Sunday, March 30, 2014

"ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ല"

""ഈ വിഴുപ്പു പേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. സംഘടനയ്ക്കകത്തോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ചചെയ്യാതെ ഓരോ തീരുമാനങ്ങള്‍ മുഖ്യമന്ത്രി കൈക്കൊള്ളുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉണ്ടാക്കി. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ജനങ്ങളും പത്രങ്ങളും തനിക്കുനേരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെച്ചൊല്ലി മുഖ്യമന്ത്രി വിലപിച്ചു. ഈ സത്യംതന്നെയാണ് ഞങ്ങളും വിളിച്ചുപറയുന്നത്.

""മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു കൊച്ചുകുഞ്ഞുപോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ -----നെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. ആ നിലയ്ക്ക് മുഖ്യമന്ത്രി രാജിവയ്ക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്""

സലിംരാജ് കേസില്‍ ഹൈക്കോടതിവിധിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രസംഗമാണ് ഇത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. തെറ്റാണ്. ഇത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസംഗമാണ്. കെ കരുണാകരന്‍ എന്ന മുഖ്യമന്ത്രിയെ ചാരക്കേസില്‍ കുരുക്കി നാണംകെടുത്തി ഇറക്കിവിടുന്ന ഗൂഢാലോചനയ്ക്ക് ചുക്കാന്‍ പിടിച്ച ഉമ്മന്‍ചാണ്ടി, 1996 ജനുവരി ഏഴിന് ആലപ്പുഴയില്‍ കരുണാകരവിരുദ്ധ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം. പിറ്റേന്നത്തെ മലയാള മനോരമ "കരുണാകരന്‍ രാജിവെക്കണം: ഉമ്മന്‍ചാണ്ടി" എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ ആറുകോളത്തില്‍ അത് പ്രസിദ്ധീകരിച്ചു. അന്നത്തെ ഐജി രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ നടപടിയെടുത്താലും കരുണാകരന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചയാള്‍ ഉമ്മന്‍ചാണ്ടി.

ഐഎസ്ആര്‍ഒ ചാരക്കേസ് കെ കരുണാകരനെ ചാരമാക്കാനുള്ള കേസാക്കി മാറ്റിയത് ഉമ്മന്‍ചാണ്ടിയാണ്. ആ കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല എന്ന സിബിഐ സത്യവാങ്മൂലം തള്ളി 95 ജനുവരി 13ന് ഹൈക്കോടതിവിധിയുണ്ടായപ്പോള്‍, ""മുഖ്യമന്ത്രിയുടെ വിശ്വസനീയത പൂര്‍ണമായും തകര്‍ന്നിരിക്കുന്നു"" എന്ന് പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി കരുണാകരനെതിരായ യുദ്ധം നയിച്ചത്. ""അധികാരം കുരങ്ങന്റെ കയ്യിലെ പൂമാലയാകരുത്"" എന്ന് (മനോരമ ജനു. 21, 1995) കരുണാകരനോട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാര്‍ടിക്കുള്ളില്‍കലാപം; ഘടകകക്ഷികളെ ഉപയോഗിച്ച് സമ്മര്‍ദം; വാര്‍ത്തകളിലൂടെ നിരന്തര ആക്രമണം-എല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് ഒരു കേന്ദ്രത്തില്‍. "95 ഫെബ്രുവരി 21ന് മനോരമയുടെ ഒന്നാംപുറം വാര്‍ത്ത ഇങ്ങനെ: "കരുനീക്കങ്ങള്‍ 15-ാം നമ്പര്‍ മുറിയില്‍നിന്ന്". "തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ പതിനഞ്ചാം നമ്പര്‍ മുറി രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വേദിയായി. ഓള്‍ഡ് ബ്ലോക്കിന്റെ ഒന്നാംനിലയിലെ ഉമ്മന്‍ചാണ്ടിയുടെ ഈ മുറി കേന്ദ്രീകരിച്ചാണ് കരുണാകരവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍."

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പഴുതുകളടച്ചുനടന്ന ഉപജാപങ്ങളില്‍നിന്ന് കരുണാകരന് രക്ഷപ്പെടാനായില്ല. ഒടുവില്‍ അദ്ദേഹം പുറത്തേക്ക്. ഗവര്‍ണര്‍ക്ക് രാജി നല്‍കുന്നതിനുമുമ്പ് ഗാന്ധി പാര്‍ക്കിലെ പൊതുയോഗം. കരുണാകരന്‍ പറഞ്ഞു: ""ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഇതുപോലെ രാഷ്ട്രീയ നപുംസകങ്ങളെ ഞാന്‍ കണ്ടിട്ടില്ല. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര്‍ ഉണ്ടായ സമയമില്ല. ചരിത്രം അവര്‍ക്ക് മാപ്പുകൊടുക്കില്ല. ആരെ കൂട്ടുപിടിച്ചാലും ഞങ്ങള്‍ മുകളില്‍ എന്ന് കരുതുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പുനല്‍കില്ല."" ആ സമയം നന്തന്‍കോട്ട് ഉമ്മന്‍ചാണ്ടി പത്രലേഖകരോട് പറഞ്ഞു: "നേതൃമാറ്റത്തിന് സഹായകമായ തീരുമാനംകൈക്കൊണ്ട് പ്രധാനമന്ത്രി സരസിംഹറാവുവിനെ അനുമോദിക്കുന്നു; ഞങ്ങള്‍ സന്തുഷ്ടരാണ്""

