Monday, March 31, 2014

പതിഞ്ഞ താളത്തില്‍ മുറുകുന്ന വാദങ്ങള്‍

കോഴിക്കോട്: എസ് ആര്‍ പിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് ചേവരമ്പലം തൊട്ടില്‍പീടികയില്‍ ഒരു ഗ്രാമം ഒന്നാകെയുണ്ട്. കൃഷ്ണപിള്ളയും എ കെ ജിയും പ്രസ്ഥാനം കെട്ടിപ്പടുത്ത നാട്ടില്‍ മീനമാസത്തിന്റെ തീച്ചൂടിലും അണയാത്ത ആവേശം. ആറുവയസ്സുകാരി അവന്തിക ചുകന്ന ചെമ്പരത്തിപ്പൂമാലയിട്ട് സ്വീകരിച്ചു. പതിഞ്ഞ ശബ്ദത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞുതുടങ്ങി, എ കെ ആന്റണിക്കും കോണ്‍ഗ്രസിനും എതിരായ നാടിന്റെ നിലപാടുകള്‍.

""ധനികര്‍ക്കായി, ധനികര്‍ക്കുവേണ്ടി ധനികര്‍ നടത്തുന്ന ഭരണമാണ് കോണ്‍ഗ്രസിന്റേത്. ഇതിനെ എതിര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പഴയ ജീവിതമാണെന്നാണ് എ കെ ആന്റണി പറയുന്നത്. പണക്കാര്‍ക്കായി നയം നടപ്പാക്കുന്ന ആന്റണിയുടെയും കോണ്‍ഗ്രസിന്റെയും നയം പുത്തനാണെങ്കില്‍ അത് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ പൊതുമേഖലയെ കോര്‍പറേറ്റുകള്‍ക്ക് തൂക്കിവില്‍ക്കുന്നതിനെ എതിര്‍ക്കുന്നു. ഇതൊക്കെ സ്വീകരിക്കുന്നതാണ് പുതുമയെങ്കില്‍ ആ പുതുമ എ കെ ആന്റണിക്കും ആ പാര്‍ടിക്കുമേ ചേരൂ. അത് ഞങ്ങള്‍ക്കുവേണ്ടാ""- പാവപ്പെട്ടവരോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത എസ് ആര്‍ പിയുടെ വാക്കുകളില്‍ തിളങ്ങി.

പതിഞ്ഞ ശബ്ദത്തില്‍, ചെറുവാക്കുകളില്‍, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ഓര്‍മിപ്പിച്ചുള്ള പ്രസംഗം. കൊലകൊമ്പനായ മന്ത്രി ചിദംബരമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാതെ ഹൈക്കമാന്‍ഡിനെ ഒളിച്ചുനടക്കുകയാണെന്ന് എസ് ആര്‍ പി പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുയര്‍ത്തുന്നത് മൂന്ന് രാഷ്ട്രീയമുദ്രാവാക്യങ്ങളാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നിറക്കുക, ബിജെപിയെ അകറ്റുക, ഇടതുപക്ഷ മതനിരപേക്ഷ ബദല്‍ അധികാരത്തിലേറ്റുക. വാക്കുകളില്‍ വികാരത്തള്ളിച്ചയില്ലാതെ, കത്തിപ്പടരുന്ന കയറ്റിറക്കങ്ങളില്ലാതെ ഒരേ താളപ്രവാഹത്തിലൊഴുകുന്ന പുഴപോലെ എസ് ആര്‍ പി പ്രസംഗം തുടരുകയാണ്.

കണക്കുകളും രാഷ്ട്രതന്ത്രവുമുണ്ടതില്‍. വിശകലനങ്ങളും വിലയിരുത്തലുകളും നിരീക്ഷണങ്ങളുമായി അവയ്ക്കകമ്പടിയായി ശക്തമായ വാദങ്ങളുമായുള്ള പ്രസംഗം പലപ്പോഴും ഒരു ക്ലാസിനെ ഓര്‍മിപ്പിക്കുന്നതാണ്. ഞായറാഴ്ച കോഴിക്കോട് ലോക്സഭാമണ്ഡലത്തിലായിരുന്നു പര്യടനം. എ വിജയരാഘവന് വോട്ടഭ്യര്‍ഥിച്ച് അഞ്ച് കുടുംബസംഗമങ്ങളിലാണ് പങ്കെടുത്തത്. കോഴിക്കോട്്-മലപ്പുറം അതിര്‍ത്തിയായ മണ്ണൂര്‍ വളവിലായിരുന്നു തുടക്കം. ഒരുകിലോ റബറിന് വര്‍ഷത്തിനകം നൂറുരൂപ കുറഞ്ഞതടക്കം വിശദമാക്കുമ്പോള്‍ ദീര്‍ഘകാലം കിസാന്‍സഭയുടെ അമരക്കാരനായിരുന്ന സഖാവിന്റെ ശൈലിയിലായി പ്രസംഗം. മണ്ണൂരില്‍നിന്ന് സ്ഥലം എംഎല്‍എകൂടിയായ എളമരം കരീമിന് മൈക്ക് കൈമാറി അടുത്ത സ്ഥലത്തേക്ക്.

