Tuesday, May 27, 2014

ഒഡീഷയിലും ആന്ധ്രയിലും പോരാട്ടഭൂമികളില്‍ സിപിഐ എം വിജയം

ഭുവനേശ്വര്‍: ഒഡീഷയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടഭൂമികളില്‍ സിപിഐ എമ്മിന് അഭിമാനകരമായ വിജയം. രണ്ടിടത്തും കാര്യമായ സഖ്യകക്ഷികളില്ലാതെ മത്സരിച്ച പാര്‍ട്ടിക്ക് ഗിരിവര്‍ഗ സംവരണ മണ്ഡലങ്ങളിലാണ് വിജയം നേടാനായത്.

ഒഡീഷയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇതില്‍ ബോനായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ലക്ഷ്മണ്‍ മുണ്ട വിജയിച്ചത്. പോസ്കോ കമ്പനിക്ക് ഖനത്തിനും ഉരുക്ക് നിര്‍മ്മാണശാല ആരംഭിക്കാനുമായി മൂവായിരം ഹെക്ടര്‍ വനഭൂമി നല്‍കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രദേശമാണിത്. സമര നേതാവ് കൂടിയായ മുണ്ട മുന്‍ എംഎല്‍എ കൂടിയാണ്്. ബിജു ജനതാദളിലെ ദയാനിധി കിസാനെ 1818 വോട്ടിനാണ് മുണ്ട പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്താണ്.

ആകെ 12 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. ലക്ഷ്മണ്‍ മുണ്ട 2004ലും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ഗിരിവര്‍ഗമേഖലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തിയിട്ടുള്ള മുണ്ട മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ നിരാഹാരം ശ്രദ്ധേയമായിരുന്നു.

ആന്ധ്രയില്‍ ഗിരിവര്‍ഗ സംവരണ മണ്ഡലമായ ഭദ്രാചലത്തിലാണ് സിപിഐ എം വിജയിച്ചത്. തെലങ്കാനയില്‍ ഉള്‍പ്പെട്ട ഇവിടം സീമാന്ധ്രയില്‍ ചേര്‍ക്കണമെന്ന ആവശ്യം തര്‍ക്കമായി നില്‍ക്കുകയാണ്. സമരങ്ങളുടെ നേതൃനിരയില്‍ നിന്നുതന്നെയാണ്് സിപിഐഎം സ്ഥാനാര്‍ത്ഥി സുന്നം രാജയ്യ ഇവിടെ വിജയിച്ചത്. തെലുഗുദേശം സ്ഥാനാര്‍ത്ഥിയെ 1815 വോട്ടിനാണ് രാജയ്യ തോല്‍പ്പിച്ചത്. ഖമ്മം ജില്ലയില്‍പെട്ട ഭദ്രാചലത്ത് സിപിഐ എം നേതൃത്വത്തില്‍ ഏറെ ഗിരിവര്‍ഗ സമരങ്ങള്‍ നടന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment