Wednesday, March 26, 2014

ജനദ്രോഹ നയം തിരുത്താന്‍ ഇടതുപക്ഷം ശക്തമാകണം

ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന നയരൂപീകരണം സാധ്യമാകുംവിധം ഇടതുപക്ഷത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷപാര്‍ടികളുടെയും ദൗത്യമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ജനവിരുദ്ധനയങ്ങളും അഴിമതിയും ദുര്‍ഭരണവും കാരണം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇക്കാര്യം കൃത്യമായി ബോധ്യമായിട്ടുണ്ട്. ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന കോണ്‍ഗ്രസ് ഭരണത്തില്‍നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം പിന്തുടരുന്ന ബിജെപിക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താനാകില്ല. കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് മാത്രമേ ജനകീയ ബദലാകാന്‍ സാധിക്കുകയുള്ളുവെന്നും "ദേശാഭിമാനി"യുമായുള്ള അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്താം ?

ഒന്ന് വ്യക്തമാണ്, ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചപ്പോള്‍ നവഉദാരവല്‍ക്കരണനയം നടപ്പാക്കുന്നത് തടയപ്പെട്ടു. അന്ന് കുറെയൊക്കെ ജനക്ഷേമപരമായ നയങ്ങള്‍ നടപ്പാക്കുകയുമുണ്ടായി. എന്നാല്‍, ആറുവര്‍ഷമായി നവഉദാരവല്‍ക്കരണനയം തീവ്രമായി നടപ്പാക്കുകയാണ്. ഇത് വന്‍തോതില്‍ അഴിമതിക്ക് കാരണമായി. ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുന്നതും കൂടുതല്‍ തുറന്നുകാട്ടപ്പെടുന്നതും ഒഴിവാക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളും ചര്‍ച്ചയാകുമെന്നതിനാല്‍ ബിജെപിയും സര്‍ക്കാരിനെ സഹായിച്ചു. രണ്ടുവര്‍ഷം സഭ സ്തംഭിച്ചത് ഈ ഒത്തുകളിയിലാണ്. 2ജി സ്പെക്ട്രം അഴിമതിയിലും കല്‍ക്കരിപ്പാടം കുംഭകോണത്തിലും മുന്‍ എന്‍ഡിഎ സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. അതിനാല്‍, ചങ്ങാത്തമുതലാളിത്തം സൃഷ്ടിക്കുന്ന വമ്പന്‍ അഴിമതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവരുന്നത് കോണ്‍ഗ്രസും ബിജെപിയും ഇഷ്ടപ്പെടുന്നില്ല.

രണ്ടാം യുപിഎ സര്‍ക്കാര്‍ രാജ്യതാല്‍പ്പര്യങ്ങള്‍ വിദേശശക്തികള്‍ക്ക് അടിയറവച്ചതിന്റെ പ്രത്യാഘാതം എന്താണ്

പല മേഖലയിലും ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുണ്ടായി. ഇന്ത്യ-അമേരിക്ക ആണവകരാറിനെത്തുടര്‍ന്ന് അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് കൂടുതലായി വഴങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. ഏറെ പ്രയോജനകരമായ ഇറാന്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് വ്യക്തമായി. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കര്‍ഷകരുടെയും ഇതര ജനവിഭാഗങ്ങളുടെയും ജീവനോപാധികളെ പ്രതികൂലമായി ബാധിക്കുന്ന സ്വതന്ത്രവ്യാപാര കരാറുകളുടെ കാര്യത്തില്‍ ഇതു പ്രകടമാണ്. ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളില്‍ അമേരിക്കയുടെയും വികസിതമുതലാളിത്ത രാജ്യങ്ങളുടെയും വിലപേശല്‍ ഫലപ്രദമായി ചെറുക്കാന്‍ ഇന്ത്യ ശ്രമിച്ചില്ല. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ വിഷയത്തിലെ സമ്മര്‍ദം ചെറുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴും ഇത് വ്യക്തമായിരുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഏറ്റവും പ്രധാനം, രാജ്യാന്തര ധനമൂലധനത്തിന്റെ ശാസനകള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും വഴങ്ങിയെന്നതാണ്. സര്‍വ മേഖലയിലും ധനമൂലധനത്തിന്റെ കടന്നാക്രമണമാണ്. കൊള്ളലാഭം കൊയ്യുന്നതിന് ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും വന്‍ ബിസിനസുകാര്‍ക്കും സര്‍ക്കാര്‍ ഒത്താശചെയ്യുന്നു.

തെരഞ്ഞെടുപ്പിനെ നരേന്ദ്രമോഡിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള യുദ്ധമായി അവതരിപ്പിക്കുകയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍

സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതാണ്. ഇക്കാര്യം കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട്, തെരഞ്ഞെടുപ്പിനെ ഇവര്‍ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനാണ് കോര്‍പറേറ്റ് മാധ്യമങ്ങളുടെ അമിതാധ്വാനം. ഇവരില്‍ ആര് ഭരണത്തില്‍ വന്നാലും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് അവര്‍ക്കറിയാം. ഇതില്‍തന്നെ, മോഡിയോടാണ് അവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഗുജറാത്തില്‍ മോഡി ഭരണം കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളെ പരിപാലിച്ചു. വംശഹത്യാകാലത്ത് ഭരണം നയിച്ച മോഡിയെ അവര്‍ വാഴ്ത്തുന്നു. നമോ-രാഗാ ധ്രുവീകരണത്തിനായി പ്രചാരണം നടത്തുന്നു. യാഥാര്‍ഥ്യം മറിച്ചാണ്. ജീവിതം ദുസ്സഹമാക്കുന്ന ഭരണത്തില്‍നിന്നുള്ള മോചനത്തിനാണ് ജനം ആഗ്രഹിക്കുന്നത്. വര്‍ഗീയതയുടെ പിന്‍ബലത്തില്‍ വളരുന്ന സാമൂഹ്യസംഘര്‍ഷങ്ങളും വിദ്വേഷങ്ങളും ഇല്ലാത്ത ഇന്ത്യയാണ് അവര്‍ ആഗ്രഹിക്കുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരവും കുട്ടികള്‍ക്ക് ശോഭനമായ ഭാവിയും അവര്‍ ആഗ്രഹിക്കുന്നു. മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്ന യഥാര്‍ഥ ബദലിനാണ് ജനം കാത്തിരിക്കുന്നത്.

 കോണ്‍ഗ്രസ് പരാജയം മുന്‍കൂട്ടി സമ്മതിച്ച മട്ടാണ്

കോണ്‍ഗ്രസ് പോരാട്ടം ഉപേക്ഷിച്ചിരിക്കുന്നു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടെന്ന വിലയിരുത്തലാണ് പല നേതാക്കള്‍ക്കും. കോണ്‍ഗ്രസിന്റെ നയങ്ങളും അഴിമതിയും ദുര്‍ഭരണവുമാണ് ആര്‍എസ്എസും ബിജെപിയും മുതലെടുക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളുടെ ബദല്‍ കൂട്ടുകെട്ടിനേ ബദല്‍നയം കൊണ്ടുവരാനാകൂ.

തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും മറ്റ് ഇടതുപക്ഷകക്ഷികളും നേരിടുന്ന മുഖ്യവെല്ലുവിളി

പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുത്തല്‍തന്നെ. ഇടതുപക്ഷം ശക്തമായാലേ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുംവിധംഭാവിനയ ദിശാരേഖ രൂപപ്പെടുത്താനാകൂ. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിക്ക് ഇതുമാത്രമാണ് വഴി.

സാജന്‍ എവുജിന്‍ ദേശാഭിമാനി

No comments:

Post a Comment