Thursday, May 29, 2014

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി റദ്ദാക്കി

ചെന്നൈ/പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്‍കിയ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതിപ്രദേശത്തെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും നിര്‍ത്താന്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിനോട് ട്രിബൂണല്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി വാങ്ങിയത്. ഒരുവര്‍ഷത്തോളം നടന്ന വാദത്തിനൊടുവില്‍ ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധ സമിതിയംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ട്രിബ്യൂണലിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. വിമാനത്താവളത്തിനുവേണ്ടി വഴിവിട്ട് നീങ്ങിയ സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണലിന്റെ ഉത്തരവ് കനത്ത ആഘാതമായി.

പാരിസ്ഥിതികാഘാതം പഠിച്ച എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള അംഗീകാരം ഇല്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും തള്ളി. സിപിഐ എമ്മും സിപിഐയും ആറന്മുള പൈതൃകഗ്രാമ സംരക്ഷണ സമിതിയുമാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.

2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍ഒസിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത്. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ പരിസ്ഥിതിയെ അത് ആഴത്തില്‍ ബാധിക്കുമെന്നും ഇത് മാരകമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കെജിഎസ് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പദ്ധതിപ്രദേശത്തെ നെല്‍പ്പാടത്തെക്കുറിച്ചോ കുന്നുകളെക്കുറിച്ചോ അവര്‍ സൂചിപ്പിക്കുകപോലും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടിയത് മാനദണ്ഡം ലംഘിച്ചാണ്. 30 ദിവസത്തെ നോട്ടീസ് നല്‍കി രണ്ട് ദിനപത്രങ്ങളില്‍ പരസ്യം ചെയ്തു വേണം അഭിപ്രായം തേടാന്‍. രണ്ടുതവണ മാറ്റിയ അഭിപ്രായംതേടല്‍ 2004 മെയ് 15നാണ് നടന്നത്. പദ്ധതിപ്രദേശത്തിന് ഏറ്റവും അടുത്തായിരിക്കണം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടിയിരുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം തേടിയത് കലക്ടറേറ്റില്‍ നോട്ടീസ് പതിച്ച് അവിടെത്തന്നെയായിരുന്നു. വിമാനത്താവളത്തിന് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണ്. ആക്ഷേപങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന അന്തിമ റിപ്പോര്‍ട്ട് വിദഗ്ധസമിതി സമര്‍പ്പിച്ചില്ല. പദ്ധതിനിര്‍മാണത്തിന് ട്രിബ്യൂണല്‍ കഴിഞ്ഞവര്‍ഷം സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കെജിഎസ് ഗ്രൂപ്പിന് നല്‍കിയ 500 ഏക്കര്‍ ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാമെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും സ്റ്റേ ചെയ്തിരുന്നു. പദ്ധതിപ്രദേശത്തിന്റെ 80 ശതമാനവും നെല്‍പ്പാടമാണെന്നും ഇത് മണ്ണിട്ട് നികത്തുന്നതോടെ പ്രദേശത്തെ ഭക്ഷ്യശൃംഖലയടക്കം തകരുമെന്നും 2013 മാര്‍ച്ചില്‍ ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്.

രണ്ടായിരം കോടിയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. കെജിഎസ് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ കെജിഎസ് ഡെവലപ്പേഴ്സ് റിലയന്‍സ് അംബാനി ഗ്രൂപ്പിന് 15 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ്. ഇതിനാലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിക്കുവേണ്ടി ശക്തമായി നിലകൊണ്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ കെ റോയിസണ്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിക്കുവേണ്ടി കുമ്മനം രാജശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീരംഗനാഥ് എന്നിവരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകരായ അശോക് ചെറിയാന്‍, രഞ്ജിത് തമ്പാന്‍, ജേക്കബ് പി അലക്സ്, കൃഷ്ണരാജ്, ഹരീഷ് വാസുദേവ് എന്നിവര്‍ ഹാജരായി.

