Sunday, March 30, 2014

സഹകരണ ബാങ്കുകളുടെ 2000 കോടി ട്രഷറിയിലേക്ക്

സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ ശനിയാഴ്ച വാക്കാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനുമടക്കമുള്ള ചെലവുകളെല്ലാം മുടങ്ങുന്നതിലൂടെ പൂര്‍ണ ഭരണസ്തംഭനം ഒഴിവാക്കാനാണ് സഹകരണബാങ്കുകളുടെ പണം ബലംപ്രയോഗിച്ച് കവരുന്നത്. ട്രഷറിയില്‍ പണം എത്തിക്കാനായി സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണബാങ്കുകളും ജില്ലാ സഹകരണബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാര്‍മാരാണ് ടെലിഫോണിലൂടെ ഉത്തരവ് കൈമാറിയത്.

ഏഴ് ശതമാനം പലിശനിരക്കില്‍ ഒരുമാസത്തേക്ക് 1500 കോടി രൂപയും 11 ശതമാനം പലിശയില്‍ ഒരുവര്‍ഷത്തേക്ക് 200 കോടി രൂപയും ട്രഷറി നിക്ഷേപമായി ശേഖരിച്ചുനല്‍കാനാണ് സഹകരണ രജിസ്ട്രാര്‍ക്ക് ലഭിച്ച നിര്‍ദേശം. ബാക്കി 300 കോടി സഹകരണബാങ്കുകള്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ ട്രഷറി നിക്ഷേപമാക്കണം.

സാമ്പത്തികപ്രതിസന്ധി ചര്‍ച്ചചെയ്ത കഴിഞ്ഞ മന്ത്രിസഭായോഗം ട്രഷറി നിറയ്ക്കാന്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ അഡീഷണല്‍ രജിസ്ട്രാര്‍മാരുമായി കൂടിയാലോചന നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ മിച്ചഫണ്ട് ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും ബാങ്കുകള്‍ താല്‍പ്പര്യം കാട്ടിയില്ല. തുടര്‍ന്ന് ഭീഷണിയുടെ രൂപത്തില്‍ പണം സ്വരൂപിക്കാനുള്ള നടപടി ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്കകം ജില്ലാബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സഹകരണബാങ്കുകള്‍ക്കും ഫോണില്‍ നിര്‍ദേശമെത്തി. ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്ത ബാങ്കുകളില്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരുന്നു ചുമതല. പരമാവധി ഫണ്ട് ശനിയാഴ്ചതന്നെ ട്രഷറിയിലേക്ക് മാറ്റാന്‍ ജില്ലാ സഹകരണബാങ്കുകളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച പണമിടപാട് അടക്കം നടക്കുന്ന രീതിയില്‍ ശാഖകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു. പ്രധാന സഹകരണബാങ്കുകളില്‍നിന്ന് 50 കോടി മുതല്‍ 250 കോടി രൂപവരെ ട്രഷറിയിലേക്ക് മാറ്റാനാണ് നിര്‍ദേശം.

മിച്ചഫണ്ട് കുറവായ സ്ഥാപനങ്ങള്‍ കുറഞ്ഞത് 50 ലക്ഷം രൂപമുതല്‍ നിക്ഷേപിക്കണം. രണ്ടു ദിവസത്തെ വരവ് പൂര്‍ണമായും ഇതിനായി മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണസമിതിയുടെ തീരുമാനപ്രകാരമേ സഹകരണബാങ്കുകളുടെ ഫണ്ട് വിനിയോഗം പാടുള്ളൂ. ഫോണിലൂടെ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയിലേക്ക് പണം മാറ്റുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്ക് ഉദ്യോഗസ്ഥരുടെ തലയിലാകും. ഒരുവിധ ട്രഷറി ഇടപാടുകളുമില്ലാത്ത സഹകരണബാങ്കുകളാണ് ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണ്. ജില്ലാ സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍മാത്രമേ ഈ ബാങ്കുകള്‍ക്ക് അവധിദിവസം പ്രവര്‍ത്തിക്കാനാകൂ. ഭൂരിപക്ഷം ജില്ലാ സഹകരണബാങ്കുകളും മൂലധന പര്യാപ്തത കൈവരിക്കാത്തതിനാല്‍ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതിനിടയിലാണ് ഉള്ള നിക്ഷേപംകൂടി സാമ്പത്തികവര്‍ഷത്തിന്റെ അവസാനദിനത്തില്‍ ട്രഷറിയിലേക്ക് മാറ്റുന്നത്.

