Monday, March 31, 2014

ഇടത് ദേശീയബദലിന്റെ പ്രസക്തി വര്‍ധിച്ചു

രാജ്യത്ത് ഇടത് ദേശീയബദലിന്റെ പ്രസക്തി വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി. ജനവഞ്ചന മുഖമുദ്രയാക്കിയവര്‍ക്കുള്ള കുറ്റവിചാരണയായി ഈ തെരഞ്ഞെടുപ്പ് മാറും. രാജ്യം ഭരിച്ചുമുടിച്ച കോണ്‍ഗ്രസിനും വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിക്കുമെതിരെ സിപിഐ എം നയിക്കുന്ന മതേതരബദല്‍ ഉയര്‍ന്നുവരണമെന്നും ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ കടന്നപ്പള്ളി പറഞ്ഞു. ന

യപരിപാടികളില്‍ വിശ്വാസ്യത പുലര്‍ത്തുന്ന പ്രസ്ഥാനത്തിനു മാത്രമേ രാജ്യത്തെ മുന്നോട്ടുനയിക്കാനാകൂ. ചിദംബരം അടക്കമുള്ള മന്ത്രിമാര്‍ മത്സരിക്കാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത എന്നിവ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായും അപകടത്തിലായി. എണ്ണക്കമ്പനികള്‍ക്ക് പരമാധികാരം നല്‍കിയതിന്റെ ഫലമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നു. രാജ്യം ഭീകരമായ വിലക്കയറ്റത്തെ നേരിടേണ്ടിവന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടം.

നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയുടെ പ്രചാരണത്തെ എങ്ങനെ കാണുന്നു?

മതേതരവിശ്വാസികളെയും സമാധാനകാംക്ഷികളെയും ആശങ്കാകുലരാക്കുന്ന നാമമാണ് നരേന്ദ്രമോഡിയെന്നത്. ഉന്നതരായ നേതാക്കളെ ഒതുക്കിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി മോഡിയെ പരിഗണിക്കുന്നത്. ഇത് ബിജെപിയുടേത് എന്നതിലുപരി ആര്‍എസ്എസിന്റെയും സംഘപരിവാരത്തിന്റെയും രാഷ്ട്രീയതീരുമാനമാണ്. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായാത്ത മോഡിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ബിജെപിക്ക് ദോഷം ചെയ്യുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ അജന്‍ഡ ബിജെപിക്ക് ഇല്ല.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രമെന്താണ്?

സംസ്ഥാനത്തെങ്ങും എല്‍ഡിഎഫിന് അനുകൂലമായ വിജയതരംഗം അലയടിക്കുകയാണ്. പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സ്വീകാര്യത ഇതിന്റെ ദൃശ്യസാക്ഷ്യമായിരുന്നു. അഴിമതിയും വര്‍ഗീയപ്രീണനവുംമൂലം കലുഷിതമായ യുഡിഎഫിന്റെ രാഷ്ട്രീയാടിത്തറ തകര്‍ന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും ആഭ്യന്തരസംഘര്‍ഷങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. ഭരണംകൊണ്ട് നേട്ടമുള്ള ചിലരുടെ സമ്മര്‍ദമാണ് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്. വിലക്കയറ്റവും ഭരണവൈകല്യവുംമൂലം ജീവിതം ദുരിതത്തിലായ ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യേക വിശദീകരണം ആവശ്യമില്ല.

ആര്‍എസ്പിയുടെ ഒരുവിഭാഗം സ്വീകരിച്ച നിലപാട്?

ഇടതു നേതൃത്വത്തിലുള്ള ദേശീയബദലിന് ശക്തിപകരേണ്ട ഉത്തരവാദിത്തത്തില്‍നിന്നാണ് ആര്‍എസ്പി പിന്നോട്ടുപോയത്. സീറ്റ് നിഷേധിച്ചെന്ന അവരുടെ ന്യായത്തിന് തീരെ വിശ്വാസ്യതയില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മാത്രമല്ല, യുപിഎക്ക് അനുകൂലനയം സ്വീകരിക്കുമെന്ന പ്രഖ്യാപനവും വഞ്ചനയാണ്.

സംസ്ഥാനഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

കേന്ദ്രസര്‍ക്കാരിന്റെ അഴിമതി ഭരണത്തിന്റെ ചെറുപതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. അഴിമതിയും നെറികേടുമാണ് നടക്കുന്നത്. വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ഒരു പദ്ധതിയുമില്ല. ആകെ നടക്കുന്നത് തട്ടിപ്പും വെട്ടിപ്പും മാത്രം. പൊലീസിനെ രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ദുരുപയോഗിക്കുകയാണ്. ജനകീയവിഷയം ഉയര്‍ത്തി പ്രക്ഷോഭം നടത്തുന്ന നേതാക്കളെയും യുവജനപ്രവര്‍ത്തകരെയും ഭീകരമായി മര്‍ദിച്ച് കൈയാമം വച്ച് ജയിലിലടയ്ക്കുന്നു. കോടികളുടെ തട്ടിപ്പ് നടത്തുന്നവര്‍ക്ക് പൊലീസ് കാവലില്‍ രാജകീയസൗകര്യം. നിയമവും നീതിയും ഉമ്മന്‍ചാണ്ടി ഭരണത്തില്‍ നോക്കുകുത്തിയായി. കേരളീയര്‍ ഈ ഭരണക്കാരെച്ചൊല്ലി ലജ്ജിക്കുകയാണ്.

കോണ്‍ഗ്രസിന്റെ അപചയത്തെക്കുറിച്ച്?

കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍ നാവെടുത്താല്‍ ലോകം ശ്രദ്ധിക്കുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്നത്തെ നേതാക്കള്‍ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും ഏജന്റുമാരായി അധഃപതിച്ചു. രാജ്യമെങ്ങും കോണ്‍ഗ്രസിന് തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിസഹായയായ ഒരു സ്ത്രീയെ കൊന്ന് ചാക്കില്‍കെട്ടി സൂക്ഷിച്ച പാതകം നാടിനെ നടുക്കുന്നതാണ്. കോണ്‍ഗ്രസ് സംസ്കാരമുള്ളവര്‍ക്ക് വലിയ വേദനയുളവാക്കുന്നതാണ് ആ പാര്‍ടിയുടെ അപചയം.

സതീഷ് ഗോപി

No comments:

Post a Comment