Tuesday, May 27, 2014

സ്ത്രീസുരക്ഷയ്ക്ക് സാമൂഹ്യമുന്നേറ്റം അനിവാര്യം: ജഗ്മതി സഗ്വാന്‍

കോട്ടയം: സാമൂഹ്യ പരിഷ്കരണത്തിലൂടെ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂ എന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സഗ്വാന്‍ (ഹരിയാന) അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സ്ത്രീ സുരക്ഷയില്‍ വ്യത്യസ്തമായിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഭ"സ്ത്രീ സുരക്ഷ, സാമൂഹ്യ ഇടപെടലിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് സ്ത്രീകളെ തന്നെ കുറ്റം പറയുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ത്യയില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇനിയും ലോക്സഭ പാസാക്കാത്ത വനിതാ സംവരണ ബില്‍ നിയമമാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് സഗ്വാന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക അസന്തുലിതാവസ്ഥയും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും സഗ്വാന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് പുരുഷന്‍മാരെയാണ് പഠിപ്പിക്കേണ്ടത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകയായ കെ കെ ഷാഹിന പറഞ്ഞു. കേരളത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി വര്‍ധിച്ചുവരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് സെമിനാറില്‍ പങ്കെടുത്ത അഡ്വ. ടി ഗീനാകുമാരി അഭിപ്രായപ്പെട്ടു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ സെമിനാറില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അജയന്‍ കെ മേനോന്‍ സ്വാഗതവും യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കല്‍ നന്ദിയും പറഞ്ഞു.

തൊഴിലാളികളും സംഘടനകളും ജാഗരൂകരാവുക: എളമരംകരീം

കോട്ടയം: കോട്ടയം: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തൊഴിലാളികളും തൊഴിലാളി സംഘടനകളും സന്നദ്ധമാകണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. മാമ്മന്‍ മാപ്പിള ഹാളില്‍ കേരള എന്‍ജിഒ യൂണിയന്‍ 51ാം സംസ്ഥാന സമ്മേളന വേദിയില്‍ "പുതിയ സാഹചര്യത്തിലെ കടമകള്‍" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്ട്രങ്ങളുടെ പരമാധികാരത്തെ തന്നെ ആഗോളവല്‍ക്കരണം നിഷേധിക്കുന്നു. ആഗോള മൂലധന താല്‍പര്യം സംരക്ഷിക്കുന്നവരായി ഭഭരണകൂടങ്ങള്‍ മാറി. ഇന്ത്യയിലെ ഭഭരണ, രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും അന്താരാഷ്ട്ര ധനമൂലധനത്തിന് കീഴടങ്ങി. ഇന്ത്യയിലെ ഭഭരണ സിരാകേന്ദ്രങ്ങളിലെ നിര്‍ണ്ണായക സ്ഥാനങ്ങളെല്ലാം ഐഎംഎഫ്, ലോക ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെല്ലാം പിരിഞ്ഞുവന്ന ഉദ്യോഗസ്ഥരാണ് കയ്യടക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയ ഇന്ത്യയിലെ ഭരണ, രാഷ്ട്രീയ നേതൃത്വത്തിനെതിരെ അതിശക്തമായ ജനവികാരമുണര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്നും വ്യത്യസ്തമല്ലാത്ത ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമമാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തിയത്. അതു കൊണ്ടു തന്നെ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ മോഡി സര്‍ക്കാരിനാകില്ല. ഈ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഉദാരവല്‍ക്കരണ നയങ്ങള്‍ സ്വീകരിക്കുകയും സ്വാഭാവികമായും ഇത്തരം നയങ്ങളെ ചെറുക്കാന്‍ തയ്യാറാകുന്ന തൊഴിലാളി സംഘടനകള്‍ക്കെതിരെ കടുത്ത കടന്നാക്രമണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴില്‍ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ തൊഴിലുടമകള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അതിശക്തമായ പ്രചാരണ, പ്രക്ഷോഭഭ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ അധ്യക്ഷനായി. കെ സുന്ദര്‍രാജ് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment