Thursday, March 27, 2014

പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് പത്രിക

വനിതാ സംവരണ ബില്‍ ഉള്‍പ്പെടെ 2009ലെ വാഗ്ദാനങ്ങളുടെ തനിയാവര്‍ത്തനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായി തുടരുന്നുവെന്ന് കോണ്‍ഗ്രസ് പരോക്ഷമായി സമ്മതിക്കുന്നു. അഴിമതി തടയുമെന്നും കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും പത്രിക അവകാശപ്പെടുന്നു. കൂടുതല്‍ തൊഴിലവസരം, വനിതാ സംവരണ ബില്‍, ഒരു വര്‍ഷത്തിനകം ചരക്ക്-സേവന നികുതി, ജുഡീഷ്യല്‍ പരിഷ്കാരങ്ങള്‍, ഊര്‍ജ സുരക്ഷ, വനിതാക്ഷേമം, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം, എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാന്‍ഡ് ശൃംഖല തുടങ്ങി കഴിഞ്ഞ പത്രികയിലെ വാഗ്ദാനങ്ങള്‍ പുതിയതിലും ആവര്‍ത്തിക്കുന്നു.

സ്വകാര്യമേഖലയില്‍ പട്ടികവിഭാഗസംവരണം വ്യാപിപ്പിക്കുമെന്ന് 2009ല്‍ അവകാശപ്പെട്ടിരുന്നു. കോര്‍പറേറ്റ് സമ്മര്‍ദത്താല്‍ഇത്തവണ അതൊഴിവാക്കി. മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്കൊപ്പം സംവരണം ഉറപ്പാക്കുമെന്ന് കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കുറി ഇക്കാര്യവും മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധി രാജ്യത്തുടനീളം ജനങ്ങളുമായി നേരില്‍ സംവദിച്ച് തയ്യാറാക്കിയതാണ് പത്രികയെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ മാറ്റത്തിന് 15 ഇന അജന്‍ഡ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ആരോഗ്യം, പെന്‍ഷന്‍, വീട്, സാമൂഹ്യസുരക്ഷ, അന്തസ്സുള്ള തൊഴിലിടം, സംരംഭകത്വം എന്നീ അവകാശങ്ങള്‍ പത്രിക മുന്നോട്ടുവയ്ക്കുന്നു.

മറ്റ് പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ:

അഞ്ചുവര്‍ഷത്തിനകം പത്തുകോടി യുവാക്കള്‍ക്ക് പരിശീലനവും തൊഴിലവസരവും. മൂന്നുവര്‍ഷത്തിനകം വളര്‍ച്ചനിരക്ക് എട്ട് ശതമാനമാക്കും. ജിഡിപിയുടെ മൂന്നു ശതമാനം ആരോഗ്യ മേഖലയ്ക്ക്. പണപ്പെരുപ്പം തടയാന്‍ നടപടി. തുറന്നതും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ, നിര്‍മാണ മേഖലയില്‍ പത്തുശതമാനം വളര്‍ച്ച, കാര്‍ഷികോല്‍പ്പാദനത്തില്‍ മുന്‍നിര രാഷ്ട്രമാക്കല്‍.

ഒരു വര്‍ഷത്തിനകം ചരക്ക്-സേവന നികുതി നടപ്പാക്കും. ഊര്‍ജ- ഗതാഗത മേഖലയിലും മറ്റ് വികസന പശ്ചാത്തലമേഖലകളിലും ദശകകാലയളവില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം. മത്സരക്ഷമത നിലനിര്‍ത്താന്‍ അയവേറിയ തൊഴില്‍നയം. അന്താരാഷ്ട്ര തൊഴില്‍ നിലവാരങ്ങളിലേക്ക് മാറ്റം. തൊഴില്‍ സാധ്യത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കൂടുതല്‍ പ്രോത്സാഹനം. 18 മാസത്തിനകം എല്ലാ പഞ്ചായത്തുകളിലും ടൗണുകളിലും അതിവേഗ ബ്രോഡ് ബാന്‍ഡ് ബന്ധം. എല്ലാ പൗരന്മാര്‍ക്കും അഞ്ചുവര്‍ഷത്തിനകം ബാങ്ക് അക്കൗണ്ട്. ദേശീയ യുവജന നയം നടപ്പാക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് അവസരം വര്‍ധിപ്പിക്കും. നിലവാരം ഉറപ്പാക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്‍ "ശ്രേഷ്ഠ ശിക്ഷാ അഭിയാനാക്കി" മാറ്റും.

പൗരന്റെ വോട്ടില്‍ നേട്ടം കോര്‍പറേറ്റുകള്‍ക്ക്

നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൂടുതല്‍ തീവ്രമാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക അവകാശപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതികള്‍ക്ക് പരമാവധി പ്രോത്സാഹനം, എല്ലാ മേഖലയിലും വിദേശനിക്ഷേപം ആകര്‍ഷിക്കല്‍, സമ്പദ്വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കല്‍, കോര്‍പറേറ്റുകള്‍ക്കായി തൊഴില്‍നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കല്‍, നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷം ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കോര്‍പറേറ്റ് പ്രീണനം ലക്ഷ്യമിട്ടാണ്. ബിസിനസ് അനുകൂലനയം സ്വീകരിക്കുമെന്നും അതിലൂടെമാത്രമേ രാജ്യത്തിന് വളരാനാകൂ എന്നും പത്രിക അവതരിപ്പിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പുരോഗമനപരമായ തൊഴില്‍നിയമങ്ങളിലൂടെ തൊഴിലാളിതാല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് പത്രികയിലെ അവകാശവാദം.

