Sunday, September 23, 2012

സര്‍ക്കാര്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍സ്വന്തക്കാര്‍


കല്‍പ്പറ്റ: ഡ്രൈവര്‍ തസ്തികയില്ലാതെ ജില്ലയില്‍ മുന്നൂറോളം സര്‍ക്കാര്‍ വാഹനങ്ങള്‍. വിവിധ വകുപ്പ് മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപന തലവന്‍മാരും സ്വന്തക്കാരേയും സുഹൃത്തുക്കളെയും ഡ്രൈവര്‍മാരായി നിയമിച്ച് തോന്നുംപടി വാഹനങ്ങള്‍ ഉപയോഗിക്കുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണം കൂട്ടുമ്പോഴും ഡ്രൈവര്‍ നിയമനത്തിനുള്ള പിഎസ്എസി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാണ്. 2011 ഏപ്രിലില്‍ പിഎസ്സിയുടെ വയനാട് ജില്ല ഡ്രൈവര്‍ ഗ്രേഡ്-രണ്ട്(എല്‍ഡിവി) റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം ഒറ്റഒഴിവുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലിസ്റ്റ് വരുന്നതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍മാത്രമാണ് നിയമനം നടന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജോലിക്കായി ഒന്നരവര്‍ഷത്തോളമായി കാത്തിരിക്കുമ്പോഴാണ് ദിവസവേതനത്തിന് സ്വന്തക്കാരെയും മറ്റും അധികൃതര്‍ അനധികൃതമായി നിയമിച്ച് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്.

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ച് പിഎസ്സിവഴി നിയമനം നടത്തണമെന്നതാണ് നിയമം. എന്നാല്‍ ജില്ലയില്‍ ഒരുവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍പോലും താല്‍കാലിക ജീവനക്കാരനാണ്. ഇത് ഡ്രൈവര്‍ തസ്തികയുള്ള വാഹനമാണ്. എന്നാല്‍ ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാമെഡിക്കല്‍ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കല്‍പറ്റ വാണിജ്യനികുതി ഇന്റലിജന്‍സ് ഓഫീസ്, ഡെപ്യൂട്ടി കമീഷ്ണര്‍, സൗത്ത് വയനാട്, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഓഫീസുകള്‍, ജില്ലാ പ്ലാനിങ് ഓഫീസ്, ടൗണ്‍പ്ലാനിങ് ഓഫീസ് കല്‍പ്പറ്റ, ഡെപ്യൂട്ടി ഡയറക്ടര്‍ നാഷ്ണല്‍ സേവിങ്സ് കല്‍പ്പറ്റ, ഡെപ്യൂട്ടി ഡയറക്ടര്‍ മണ്ണ്സംരക്ഷണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്സ്) കല്‍പ്പറ്റ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കെട്ടിടം) കല്‍പ്പറ്റ, ആര്‍ടിഒ ഓഫീസ്, ജില്ലാ സാമുഹ്യക്ഷേമ ഓഫീസ് കല്‍പ്പറ്റ, ജില്ലാ ഫിനാന്‍സിങ് ഇന്‍സ്പെക്ടിങ് ഓഫീസ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കല്‍പ്പറ്റ എന്നിവിടങ്ങളിലെല്ലാം തസ്തികയില്ലാത്ത ഒന്നിലേറെ വാഹനങ്ങള്‍ ഉണ്ട്. റവന്യ വകുപ്പിലും തസ്തികയില്ലാത്ത നിരവധി വാഹനങ്ങള്‍ ഉണ്ട്.

പഞ്ചായത്ത് വകുപ്പില്‍ സര്‍ക്കാര്‍ അനുമതിയുള്ള 14 ഡ്രൈവര്‍(എല്‍ഡിവി) തസ്തികകളാണുള്ളത്. ഇതില്‍തന്നെ പലതിലും ദിവസവേതനക്കാരാണ്. അന്‍പതില്‍ ഏറെ വാഹനങ്ങളാണ് പഞ്ചായത്ത് വകുപ്പിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും അടുത്തിടെ വാഹനങ്ങള്‍ അനുവദിച്ചിരുന്നു. തസ്തികകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ പ്രെപ്പോസല്‍ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ആരുംതന്നെ നല്‍കിയിട്ടില്ല. ദിവസവേതനക്കാരെ തിരുകികയറ്റല്‍ തുടരുകയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ തോന്നുംപടി ദുരുപയോഗം ചെയ്യുകയാണ്. വിവാഹം, വിനോദം, തീര്‍ത്ഥാടനം, മരണം, പിക്നിക് തുടങ്ങിയ മുഴുവന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും മിക്ക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വാഹനമാണ് ഉപയോഗിക്കുന്നത്. അവധി ദിവസങ്ങളിലും സര്‍ക്കാര്‍ വണ്ടികള്‍ നിരത്തിലുണ്ടാകും. ഖജനാവിലെ പണം മുടക്കുന്നതിനാല്‍ കത്തുന്ന എണ്ണവിലയൊന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രശ്നമല്ല.

deshabhimani 230912

1 comment:

  1. ഡ്രൈവര്‍ തസ്തികയില്ലാതെ ജില്ലയില്‍ മുന്നൂറോളം സര്‍ക്കാര്‍ വാഹനങ്ങള്‍. വിവിധ വകുപ്പ് മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപന തലവന്‍മാരും സ്വന്തക്കാരേയും സുഹൃത്തുക്കളെയും ഡ്രൈവര്‍മാരായി നിയമിച്ച് തോന്നുംപടി വാഹനങ്ങള്‍ ഉപയോഗിക്കുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണം കൂട്ടുമ്പോഴും ഡ്രൈവര്‍ നിയമനത്തിനുള്ള പിഎസ്എസി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാണ്. 2011 ഏപ്രിലില്‍ പിഎസ്സിയുടെ വയനാട് ജില്ല ഡ്രൈവര്‍ ഗ്രേഡ്-രണ്ട്(എല്‍ഡിവി) റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം ഒറ്റഒഴിവുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലിസ്റ്റ് വരുന്നതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍മാത്രമാണ് നിയമനം നടന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജോലിക്കായി ഒന്നരവര്‍ഷത്തോളമായി കാത്തിരിക്കുമ്പോഴാണ് ദിവസവേതനത്തിന് സ്വന്തക്കാരെയും മറ്റും അധികൃതര്‍ അനധികൃതമായി നിയമിച്ച് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്.

    ReplyDelete