Monday, March 31, 2014

ഇന്ത്യന്‍ ബാങ്കുകള്‍ വിദേശികള്‍ക്ക്

ഘടനാമാറ്റത്തിലൂടെ ഇന്ത്യന്‍ ബാങ്കുകളെ വിദേശികളുടെ കൈകളിലെത്തിക്കാന്‍ നീക്കം ശക്തം. 2012 ഡിസംബറിലെ ബാങ്കിങ് നിയമ ഭേദഗതിയുടെ ചുവടുപിടിച്ചാണ് പൊതുമേഖലാബാങ്കുകളുടെ നിയന്ത്രണം സ്വകാര്യ ഗ്രൂപ്പുകള്‍ക്കോ വിദേശികള്‍ക്കുതന്നെയോ കൈവശപ്പെടുത്താവുന്ന അവസ്ഥയുണ്ടാക്കുന്നത്. ഈ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ ബാങ്കുകളുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്ന നിയമഭേദഗതി നടപ്പാക്കും.

സ്വകാര്യ ഓഹരി ഉടമകളുടെ വോട്ടവകാശം പത്ത് ശതമാനമാക്കിയതോടെ അഞ്ചുപേര്‍ വിചാരിച്ചാല്‍ പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാവുന്ന അവസ്ഥയാണ്. നേരത്തെ, എത്ര ഓഹരിയുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ വോട്ടവകാശം ഒരു ശതമാനമായിരുന്നു. വോട്ടവകാശം ഉയര്‍ത്തിയതോടെ വിദേശ വ്യവസായികള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ സജീവമായി. നിലവില്‍ പല ബാങ്കുകളിലും എട്ടു മുതല്‍ 15 ശതമാനം വരെ ഓഹരികള്‍ വിദേശികള്‍ക്കുണ്ട്.

ഘടനാപരമായ മാറ്റത്തിനൊപ്പം സ്വകാര്യ ഗ്രൂപ്പുകളെ ആകര്‍ഷിക്കത്തക്ക വിധം ബാങ്കുകളുടെ ഇടപാടുകള്‍ സംബന്ധിച്ച നയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി നിക്ഷേപത്തിന്റെ 38 ശതമാനം എസ്എല്‍ആര്‍ (സ്റ്റാറ്റ്യൂട്ടറി ലിക്വിഡ് റേഷ്യോ) വേണമായിരുന്നു. അതായത്, 100 രൂപയുടെ നിക്ഷേപം ലഭിച്ചാല്‍ അതില്‍ 38 രൂപ സര്‍ക്കാരിന്റെ വിവിധ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണം. പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്രകാരമാണ് പണം കണ്ടെത്തിയിരുന്നത്. 91ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ വരവോടെ എസ്എല്‍ആര്‍ 25 ശതമാനമായും സിആര്‍ആര്‍ അഞ്ച് ശതമാനമായും ചുരുങ്ങി. 2012 ലെ ബാങ്കിങ് നിയമ ഭേദഗതിയോടെ എസ്എല്‍ആര്‍ സര്‍ക്കാരില്‍ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധമില്ല എന്നുവന്നു. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ ഈ തുക കോര്‍പറേറ്റുകള്‍ക്ക് വായ്പയായി നല്‍കാം. ബാങ്കുകളെ വളരെ ആസൂത്രിതമായി സമൂഹത്തില്‍നിന്ന് അകറ്റുന്ന പ്രക്രിയയായിരുന്നു ഈ ഭേദഗതി.

സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരികളുടെ വോട്ടിങ് പരിധി പത്ത് ശതമാനത്തില്‍നിന്ന് 29 ശതമാനമാക്കിയതോടെ രണ്ടുപേര്‍ വിചാരിച്ചാല്‍ ബാങ്കിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കാനാവും എന്ന അവസ്ഥയാണ്. സ്വകാര്യബാങ്കുകളിലെ 74 ശതമാനം ഓഹരികള്‍ വിദേശികള്‍ക്കുവാങ്ങാം. ജനകീയ ബാങ്കിങ്ങിന്റെ സുവര്‍ണകാലമായിരുന്ന 1970-90 കാലത്തെ അവസ്ഥയില്‍നിന്നുള്ള പിറകോട്ടുപോക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാങ്കിങ് നിയമഭേദഗതിയിലൂടെയുണ്ടായത്. പ്രാദേശിക ബാങ്കുകളുടെ കൂട്ടത്തകര്‍ച്ചയെത്തുടര്‍ന്ന് ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ഘട്ടത്തിലാണ് 1969ല്‍ ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. ഇതേത്തുടര്‍ന്ന് വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യയിലെ ബാങ്കുകള്‍ക്കുണ്ടായത്. തുടര്‍ന്നുള്ള മൂന്നുപതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ശാഖകളാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തുറന്നത്. ലോകത്ത് ഇത്രയും വ്യാപകമായ തരത്തില്‍ ജനകീയ ബാങ്കിങ് സമ്പ്രദായം രൂപംകൊണ്ട മറ്റ് രാജ്യങ്ങളില്ല. 2008ലെ ആഗോളമാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാത്തുരക്ഷിച്ചത് ദേശസാല്‍കൃത ബാങ്കുകളുടെ ശക്തമായ സാന്നിധ്യമാണ്.

കെ എന്‍ സനില്‍ deshabhimani

No comments:

Post a Comment