Sunday, March 23, 2014

റെയില്‍വേ മേല്‍പ്പാലങ്ങളും സ്വന്തമാക്കി എംപി; കള്ളമെന്ന് രേഖകള്‍

കോട്ടയം: മണ്ഡലത്തില്‍ അഞ്ച് റെയില്‍വേ മേല്‍പ്പാലവും രണ്ട് അടിപ്പാതയും നിര്‍മിച്ചെന്ന ജോസ് കെ മാണി എംപിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കെ സുരേഷ് കുറുപ്പ് എംപി റെയില്‍ ബജറ്റില്‍ അനുവദിപ്പിച്ച കുമാരനല്ലൂര്‍, മൂലേടം മേല്‍പ്പാലത്തിന്റെ പിതൃത്വവും ജോസ് കെ മാണി ഏറ്റെടുത്തിരിക്കുകയാണ്. ഇതുള്‍പ്പെടെ അഞ്ച് മേല്‍പ്പാലവും രണ്ട് അടിപ്പാതയും താന്‍ ഇടപെട്ട് നിര്‍മിച്ചെന്നാണ് ജോസ് കെ മാണിയുടെ വാദം. മുളന്തുരുത്തി, കുറുപ്പന്തറ, കാരിത്താസ് മേല്‍പ്പാലങ്ങളും സംക്രാന്തി, വെള്ളൂര്‍ അടിപ്പാതയും വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിക്കാറായ കുമാരനല്ലൂര്‍, മൂലേടം മേല്‍പ്പാലങ്ങളുടെ നിര്‍മാണമാകട്ടെ സുരേഷ് കുറുപ്പ് തുടക്കം കുറിച്ചതും എല്‍ഡിഎഫ് സര്‍ക്കാര്‍ ബാക്കി തുക അനുവദിച്ച് മുന്നോട്ടു കൊണ്ടുപോയതുമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം വിജയകുമാര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചാണ് പദ്ധതിയുടെ ആവശ്യം ബോധ്യപ്പെട്ടത്. തുടര്‍ന്ന് കോട്ടയം ടിബിയില്‍ കോട്ടയം മുന്‍ എംഎല്‍എ വി എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് കുമാരനല്ലൂര്‍ ഡിവിഷന്‍ അംഗം അഡ്വ. കെ അനില്‍കുമാര്‍, കലക്ടര്‍, പിഡബ്ല്യുഡി, റവന്യൂ, റെയില്‍വേ അധികൃതര്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പദ്ധതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത്. അപ്പോള്‍തന്നെ നിര്‍മാണ ചുമതല റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയെ ഏല്‍പ്പിച്ചു. പദ്ധതി തുകയുടെ 20 ശതമാനം മന്ത്രി തോമസ് ഐസക്കിന്റെ മാന്ദ്യ വിരുദ്ധ പദ്ധതിയില്‍ അനുവദിക്കുകയും ചെയ്തു. 2008ല്‍ തന്നെ സ്ഥലമെടുപ്പ് നടപടി പൂര്‍ത്തീകരിച്ചിരുന്നു. ഇതിനായി സംയുക്ത പരിശോധനാ കമ്മിറ്റി രൂപീകരിച്ച് സ്ഥലമെടുപ്പിനുള്ള അനുമതിക്കായി റെയില്‍വേയോട് അപേക്ഷിച്ചു. തുടര്‍ന്ന് സതേണ്‍ റയില്‍വേ 2009 ഒക്ടോബര്‍ 22ന് അനുമതിയും നല്‍കി. വി എന്‍ വാസവന്റെ നേതൃത്വത്തില്‍ വസ്തു ഉടമകളുടെ യോഗം നിരവധി തവണ വിളിച്ചുകൂട്ടിയാണ് സമ്മതം വാങ്ങിയത്. റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി പദ്ധതിയുടെ അലൈന്‍മെന്റില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വൈകിയതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത്.

പക്ഷേ പദ്ധതിക്കായി ഒന്നുംചെയ്യാതെ ജോസ് കെ മാണി എംപി ഉടമസ്ഥത ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. അവകാശം ഉന്നയിച്ച് ഫ്ളകസ് ബോര്‍ഡും സ്ഥാപിച്ചു. കാരിത്താസ് മേല്‍പ്പാലത്തിന് തുക അനുവദിച്ചെന്ന് അവകാശപ്പെട്ട് എംപി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും നടപടി ഉണ്ടായില്ല. മെഡിക്കല്‍കോളേജ്, കുട്ടികളുടെ ആശുപത്രി, സര്‍വകലാശാല, കാരിത്താസ്, മാതാ ആശുപത്രികള്‍ എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ റെയില്‍ പാലത്തിന് ഇരുവശത്തുമുണ്ട്. രോഗികളുമായുള്ള ആംബുലന്‍സുകള്‍ ക്രോസ് അടച്ചാല്‍ ഇരുവശത്തും കുടുങ്ങുന്നത് പതിവാണ്. മുളന്തുരുത്തി, കുറുപ്പന്തറ, പാലങ്ങള്‍ക്ക് തുകപോലും അനുവദിച്ചിട്ടില്ല. സംക്രാന്തി, വെള്ളൂര്‍ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മാണ അവകാശവും തട്ടിപ്പാണ്. വികസനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി ജനങ്ങളുടെ യുക്തിയെയും ബോധത്തേയും വെല്ലുവിളിക്കുകയാണ് എംപി. ഇല്ലാത്ത പദ്ധതികള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച് വോട്ടു തട്ടാനുള്ള തന്ത്രമാണ് ജോസ് കെ മാണി പയറ്റുന്നത്. കെ എം മാണിയുടെ ബജറ്റിലൂടെ മണ്ഡലത്തില്‍ വന്ന എല്ലാ പദ്ധതികളുടെയും പിതൃത്വം ഏറ്റെടുത്ത് "വികസന വീരന്‍" പദവി നേടുകയാണ് എംപിയുടെ ലക്ഷ്യം.

deshabhimani

No comments:

Post a Comment