Wednesday, March 26, 2014

സംശയമില്ല; കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പ്രതിപക്ഷ ത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുന്നത് തടയാനാകുന്ന ഏക ശക്തി ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളാണ്. സര്‍ക്കാരുണ്ടാക്കുന്നത് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളോ ബിജെപി സഖ്യമായ എന്‍ഡിഎയോ ആയിരിക്കും. മോഡിയെയും ബിജെപിയെയും പരാജയപ്പെടുത്തണമെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം. സര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുക ഇടതുപക്ഷമായിരിക്കും. കോണ്‍ഗ്രസ് ചിത്രത്തില്‍ ഉണ്ടാകില്ല- കാരാട്ട് പറഞ്ഞു.

? രാഷ്ട്രീയസ്ഥിതി എങ്ങനെ വിലയിരുത്തുന്നു

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച ബാക്കിയിരിക്കെ രാഷ്ട്രീയചിത്രം ഏതാണ്ട് വ്യക്തമാണ്. കോണ്‍ഗ്രസും അവര്‍ നയിക്കുന്ന യുപിഎയും വിഷമാവസ്ഥയിലാണ്. അവരുടെ ജനപിന്തുണ നാള്‍ക്കുനാള്‍ കുറയുന്നു. കേരളത്തില്‍നിന്ന് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് മന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന് ഗുണമുണ്ടായില്ല. യുപിഎ സര്‍ക്കാരിന്റെ മോശം പ്രകടനമാണ് ഇതിനു കാരണം. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവയാണ് ജനങ്ങള്‍ക്ക് ഏറെ ദോഷകരമായത്.

ഈ സാഹചര്യം അനുകൂലമാക്കാനാണ് ബിജെപി ശ്രമം. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി പിന്തുണ നേടാനുള്ള തന്ത്രമാണ് അവരുടേത്. മോഡിക്കുമാത്രമേ ശക്തമായ സര്‍ക്കാരുണ്ടാക്കാനാകൂ എന്നും വികസനം കൊണ്ടുവരാനാകൂ എന്നും പ്രചരിപ്പിക്കുന്നു. ഇത് ചെയ്യുന്നത് എന്‍ഡിഎ ഭരണകാലം യുപിഎ സര്‍ക്കാരിന്റേതില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്ന വസ്തുത മറച്ചുവയ്ക്കാനാണ്.

അഴിമതിയുടെ കാര്യം നോക്കുക. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതി, 1.86 ലക്ഷം കോടിയുടെ കല്‍ക്കരി കുംഭകോണം എന്നിവ തുടങ്ങിയത് എന്‍ഡിഎ കാലത്താണ്. നവഉദാരവല്‍ക്കരണനയം ശക്തമാക്കാന്‍ എന്നും നിലകൊണ്ട പാര്‍ടിയാണ് ബിജെപി. ഗുജറാത്തില്‍ മോഡി സര്‍ക്കാരിന്റെ കാലത്താണ് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. പ്രശ്നം വ്യക്തികളും നേതാക്കളുമല്ല. നയവും പരിപാടികളുമാണ്. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നവ ഉദാരവല്‍ക്കരണനയങ്ങളെ നിരാകരിക്കുന്ന ബദല്‍നയങ്ങളാണ് വേണ്ടത്. സന്തുലിതമായ ജനപക്ഷ വികസനമാണ് വേണ്ടത്. കോര്‍പറേറ്റ് വികസനമല്ല.

? ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ, ഏകാധിപതിയായ മോഡിക്ക് വന്‍ പ്രചാരണമാണല്ലോ ലഭിക്കുന്നത്

കോര്‍പറേറ്റുകളാണ് മോഡിക്കു പിന്നില്‍. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ശക്തമായി മോഡിയെ പിന്തുണയ്ക്കുന്നു. മോഡിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് മാധ്യമങ്ങളും ബിജെപിയും നടത്തുന്നത്. അമേരിക്കന്‍ ഏജന്‍സി മുഖേന 500 കോടി രൂപ ചെലവിലാണ് ബിജെപി മോഡിയെ പരസ്യപ്പെടുത്തുന്നത്. രക്ഷകന്റെ പരിവേഷമാണ് നല്‍കുന്നത്.ഗുജറാത്തിലെ മുഖ്യമന്ത്രിയായും ആര്‍എസ്എസ് പ്രചാരകനായുമുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ വ്യക്തമാക്കുന്നതാണ്. ബഹുസ്വരതയുള്ള ഇന്ത്യയുടെ നേതാവായി ഇത്തരമൊരു വ്യക്തി വരുന്നത് അഭികാമ്യമല്ല.