അതോടൊപ്പം കോര്‍പറേറ്റുകള്‍ ആവശ്യപ്പെടുംവിധം തൊഴില്‍നിയമം അയവേറിയതാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ഇതും രണ്ടും ഒരുമിച്ച് എങ്ങനെ സാധ്യമാകുമെന്ന് വിശദീകരണമില്ല. അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ട്രേഡ്യൂണിയനുകള്‍ ഒറ്റക്കെട്ടായി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് പണിമുടക്ക് ഉള്‍പ്പെടുത്തിയിട്ടും ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ പത്രികയില്‍ വാഗ്ദാനങ്ങള്‍ കുത്തിനിറച്ചതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. തൊഴിലാളിക്ഷേമത്തില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് നേരത്തെതന്നെ ഒട്ടനവധി നടപടി ആകാമായിരുന്നെന്നും എ കെ പി പറഞ്ഞു.

യൂസര്‍ചാര്‍ജ് ഏര്‍പ്പെടുത്തും, സബ്സിഡി വെട്ടിക്കുറയ്ക്കും

കേരളത്തില്‍ മലയോരജനതയുടെ ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കസ്തൂരിരംഗന്‍- ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളെക്കുറിച്ചും റബര്‍ വിലയിടിവിനെക്കുറിച്ചും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പരാമര്‍ശമില്ല. അതേസമയം സബ്സിഡി വെട്ടിച്ചുരുക്കന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് യൂസര്‍ചാര്‍ജ് എന്ന പേരില്‍ പ്രത്യേക സേവനിരക്ക് ഏര്‍പ്പെടുത്തുന്നതുമടക്കമുള്ള ജനവിരുദ്ധ നിര്‍ദേശങ്ങളും എ കെ ആന്റണി അധ്യക്ഷനായ സമിതിയുടെ തയ്യാറാക്കിയ പ്രകടന പത്രികയിലുണ്ട്.

ഏറെ വിമര്‍ശിക്കപ്പെട്ട ആധാര്‍കാര്‍ഡിനെക്കുറിച്ച് പത്രിക വാചാലമാകുന്നു. ഒരു രേഖയുമില്ലാതെ ആധാര്‍കാര്‍ഡ് സ്വന്തമാക്കാമെന്നിരിക്കെ, എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ആധാര്‍ നല്‍കുമെന്ന് പത്രിക അവകാശപ്പെട്ടു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ റെയില്‍വേ, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തും. റെയില്‍- വൈദ്യുതി നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നും പത്രിക സൂചിപ്പിക്കുന്നു.

സബ്സിഡികള്‍ ഇനിയും വെട്ടിച്ചുരുക്കുമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. വിഭവങ്ങള്‍ പരിമിതമാണെന്നത് കണക്കിലെടുക്കണം. അതിനാല്‍, അങ്ങേയറ്റം ആവശ്യമുള്ളവര്‍ക്കുമാത്രമായി സബ്സിഡി നിയന്ത്രിക്കണം. കസ്തൂരി- ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പിന്‍വലിച്ച് പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ സമിതിയെ നിയോഗിക്കുമെന്നും ജനങ്ങളുമായി ചര്‍ച്ച നടത്തി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നുമാണ് സിപിഐ എം പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍, കോണ്‍ഗ്രസ് പത്രിക ഈ വിഷയം പാടെ മറന്നു. മത്സ്യബന്ധനമേഖലയ്ക്ക് പുതിയ വകുപ്പ് രൂപീകരിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പത്രികയിലുണ്ട്. എന്നാല്‍, നിലവില്‍ തീരനിയന്ത്രണമേഖലാ നിയമംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും മറ്റും പുതിയ വീടുവയ്ക്കാനോ അറ്റകുറ്റപ്പണി നടത്താനോ സാധിക്കുന്നില്ല. എന്നാല്‍, തീരദേശം ഇത്തരം പ്രശ്നം അഭിമുഖീകരിക്കുന്നതായി കോണ്‍ഗ്രസ് അറിഞ്ഞിട്ടില്ല.

നാണ്യവിള കര്‍ഷകരെ പൂര്‍ണമായി അവഗണിച്ചു. വിലക്കയറ്റം തടയാന്‍ പ്രായോഗിക നിര്‍ദേശങ്ങളില്ല. ഉയര്‍ന്ന വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ മിതമായ തോതില്‍ പണപ്പെരുപ്പമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പത്രിക പ്രകാശനം ചെയ്ത് നേതാക്കള്‍ പറയുന്ന സമയത്തു തന്നെയാണ് കള്ളപ്പണം പിടിച്ചെടുക്കാത്തിന് യുപിഎ സര്‍കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചത്.

എം പ്രശാന്ത് deshabhimani

No comments:

Post a Comment