Monday, May 19, 2014

ബസ്ചാര്‍ജ് വര്‍ധന ഇന്നു രാത്രിമുതല്‍

തിരു: നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ദുരിത സമ്മാനമായി ബസ് യാത്രാ നിരക്ക് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. മിനിമം ചാര്‍ജ് ഒറ്റയടിക്ക് ഒരു രൂപ വര്‍ധിപ്പിച്ച് ഏഴുരൂപയാക്കിയ തിരുമാനം സാധാരണക്കാരന്റെ നടുവൊടിക്കും.

ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ദീര്‍ഘദൂര ബസുകളുടെ മിനിമം ചാര്‍ജ് 10 രൂപയാക്കിയത് അയല്‍സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുകയും പഠിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ കീശ കാലിയാക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് പഠിച്ച് മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുള്ള മൂന്നാമത്തെ വര്‍ധനയാണിത്.

2011 ആഗസ്തില്‍ മിനിമം ചാര്‍ജ് 5 രൂപയാക്കിയും 2012 സെപ്തംബറില്‍ മിനിമം ആറ് രൂപയാക്കിയും വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ നിരക്കും കൂട്ടിയിട്ടുണ്ട്. ഓര്‍ഡിനറി, സിറ്റി സര്‍വീസുകളുടെ നിരക്ക് 58 പൈസയില്‍നിന്നും 64 പൈസയാക്കി. സിറ്റി ഫാസ്റ്റ് നിരക്ക് 62 പൈസയില്‍നിന്ന് 68 ആക്കി. ഫാസ്റ്റ് പാസഞ്ചറിന്റെ കിലോമീറ്റര്‍ നിരക്കും 68 പൈസയാക്കിയിട്ടുണ്ട്. സൂപ്പര്‍ ഫാസ്റ്റുകളുടെ മിനിമം നിരക്ക് 12 രൂപയില്‍നിന്നും 13 രൂപയും കിലോമീറ്റര്‍ നിരക്ക് 65 പൈസയില്‍നിന്നും 75 പൈസയുമായാണ് വര്‍ധിപ്പിച്ചത്. സൂപ്പര്‍ എക്സ്പ്രസിന്റെ മിനിമം നിരക്ക് മൂന്നുരൂപ കൂട്ടി 20 രൂപയാക്കി. സൂപ്പര്‍ ഡീലക്സ്, സെമി സ്ലീപ്പര്‍ എന്നിവയുടെ മിനിമം നിരക്ക് 25 രൂപയില്‍നിന്ന് 27 രൂപയാക്കി. ലക്ഷ്വറി ഹൈടെക് ബസുകളുടെ മിനിമം നിരക്ക് 40 രൂപയാണ്. 5 രൂപയുടെ വര്‍ധന. കിലോമീറ്റര്‍ നിരക്കില്‍ 10 പൈസയും വര്‍ധിപ്പിച്ചു. വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35 രൂപയില്‍നിന്നും 40ഉം കിലോമീറ്റര്‍ നിരക്ക് 1.20 രൂപയില്‍നിന്നും 1.30ഉം രൂപയാക്കി വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്സിലറി ബസുകളുടെ മിനിമം നിരക്ക് 70 രൂപയായിരിക്കും. ഇവയുടെ കിലോമീറ്റര്‍ നിരക്ക് 1.91 രൂപയായും നിശ്ചയിച്ചു. ഈ ബസുകള്‍ കേരളത്തില്‍ നിരത്തിലിറങ്ങാനിരിക്കുന്നതേയുള്ളൂ.

അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ ബസ് ചാര്‍ജുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും സര്‍വീസ് നടത്തിപ്പിലെ ചെലവില്‍ വലിയ വ്യത്യാസമില്ല. തമിഴ്നാട്ടില്‍ നാലു കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്നുരൂപയാണ് കൂലി. 20 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ടുരൂപയും. കേരളത്തില്‍ 20 കിലോമീറ്റര്‍ ദൂരത്തിന് ഇനി 17 രൂപ നല്‍കണം. വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നിത്യോപയോഗസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ബസ്ചാര്‍ജ് വര്‍ധന ഇരുട്ടടിയാകും.

deshabhimani

No comments:

Post a Comment