Tuesday, May 27, 2014

യൂറോപ്യന്‍ തെരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് വിജയം

ലണ്ടന്‍: യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏകീകൃത യൂറോപ്പ് വിരുദ്ധ പാര്‍ടികള്‍ക്ക് വമ്പിച്ച വിജയം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പ്പെട്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി നിലകൊള്ളുമെന്ന മുദ്രാവാക്യവുമായി മത്സരിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ബ്രിട്ടനിലെ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിയും (യുകെഐപി) ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ന്യൂനപക്ഷ വംശജര്‍ക്കെതിരെയും ഐക്യയൂറോപ് സങ്കല്‍പ്പത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന യു കെഐപി ബ്രിട്ടന്റെ 100 വര്‍ഷത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായി പ്രധാന ഭരണ പ്രതിപക്ഷ പാര്‍ടികളെ പിറകിലാക്കി വിജയിച്ചു. ഫ്രാന്‍സിലും ഇതു തന്നെയാണ് അവസ്ഥ. ഇയു വിന്റെ സ്ഥാപക രാഷ്ട്രങ്ങളില്‍ ഒന്നായ ഫ്രാന്‍സില്‍ നിന്നുതന്നെ ഐക്യയൂറോപ്പിനെതിരെയുള്ള വിധിയെഴുത്തുണ്ടായത് യൂറോപ്യന്‍ യൂണിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തിനെതിരെയും തൊഴിലാളി വിരുദ്ധ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്തുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. യൂറോപ്പിലാകമാനം സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ അത് മുതലാക്കുവാന്‍ പ്രധാന പ്രതിപക്ഷ പാര്‍ടികള്‍ക്കായില്ല. അതിന്റെ നേട്ടമുണ്ടാക്കിയത് തീവ്രവലതുപക്ഷ പാര്‍ടികളാണ്. പക്ഷെ ജര്‍മനിയിലെ ആഞ്ജെല മൈക്കലിന്റെ പാര്‍ടിയും പോര്‍ച്ചുഗലിലെ സോഷ്യലിസ്റ്റ് പാര്‍ടിയും ഈ തരംഗത്തിനെതിരെ പിടിച്ചുനിന്നു.

1952ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് നിലവില്‍ 28 അംഗ രാജ്യങ്ങളുമായി ശക്തമായ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി വളരുന്ന യൂറോപ്യന്‍ യൂണിയന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പു ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

തോമസ് പുത്തിരി deshabhimani

No comments:

Post a Comment