Saturday, March 29, 2014

യുഡിഎഫിനുവേണ്ടി മനോരമയുടെ പാഴ്വേല

കൊല്ലം: "ചായക്കടയിലെ മേശമേല്‍ വിരല്‍കൊട്ടി മൂളിപ്പാട്ടു പാടുന്ന നാട്ടിന്‍പുറത്തുകാരന്റെ തൊട്ടടുത്തിരുന്നു താളംപിടിച്ചു പ്രോത്സാഹിപ്പിച്ചെന്നിരിക്കും പ്രേമചന്ദ്രന്‍. ഉസ്താദ് ബിസ്മില്ലാഖാന്റെ നാദപ്രഞ്ചത്തെക്കുറിച്ചോ സ്വരവിന്യാസത്തെക്കുറിച്ചോ സംസാരിച്ച് ചായയ്ക്കും ചര്‍ച്ചയ്ക്കും കടുപ്പം കൂട്ടിക്കളയും ബേബി. തീരത്തെ മത്സ്യത്തൊഴിലാളികളോടു മുളകിട്ടു വച്ച മത്തിക്കറിയുടെ രുചി പറഞ്ഞെന്നിരിക്കും പ്രേമചന്ദ്രന്‍. അപൂര്‍വമായി കിട്ടുന്ന ഇലിഷ് മത്സ്യം മുള്ളുമാറ്റി കഴിക്കുന്നതിന്റെ കരവിരുതിനെക്കുറിച്ച് വിശദീകരിച്ചേക്കും ബേബി. തോട്ടണ്ടിയില്ലാതെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളോട് കാരണം അന്വേഷിക്കാമെന്നു പ്രേമചന്ദ്രന്‍ പറഞ്ഞാല്‍, തോട്ടണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പ്രതിസന്ധിക്കു കാരണം സാമ്രാജ്യത്വ കുത്തകകളുടെ താല്‍പ്പര്യങ്ങളാണെന്നു സമര്‍ഥിക്കാന്‍ തല്ലിയാല്‍ പൊട്ടാത്ത മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിച്ചെന്നിരിക്കും ബേബി..."

ഇനി മറ്റൊരു റിപ്പോര്‍ട്ടിലേക്ക്. "രാവിലെതന്നെ എം എ ബേബി ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. എപ്പോഴാണ് ഭാഗ്യം വന്നുവിളിക്കുന്നതെന്നറിയില്ല. രാവിലെ കാവനാട് ജങ്ഷനിലെ ചായക്കടയില്‍ കയറി ദോശയും കടലയും കഴിച്ചിറങ്ങുമ്പോള്‍ ലോട്ടറിക്കച്ചവടക്കാരന്‍ മുന്നില്‍. അയാള്‍ക്കൊരു സഹായമാകട്ടെ എന്നു കരുതി ബേബി ഒരു ടിക്കറ്റെടുത്തു..." പിന്നീട് കശുവണ്ടി ഫാക്ടറിക്കുമുന്നിലെ സ്വീകരണയോഗത്തില്‍ ബേബി പറഞ്ഞു: "കശുവണ്ടിത്തൊഴിലാളികള്‍ക്കു വി എസ് സര്‍ക്കാര്‍ ചെയ്തതു നിങ്ങള്‍ക്കു മറക്കാന്‍ കഴിയുമോ... രണ്ടുതവണ കൂലി കൂട്ടിത്തന്നില്ലേ... ഈ സര്‍ക്കാര്‍ ഒരുതവണയെങ്കിലും കൂലി വര്‍ധിപ്പിച്ചോ... അരിക്ക് അന്നു 18 രൂപയായിരുന്നെങ്കില്‍ ഇന്നു മുപ്പത്താറും മുപ്പത്തേഴുമായി..."

മേലുദ്ധരിച്ച രണ്ടു റിപ്പോര്‍ട്ടും തയ്യാറാക്കിയത് ഒരാള്‍തന്നെ. രണ്ടും അച്ചടിച്ചുവന്നത് മലയാളമനോരമ പത്രത്തില്‍. മനോരമയില്‍ രണ്ടും അച്ചടിച്ചുവന്നത് വെള്ളിയാഴ്ച! എംബഡഡ് ജേര്‍ണലിസത്തിന്റെ മകുടോദാഹരണമാണ് മേലുദ്ധരിച്ച റിപ്പോര്‍ട്ടുകള്‍. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കല്‍. ഒന്നാമത്തെ ഉദ്ധരണി വായിക്കുന്ന ശരാശരി വായനക്കാരനു തോന്നുന്ന വികാരം എന്താകും? എം എ ബേബി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളത്തില്‍ സുലഭമായി കിട്ടുന്ന മത്തി കഴിക്കില്ല; പകരം ഇലിഷ് മത്സ്യം തേടിപ്പോകും. ചായക്കടയില്‍ മൂളിപ്പാട്ടു പാടുന്ന ആള്‍ക്കൊപ്പം പ്രേമചന്ദ്രന്‍ താളമിടുമ്പോള്‍, ബേബി മറുനാടന്‍ സംഗീതചക്രവര്‍ത്തി ബിസ്മില്ലാഖാന്റെ കൂടെയായിരിക്കും. തോട്ടണ്ടി ഇല്ലാത്തതുകാരണം അടച്ചിട്ടിരിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളോടു പ്രേമചന്ദ്രന്‍ കാരണം അന്വേഷിക്കുമ്പോള്‍, ബേബി മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു കൈകഴുകും. അതിനു കൂട്ടുപിടിക്കുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം തല്ലിയാല്‍ പൊട്ടുകയുമില്ല...!

ഇനി മനോരമയുടേതായി മേലുദ്ധിച്ച ആദ്യറിപ്പോര്‍ട്ട് എടുക്കാം. ശരാശരി വായനക്കാരനു തോന്നുന്ന വികാരം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി തികഞ്ഞ മനുഷ്യസ്നേഹി എന്നാകും. അദ്ദേഹം തട്ടുകടയില്‍നിന്നു കാപ്പി കഴിക്കുന്നു. ആ സമയം അവിടെയെത്തിയ പാവം ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ലോട്ടറി എടുക്കുന്നു. കശുവണ്ടിത്തൊഴിലാളികളോടു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച നീതിനിറഞ്ഞ നടപടികള്‍ ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്നു. അരിയുടെ അന്നത്തെയും ഇപ്പോഴത്തെയും വില താരതമ്യം ചെയ്യുന്നു...! വെള്ളിയാഴ്ച കൊല്ലത്ത് ഇറങ്ങിയ മലയാള മനോരമ പത്രത്തിന്റെ ഒരുതാള്‍ വ്യത്യാസത്തില്‍ ഒരാളെക്കുറിച്ചുതന്നെ പരസ്പരം ചേരാത്ത രണ്ടു റിപ്പോര്‍ട്ടുകള്‍! രണ്ടും തയ്യാറാക്കിയത് ഒരാള്‍തന്നെ!!
പതിനാറാം ലോക്സഭയിലേക്കു നടക്കുന്ന അതിനിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കുന്നതാണ്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിറ്റിങ് എംഎല്‍എയുമായ എം എ ബേബി മത്സരിക്കുന്ന മണ്ഡലം എന്നതിനാലാണ് ഇത്. എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫില്‍ നിന്നശേഷം യുഡിഎഫില്‍ ചേക്കേറിയ എന്‍ കെ പ്രേമചന്ദ്രന്‍. കാലുമാറ്റത്തിന്റെ അസ്സല്‍ കൊല്ലം മാതൃക. ഈ സാഹചര്യത്തില്‍ സ്വതവേ ഇടതുപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള കൊല്ലം മണ്ഡലം എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. ഈ നഗ്നസത്യം മറച്ചുവയ്ക്കാനാണ് മനോരമയുടെയും അതിന്റെ റിപ്പോര്‍ട്ടറുടെയും പാഴ്വേല. പക്ഷേ, അനുദിനം ബഹുജനപിന്തുണ ഏറിവരുന്ന ബേബിയെ താറടിക്കാനാണ് ഒരുഭാഗത്ത് അവരുടെ ശ്രമം. എന്നാല്‍, അറിഞ്ഞോ അറിയാതെയോ മറ്റൊരു ഭാഗത്ത് ബേബിയെ മനുഷ്യസ്നേഹിയായി ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടും മനോരമ നല്‍കി. രണ്ടും ഒരുദിവസം എന്നതു യാദൃച്ഛികമാകാം. ഇതുവഴി മനോരമയുടെ ഇരട്ടത്താപ്പ് അവരുടെ വായനക്കാര്‍ക്കു നന്നായി മനസ്സിലാകുകയും ചെയ്തു. എല്ലാവരെയും കുറേക്കാലത്തേക്കും കുറേപ്പേരെ എല്ലാക്കാലത്തേക്കും പറ്റിക്കാന്‍ കഴിയും; എന്നാല്‍, എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കാനാകില്ല എന്നൊരു ചൊല്ലുണ്ട്. വെള്ളിയാഴ്ചത്തെ മലയാളമനോരമ പത്രം ഈ ചൊല്ലിനു അടിവരയിട്ടു.

രാഷ്ട്രീയത്തിലെ മൂല്യവും മൂല്യച്യുതിയും തമ്മിലുള്ള മത്സരമാണ് കൊല്ലത്തു നടക്കുന്നത്. എക്കാലത്തെയും പോലെ ഇക്കുറിയും തങ്ങള്‍ മൂല്യച്യുതിക്കൊപ്പമാണ് എന്നു മനോരമ വീണ്ടും തെളിയിച്ചിരിക്കുന്നു. 1999ല്‍ ആലപ്പുഴ ലോക്സഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു നടന്‍ മുരളി. "നടന്‍ മുരളി ജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ വി എം സുധീരന്‍ ജയിക്കും" എന്നു "പ്രവചിച്ച്" ചരിത്രത്തില്‍ ഇടം കണ്ടെത്തിയ മനോരമയില്‍നിന്ന് ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാം!!

deshabhimani

No comments:

Post a Comment