Thursday, May 29, 2014

മദ്രസ വിദ്യാഭ്യാസ ഫണ്ട് തിരിമറി അന്വേഷിക്കണം: വിഎസ്

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മദ്രസ വിദ്യാഭ്യാസഫണ്ട് തിരിമറി നടത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനത്തെ അംഗീകൃത മദ്രസകളില്‍ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സ്കീം ഫോര്‍ പ്രൊവൈഡിങ്ങ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ(എസ് പി ക്യു ഇ എം) പദ്ധതിപ്രകാരം ഇതുവരെ അനുവദിച്ച 58 കോടി രൂപയാണ് തിരിമറി നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

2013-14 വര്‍ഷം 36 കോടി കൂടി വിതരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യോഗ്യതയില്ലാത്ത മദ്രസകള്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതായാണ് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതും മുഴുവന്‍സമയ മൂന്ന് അധ്യാപകരും ഓരോ വിഷയത്തിനും പത്ത് കുട്ടികളുമായി മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും , വഖഫ് ബോര്‍ഡ്, മദ്രസ ബോര്‍ഡ്, നിയോസ് എന്നിവയില്‍ രജിസ്ട്രേഷന്‍ ഉള്ളതുമായ മദ്രസകള്‍ക്കു മാത്രമേ ഈ പദ്ധതിപ്രകാരം ഫണ്ട് കൈപ്പറ്റാനാവൂ.

ഈ മാനദണ്ഡങ്ങളുള്ള ഒരു മദ്രസ പോലും സംസ്ഥാനത്തില്ലെന്നാണ് ഇതിനകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലാത്ത മദ്രസകള്‍ക്കാണ് സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 2013-14 വര്‍ഷത്തെ ഫണ്ട് വിതരണം നിര്‍ത്തിവയ്ക്കണമെന്നും ഇതിനകം നടന്നിട്ടുള്ള ഫണ്ടുതിരിമറി സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment