പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടുന്ന തകര്‍ച്ചയുടെ ചിത്രം പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ വഴി പുറത്തുവരുന്നതില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തിയും നിരാശയും. മതനിരപേക്ഷസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാമെന്ന് പാര്‍ടിയുടെ പ്രമുഖനേതാക്കളില്‍ പലരും പറഞ്ഞതില്‍ രാഹുല്‍ ഖിന്നനാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ടിയുടെ കടിഞ്ഞാണ്‍ തന്റെ കയ്യില്‍നിന്ന് വിട്ടുപോകുന്നതിലും രാഹുല്‍ അസ്വസ്ഥനാണ്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണം രാഹുല്‍ഗാന്ധി നയിക്കണമെന്നാണ് എഐസിസി സമ്മേളനം തീരുമാനിച്ചത്. എന്നാല്‍ പ്രചാരണം പലപ്പോഴും പാളി. പ്രിയങ്കഗാന്ധിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയെപ്പോലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രിയങ്ക അമേത്തിയിലും റായ്ബറേലിയിലും പ്രചാരണത്തിനിറങ്ങിയപ്പോള്‍ വന്‍തോതിലുള്ള മാധ്യമശ്രദ്ധയും നേടി. ഇതിനുപിന്നാലെ പാര്‍ടിയുടെ പരാജയം സമ്മതിക്കുന്നമട്ടില്‍ നേതാക്കളുടെ പ്രസ്താവനയും വന്നതോടെ രാഹുല്‍ തന്റെ അതൃപ്തി ഇനിയും മറച്ചുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ഗ്രാമവികസനമന്ത്രി ജയ്റാം രമേശ്, സോണിയഗാന്ധിയുടെ രാഷ്ട്രീയസെക്രട്ടറി അഹമ്മദ്പട്ടേല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് മൂന്നാം ബദലിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് മനസ്സുതുറന്നത്. മിക്കവാറും കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ നിലപാടിലാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള സംവിധാനത്തോട് കോണ്‍ഗ്രസ് സഹകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ അഭിപ്രായം പുറത്തുപറയാനുള്ള ധൈര്യം ഇവര്‍ക്കില്ല. കാര്യം തുറന്നുപറഞ്ഞ നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ നല്ല പിടിപാടുള്ളവരാണ്. അവരെ തൊടാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസില്‍ ആര്‍ക്കുമില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി തന്റെ വികാരം പരോക്ഷമായി മാധ്യമങ്ങളെ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രതിപക്ഷത്തിരിക്കും. മൂന്നാംബദലിനെ പിന്തുണയ്ക്കാന്‍ കഴിയില്ല. മുമ്പ് ഈ പരീക്ഷണം പരാജയപ്പെട്ടതാണ്. ഇതാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസ് സംഘടനയില്‍ തെരഞ്ഞെടുപ്പിനുശേഷം ഘടനാപരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനും രാഹുല്‍ഗാന്ധി ഉദ്ദേശിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ ഈ ഉദ്ദേശ്യത്തോടെയാണ് പിസിസി പ്രസിഡന്റുമാരെ നിയമിച്ചത്. മുഖ്യമന്ത്രിമാരെ പിസിസി പ്രസിഡന്റുമാരുടെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരും. വന്‍തോതിലുള്ള അഴിച്ചുപണിയാണ് സംഘടനയില്‍ ഉണ്ടാവുക. അതേസമയം രാഹുല്‍ഗാന്ധി സംഘടനയില്‍ നടത്തുന്ന പരീക്ഷണങ്ങളോട് മുതിര്‍ന്നനേതാക്കളില്‍ ഭൂരിപക്ഷത്തിനും വിയോജിപ്പാണ്. സംസ്ഥാനങ്ങളില്‍ ആഭ്യന്തരകലഹങ്ങള്‍ രൂക്ഷമാക്കാനേ രാഹുലിന്റെ നിയമനങ്ങള്‍ ഉപകരിച്ചിട്ടുള്ളു എന്ന് ഇവര്‍ പറയുന്നു.
സാജന്‍ എവുജിന്‍ deshabhimani
No comments:
Post a Comment