ഇന്ന് ചാരക്കേസില്ല. അത് കരുണാകരനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിനകത്ത് മാറ്റിയെടുക്കുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. ആ ചാരം ഭക്ഷിച്ച് പക്ഷേ, ഉമ്മന്‍ചാണ്ടി മുഖ്യനേതാവായി. കരുണാകരന് പകരംവന്ന ആന്റണിയെയും ആദ്യ അവസരത്തില്‍ തുരത്തിയോടിച്ചു. ഇന്ന് ഉമ്മന്‍ചാണ്ടിയാണ് കരുണാകരന്റെ സ്ഥാനത്തു നില്‍ക്കുന്നത്. കരുണാകരനെതിരെ ചാരക്കേസില്‍ കോടതി പരാമര്‍ശമുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ പലവട്ടം കോടതി ശകാരം ചൊരിഞ്ഞിരിക്കുന്നു. സോളാര്‍തട്ടിപ്പിലും ഭൂമിതട്ടിപ്പുകളിലും മുഖ്യമന്ത്രിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുന്നു. അതിന് അനിഷേധ്യമായ തെളിവുകള്‍ വന്നിരിക്കുന്നു.

വിവിധ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് പല ഘട്ടത്തിലും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ ഞെട്ടലും ആശ്ചര്യവും ഉളവാക്കി. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല എന്നാണ് ഹൈക്കോടതിവിധിയില്‍ വ്യക്തമാക്കുന്നത്. ഉത്തരവാദിത്തവും വിശ്വാസ്യതയും ഉള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത്തരത്തിലുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടതി പറയുമ്പോള്‍, ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുകയാണ്.

തെരഞ്ഞെടുപ്പുരംഗം സലിംരാജ് കേസിലെ വിധിക്കുമുന്‍പും പിമ്പും എന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തുകൊണ്ടാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊതുജനമധ്യത്തില്‍ നഗ്നനാക്കുന്ന വിധിവന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ഗൗരവമായി ചര്‍ച്ചചെയ്ത മിക്ക തട്ടിപ്പുകളുടെയും കേന്ദ്രസ്ഥാനം സംസ്ഥാനഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തി തന്നെയെന്ന് ഈ വിധി അടിവരയിടുന്നു. അധികാരത്തിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും മാധ്യമങ്ങളുടെ പരിപൂര്‍ണ സഹായമുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ പതനം ഒഴിവാക്കാനാകുന്നില്ല. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. രാജി തെരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ എന്നേ ചിന്തിക്കാനുള്ളൂ. എത്ര വൈകുന്നുവോ, അത്രയും ദുര്‍ഗന്ധം കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്ക് വരും.

യുഡിഎഫിന് പുറത്തുള്ളവര്‍ മാത്രമല്ല-കോണ്‍ഗ്രസുകാര്‍തന്നെയും ആ രാജി ആഗ്രഹിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ; സ്വന്തം പാര്‍ടി നേതാവിനെപ്പോലും ചാരനെന്നാക്ഷേപിച്ച് അപമാനിച്ച് പുറത്താക്കാന്‍ മടികാട്ടിയിട്ടില്ലാത്ത ഉമ്മന്‍ചാണ്ടി എന്ന കാപട്യമാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശാപം. വരുംനാളുകളിലെ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ ജനവിരുദ്ധനയങ്ങളെ ന്യായീകരിക്കുന്നതിനൊപ്പം ഉമ്മന്‍ചാണ്ടിയെ മഹത്വപ്പെടുത്തേണ്ടിയും വരും-ആന്റണിക്കും സുധീരനും ചെന്നിത്തലയ്ക്കും മുരളീധരനും. ഇതൊന്നും കാണാന്‍ കരുണാകരന്‍ ജീവിച്ചിരിപ്പില്ലല്ലോ എന്ന് ഐ ഗ്രൂപ്പുകാര്‍ക്കെങ്കിലും ആശ്വസിക്കാം.

പി എം മനോജ് deshabhimani

No comments:

Post a Comment