Thursday, March 27, 2014

കള്ളപ്പണം കണ്ടുകെട്ടാന്‍ സര്‍ക്കാരിന് മടി: സുപ്രീം കോടതി

രാജ്യത്തുനിന്ന് കടത്തി വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുപിടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിഷ്ക്രിയത്വമെന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. കള്ളപ്പണം തിരിച്ചുപിടിക്കുന്നത് നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി. 2011 ജൂലൈ നാലിനാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ബി പി ജീവന്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ സമിതിയെ വയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

വിദേശബാങ്കുകളില്‍ ഒളിപ്പിച്ച പണം ഇന്ത്യയില്‍ ക്രയവിക്രയം ചെയ്യേണ്ടതായിരുന്നെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജ്യത്തെ പ്രതിശീര്‍ഷവരുമാനം ഉയരുമായിരുന്നു. സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം കുറയ്ക്കാമായിരുന്നു. സാധാരണക്കാര്‍ 30 ശതമാനംവരെ ആദായനികുതി നല്‍കേണ്ടിവരുന്നുണ്ട്-കോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയാണ് കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നതതലസമിതിയില്‍ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എം ബി ഷാ ഉപാധ്യക്ഷനും റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് തലവന്‍ അംഗവും ആയിരിക്കണമെന്ന് ജസ്റ്റിസ് സുദര്‍ശന്‍റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. പകരം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഇത് തള്ളിയാണ് സുപ്രീംകോടതി സര്‍ക്കാരിനെ ശക്തമായ താക്കീതു ചെയ്തത്.

ഇന്ത്യയില്‍നിന്ന് 20.92 ലക്ഷം കോടി രൂപ കള്ളപ്പണമായി വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് 2011ല്‍ സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ഏജന്‍സികളിലെ ഇന്ത്യയുടെ വായ്പയുടെ ഇരട്ടിയോളം വരുന്ന തുകയാണ് ഇത്. ഇതില്‍ 11.28 ലക്ഷം കോടിയും 2008-10 കാലയളവിലാണ് രാജ്യത്തിന്റെ പുറത്തേക്കുപോയത്. പണം തിരിച്ചുപിടിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചില്ല. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യംപോലും തള്ളി. എന്‍ഡിഎ സര്‍ക്കാരും മുമ്പ് ഇതേ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല, ഇരട്ടനികുതി ഒഴിവാക്കാനെന്ന പേരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മൗറീഷ്യസ് റൂട്ട് പോലുള്ള സംവിധാനം ആരംഭിക്കുകയും ചെയ്തു. അമേരിക്ക ഉള്‍പ്പെടെ സാമ്പത്തികമാന്ദ്യം രൂക്ഷമായപ്പോള്‍ രാജ്യത്തെ അതിസമ്പന്നര്‍ സ്വിസ്ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം നിയമനടപടികളിലൂടെ തിരികെപിടിച്ചിരുന്നു.

deshabhimani

No comments:

Post a Comment