ചേവായൂരിലെത്തിയപ്പോള്‍ എസ് ആര്‍ പിയെ സ്വീകരിക്കാന്‍ പഴയകാല സഖാവുമുണ്ടായിരുന്നു. 1972ല്‍ പാര്‍ടി കോഴിക്കോട് ജില്ലാഓഫീസ് സെക്രട്ടറിയായിരുന്ന എ എന്‍ തോമസ്. കെഎസ്വൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തെ തോമസ് ഓര്‍മിപ്പിച്ചപ്പോള്‍ 76 പിന്നിട്ട രാമചന്ദ്രന്‍പിള്ളയില്‍ പഴയ യുവജനപ്രവര്‍ത്തനകാലത്തേക്കൊരു പിന്മടക്കം. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം ടി കെ വേണുവിന്റെ വീട്ടില്‍നിന്ന് ഭക്ഷണം. അല്‍പ്പസമയവിശ്രമശേഷം കലിക്കറ്റ് പ്രസ്ക്ലബ്ബിലേക്ക്. മാധ്യമപ്രവര്‍ത്തകരുമായി മുഖാമുഖത്തിനുശേഷം മലയോരമായ താമരശേരിയില്‍.

ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനുമൊത്ത് താമരശേരിയില്‍ എത്തുമ്പോള്‍ സമയം നാലര. അരമണിക്കൂര്‍ പ്രസംഗശേഷം ഉള്യേരി ആനവാതുക്കലേക്ക്. തലക്കുളത്തൂര്‍ പറമ്പത്ത് ബസാറിലെ അവസാനയോഗവും തീരുമ്പോള്‍ മണി എട്ടാകുന്നു. നേരെ കണ്ണൂരിലേക്ക്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് മണ്ഡലത്തിലാണ് പര്യടനം. ആറുമണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ എസ് ആര്‍ പി ഇക്കുറി ഇടതുപക്ഷം മികച്ച നേട്ടം കൈവരിക്കുന്നതിന്റെ പ്രതിഫലനം നാട്ടിലാകെ പ്രകടമാകുന്ന ആഹ്ലാദത്തിലാണ്.

പി വി ജീജോ

തെരഞ്ഞെടുപ്പിന് ശേഷം കേരളരാഷ്ട്രീയം മാറും: എസ് ആര്‍ പി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് മൂര്‍ച്ഛിക്കും- തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി ഉത്തരവിനുശേഷമുണ്ടായ പ്രതികരണങ്ങള്‍ മാറ്റത്തിന്റെ സൂചനയാണ്. കോടതിവിധി തന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. ഹൈക്കോടതി പരാമര്‍ശം വ്യക്തിപരമായല്ല, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരാണ്. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കേട്ടശേഷമാണ് കോടതി പരാമര്‍ശം നടത്തിയത്. ഈ വിഷയത്തിലുള്ള എല്‍ഡിഎഫിന്റെ ആവശ്യം ശരിയാണെന്ന് ഹൈക്കോടതി പരാമര്‍ശത്തിലൂടെ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഴുവന്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവരാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷരാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത വന്നതുകൊണ്ടാണ് പല പ്രമുഖരും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ തയ്യാറാവുന്നത്. വലത് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷനയം സ്വീകരിച്ച് വരുന്നവരെ എല്‍ഡിഎഫ് സ്വീകരിക്കും. കുടിപ്പകയില്‍ എല്‍ഡിഎഫ്് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ നിലപാട് തിരുത്തിവരുന്നവരെ സ്വീകരിക്കും. കേരളത്തില്‍ ആര്‍എസ്പിയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് യുഡിഎഫിനും യുപിഎക്കും പിന്തുണയുമായി പോയത്. ബംഗാള്‍ ഉള്‍പ്പെടെ ആര്‍എസ്പിയുടെ മറ്റ് ഘടകങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന പ്രശ്നങ്ങള്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധിച്ച് തീര്‍പ്പാക്കേണ്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്ന വിജ്ഞാപനത്തിന് അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലബാറില്‍ പ്രചാരണത്തിന് പോകുന്നില്ലെന്നത് അപവാദപ്രചാരണമാണ്. പ്രകാശ്കാരാട്ടും പിണറായി വിജയനും താനും അടക്കമുള്ളവരും എല്ലാ ജില്ലകളിലും പോവുന്നില്ല. വി എസ് നിലപാട് മാറ്റി എന്ന് പറയുന്നത് ശരിയല്ല. പാര്‍ടിയുടെ പരമോന്നതസമിതിയിലെ മുതിര്‍ന്ന അംഗവും ജനസമ്മിതിയുള്ള നേതാവുമാണ് വി എസ്. പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അങ്ങിനെ പറയണമെന്നാണ് പാര്‍ടിയുടെ നിലപാട്. വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ടികളും ജനങ്ങളും അണിനിരന്നു. ഈ രണ്ട് കക്ഷികള്‍ക്കും എതിരായ ഇടത് മതേതരകക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

No comments:

Post a Comment