Sunday, September 23, 2012
കുറുവയ്ക്ക് പൊള്ളുന്ന വില, പാലക്കാടന്‍ മട്ട ഇല്ലാതാകുന്നു
സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. കുറുവ ഇനങ്ങള്‍ക്കാണ് വില ഉയര്‍ന്നത്. മൊത്തവിപണിയില്‍ നാല് രൂപയിലധികമാണ് മിക്ക ഇനങ്ങള്‍ക്കും വര്‍ധിച്ചത്. ഡീസല്‍വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് അരിവില കുതിച്ചുയര്‍ന്നത്. ഏറ്റവും മികച്ച ഇനമായ ഓള്‍ഡ് കുറുവയ്ക്ക് മൊത്തവിപണിയില്‍ കിലോഗ്രാമിന് 36 രൂപയായി. രണ്ടാഴ്ച മുമ്പ് 30 രൂപയായിരുന്നു. ബ്രാന്‍ഡഡ് കുറുവ 33 രൂപയായും സെക്കന്‍ഡ് കുറുവ 28 രൂപയായും ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെ നാല് രൂപയാണ് കൂടിയത്. പാലക്കാടന്‍ മട്ടയ്ക്ക് 36 രൂപയായി. ജയ, സുരേഖ ഇനങ്ങള്‍ക്ക് ക്വിന്റലിന് 100 രൂപ കൂടി. മികച്ച ഇനം പൊന്നി അരിക്ക് 31ല്‍ നിന്ന് 34 രൂപയായി. നല്ലയിനം പച്ചരിക്ക് 24ല്‍നിന്ന് 26 ആയി. ബിരിയാണിക്കുള്ള കയമ അരിക്ക് 70 രൂപയാണ് വില. രണ്ട് മാസം മുമ്പ് 52 രൂപയായിരുന്നു. എല്ലാ ഇനത്തിനും ചില്ലറവിപണിയില് രണ്ട് മുതല്‍ നാല് രൂപവരെ കൂടി. അഞ്ച് വര്‍ഷത്തിനിടെ അരിവില മൂന്നിരട്ടി വര്‍ധിച്ചു. 2007ല്‍ കുറുവ ഓള്‍ഡ് കിലോഗ്രാമിന് 12.50, ബ്രാന്‍ഡഡ് 11.50, സെക്കന്‍ഡ് 10.50 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില.
വന്‍കിട കുത്തകകള്‍ക്ക് നിയന്ത്രണമില്ലാതെ അരി സംഭരിക്കാന്‍ അനുമതി നല്‍കിയതോടെയാണ് വില ഉയര്‍ന്നത്. വന്‍കിടക്കാര്‍ ഭീമമായ തോതില്‍ അരി സംഭരിച്ച് വിപണിയില്‍ ക്ഷാമം സൃഷ്ടിച്ചാണ് വില ഉയര്‍ത്തിയത്. കഴിഞ്ഞ സര്‍ക്കാര്‍ രണ്ട് രൂപയ്ക്ക് അരി നല്കുന്ന പദ്ധതി ആരംഭിച്ചതോടെയാണ് വിലവര്‍ധന നിലച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം റേഷന്‍ കടകളിലൂടെയുള്ള അരിവിതരണം കാര്യക്ഷമമായി നടക്കാത്തതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ആറ് മാസം മുമ്പാണ് അരിവിപണിയില്‍ വിലക്കയറ്റം തുടങ്ങിയത്. അരി കയറ്റുമതിക്ക് ആന്ധ്രയിലെ മില്ലുടമകള്‍ക്ക് കേന്ദ്രം അനുമതി നല്കിയതിനുശേഷം വിപണിയില്‍ വിലക്കയറ്റം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചരക്കുകൂലി കുത്തനെ കൂട്ടിയത്. മില്ലുടമകളും ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയും സംസ്ഥാനവിപണിയില്‍ വിലവര്‍ധനയ്ക്ക് കാരണമാകുന്നു. കൂടുതല്‍ കമീഷന് ലഭിക്കുമെന്നതുകൊണ്ട് കൃത്രിമക്ഷാമമുണ്ടാക്കി അരിവില വര്‍ധിപ്പിക്കാന്‍ ഏജന്റുമാരും ശ്രമിക്കുന്നു.
(പി ആര് ഷിജു)
പാലക്കാടന്‍ മട്ട ഇല്ലാതാകുന്നു
പാലക്കാട്: പാലക്കാടന്‍ മട്ടയെന്ന ഖ്യാതിയില്‍ ജില്ലയില്‍നിന്ന് പുറമേയ്ക്കു പോകുന്ന അരിയുടെ ഭൂരിഭാഗവും വ്യാജന്. ഒന്നാംവിളയില്‍ ലഭിക്കുന്ന അരിയുടെ അളവിനുസരിച്ച് ഒരു മാസം വിപണിയില്‍ എത്തിക്കാനുള്ളതേയുള്ളെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വിപണിയില്‍ വര്‍ഷാവസാനംവരെ പാലക്കാടന്‍ മട്ട എന്ന ബ്രാന്‍ഡില്‍ അരി യഥേഷ്ടം ലഭ്യമാണ്. ജ്യോതി, ഉമ, കാഞ്ചന വിത്തുകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവയാണ് പാലക്കാടന്‍ മട്ടയെന്ന പേരില്‍ കുത്തരിയായി മാറ്റുന്നത്. ഇതിനുപകരം തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള അരി പാലക്കാട്ടെ മില്ലുകളിലെത്തിച്ച് റെഡ് ഓക്സൈഡ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് നന്നായി ഉണക്കി പോളിഷ് ചെയ്താണ് വ്യാജ മട്ടയാക്കുന്നത്. അരി കഴുകുമ്പോള്‍ ചുവപ്പുനിറം മാറി വെള്ളയാകുന്നതിന്റെ കാരണം ഇതാണ്. പാലക്കാടന്‍ മട്ട വ്യജമായി നിര്‍മിക്കുന്ന സ്വകാര്യമില്ലുടമകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. അതിനാല്‍ വ്യാജനിര്‍മാണം യഥേഷ്ടം നടക്കുന്നു. തൃശൂരിലെ കോള്‍പാടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരി വന്‍കിട മില്ലുകാര്‍ മൊത്തമായി വാങ്ങി മട്ടയാക്കുന്നുമുണ്ട്.
കേരളത്തിലേക്കയക്കാനായി തമിഴ്നാട്ടില്‍ പാലക്കാടന്‍ മട്ടയുടെ വിത്ത് കൃഷി ചെയ്യുന്നുണ്ട്. എങ്കിലും കേരളത്തില്‍ വിറ്റഴിക്കുന്ന മട്ടയുടെ അളവും ഉല്‍പ്പാദനവും തമ്മില്‍ പൊരുത്തപ്പെടുന്നുമില്ല. മില്ലുടമകള്‍ സംഭരിച്ച മൊത്തം അരിയുടെ 67 ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന വ്യവസ്ഥയും മട്ടയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. നല്ലയിനം മട്ടയരി എക്സ്പോര്‍ട്ട് ക്വാളിറ്റിയെന്ന പേരില്‍ ഉയര്‍ന്ന വിലയ്ക്കുമാണ് വിപണിയിലെത്തിക്കുന്നത്. ഡാമുകളിലെ വെള്ളക്കുറവും രാസവള വിലയും രണ്ടാംവിളയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇത്തവണ പാലക്കാടന്‍ മട്ട പൂര്‍ണമായും ഇല്ലാതാകും.
(ജിഷ)
പലവ്യഞ്ജനങ്ങള്‍ക്കും രക്ഷയില്ല
കോഴിക്കോട്: പലവ്യഞ്ജനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റവും അസഹനീയമാണ്. മൈദ, ആട്ട, പഞ്ചസാര, ശര്‍ക്കര, ചെറുപയര്‍, വന്‍പയര്‍ തുടങ്ങി മിക്കയിനങ്ങള്‍ക്കും കിലോവിന് നാല് രൂപ മുതല്‍ 10 രൂപ വരെ ഉയര്‍ന്നു. വന്‍പയര്‍ വില 65 രൂപയില്‍നിന്ന് 74 രൂപയായി. ആട്ട കിലോഗ്രാമിന്രണ്ടുരൂപയും മൈദ നാലുരൂപയും കൂടി. മൈദയ്ക്ക് 26 രൂപയായി. പഞ്ചസാരയ്ക്ക് 38 രൂപയായി. റേഷന്‍ പഞ്ചസാരയുടെ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതോടെ പഞ്ചസാര വില കുതിച്ചുയരും. ശര്‍ക്കര- 35, മല്ലി- 55, മുളക്- 60, മഞ്ഞള്‍- 68, പരിപ്പ്- 78, ഉഴുന്നുപരിപ്പ്- 60, ചെറുപയര്‍- 66 എന്നിങ്ങനെയാണ് കോഴിക്കോട്ടെ വിപണി വില. സവാളയ്ക്ക് 12 ഉം ചെറിയ ഉള്ളി 32 രൂപയുമാണ് വില.
deshabhimani 230912
Labels:
കാര്‍ഷികം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. കുറുവ ഇനങ്ങള്‍ക്കാണ് വില ഉയര്‍ന്നത്. മൊത്തവിപണിയില്‍ നാല് രൂപയിലധികമാണ് മിക്ക ഇനങ്ങള്‍ക്കും വര്‍ധിച്ചത്. ഡീസല്‍വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് അരിവില കുതിച്ചുയര്‍ന്നത്. ഏറ്റവും മികച്ച ഇനമായ ഓള്‍ഡ് കുറുവയ്ക്ക് മൊത്തവിപണിയില്‍ കിലോഗ്രാമിന് 36 രൂപയായി. രണ്ടാഴ്ച മുമ്പ് 30 രൂപയായിരുന്നു. ബ്രാന്‍ഡഡ് കുറുവ 33 രൂപയായും സെക്കന്‍ഡ് കുറുവ 28 രൂപയായും ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെ നാല് രൂപയാണ് കൂടിയത്. പാലക്കാടന്‍ മട്ടയ്ക്ക് 36 രൂപയായി
ReplyDelete