Tuesday, June 12, 2012

യൂത്ത് കോണ്‍ഗ്രസുകാര്‍ സ്റ്റേഷനില്‍നിന്ന് പ്രതിയെ മോചിപ്പിച്ചു


യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ്സ്റ്റേഷനില്‍ ഇരച്ചുകയറി പ്രതിയെ ബലമായി മോചിപ്പിച്ചു. അടിപിടിക്കേസില്‍ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെയാണ് യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ സജീവ്കുമാര്‍, പനയം സജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച പകല്‍ ഒന്നോടെ അഞ്ചാലുംമൂട് സ്റ്റേഷനില്‍നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയത്.

സ്കൂള്‍തുറന്നതിന്റെ തലേദിവസം രാത്രി നീരാവില്‍ എസ്എന്‍ഡിപിവൈഎച്ച്എസ്എസില്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ മദ്യപിച്ചെത്തി ആക്രമിച്ച മൂന്നംഗസംഘത്തിലെ നീരാവില്‍ പണ്ടകശാലയില്‍ യേശുദാസനെ ഞായറാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നിനു നടന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, ഇത്രയുംദിവസം കോണ്‍ഗ്രസ്നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ വിമുഖത കാണിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരായ ചിലര്‍ സ്റ്റേഷനിലെത്തി വീണ്ടും പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ ബോധ്യപ്പെടുത്താന്‍വേണ്ടി മാത്രമായിരുന്നു പൊലീസിന്റെ അറസ്റ്റ്നാടകം.

എന്നാല്‍, പ്രതികളെ കസ്റ്റഡിയിലെടുക്കരുതെന്ന യൂത്ത്നേതാക്കളുടെ ഉത്തരവ് പൊലീസ് അവഗണിച്ചതില്‍ കലിതുള്ളിയെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ തള്ളിക്കയറിയത്. സംഘടിച്ചെത്തിയ യൂത്തുകാര്‍ സ്റ്റേഷനില്‍ തള്ളിക്കയറി പ്രതിയെ ബലമായി പിടിച്ചുകൊണ്ടുപോയിട്ടും ആള്‍ജാമ്യത്തില്‍ വിട്ടയച്ചതായി രേഖപ്പെടുത്തി പൊലീസ് ഭരണക്കാരോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഒരാളുടെപേരിലും കേസെടുത്തിട്ടില്ല.

deshabhimani 110612

2 comments:

  1. യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ്സ്റ്റേഷനില്‍ ഇരച്ചുകയറി പ്രതിയെ ബലമായി മോചിപ്പിച്ചു. അടിപിടിക്കേസില്‍ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെയാണ് യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ സജീവ്കുമാര്‍, പനയം സജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച പകല്‍ ഒന്നോടെ അഞ്ചാലുംമൂട് സ്റ്റേഷനില്‍നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയത്.

    ReplyDelete
  2. യൂത്ത് കോണ്‍ഗ്രസുകാര്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ ബലമായി മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് മണ്ഡലംകമ്മിറ്റി പ്രസിഡന്റ് എം എം സഞ്ജീവ്കുമാര്‍, കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് പനയം സഞ്ജീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. അസിസ്റ്റന്റ് കമീഷണര്‍ തോംസണ്‍ ജോണ്‍സണ്‍ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിയതിനുശേഷമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. ഞായറാഴ്ച ഉച്ചയ്ക്ക് പ്രതിയെ മോചിപ്പിക്കാനായി സ്റ്റേഷനില്‍ അതിക്രമിച്ചുകയറുകയും പൊലീസുകാരെ അസഭ്യം വിളിക്കുകയും ചെയ്തിട്ടും നേതാക്കളെ കസ്റ്റഡിയിലെടുക്കാതെ പ്രതിയെ ആള്‍ജാമ്യത്തില്‍ വിടുകയാണ് പൊലീസ് ചെയ്തത്. സംഭവം പുറത്തായതോടെ ചടങ്ങിനുവേണ്ടി മാത്രമാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

    ReplyDelete