Monday, March 24, 2014

സിഎംപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു: എം കെ കണ്ണന്‍

കോണ്‍ഗ്രസ് ലക്ഷ്യം ചെറു പാര്‍ടികളെ ശിഥിലീകരിക്കല്‍

തിരു: സിഎംപിയുടെ പ്രബലവിഭാഗം യുഡിഎഫ് വിട്ടതോടെ യുഡിഎഫിലെ പ്രതിസന്ധി കൂടുതല്‍ വെളിച്ചത്താകുകയാണ്. ചെറുപാര്‍ടികളെ ഭിന്നിപ്പിച്ച് ശിഥിലീകരിക്കുകയെന്ന കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് സിഎംപിയെയും കൈകാര്യംചെയ്തത്. നേരത്തേ ജെഎസ്എസ് യുഡിഎഫ് വിട്ടതും കോണ്‍ഗ്രസിന്റെ ഏകാധിപത്യം ചോദ്യംചെയ്തുകൊണ്ടാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് എന്നീ പാര്‍ടികള്‍ക്കും അവഗണനയാണ്്. ജേക്കബ് വിഭാഗത്തിന് മന്ത്രിയുള്ളതുകൊണ്ട് അവര്‍ വിട്ടുപോകുന്നില്ലെന്നുമാത്രം.

പിള്ള ഗ്രൂപ്പിനും ഒരു എംഎല്‍എയുണ്ട്. അതുകൊണ്ട് അവരെയും കളയില്ല. എന്നാല്‍, ഒപ്പം നിര്‍ത്തുമ്പോള്‍ മാന്യമായ പരിഗണനയുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുനഃസംഘടനയെന്ന വാഗ്ദാനം നല്‍കി ബാലകൃഷ്ണപിള്ളയെയും കോണ്‍ഗ്രസ് ഒതുക്കി. ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആദ്യഘട്ടത്തില്‍ സ്നേഹം ഭാവിച്ചെങ്കിലും പിന്നീട് ഗൗരിയമ്മയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് തന്നെ ഗൂഢാലോചന നടത്തി. ചേര്‍ത്തലയില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പ്രവര്‍ത്തിച്ചെന്ന് ഗൗരിയമ്മതന്നെ പറഞ്ഞു. യുഡിഎഫിന്റെ തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായം ചെവിക്കൊണ്ടിട്ടില്ലെന്നും അവര്‍ തുറന്നടിച്ചിരുന്നു.

എല്ലാ തീരുമാനങ്ങളും കോണ്‍ഗ്രസ് എടുത്തശേഷം യുഡിഎഫ് യോഗങ്ങളില്‍ വിശദീകരിക്കും. അത് കേള്‍ക്കുകയെന്ന ജോലി മാത്രമേ ഘടക കക്ഷികള്‍ക്കുള്ളൂ. ചോദ്യംചെയ്യുന്നവര്‍ ക്രമേണ പുറത്താകും. സിഎംപിയിലെ ഒരു നേതാവിനെ മാത്രം സഹായിക്കുക, പാര്‍ടിയെ മൊത്തത്തില്‍ അവഗണിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ നയം. സി പി ജോണിനാണ് ഈ ആനുകൂല്യം കിട്ടിയത്. ഗൗരിയമ്മയെ അവഗണിച്ച കോണ്‍ഗ്രസ് ജെഎസ്എസിലെ മറ്റൊരു നേതാവിനെ ആശ്രിതനാക്കി. യുഡിഎഫിന്റെ ശില്‍പ്പികളിലൊരാളായ ആര്‍ ബാലകൃഷ്ണപിള്ളയെപ്പോലും അപ്രസക്തനാക്കി.

