Wednesday, May 21, 2014

ബിജെപി കുറഞ്ഞ വോട്ടുള്ള ആദ്യ ഒറ്റക്കക്ഷി

ഏറ്റവും കുറഞ്ഞ വോട്ടുവിഹിതത്തില്‍ ലോക്സഭയില്‍ കേവലഭൂരിപക്ഷം നേടിയ ആദ്യപാര്‍ടിയാണ് ബിജെപി. രാജ്യത്തെ മൂന്നില്‍ ഒരാളുടെ പിന്തുണപോലും ബിജെപിക്കില്ല-31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പക്ഷേ, 282 സീറ്റ് കിട്ടി. ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത് 19.3 ശതമാനം വോട്ടാണ്-സീറ്റ് 44. ബിജെപിയും കോണ്‍ഗ്രസും കൂടി പിടിച്ചത് 50.3 ശതമാനം വോട്ട്. 49.7 ശതമാനം വോട്ടര്‍മാര്‍ കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികള്‍ക്കാണ് പിന്തുണ നല്‍കിയത്. പക്ഷേ, തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിച്ചില്ല. വോട്ടുകള്‍ വിവിധ പാര്‍ടികള്‍ക്കായി ഭിന്നിച്ചുപോയതാണ് കാരണം.

1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 371 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടുവിഹിതം 47.8 ശതമാനമായിരുന്നു. 1962ല്‍ ഇത് യഥാക്രമം 494ഉം 44.7ഉം ആയി. 1967ല്‍ കോണ്‍ഗ്രസിന് സീറ്റ് 283 ആയി കുറഞ്ഞപ്പോഴും 40.8 ശതമാനം വോട്ട് ലഭിച്ചു. 1971ല്‍ കോണ്‍ഗ്രസിന് 352 സീറ്റും 43.7 ശതമാനം വോട്ടും ലഭിച്ചു. 1977ല്‍ ജനതപാര്‍ടിക്ക് 295 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടുശതമാനം 41.3 ആയിരുന്നു. 80ല്‍ കോണ്‍ഗ്രസിന് 353 സീറ്റും 42.7 ശതമാനം വോട്ടും ലഭിച്ചു. 1984ല്‍ കോണ്‍ഗ്രസിന് 414 സീറ്റ് കിട്ടിയപ്പോള്‍ വോട്ടുവിഹിതം 48.1 ശതമാനമായി ഉയര്‍ന്നു. 1989 മുതല്‍ 2009 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരുകക്ഷിക്കും തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചില്ല. ഇത്തവണ എന്‍ഡിഎയ്ക്ക് മൊത്തത്തില്‍ ലഭിച്ചത് 38.5 ശതമാനം വോട്ടാണ്.

1991ലെ നരസിംഹറാവുവിന്റെ സര്‍ക്കാരിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും ജനപിന്തുണ കുറഞ്ഞ മന്ത്രിസഭയാണ് വരാന്‍ പോകുന്നത്. 1991ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 38.2 ശതമാനം വോട്ടാണ്. 1989ലെ ദേശീയമുന്നണി സര്‍ക്കാരില്‍ പങ്കാളികളായ കക്ഷികള്‍ക്ക് 23.8 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷത്തിന് 10.2 ശതമാനം വോട്ടും ബിജെപിക്ക് 11.4 ശതമാനം വോട്ടും കിട്ടിയിരുന്നു. 2004ല്‍ യുപിഎയ്ക്ക് 36 ശതമാനം വോട്ടിന്റെയും പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷം ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് 11.2 ശതമാനം വോട്ടിന്റെയും പിന്‍ബലം ഉണ്ടായിരുന്നു. 2009ല്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാരിന് വ്യത്യസ്ത കാലങ്ങളില്‍ വിവിധ കക്ഷികളുടെ പിന്തുണയാണ് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ ഗണ്യമായ ഇടിവ്

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ പത്തുകോടിയോളം വര്‍ധന വന്നിട്ടും അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളുടെ എണ്ണം ഒന്നരക്കോടിയോളം കുറഞ്ഞു. ആകെയുള്ള വോട്ടുവിഹിതത്തിലും പത്തുശതമാനം ഇടിഞ്ഞു. മത്സരിച്ച 179 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ആംആദ്മി പാര്‍ടിയും ബിഎസ്പിയും കഴിഞ്ഞാല്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായത് കോണ്‍ഗ്രസിനാണ്. ആദ്യമായാണ് കോണ്‍ഗ്രസിന് ഈ ദുര്‍ഗതി.

