. മറ്റുമണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടുന്ന ഭൂരിപക്ഷം കുറയ്ക്കാനുള്ള വോട്ടുകള്‍ പട്ടാമ്പിയില്‍നിന്ന് തരുമെന്ന് പറഞ്ഞ സിപി മുഹമ്മദ് എംഎല്‍എ എവിടെപ്പോയി എന്നാണ് കോണ്‍ഗ്രസിലെ ഒരുമുതിര്‍ന്ന നേതാവ് ചോദിച്ചത്. സിപിയുടെ വാചകമടിക്കുള്ള ജനങ്ങളുടെ മറുപടിയാണ് പട്ടാമ്പിയില്‍ രാജേഷ് നേടിയ ആറായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു.

deshabhimani

No comments:

Post a Comment