വി ജയിന്‍

സിഎംപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു: എം കെ കണ്ണന്‍

കോഴിക്കോട്: സിഎംപിയെ തമ്മിലടിപ്പിച്ച് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിഎംപി പൊളിറ്റ്ബ്യൂറോ അംഗം എം കെ കണ്ണന്‍ പറഞ്ഞു. യുഡിഎഫില്‍ മുസ്ലിംലീഗിനും കേരളാകോണ്‍ഗ്രസിനും മാത്രമേ നിലനില്‍പ്പുള്ളു. സിഎംപി യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. ഇത് മാസങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. ആര്‍എസ്പി ചെയ്തപോലെ രഹസ്യമായല്ല സിഎംപി മുന്നണി വിടുന്നത്- യുഡിഎഫ് വിടാന്‍ കഴിഞ്ഞദിവസം തൃശൂരില്‍ ചേര്‍ന്ന കേന്ദ്ര കൗണ്‍സില്‍ യോഗം കൈക്കൊണ്ട തീരുമാനം വിശദീകരിക്കാന്‍ വിളിച്ച ജില്ലാ കണ്‍വന്‍ഷനില്‍ കണ്ണന്‍ പറഞ്ഞു.

അരവിന്ദാക്ഷന്‍ വിഭാഗം ഒറ്റുകാരായെന്ന സി പി ജോണിന്റെ പ്രസ്താവന അദ്ദേഹത്തിന് തന്നെയാണ് ചേരുക. അടുത്ത അനുയായിരുന്ന സി പി ജോണാണ് എം വി രാഘവനെ വഞ്ചിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ നേതാവ് കാനം രാജേന്ദ്രനും എം വി രാഘവനെ സന്ദര്‍ശിച്ചപ്പോള്‍ എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച ചെയ്തു. എന്നാല്‍ സി പി ജോണും ചിലരും ചേര്‍ന്ന് ഇത് തടയുകയായിരുന്നു. മാസങ്ങളായി ഇത്തരം ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടെ സി പി ജോണ്‍ ജില്ലാ കമ്മിറ്റി ഓഫീസുകള്‍ ഗുണ്ടകളെ വിട്ട് പിടിച്ചടക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എം വി രാഘവന്‍ മത്സരിക്കണമെന്ന പാര്‍ടി താല്‍പ്പര്യം സി പി ജോണ്‍ ഇടപെട്ട് അട്ടിമറിച്ചു. ജോണിന്റെ താല്‍പ്പര്യത്തിനായി സിഎംപിയെ യുഡിഎഫിന് അടിയറവെച്ചു. സിഎംപിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായി. മോഡിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തല്‍, വിലക്കയറ്റം, സബ്സിഡി ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് വിഷയം. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇന്ത്യയില്‍ മൂന്നാംബദല്‍ രൂപപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്നത്. 30ന് തൃശൂരില്‍ ചേരുന്ന പ്രത്യേക കണ്‍വന്‍ഷനില്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്ത് ഇതിന്റെ പ്രഖ്യാപനം നടത്തും.

നേതൃത്വവും അണികളും എല്‍ഡിഎഫിനൊപ്പം: എംവിആറിന്റെ മകന്‍

കൊച്ചി: സിഎംപിയിലെ രണ്ട് പിബി അംഗങ്ങളും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ഒഴിച്ചുള്ള മുഴുവന്‍ നേതാക്കളും അണികളും എല്‍ഡിഎഫിനൊപ്പമാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ മകനും പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം വി രാജേഷ് പറഞ്ഞു.

സി പി ജോണും അജീറും കോഴിക്കോട്ടെയും കോട്ടയത്തെയും ഓരോ ജില്ലാ കമ്മിറ്റി അംഗങ്ങളും മാത്രമേ വിയോജിപ്പുള്ളവരായുള്ളൂ. സംസ്ഥാനകമ്മിറ്റിയും എല്ലാ ജില്ലകമ്മിറ്റികളും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനോട് യോജിക്കുന്നു. യുഡിഎഫില്‍ നില്‍ക്കണമെന്നാണ് തീരുമാനിച്ചതെന്ന് പറഞ്ഞ തന്റെ സഹോദരന്‍ എം വി ഗിരീഷ്കുമാര്‍ പാര്‍ടി അംഗമല്ല. എം വി രാഘവന്റെ മക്കളില്‍ തനിക്കും സഹോദരി ഗിരിജയ്ക്കും മാത്രമേ അംഗത്വമുള്ളൂ. ഗിരീഷ്കുമാറിന് സി പി ജോണിന്റെ പാര്‍ടിയില്‍ ഇപ്പോള്‍ അംഗത്വം നല്‍കിയോ എന്നത് അറിയില്ലെന്നും രാജേഷ് പറഞ്ഞു.

