Tuesday, May 20, 2014

രാഹുല്‍ ബ്രിഗേഡ് തകര്‍ന്നടിഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ബ്രിഗേഡ് എന്ന ലേബലില്‍ രംഗത്തിറക്കിയവര്‍ക്കേറ്റത് കനത്തതിരിച്ചടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായികളായി അറിയപ്പെടുന്നവരും പല സംസ്ഥാനങ്ങളില്‍ രാഹുല്‍ മുന്‍കൈയെടുത്ത് സ്ഥാനാര്‍ഥികളാക്കിയവരും വന്‍പരാജയം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേക്കാള്‍ രാഹുല്‍ ബ്രിഗേഡിനോടും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളോടുമാണ് കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ മുറുമുറുപ്പ് ഉയരുന്നത്. കേന്ദ്രമന്ത്രിമാരില്‍ രാഹുലിന്റെ വിശ്വസ്തരായ സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദിയോറ, ആര്‍ പി എന്‍ സിങ്, ജിതിന്‍പ്രസാദ്, ജിതേന്ദ്രസിങ്, പള്ളം രാജു എന്നിവര്‍ തോറ്റു. സംഘടനയില്‍ രാഹുലിന്റെ വലംകൈയായി അറിയപ്പെടുന്ന മീനാക്ഷി നടരാജന്‍ മധ്യപ്രദേശിലെ മണ്ഡ്സൗറില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഹരിയാനയില്‍ രാഹുലിന്റെ വിശ്വസ്തനായ നവീന്‍ ജിണ്ടാലും പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും രാഹുല്‍ ബ്രിഗേഡ് എന്ന വിശേഷണത്തോടെ മത്സരരംഗത്തിറങ്ങിയവര്‍ തോറ്റു. കേരളത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും കാസര്‍കോട്ട് ടി സിദ്ദിഖും പരാജയപ്പെട്ടപ്പോള്‍ മഹാരാഷ്ട്രയില്‍ പ്രതീക് പാട്ടീലിനും വിശ്വജിത് കദമിനും കനത്ത തിരിച്ചടി കിട്ടി.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് സതവ് മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തില്‍ 1632 വോട്ടിന്് കഷ്ടിച്ച് കടന്നുകൂടി. പുനെ മണ്ഡലത്തില്‍ സുരേഷ് കല്‍മാഡിയെ മാറ്റിനിര്‍ത്തിയാണ് രാഹുല്‍ തന്റെ വിശ്വസ്തനായ വിശ്വജിത് കദമിനെ സ്ഥാനാര്‍ഥിയാക്കിയത്. മഹാരാഷ്ട്രയിലെ ഭാവിനേതാക്കളായി രാഹുല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് പ്രതീക് പാട്ടീലും വിശ്വജിത് കദമും. കോര്‍പറേറ്റ്കാര്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് അജ്മീരില്‍ ബിജെപിയുടെ സന്‍വര്‍ലാല്‍ ജാട്ടിനോട് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടിനാണ് തോറ്റത്. പ്രതിരോധസഹമന്ത്രി ജിതേന്ദ്രസിങ് രാജസ്ഥാനിലെ അല്‍വാറില്‍ തോറ്റത് 2,83,895 വോട്ടിനാണ്. ലോക്സഭയിലെ രാഹുല്‍ ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന ജ്യോതി മിര്‍ധ നഗൗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സി ആര്‍ ചൗധരിയോട് മുക്കാല്‍ ലക്ഷം വോട്ടിന് തോറ്റു. മീനാക്ഷി നടരാജന്‍ ബിജെപിയുടെ സുധീര്‍ഗുപ്തയോട് മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് തോറ്റത്.

deshabhimani

No comments:

Post a Comment