വിമാനത്താവള വിരുദ്ധ ഏകോപന സമിതി 107 ദിവസമായി ആറന്മുളയില്‍ നടത്തിവന്ന സത്യഗ്രഹം ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഭാവി പരിപാടി അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനിക്കും.

പുറത്തായത് കടുത്ത നിയമലംഘനം

പത്തനംതിട്ട: വിമാനത്താവള പദ്ധതിയുടെ മറവില്‍ ആറന്മുളയില്‍ അരങ്ങേറിയത് കടുത്ത നിയമലംഘനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തതെല്ലാം വഴിവിട്ട നടപടികള്‍. ഇതിനെല്ലാം പ്രചോദനമായത് പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലം. ഹരിത ട്രിബ്യൂണലിന്റെ വിധിയിലൂടെ ഇക്കാര്യങ്ങളാണ് പുറത്ത്വന്നത്. 2014 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുമെന്ന് കെജിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് വഴിവിട്ട അനുമതികളുടെ പിന്‍ബലത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി കൂടി എടുത്തതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.

കൊച്ചി ആസ്ഥാനമായ സതേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ഗരുഡയുടെ ഫ്ളൈയിങ് സോണില്‍ വരുന്ന പ്രദേശമാണ് ആറന്മുള. ആ സാഹചര്യത്തില്‍ വിമാനത്താവളത്തിന് അനുമതി നല്‍കാനാവില്ലെന്ന് 2011 ആഗസ്ത് നാലിന് അന്നത്തെ വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പ്രഖ്യാപിച്ചതുമാണ്. ഈ പാത പിന്തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമെല്ലാം അനുമതി നിഷേധിച്ചത്. ആ നിരോധനങ്ങളെയെല്ലാം കെജിഎസ് ഗ്രൂപ്പ് മറികടന്നത് അത്ഭുതകരമായ വേഗത്തിലാണ്. 5000 കോടിയുടെ ആസ്തി തങ്ങള്‍ക്കുണ്ടെന്നാണ് കെ കുമരന്‍, ജിജി ജോര്‍ജ്, പി ഷണ്‍മുഖം എന്നിവര്‍ ഉടമകളായ കെജിഎസ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ 15 ശതമാനം റിലയന്‍സിന്റേതാണെന്നും അവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

റോബര്‍ട് വധേരയ്ക്ക് വിമാനത്താവളകമ്പനിയുമായി ബന്ധമുണ്ടെന്നും ഇക്കാരണത്താല്‍ സോണിയാഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന രൂപത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറന്മുള എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ എന്നിവര്‍ വിമാനത്താവളത്തിനുവേണ്ടി ചാവേറുകളെ പോലെ നിലകൊണ്ടത്. ഇതിനിടയിലാണ് വിമാനത്താവള ഭൂമിയില്‍ 232 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു കണ്ടെത്തിയത്. ആദ്യ ഉടമയായ ഏബ്രഹാം കലമണ്ണിന്റെ കൈയില്‍നിന്ന് 263.72 ഏക്കറാണ് കെജിഎസ് വിലയ്ക്കുവാങ്ങിയത്. എന്നാല്‍, മിച്ചഭൂമി കണ്ടെത്തിയതോടെ കെജിഎസിന്റെ കൈയില്‍ അവശേഷിച്ചത് 31.7 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു. ഇതോടെ നിയമങ്ങള്‍ ലംഘിച്ച് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു.

ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിയമം ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതു സംബന്ധിച്ച് കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2013 മാര്‍ച്ച് 10ന് ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതോടെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ ശക്തമായി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കലക്ടറുമായിരുന്ന അബ്ദുള്‍ സമദിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പിന്നാലെ കലക്ടറെയും സ്ഥലംമാറ്റി. നിയമവിരുദ്ധ നടപടികള്‍ സാധൂകരിക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ശ്രമിച്ചു. വിവിധഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് വിമാനത്താവളകമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിക്ക് ട്രിബൂണല്‍ ഉത്തരവ് കനത്ത തിരിച്ചടിയായി.

സണ്ണി മാര്‍ക്കോസ് deshabhimani

No comments:

Post a Comment