Monday, March 24, 2014

പ്രമോദ് മുത്താലിക്കിന് ബിജെപി അംഗത്വം; വിവാദമായതോടെ മാറ്റി

ആര്‍എസ്എസ് ഇടപെട്ടു; ഹര്‍ ഹര്‍ മോഡി മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചു

ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് "ഹര്‍ ഹര്‍ മോഡി" മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചു. "ഹര്‍ ഹര്‍ മോഡി" ബിജെപിയുടെ മുദ്രാവാക്യമല്ലെന്നും "ഇക്കുറി മോഡി സര്‍ക്കാര്‍" എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. "ഹര്‍ ഹര്‍ മഹാദേവ്" എന്ന ശിവസ്തുതിക്ക് സമാനമായി ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പുയോഗങ്ങളിലും മറ്റും "ഹര്‍ ഹര്‍ മോഡി" വിളിക്കുന്നതിനെതിരെ ദ്വാരക ശങ്കരാചാര്യര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബിജെപിക്കും ആര്‍എസ്എസിനും പരാതി അയച്ചിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം ഉപേക്ഷിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടു. നമോ നമോ ചൊല്ലാന്‍ തങ്ങളുണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ഇതിനുപിന്നാലെ "ഹര്‍ ഹര്‍ മോഡി" പ്രയോഗത്തിനെതിരെ കൂടി ആര്‍എസ്എസ് രംഗത്തുവന്നത് മോഡി ക്യാമ്പിന് കൂടുതല്‍ ക്ഷീണമായി. മോഡിക്കെതിരെ ആര്‍എസ്എസിലെ ബ്രാഹ്മണ ലോബി സജീവമാണെന്ന അടക്കംപറച്ചില്‍ ഇപ്പോള്‍തന്നെ ബിജെപി ക്യാമ്പിലുണ്ട്. ഇപ്പോഴത്തെ ഇടപെടല്‍ ഈ ആക്ഷേപത്തെ കൂടുതല്‍ ശക്തമാക്കും.

ബ്രാഹ്മണനേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്നതിലും സീറ്റ് മാറിനല്‍കുന്നതിലുമൊക്കെ ആര്‍എസ്എസില്‍ ഒരുവിഭാഗം അസ്വസ്ഥരാണ്. ബ്രാഹ്മണനായ മുരളീമനോഹര്‍ജോഷിയെ വാരാണസിയില്‍നിന്ന് ആട്ടിപ്പായിച്ചാണ് മോഡി അവിടെ മത്സരിക്കുന്നത്. ഗുജറാത്തില്‍ അദ്വാനിയുടെ വലംകൈയായ ബ്രാഹ്മണനേതാവ് ഹരിന്‍ പാഠക്കിന് സീറ്റ് നിഷേധിക്കുകയും ചെയ്തു. ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് "ഹര്‍ ഹര്‍ മോഡി" മുദ്രാവാക്യം ഉപേക്ഷിക്കാന്‍ മോഡി തന്നെ അനുയായികളോട് ആഹ്വാനം ചെയ്തു. ആവേശഭരിതരായ ചില പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മോഡി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ഉപേക്ഷിക്കണമെന്നും മോഡി ട്വീറ്റ് ചെയ്തു. വ്യക്തിപൂജ അവസാനിപ്പിക്കണമെന്നാണ് ദ്വാരക ശങ്കരാചാര്യര്‍ സ്വരൂപാനന്ദസരസ്വതി ആര്‍എസ്എസിനോട് ആവശ്യപ്പെട്ടത്. ഹര്‍ ഹര്‍ മോഡി വിളി ശിവനിന്ദയാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്തിനോട് ശങ്കരാചാര്യര്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ഹര്‍ ഹര്‍ മോഡി വിളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പു കമീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് ഖുര്‍ഷിദ് ഉന്നയിച്ചത്.

പ്രമോദ് മുത്താലിക്കിന് ബിജെപി അംഗത്വം; വിവാദമായതോടെ മാറ്റി

ഹുബ്ബള്ളി (കര്‍ണാടകം): ഹിന്ദു തീവ്രവാദിയും 2009ലെ മംഗളൂരു പബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനുമായ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍, സംഭവം വിവാദമായതോടെ മുത്താലിക്കിന്റെ അംഗത്വം റദ്ദാക്കിയതായി ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചു. ഞായറാഴ്ച ഹുബ്ബള്ളിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് മുത്താലികിന് അംഗത്വം നല്‍കിയത്. ഇതിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഏതാനും നേതാക്കളും ആവശ്യപ്പെട്ടു. ഇതോടെയാണ് അംഗത്വം നല്‍കാനുള്ള നടപടി മരവിപ്പിച്ചതായി ബിജെപി നേതൃത്വം അറിയിച്ചത്. ചില കാരണങ്ങള്‍ മൂലം മുത്താലിക്കിന് അംഗത്വം നല്‍കാനുള്ള തീരുമാനം മാറ്റിവയ്ക്കുകയാണെന്ന് ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ്ജോഷി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രാദേശിക വികാരം ഇളക്കിവിട്ടും വര്‍ഗീയത വളര്‍ത്തിയും ഏറെ കുപ്രസിദ്ധനായ പ്രമോദ് മുത്താലിക് 45ലേറെ കേസില്‍ പ്രതിയാണ്. ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് സൈനിക മാതൃകയില്‍ പരിശീലനം നല്‍കുകയും തീവ്രഹിന്ദുത്വവാദം യുവാക്കളില്‍ കുത്തിവയ്ക്കുകയും ചെയ്തു. നേരത്തെ ശിവസേനയില്‍ പ്രവര്‍ത്തിച്ച മുത്താലിക് ഇതില്‍നിന്ന് രാജിവച്ചാണ് സ്വന്തമായി ശ്രീരാമസേന രൂപീകരിച്ചത്. ഹൈന്ദവസംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ബിജെപിയില്‍ പോര് മുറുകി; ജസ്വന്ത് ഇന്ന് പത്രിക നല്‍കും

ന്യൂഡല്‍ഹി: ബിജെപിയില്‍ നരേന്ദ്രമോഡി അനുകൂലികളും വിരുദ്ധരും തമ്മില്‍ പോര് മുറുകുന്നതിനിടെ രാജസ്ഥാനിലെ ബാര്‍മെറില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ജസ്വന്ത്സിങ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.സിങ്ങിന് സീറ്റ് നിഷേധിച്ച മോഡി അനുകൂലികളുടെ നടപടിയെ പ്രതിപക്ഷനേതാവ് സുഷ്മ സ്വരാജ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഹരിണ്‍ പാഠക്കും മോഡി ക്യാമ്പിനെതിരെ പരസ്യമായി രംഗത്തുവന്നു.

ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും രാജ്യസഭാനേതാവ് അരുണ്‍ ജെയ്റ്റ്ലിയുമാണ് മോഡിക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്നത്. ജസ്വന്ത്സിങ്ങിന്റെ ജന്മനാടായ ബാര്‍മെറില്‍ കേണല്‍ സോണാറാം ചൗധരിയെ വെള്ളിയാഴ്ച ബിജെപി നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബാര്‍മെര്‍ സീറ്റ് ആവശ്യപ്പെട്ട ജസ്വന്ത്സിങ്ങിനെ അവഗണിച്ചാണ് സോണാറാമിനെ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിനെ നിശിതമായി വിമര്‍ശിച്ച ജസ്വന്ത്സിങ് താന്‍ സ്വതന്ത്രനാണോ അല്ലയോ എന്നത് ബിജെപിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞു. ബിജെപിയില്‍ പലതരം ഭിന്നതകള്‍ രൂപപ്പെടുകയാണ്.

എന്തുകൊണ്ട് ഈ സാഹചര്യമുണ്ടായെന്ന് നേതൃത്വം ആഴത്തില്‍ ചിന്തിക്കണം. ജനങ്ങളോടും പാര്‍ടിയോടുമുള്ള ഉത്തരവാദിത്തവും ബാധ്യതയും നേതാക്കള്‍ മറന്നു. ജസ്വന്ത്സിങ്ങിനെ ബിജെപി ഏതെങ്കിലും തരത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് രാജ്നാഥ്സിങ്ങിന്റെ പരാമര്‍ശം തന്നെ അവഹേളിക്കാനാണ്. ഏതെങ്കിലും തരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ താന്‍ കസേരയോ മേശയോ മറ്റേതെങ്കിലും വീട്ടുപകരണമോ അല്ല. ഇത്തരം പരാമര്‍ശങ്ങള്‍ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. തന്റെ അഭിമാനം വില്‍പ്പനയ്ക്കുള്ളതല്ല- ജസ്വന്ത്സിങ് പറഞ്ഞു.

രാജസ്ഥാന്‍ എംഎല്‍എ കൂടിയായ ജസ്വന്ത്സിങ്ങിന്റെ മകന്‍ മാനവേന്ദ്രസിങ് ഒരുമാസത്തെ അവധിഅപേക്ഷ നേതൃത്വത്തിന് നല്‍കി. അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ തന്നെ അവഗണിച്ച് ഹാസ്യനടന്‍ പരേഷ് റാവലിന് മോഡി സീറ്റ് നല്‍കിയതാണ് എല്‍ കെ അദ്വാനിയുടെ വിശ്വസ്തനായ മുന്‍ കേന്ദ്രമന്ത്രി ഹരിണ്‍ പാഠക്കിനെ പ്രകോപിപ്പിച്ചത്. പാര്‍ടി തീരുമാനത്തില്‍ ദുഃഖമുണ്ടെന്നും അനുയായികളുമായി ആലോചിച്ച് ഭാവിനടപടി തീരുമാനിക്കുമെന്നും പാഠക് പറഞ്ഞു.

എം പ്രശാന്ത് deshabhimani

No comments:

Post a Comment