Sunday, September 23, 2012

കണ്ണൂര്‍ ജില്ലയില്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ പൊലീസിന്റെ സംഘടിത നീക്കം


ജില്ലയില്‍ എസ്എഫ്ഐ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പൊലീസിന്റെ സംഘടിത നീക്കം. ഈ അധ്യയന വര്‍ഷം മുതല്‍ എസ്എഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ചുമത്തിയ കള്ളക്കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ പൊലീസിന്റെ ഉദ്ദേശം വ്യക്തമാകും. ജൂണില്‍ വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി 15 എസ്എഫ്ഐ നേതാക്കളെയാണ് ഒരു മാസത്തിലേറെ ജയിലിലടച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് 9പേര്‍ക്കെതിരെ കേസെടുത്തത്. സ്കൂള്‍- കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും മാറ്റി നിര്‍ത്താനുള്ള അജന്‍ഡ പൊലീസിനെ ഉപയോഗിച്ച് കെഎസ്യു നടപ്പാക്കുകയാണ്. കെഎസ്യു കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് കേസെടുക്കുന്നത്.

പയ്യന്നൂരില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അംഗം വി കെ നിഷാദിനെ കോളേജില്‍ കയറി അറസ്റ്റ്ചെയ്ത് ലോക്കപ്പില്‍ മൂന്നാംമുറയ്ക്കിരയാക്കി. പെരിങ്ങോത്ത് കഴിഞ്ഞ ദിവസം എസ്എഫ്ഐ ഏരിയാജോയിന്റ് സെക്രട്ടറി റഷീദിനെയും അഖിലിനെയും ഭീകരമായി മര്‍ദിച്ച് ജയിലിലടച്ചിരിക്കുകയാണ്. പെരിങ്ങോം ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥി സുജിത്തിന്റെ ഇടതുകൈ തല്ലിയൊടിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നുമില്ല. പകരം പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വീടുകളില്‍ കയറിയും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും അറസ്റ്റ്ചെയ്യുകയാണ്. കണ്ണൂരില്‍ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ എസ്ഐയെ ആക്രമിക്കുകയും ട്രാഫിക് സ്റ്റേഷനും ദിനേശ്ബീഡി കമ്പനിയും ആക്രമിച്ചിട്ടും നിസ്സാര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ഉപയോഗിക്കാന്‍ പൊലീസ് പേടിക്കുകയാണ്. കെഎസ്യുവും എംഎസ്എഫും നല്‍കുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുന്ന നടപടി പൊലീസ് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഗൂഢനീക്കം: കെ കെ ശൈലജ

പാപ്പിനിശേരി: ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സിപിഐ എമ്മിനെയും തകര്‍ക്കാനുള്ള മാധ്യമശ്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. പാപ്പിനിശേരി വെസ്റ്റ് ദൃശ്യ മാര്‍ക്സിസ്റ്റ് സ്റ്റഡിസെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജനങ്ങളുടെ ജീവിതത്തിന് ആശ്വാസം ലഭിക്കുന്ന സ്ഥിതി സൃഷ്ടിച്ചതാരാണെന്ന് തിരിച്ചറിയാതിരിക്കാനുള്ള ഇത്തരം ഹീനശ്രമങ്ങളെ ചെറുക്കാനാകണം. സമഭാവനയുടെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ വേരോടുന്നതില്‍ വിറളിപിടിച്ച ഒരു വിഭാഗമാണ് കപടവേഷം ധരിച്ച് സമൂഹനന്മയെ തകര്‍ക്കുന്നത്. മുന്‍തലമുറ നീന്തിക്കയറിയ കണ്ണീര്‍ച്ചാലുകളില്‍പോലും മാലിന്യം പുരട്ടുന്ന സംസ്കാരമാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. നാടിന്റെ പട്ടിണി മാറ്റാനും ജനങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തിനിന്ന് നടക്കാനും അവസരം സൃഷ്ടിച്ച കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താന്‍ ജന്മി, നാടുവാഴിത്തകാലഘട്ടങ്ങളില്‍ നടന്ന അതിക്രമങ്ങളുടെ നേര്‍പതിപ്പാണ് ഇന്നും തുടരുന്നതെന്നും ശൈലജ പറഞ്ഞു. സിപിഐ എം ഏരിയാകമ്മിറ്റിയംഗം പി ഗോവിന്ദന്‍ അധ്യക്ഷനായി. കെ പി കരുണാകരന്‍, സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു.

deshabhimani 230912

1 comment:

  1. ജില്ലയില്‍ എസ്എഫ്ഐ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പൊലീസിന്റെ സംഘടിത നീക്കം. ഈ അധ്യയന വര്‍ഷം മുതല്‍ എസ്എഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ചുമത്തിയ കള്ളക്കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ പൊലീസിന്റെ ഉദ്ദേശം വ്യക്തമാകും. ജൂണില്‍ വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി 15 എസ്എഫ്ഐ നേതാക്കളെയാണ് ഒരു മാസത്തിലേറെ ജയിലിലടച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് 9പേര്‍ക്കെതിരെ കേസെടുത്തത്. സ്കൂള്‍- കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും മാറ്റി നിര്‍ത്താനുള്ള അജന്‍ഡ പൊലീസിനെ ഉപയോഗിച്ച് കെഎസ്യു നടപ്പാക്കുകയാണ്. കെഎസ്യു കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് കേസെടുക്കുന്നത്.

    ReplyDelete