Saturday, March 29, 2014

മുഖ്യമന്ത്രിയുടെ വഴി പുറത്തേക്ക്

ക്രിമിനല്‍ കുറ്റവാളിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന ഹൈക്കോടതിയുടെ വിധിപ്രസ്താവം രാഷ്ട്രീയ, ഭരണ തലങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള വഴിയിലാണ് ഉമ്മന്‍ചാണ്ടി. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷം ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പുറപ്പെടുവിച്ച ഉത്തരവിലാണ് മുഖ്യമന്ത്രിക്ക് തട്ടിപ്പുകേസില്‍ ഒഴിഞ്ഞുമാറാനാകാത്ത മുഖ്യഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിന് സമാനമായ വിധിന്യായങ്ങളൊന്നും സംസ്ഥാന ചരിത്രത്തിലില്ല.

എന്നാല്‍ തന്നേ കേള്‍ക്കാതെയാണ് തനിക്കെതിരായ പരാമര്‍ശങ്ങളെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം നിയമസാധൂതയുള്ളതല്ല. സര്‍ക്കാരിനുവേണ്ടി എ ജി ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ ഹാജരായത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധി നേതൃമാറ്റമെന്ന ആവശ്യം കോണ്‍ഗ്രസിലും യുഡിഎഫിലും ഉയര്‍ത്തും. അതിന് വോട്ടെടുുപ്പ് കഴിയുന്നതുവരെ കാക്കണമോ എന്നതായിരിക്കും ഭരണക്കാരെ ബാധിക്കുന്ന പ്രശ്നം. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ തനിനിറം ജനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞിരിക്കയാണ്.

സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ്, പാമൊലിന്‍ ഇടപാട് ഉള്‍പ്പെടെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നീതിന്യായ കോടതികളുടെ പരിശോധന തുടരുന്നതിനിടെയാണ് ഭൂമിതട്ടിപ്പുകേസില്‍ അതിരൂക്ഷമായ വിമര്‍ശവും കുറ്റപ്പെടുത്തലും നീതിപീഠത്തില്‍നിന്ന് ഉണ്ടായത്. സോളാര്‍ തട്ടിപ്പുകേസില്‍ സരിത നായരുമായി ബന്ധപ്പെട്ട ഒരുകേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ്. ആ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് കോടതി തനിക്ക് ക്ലീന്‍സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നവിധം ഉമ്മന്‍ചാണ്ടിതന്നെ കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട രണ്ട് ഭൂമിതട്ടിപ്പുകേസുകള്‍ സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലൂടെ, തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രി പ്രതിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

കൊള്ളരുതാത്തവരെ പേഴ്സണല്‍ സ്റ്റാഫില്‍വച്ച് അവരെ സംരക്ഷിച്ച ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോടതി തെളിവുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനും അപ്പുറമാണ് കോടികളുടെ ഇടപാട് നടന്ന ഭൂമിതട്ടിപ്പു കേസിലെ കുറ്റകൃത്യം. കേസില്‍ ഉന്നതതല ഗൂഢാലോചനയും തെളിവുനശിപ്പിക്കലും വ്യക്തമായെന്നും സലിംരാജ് അധികാരദുര്‍വിനിയോഗം നടത്തിയെന്നും മോശപ്പെട്ടവരെ പേഴ്സണല്‍ സ്റ്റാഫാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും വിധിന്യായത്തില്‍ കോടതി രേഖപ്പെടുത്തിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രമാണ്. അതായത് ഗൂഢാലോചനക്കുറ്റത്തിനുള്ള 120ബി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ അന്വേഷണ ഏജന്‍സിക്ക് ചുമത്തേണ്ടിവരും.

രാജന്‍കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട ഒരുകേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍നിന്ന് കെ പി വിശ്വനാഥന്‍ രാജിവച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തുകൊടുത്തുവെന്ന കേസിലാണ് വിധിവന്നപ്പോള്‍ കരുണാകരമന്ത്രിസഭയിലെ എം പി ഗംഗാധരന്‍ സ്ഥാനമൊഴിഞ്ഞത്. പഞ്ചാബ്മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്. അത്തരം സംഭവങ്ങളുമായി താരതമ്യംചെയ്താല്‍ വെള്ളിയാഴ്ചത്തെ കോടതിവിധി എത്രയോമടങ്ങ് ഗൗരവതരമാണ്. പക്ഷേ, എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള വ്യഗ്രതയിലാണ് ഉമ്മന്‍ചാണ്ടി. ഇതിനോട് മാനസികമായി യോജിപ്പില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പുകാരണം പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ രാജി ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ആവശ്യപ്പെടുന്നില്ലെന്നുമാത്രം.

