Monday, September 17, 2012

തകര്‍ക്കുന്നത് വയല്‍ നികത്താതെയുള്ള വ്യവസായ വികസനയം


നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് വ്യവസായ വികസനത്തിന് ഭൂമി കണ്ടെത്തുന്ന നയത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവയ്ക്കുമ്പോള്‍ തകരുന്നത് തണ്ണീര്‍ത്തടങ്ങളും പാടങ്ങളും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയം. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ തകര്‍ക്കുന്ന നയമാണ് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമ ഭേദഗതിയിലൂടെ റിയല്‍ എസ്റ്റേറ്റ് ലോബിക്കായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പ്രകൃതിയും സംരക്ഷിച്ചുള്ള വികസനം മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായനയം രൂപീകരിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തിനു വിധേയമായും മാത്രമേ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാവൂയെന്ന് നിര്‍ദേശം നല്‍കി. കെഎസ്ഐഡിസിയും കിന്‍ഫ്രയും ആവിഷ്കരിച്ച പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് നിയമവ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി. നിയമഭേദഗതിക്കായി കിന്‍ഫ്ര ഇപ്പോള്‍ സമര്‍പ്പിച്ച 14 പദ്ധതിയില്‍ പത്തും കെഎസ്ഐഡിസിയുടെ നാലു പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് രൂപീകരിച്ചത്. ഒരു പദ്ധതിയില്‍ പോലും വയല്‍ നികത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. എമര്‍ജിങ് കേരളയില്‍ കെഎസ്ഐഡിസി അവതരിപ്പിച്ച എറണാകുളം-പാലക്കാട് ദേശീയ നിക്ഷേപ ഉല്‍പ്പാദനമേഖലയ്ക്ക് 13,000 ഏക്കറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫ് ആവിഷ്കരിച്ച് നടപടി തുടങ്ങിയ കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിയാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ലോബിക്കായി വെട്ടിച്ചുരുക്കിയത്. കോയമ്പത്തൂരിലേക്ക് പദ്ധതി നീട്ടുകവഴി തമിഴ്നാട്ടില്‍നിന്ന് പരമാവധി സ്ഥലം ലഭ്യമാക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. എറണാകുളത്ത് പെട്രോളിയം കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍ റീജണിന് 4000 ഏക്കറാണ് ഇപ്പോള്‍ കെഎസ്ഐഡിസി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരിഞ്ച് നെല്‍വയലോ തണ്ണീര്‍ത്തടമോ നഷ്ടപ്പെടാത്തവിധം എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഇത്. അമ്പലമുകളില്‍ എഫ്എസിടിയുടെ കൈവശമുള്ള ഭൂമിയില്‍ ഉപയോഗിക്കാത്ത 1400 ഏക്കര്‍ പദ്ധതിക്ക് ഉപയോഗിക്കാനായിരുന്നു തീരുമാനം.

ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിന് 1200 ഏക്കര്‍ ഭൂമിക്ക് ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, വയല്‍ നികത്തല്‍ ഒഴിവാക്കാനായി 380 ഏക്കറായി നിജപ്പെടുത്തി. കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ സെന്ററിനായി 350 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചു. വയലും തണ്ണീര്‍ത്തടവും ഒഴിവാക്കാന്‍ 270 ഏക്കറില്‍ പദ്ധതി ചുരുക്കി. കിന്‍ഫ്രയുടെ മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന് 70 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ 140 ഏക്കര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്കിന് 77.78 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പാടം നികത്താനുള്ള അനുവാദത്തിന് കിന്‍ഫ്ര സര്‍ക്കാരില്‍ അപേക്ഷ നല്‍കി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഒറ്റപ്പാലം, തൃശൂര്‍ പുഴയ്ക്കല്‍പ്പാടം, കഞ്ചിക്കോട്, അങ്കമാലി, തൃശൂര്‍ നെമ്മിനിക്കര, ആലപ്പുഴ തുറവൂര്‍, ഇടുക്കി മുട്ടം എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോഴും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമുണ്ടായില്ല.

deshabhimani 170912

1 comment:

  1. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് വ്യവസായ വികസനത്തിന് ഭൂമി കണ്ടെത്തുന്ന നയത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവയ്ക്കുമ്പോള്‍ തകരുന്നത് തണ്ണീര്‍ത്തടങ്ങളും പാടങ്ങളും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയം. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ തകര്‍ക്കുന്ന നയമാണ് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമ ഭേദഗതിയിലൂടെ റിയല്‍ എസ്റ്റേറ്റ് ലോബിക്കായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

    ReplyDelete