? തെരഞ്ഞൈടുപ്പിനുമുമ്പേ കോണ്‍ഗ്രസ് കളം വിട്ടെന്നു തോന്നുന്നു

ആഞ്ഞുവീശുന്ന കൊടുങ്കാറ്റിനെ തടുക്കാനാകാതെ പരുങ്ങുകയാണ് കോണ്‍ഗ്രസ്. ഭരണം വിടാന്‍ മടിക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി സഖ്യകക്ഷികളെ കിട്ടാത്തതാണ്. ജനം വെറുക്കുന്ന കോണ്‍ഗ്രസിന്റെ കൈപിടിച്ചാല്‍ അത് പരാജയത്തിലേക്കുള്ള പാതയാകുമെന്ന ഭയമാണ് പാര്‍ടികള്‍ക്ക്. കോണ്‍ഗ്രസ് കരുതുന്നത് മോഡി വരുന്നത് തടയാന്‍ ന്യൂനപക്ഷം തങ്ങളെ പിന്തുണയ്ക്കുമെന്നാണ്. എന്നാല്‍, എല്ലായിടത്തും ഇത് സാധ്യമാകുമെന്നു കരുതുന്നത് മൗഢ്യമാകും.

സ്വന്തം മണ്ഡലത്തില്‍ ആര്‍ക്കാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുക എന്ന് ന്യൂനപക്ഷം ആലോചിക്കും. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികള്‍ക്കാണ് ബിജെപിയെ തോല്‍പ്പിക്കാനാകുക. ബിഹാറില്‍ ഐക്യജനതാദളിനും ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടിക്കുമാണ് കോണ്‍ഗ്രസിനേക്കാള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശേഷി.

? കേന്ദ്രത്തില്‍ ഇടത്-മതേതര ബദലിനുള്ള സാധ്യത എത്രത്തോളമാണ്

"കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക, ബിജെപി അധികാരത്തില്‍ വരുന്നത് തടയുക" എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എമ്മാണ് മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ യത്നിച്ചത്. ഒക്ടോബര്‍ 30ന് ചേര്‍ന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനില്‍ 15 പാര്‍ടി പങ്കെടുത്തു. ഫെബ്രുവരി 25ന് ഒമ്പതു പാര്‍ടി സംയുക്തപ്രഖ്യാപനം പുറത്തിറക്കി. വിശാലമായ ദേശീയതാല്‍പ്പര്യങ്ങള്‍ക്കായി സഹകരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുപ്പുഫലത്തെ അടിസ്ഥാനമാക്കി ഇടത്-മതേതര ബദലിന് വ്യക്തമായ രൂപമുണ്ടാക്കും. ബദല്‍ കൂട്ടുകെട്ടിലെ ഭൂരിപക്ഷവും പ്രാദേശിക പാര്‍ടികളായതിനാല്‍ സംസ്ഥാനങ്ങളില്‍ സഖ്യമോ ധാരണയോ ഇല്ല. തമിഴ്നാട്ടില്‍മാത്രമാണ് സിപിഐ എമ്മുമായും സിപിഐയുമായും എഐഎഡിഎംകെ തെരഞ്ഞെടുപ്പുസഖ്യം സ്ഥാപിച്ചത്. എന്നാല്‍, ഇത് യാഥാര്‍ഥ്യമായില്ല. സഖ്യവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് എഐഎഡിഎംകെ ഏകപക്ഷീയമായി തീരുമാനിച്ചു. ഇത് ദൗര്‍ഭാഗ്യകരമാണ്.

