രോഗികള്‍ക്ക് കുറഞ്ഞനിരക്കില്‍ മരുന്ന് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത കാരുണ്യ ഫാര്‍മസികളില്‍ 12 എണ്ണം ഇനിയും തുറന്നിട്ടില്ല. 2014 മാര്‍ച്ചിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി അവസാനിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ചിലയിടങ്ങളില്‍ ഫാര്‍മസികള്‍ക്ക് കെട്ടിടനിര്‍മാണംപോലും പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്തൊട്ടാകെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷ (കെഎംഎസ്സിഎല്‍) ന്റെ കീഴില്‍ 35 കാരുണ്യ ഫാര്‍മസി ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. അനുവദിച്ചവയില്‍ 20 എണ്ണം മാത്രമെ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുള്ളൂ. പമ്പയിലും സന്നിധാനത്തുമുള്ള ഔട്ട്ലെറ്റുകള്‍ തീര്‍ഥാടനകാലത്ത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും കെടുകാര്യസ്ഥതയെത്തുടര്‍ന്ന് ബാക്കിയുള്ളവയുടെ നിര്‍മാണവും പ്രവര്‍ത്തനവും പാതിവഴിയില്‍ മുടങ്ങുകയും ചെയ്തു. കെട്ടിടങ്ങള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ മരുന്ന് എത്തിച്ച് ഫാര്‍മസി തുടങ്ങാന്‍നടപടി സ്വീകരിച്ചതുമില്ല. പ്രവര്‍ത്തനം തുടങ്ങിയ ഫാര്‍മസികളിലേക്ക് ആവശ്യമായ ജീവനക്കാരെയും ഇതുവരെ നിയമിച്ചിട്ടില്ല.
സാധാരണക്കാരന് കുറഞ്ഞചെലവില്‍ മരുന്ന് ലഭ്യമാക്കാന്‍ ആന്ധ്രപ്രദേശ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവധാര ഫാര്‍മസിയുടെ മാതൃകയില്‍ 2012 മുതലാണ് കേരളത്തില്‍ കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഔട്ട്ലെറ്റ് ആരംഭിച്ച് പദ്ധതി തുടങ്ങി. അതിനുശേഷം കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും നെയ്യാറ്റിന്‍കര, പാറശാല താലൂക്ക് ആശുപത്രികളിലും കാരുണ്യയുടെ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു. ബാക്കിയുള്ള താലൂക്ക് ആശുപത്രികളില്‍ ഇപ്പോഴും പദ്ധതി ആരംഭിക്കാനായിട്ടില്ല. പ്രവര്‍ത്തനം തുടരുന്ന കാരുണ്യ ഫാര്‍മസികളില്‍ ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി നിര്‍മാതാക്കളില്‍നിന്ന് മരുന്ന് നേരിട്ട് ഫാര്‍മസികള്‍വഴി ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യവും സാധാരണക്കാര്‍ക്ക് ചെറിയ ചെലവില്‍ മരുന്ന് ലഭിക്കാനുള്ള അവകാശവുമാണ് സര്‍ക്കാരിന്റെ അലംഭാവംകൊണ്ട് ഇല്ലാതാകുന്നത്.
അനിത പ്രഭാകരന്‍ deshabhimani
No comments:
Post a Comment