ട്രഷറിയില്‍നിന്ന് പണം നല്‍കുന്നത് വിലക്കി

തിരു: സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ട്രഷറിയില്‍നിന്ന് പണം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ട് ട്രഷറിയില്‍നിന്ന് പിന്‍വലിക്കുന്നതിന് നേരത്തെ വിലക്കുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ക്ക് പണം നല്‍കുന്നത് വിലക്കി കഴിഞ്ഞ ദിവസം അതീവരഹസ്യ ഉത്തരവിറക്കി. ഇവയുടെ ഫണ്ട് ട്രഷറി അക്കൗണ്ടില്‍നിന്ന് ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനായി പലിശരഹിത അക്കൗണ്ട് തുടങ്ങണം. ഫലത്തില്‍ ചെലവ് കടലാസില്‍ മാത്രമാകും.

ട്രഷറിയില്‍ ഒരു രൂപപോലും ഇല്ലാതെ ചെലവ് നടന്നതായി കണക്കുണ്ടാക്കും. സാമ്പത്തികപ്രതിസന്ധിയില്ലെന്ന ധനമന്ത്രിയുടെ വാദം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഒരു രൂപപോലും ട്രഷറിയില്‍നിന്ന് നല്‍കേണ്ടെന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ വകുപ്പിലോ 31ന് ട്രഷറിയിലല്ലാതെ മിച്ചഫണ്ട് നിക്ഷേപമുണ്ടായാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ധനവകുപ്പ് ഉത്തരവിറക്കി. മിച്ചഫണ്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വാണിജ്യ ബാങ്കുകളിലുള്ള തുകയും സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണം. സര്‍ക്കാരിന്റെ റവന്യൂ വരുമാനം പരമാവധി കൂട്ടാന്‍ എന്തു നടപടിയും സ്വീകരിക്കാമെന്നും നിര്‍ദേശത്തിലുണ്ട്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്. അതീവ രഹസ്യമായാണ് ഉത്തരവ് നടപ്പാക്കല്‍. ഫയല്‍ നമ്പര്‍ മാത്രം രേഖപ്പെടുത്തിയ സര്‍ക്കുലറുകളുടെ പകര്‍പ്പ് സെക്രട്ടറിയറ്റിലെയും ഇതര സര്‍ക്കാര്‍ സര്‍വീസിലെയും ഭരണാനുകൂല സംഘടനകളിലെ വിശ്വസ്തരെ ഉപയോഗിച്ച് ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട് എത്തിക്കുന്നു. പുതിയ തീരുമാനത്തിലൂടെ സര്‍വകലാശാലകളുടെയടക്കം പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നും സഹകരണബാങ്കുകളില്‍നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും ട്രഷറിയിലേക്ക് പണം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണച്ചെലവ് ഒഴിവാക്കുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങളും സര്‍ക്കാര്‍ കോര്‍പറേഷനുകളുമടക്കം സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ മാത്രമാണ് ഏതാനും കോടി രൂപ ട്രഷറിയിലേക്ക് മാറ്റാമെന്ന് അറിയിച്ചത്. ക്ഷേമനിധി ബോര്‍ഡുകളുടെ 1500 കോടി ട്രഷറിയിലേക്ക് മാറ്റാമെന്ന പ്രതീക്ഷയും നടന്നിട്ടില്ല. വര്‍ഷാന്ത്യത്തില്‍ പണം പിന്‍വലിക്കുന്നത് ബാങ്കുകളുമായുള്ള തങ്ങളുടെ ഇടപാടുകളെ ബാധിക്കുമെന്ന ഭയം ബോര്‍ഡ് ഭരണസമിതികള്‍ക്കുണ്ട്. ട്രഷറിയില്‍നിക്ഷേപിച്ചാല്‍ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുമെന്നതിന് ഉറപ്പുമില്ല. 300 കോടിയെങ്കിലും ക്ഷേമ ബോര്‍ഡുകളില്‍നിന്ന് ലഭിക്കുമെന്ന അവസാന പ്രതീക്ഷയും അസ്മതിച്ചു. ഇനി ശമ്പളവും പെന്‍ഷനും കൊടുക്കണം. ഇതിനുള്ള കൂടിയാലോചനകളില്‍ ഉരുത്തിരിഞ്ഞ നിയന്ത്രണങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment