Friday, May 23, 2014

തമ്പാനൂരില്‍ ആര്‍ക്കും നടക്കേണ്ടേ? പാലം പൊളിച്ച് കരാറുകാരന്‍ മുങ്ങി

പണി തീരാത്ത ബസ് ടെര്‍മിനല്‍. ബസ്വേയില്‍ യാത്രക്കാര്‍ക്ക് എത്തണമെങ്കില്‍ വഴി ചോദിച്ചുപോയാല്‍ മാത്രം പോരാ. ഓരോ ചുവടും സൂക്ഷിച്ചുവച്ചില്ലെങ്കില്‍ കുഴിയില്‍ വീഴുമെന്നുറപ്പ്. ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണപ്രവൃത്തിയും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും തലസ്ഥാനഗരത്തിന്റെ ഹൃദയഭാഗത്തെ മരണക്കയമാക്കി മാറ്റി. നിര്‍മാണം പാതിവഴിയില്‍ ഒച്ചിഴയുംപോലെ മുന്നേറുമ്പോഴാണ് നഗരവികസനത്തിന്റെ പേരില്‍ കെഎസ്യുഡിപി രംഗപ്രവേശം ചെയ്തത്. കണ്ണില്‍കണ്ടതെല്ലാം അവര്‍ പൊളിച്ചടുക്കി. ബാക്കി ഭാഗത്തെല്ലാം കുഴിയുമെടുത്തു. കെഎസ്ആര്‍ടിസി തമ്പാനൂര്‍ ഡിപ്പോക്കും പുതിയ ടെര്‍മിനലിനുമിടയില്‍ ഇങ്ങനെ പോയാല്‍ നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഡിപ്പോയും സ്റ്റാന്‍ഡും കെഎസ്ആര്‍ടിസിയുടേതാണെങ്കിലും ആമയിഴഞ്ചന്‍ തോട് അവരുടേതല്ല. ഡിപ്പോയിലേക്ക് ബസ് വരുന്നഭാഗത്ത് തോടിനു മുകളിലെ പാലത്തിന് കെഎസ്ആര്‍ടിസിക്ക് അവകാശമില്ല. തമ്പനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാനെന്ന പേരില്‍ കെഎസ്യുഡിപി പാലം പൊളിച്ചു. ഇനി പാലം നിര്‍മിക്കാതെ ബസ് ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കാനാകില്ല. പാലം എന്ന് നിര്‍മിക്കുമെന്ന് ഗതാഗത സെക്രട്ടറി വി എന്‍ ഗോപാലമേനോന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. അവര്‍ പറയുന്ന മറുപടി മതി നിലവിലെ ദുഃസ്ഥിതിയുടെ ആഴമറിയാന്‍. "കെഎസ്യുഡിപിയാണ് പാലം നിര്‍മിക്കേണ്ടത്. അവര്‍ കരാര്‍ നല്‍കി. കരാറുകാരനെ പാലം പൊളിക്കാനേ കണ്ടുള്ളൂ. പിന്നെ മുങ്ങി. ഇനി പുതിയ ടെന്‍ഡര്‍ ക്ഷണിക്കണം. അതുവരെ അവിടെ ഒരു പണിയും നടക്കില്ല. പാലം പൂര്‍ത്തിയായാലേ ബസ് ടെര്‍മിനലിനും ബസ് ഷെല്‍ട്ടറിനും ഇടയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നിര്‍മാണം നടക്കൂ".

പുതിയ ടെര്‍മിനല്‍ ഭാഗത്തിനുസരിച്ച് പഴയ ഡിപ്പോഭാഗം ഉയര്‍ത്തണമെങ്കില്‍ മണ്ണിടണം. പാലം നിര്‍മിക്കാതെ മണ്ണിടാനാകില്ല. പാലവും തോടിന്റെ വശങ്ങളും പൊളിച്ചിരിക്കുകയാണ്. കാലവര്‍ഷം ആരംഭിച്ചാല്‍ തോട് കരകവിയും. തമ്പാനൂര്‍ മുഴുവന്‍ മലിനജലപ്രളയമാകും. ഇപ്പോള്‍തന്നെ കാല്‍നടക്കാര്‍ക്ക് നില്‍ക്കാന്‍പോലും സ്ഥലമില്ല. ടെര്‍മിനലിന്റെ മുന്‍ഭാഗം രണ്ടു മീറ്റര്‍ റോഡു ഫണ്ടുകാരുടേതാണ്. അവരാണ് കാല്‍നടക്കാര്‍ക്ക് പാത നിര്‍മിക്കേണ്ടത്. ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കിയാലേ നടപ്പാത നിര്‍മിക്കൂ എന്ന വാശിയിലാണ് റോഡുഫണ്ട് ബോര്‍ഡുകാര്‍. പഴയ ഡിപ്പോ പരിസരത്തെ മൂന്ന് കട പൊളിച്ചുനീക്കാന്‍ ഇനിയും കെഎസ്ആര്‍ടിസിക്ക് ആയിട്ടില്ല. കാലാവധി കഴിഞ്ഞില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍. കോടതിയിലുണ്ടായിരുന്ന സ്റ്റേ നീങ്ങിയെന്നാണ് കെഎസ്ആര്‍ടിസിക്കാര്‍ വ്യാഴാഴ്ച ഗതാഗത സെക്രട്ടറിയോട് പറഞ്ഞത്. എന്നാല്‍, വേഗം തുടര്‍നടപടി സ്വീകരിക്കൂ എന്ന് പറഞ്ഞെങ്കിലും നടക്കില്ലെന്ന ഭാവത്തിലായിരുന്നു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍. തമിഴ്നാട്ടിലേക്ക് പോകുന്ന ബസുകളെല്ലാം ഇപ്പോള്‍ തമ്പാനൂരില്‍ തമ്പടിച്ചിരിക്കുകയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് പോകേണ്ട ബസ് പോലും റോഡരികില്‍ നിര്‍ത്തിയിടുന്നു. അവര്‍ക്ക് ബസ് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. പാലം പൊളിച്ചതോടെ ഡിപ്പോയുടെ ഭാഗത്തേക്ക് തമിഴ്നാട് ബസുകളെ അടുപ്പിക്കുന്നുമില്ല. ഈഭാഗത്ത് തിരക്കുള്ള സമയം കാല്‍നടയാത്രയും അസാധ്യമാണ്.

deshabhimani

No comments:

Post a Comment