2009ലെ തെരഞ്ഞെടുപ്പില്‍ 28.55 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നശേഷം ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വോട്ടുവിഹിതം 19.6 ശതമാനമായി ഇടിഞ്ഞു. 2009ല്‍ 11,91,11019 വോട്ടുകളാണ് രാജ്യത്താകെ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍, 2014 ല്‍ ഇത് 10,48,29215 ആയി കുറഞ്ഞു. വോട്ടര്‍മാരുടെ എണ്ണത്തില്‍ പത്തുകോടിയോളം വര്‍ധന വന്നപ്പോഴാണ് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ ഇത്ര ഗണ്യമായ ഇടിവെന്നത് ശ്രദ്ധേയമാണ്. ഇക്കുറി പോളിങ് ശതമാനത്തില്‍ ഏഴ് ശതമാനത്തോളം വര്‍ധന വന്നതിനാല്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും വലിയ വര്‍ധന വന്നു. ഇതൊക്കെയായിട്ടും കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വലിയ ചോര്‍ച്ച സംഭവിച്ചുവെന്നതാണ് യാഥാര്‍ഥ്യം. 179 മണ്ഡലങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായതും കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു.

കഴിഞ്ഞതവണ ഏറ്റവുമധികം കോണ്‍ഗ്രസ് എംപിമാരെ ജയിപ്പിച്ച ആന്ധ്രപ്രദേശിലെ സീമാന്ധ്ര മേഖലയില്‍ ദയനീയ തകര്‍ച്ചയാണ് കോണ്‍ഗ്രസിന് സംഭവിച്ചത്. ആകെയുള്ള 25 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. തെലങ്കാനയില്‍ രണ്ട് സീറ്റിലും. തമിഴ്നാട്ടില്‍ മത്സരിച്ച 39 മണ്ഡലത്തില്‍ 38ലും കെട്ടിവച്ച കാശ് നഷ്ടമായി. ബംഗാളില്‍ നാല് ലോക്സഭാ സീറ്റ് നേടിയെങ്കിലും മത്സരിച്ച 42 സീറ്റില്‍ 35 ഇടത്തും കെട്ടിവച്ച കാശ് പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 എംപിമാരെ ലഭിച്ച ഉത്തര്‍പ്രദേശില്‍ 77 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 59 മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശിനുള്ള വോട്ട് ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കെട്ടിവച്ച കാശ് പോയി. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹരിയാനയില്‍ മൂന്നിടത്താണ് കെട്ടിവച്ച കാശ് നഷ്ടമായത്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് മണ്ഡലത്തില്‍ നാലിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് ലഭിച്ചില്ല. ഒഡിഷ- രണ്ട്, പഞ്ചാബ്- ഒന്ന്, ബിഹാര്‍- രണ്ട്, ജാര്‍ഖണ്ഡ്- മൂന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായ മണ്ഡലങ്ങള്‍. ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം രണ്ടക്കം കടന്നില്ലെന്നതും ശ്രദ്ധേയം. ഒമ്പത് എംപിമാരെ ജയിപ്പിച്ചുവിട്ട കര്‍ണാടകത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഹിമാചല്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഒരു സീറ്റുപോലുമില്ലാത്ത ദയനീയസ്ഥിതിയാണ്.

എം പ്രശാന്ത് ദേശാഭിമാനി

No comments:

Post a Comment