സിഎംപി വിമതര്‍ കണ്ണൂരില്‍ ഒറ്റപ്പെട്ടു

കണ്ണൂര്‍: സിഎംപി വിമതരുടെ ആസ്ഥാനമായി പ്രചരിപ്പിക്കപ്പെട്ട കണ്ണൂരില്‍ സി പി ജോണ്‍ വിഭാഗം ഒറ്റപ്പെട്ടു. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ കുടുംബത്തില്‍ കലഹം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമവും പൊളിഞ്ഞു. യുഡിഎഫിന്റെ ബലത്തില്‍ ജില്ലയിലെ ഔദ്യോഗിക വിഭാഗത്തെ മൂലക്കിരുത്താനുള്ള ശ്രമമാണ് പൂര്‍ണമായി തകര്‍ന്നത്.

എല്‍ഡിഎഫുമായി സിഎംപി സഹകരിച്ച്്് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ വിമതര്‍ നിരാശരാണ്. യുഡിഎഫിന്റെ കനിവില്‍ സ്ഥാനം കിട്ടിയവരും പദവിക്കായി മോഹിക്കുന്നവരുമേ വിമതപക്ഷത്ത് അവശേഷിക്കുന്നുള്ളൂ. ജില്ലാസെക്രട്ടറിയായി സ്വയം അവരോധിച്ച അജീറും കടുത്ത മോഹഭംഗത്തിലാണ്. ജനറല്‍ സെക്രട്ടറിയുടെ മൂന്നുമക്കളും മരുമകനും സിഎംപിക്കൊപ്പം നിന്നതോടെ വിമതരുടെ പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചു. ഇ പി കൃഷ്ണന്‍നമ്പ്യാരുടെ മക്കളായ പി വി വത്സനും പി വി പവിത്രനും സിഎംപിയുടെ നിലപാട് അംഗീകരിച്ചു.

ബഹുഭൂരിപക്ഷം പാര്‍ടി അംഗങ്ങളും ഔദ്യോഗിക നിലപാടിനൊപ്പമാണ്. പെരിങ്ങോം, തളിപ്പറമ്പ്, കമ്പില്‍, തലശേരി, ശ്രീകണ്ഠപുരം ഏരിയകളില്‍ വിമതവിഭാഗം തുടച്ചുനീക്കപ്പെട്ടു. കണ്ണൂരില്‍ മാത്രമാണ് പേരിന് വിമതരുള്ളത്. ജില്ലാകമ്മിറ്റിയില്‍ വന്‍ ഭൂരിപക്ഷമുണ്ടെന്ന് പ്രചരിപ്പിച്ച വിമതര്‍ക്ക് കണ്ണൂരില്‍ ശനിയാഴ്ചയുണ്ടായ തിരിച്ചടി താങ്ങാവുന്നതിലപ്പുറമായി. കെഎസ്വൈഎഫ് പൂര്‍ണമായി ഔദ്യോഗിക വിഭാഗത്തിനൊപ്പമാണ്്. ട്രേഡ് യൂണിയന്‍ വിഭാഗത്തിലും വിമതര്‍ക്ക് സ്വാധീനമില്ല. സി പി ജോണ്‍ പാര പണിതതിനാലാണ് അഴീക്കോട് സീറ്റ് എം വി രാഘവന് ലഭിക്കാതിരുന്നതെന്ന വികാരം പ്രവര്‍ത്തകര്‍ക്കിപ്പോഴുമുണ്ട്.