എന്നാല്‍, ദേശീയതലത്തില്‍ സഹകരണത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല. എഐഎഡിഎംകെയുമായുള്ള ബന്ധത്തെപ്പോലും. ഇടതുപക്ഷത്തിന് അവരുമായി മാത്രമല്ല സമാജ്വാദി പാര്‍ടി, ഐക്യജനതാദള്‍, ബിജു ജനതാദള്‍, ജാര്‍ഖണ്ഡ്് വികാസ് മഞ്ച് എന്നിവയുമായും സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു സഖ്യമില്ല. എല്ലാ പാര്‍ടികളും അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റ് നേടാനാണ് ധാരണ. ഈ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുകയാണ് ലക്ഷ്യം. അത് സാധ്യമാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.

? തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഫെഡറല്‍ മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്നണ്ടല്ലോ.

അതിന്റെ ഭാവി ഇടതുപക്ഷം ഇല്ലാതെ രാജ്യത്ത് കോണ്‍ഗ്രസിതര- ബിജെപിയിതര ബദല്‍ ഉണ്ടാക്കാനാകില്ല. പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടിനാണ് മമത ബാനര്‍ജി ശ്രമിക്കുന്നത്. എന്നാല്‍, ഭൂരിപക്ഷം കോണ്‍ഗ്രസിതര- ബിജെപിയിതര പ്രാദേശിക പാര്‍ടികള്‍ ഇപ്പോള്‍ത്തന്നെ ഇടതുപക്ഷവുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. അതിനാല്‍, ഇടതുപക്ഷത്തെ ഒഴിവാക്കിയുള്ള ഫെഡറല്‍ മുന്നണി സാധ്യമല്ല. മമതയുടെ ലക്ഷ്യം തെരഞ്ഞെടുപ്പിനുശേഷം മോഡിയെ സഹായിക്കലാണ്.

?ആം ആദ്മി പാര്‍ടിയുടെ സ്വാധീനം എത്രമാത്രമായിരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിയുടെ സ്വാധീനം ഡല്‍ഹിയിലും മറ്റും ഒതുങ്ങാനാണ് സാധ്യത. അവര്‍ക്ക് നഗരസ്വഭാവമുള്ള ചില മണ്ഡലങ്ങളില്‍ കുറച്ച് വോട്ട് കിട്ടുന്നതിലപ്പുറം ഒരു സ്വാധീനവും ഉണ്ടാകില്ല.

? കേരളത്തിലെ ആര്‍എസ്പിയുടെ കൂറുമാറ്റം എന്തുകൊണ്ടാണ്

ചരിത്രത്തില്‍നിന്ന് ഇവര്‍ പാഠം പഠിച്ചിട്ടില്ലെന്നു വ്യക്തം. നാലു പതിറ്റാണ്ടുമുമ്പ് കേരളത്തിലെ ആര്‍എസ്പി കോണ്‍ഗ്രസുമായി കൈകോര്‍ത്തിരുന്നു. ഇതോടെ ആര്‍എസ്പിയുടെ ഇടതുപക്ഷ പാര്‍ടിയെന്ന വ്യക്തിത്വം ദുര്‍ബലമായി. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍എസ്പി ശരിയായ പാതയില്‍, എല്‍ഡിഎഫില്‍ തിരിച്ചെത്തി. വീണ്ടും നശിച്ച അവസരവാദം കേരളത്തിലെ ആര്‍എസ്പിയെ വിഴുങ്ങി. ഒരു ഇടതുപക്ഷ പാര്‍ടിക്കും കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കാനാകില്ല. കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചവര്‍ക്ക് ഇടതുപക്ഷമെന്നു പറയാനാകുമോ. ജനം ഇത് അംഗീകരിക്കില്ലെന്നുറപ്പ്. ഇടതുപക്ഷ പാര്‍ടികള്‍ രാജ്യത്തെമ്പാടും ഐക്യത്തോടെ പ്രവര്‍ത്തിക്കും. ഒറ്റക്കെട്ടായി നീങ്ങും.

വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments:

Post a Comment