കോടതിവിധി സ്വാഗതംചെയ്ത കെപിസിസി പ്രസിഡന്റ് വി എം സുധീരനാകാട്ടെ ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിനിരീക്ഷണങ്ങളെപ്പറ്റി മൗനംപാലിച്ച് ആദര്‍ശക്കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ്. കോടതിവിധി യുഡിഎഫ് കക്ഷികളെയും കോണ്‍ഗ്രസിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിയെ ഈ വിധി മാറ്റും. രാജിക്ക് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തയ്യാറായില്ലെങ്കില്‍ ജനവിധിയിലൂടെ ജനങ്ങള്‍ അത് നേടിയെടുക്കും.

ആര്‍ എസ് ബാബു

മുന്നില്‍ രാജിമാത്രം

തിരു: മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍, ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ഇനി ഏകവഴി രാജി. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഒരു കോടതിയില്‍നിന്നും ഇത്രയും രൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ല. അതും കേരളം മുഴുവന്‍ മാസങ്ങളായി ചര്‍ച്ചചെയ്യുന്ന ഭൂമാഫിയാ തട്ടിപ്പ് കേസില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സംസ്ഥാന ഭരണത്തലവനെ അഴിമതിക്കേസില്‍ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ യുഡിഎഫിന് വോട്ടര്‍മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനും ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടി വരും. എന്ത് നാണക്കേട് സഹിച്ചും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നടത്തുന്ന പതിവ് കളി ഇനി വിലപ്പോകില്ല. രാഷ്ട്രീയ ധാര്‍മികതയുടെ നേരിയ അംശമെങ്കിലും ഉണ്ടെങ്കില്‍ ഒരു ന്യായീകരണവും പറയായെ പടിയിറങ്ങേണ്ടിവരും.

സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തെ പാടെ തള്ളിക്കൊണ്ട് അന്വേഷണം സിബിഐക്ക് വിട്ടതിലൂടെ തന്നെ ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തായി. "ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡര്‍" എന്ന് ഹൈക്കോടതിതന്നെ വിശേഷിപ്പിച്ച ഒരു പൊലീസുകാരനെ ഒരു വ്യാഴവട്ടത്തോളമായി സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഈ ഒറ്റക്കാരണം മതി ഉമ്മന്‍ചാണ്ടിയുടെ രാജിക്ക്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആജന്മ ശത്രുവായിരുന്ന കെ കരുണാകരന്‍ രാജിവച്ചത് ഹൈക്കോടതിയുടെ ഇതുപോലുള്ള ഒരു പരാമര്‍ശത്തിന്റെ പേരിലാണ്. അന്ന് കരുണാകരനെ പുകച്ചുചാടിക്കാന്‍ മുന്നില്‍ നിന്നയാളും ഉമ്മന്‍ചാണ്ടിയായിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും തുടരാന്‍ കഴിയില്ല. വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ഹൈക്കോടതിയുടെ നേരിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നാണ് അന്ന് കോടതി പറഞ്ഞത്. അന്ന് കെ പി വിശ്വനാഥന്‍ രാജിവച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തയാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി.

ഇതിനുമുമ്പ് മറ്റ് പല കേസില്‍നിന്നും ഉമ്മന്‍ചാണ്ടി തടിയൂരിയത് അധികാരം ഉപയോഗിച്ചാണ്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകില്ലെന്നും രാജിവച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അനങ്ങിയില്ല. ആ അന്വേഷണം ഉമ്മന്‍ചാണ്ടി അട്ടിമറിച്ചു. ഇതിനെതിരെയും കോടതി പരാമര്‍ശം ഉണ്ടായി. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പരിഗണനാ വിഷയങ്ങളില്‍ വെള്ളംചേര്‍ത്തു. സിറ്റിങ് ജഡ്ജിയെപ്പോലും കിട്ടാന്‍ ശ്രമിക്കാതെ അന്വേഷണം പ്രഹസനമാക്കി. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇറക്കിവിട്ടു. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചു. അതും ഹൈക്കോടതി സ്റ്റേ ചെയ്തു.

ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനാണ് സാക്ഷി. എന്നിട്ടും ആ കേസന്വേഷണവും അട്ടിമറിച്ചു. സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യം രംഗത്തുവന്നത് ഇപ്പോള്‍ തന്റെ മന്ത്രിസഭയില്‍ അംഗമായ അനൂപ് ജേക്കബ്ബിന്റെ പിതാവും ആ കാലയളവില്‍ സഹമന്ത്രിയുമായിരുന്ന ടി എം ജേക്കബാണ്. ആ കേസും അട്ടിമറിച്ചു. ഇത്തരം കളികള്‍ ഇനി വിലപ്പോകില്ല. അത്രയും ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇത് കേവലം ഒരുദിവസം കൊണ്ടുണ്ടായതുമല്ല. മാസങ്ങളോളം കേസ് പരിശോധിച്ച ഹൈക്കോടതിയുടെ ഈ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി ഉമ്മന്‍ചാണ്ടിയുടെ വഴി പുറത്തേക്കുതന്നെ.

എം രഘുനാഥ് deshabhimani

No comments:

Post a Comment