എം വി രാഘവന്റെ കുടുംബത്തെ കരുവാക്കി സിഎംപി തകര്‍ക്കാനാണ് ജോണും സി എ അജീറും ശ്രമിച്ചതെന്ന്് ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടു. എം വി രാഘവന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന പാപ്പിനിശേരി വിഷചികിത്സാ സൊസൈറ്റി ഭരണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അജീറിനെ നേരത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എം വി രാഘവന്റെ കുടുംബത്തില്‍പ്പെട്ട ഒരാളെ പ്രലോഭിപ്പിച്ച് ജനാധിപത്യവിരുദ്ധമായ രീതിയില്‍ സൊസൈറ്റി ഭരണം അട്ടിമറിച്ചതിനാണിത്.

പാര്‍ടി വിലക്കിയിട്ടും ട്രസ്റ്റിബോര്‍ഡ് അംഗമായ സി എ അജീര്‍ അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് തിരുത്തണമെന്നും എം വി രാഘവന്റെ കുടുംബത്തെ ഭിന്നിപ്പിച്ച് പ്രശ്നമുണ്ടാക്കരുതെന്നും അജീറിനോട് പാര്‍ടി നിര്‍ദേശിച്ചതാണ്. ആദ്യം സി പി ജോണും അജീര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് പൊളിറ്റ്ബ്യൂറോ യോഗത്തിലും എക്സിക്യൂട്ടീവ് യോഗത്തിലും നിര്‍ദേശിച്ചു. എന്നാല്‍ ജോണ്‍ പിന്നീട് കാലുമാറുകയായിരുന്നു.

എം വി രാഘവന്റെ മകള്‍ ഗിരിജയ്ക്ക് വധഭീഷണി

കണ്ണൂര്‍: സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ മകള്‍ എം വി ഗിരിജയ്ക്ക് വധഭീഷണി. അധികം കളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഗിരിജയുടെ മൊബൈല്‍ നമ്പറിലേക്ക് ശനിയാഴ്ച രാത്രി 10.14നാണ് വിളിവന്നത്. 9847983038 എന്ന നമ്പറില്‍നിന്നുള്ള ഭീഷണി രണ്ട് മിനിറ്റുവരെ നീണ്ടു. ഗിരിജ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

പൊലീസ് അന്വേഷണം തുടങ്ങി. സിഎംപി എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ജില്ലാ കൗണ്‍സില്‍ ഓഫീസായ ഇ പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കുകയും ചെയ്തിരുന്നു. സിഎംപി ജില്ലാ കൗണ്‍സിലംഗമായ ഗിരിജ ഓഫീസ് ഉദ്ഘാടനത്തില്‍ സജീവമായിരുന്നു. ഇതായിരിക്കാം വധഭീഷണിയ്ക്ക് പിന്നിലെന്ന് കരുതുന്നു. രോഗബാധിതനായശേഷം എം വി രാഘവനെ സിഎംപി പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സി പി ജോണും സി എ അജീറും തിരിഞ്ഞുനോക്കിയിട്ടില്ല.

മക്കളെ ഭിന്നിപ്പിക്കുകയുംചെയ്തു. ഇതിന്റെ ഭാഗമാണ് എം വി രാഘവന്‍ ചെയര്‍മാനായ പാപ്പിനിശേരി വിഷചികിത്സാ സൊസൈറ്റിയുടെ ഭരണം അട്ടിമറിച്ചത്. സൊസൈറ്റിയുടെയും ഇതിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെയും ചുമതല മൂത്തമകന്‍ എം വി ഗിരീഷ്കുമാര്‍ ഏറ്റെടുത്തു. സിഎംപിയുടെ തീരുമാനം ലംഘിച്ച് ഇതിന് ചരടുവലിച്ചത് അജീറായിരുന്നു. ഇതേ തുടര്‍ന്ന് ജോണിനെയും അജീറിനെയും വീട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഗിരിജ വ്യക്തമാക്കിയിരുന്നു. രാഘവന്റെ നാലുമക്കളില്‍ അജീറിനൊപ്പം ഗിരീഷ്കുമാറേയൂള്ളൂ. ഗിരിജ, രാജേഷ്, നികേഷ് എന്നിവര്‍ സിഎംപിയുടെ പൊതുനിലപാടിനൊപ്പമാണ്.

deshabhimani

No comments:

Post a Comment