Friday, March 28, 2014

യുഡിഎഫ് സ്ഥാനാര്‍ഥി ചരിത്രത്തെ വളച്ചൊടിക്കുന്നു

കൊല്ലം: കാലുമാറ്റം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ കള്ളപ്രചാരണം മുഖമുദ്രയാക്കുന്നു. മൂന്നുപതിറ്റാണ്ട് ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന അദ്ദേഹം രാജ്യംകണ്ട വലിയ അഴിമതിക്കു നേതൃത്വംകൊടുത്ത സോണിയഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പടങ്ങള്‍ക്കൊപ്പം സ്വന്തം പടംവച്ച് ഫ്ളക്സ്ബോര്‍ഡുകളും സ്ഥാപിക്കുന്നു. ഇത്രയുംകാലം നെഞ്ചേറ്റിയ മഹത്തായ ഇടതുപക്ഷ ആദര്‍ശങ്ങള്‍ പ്രേമചന്ദ്രന്‍ ബലികഴിച്ചു. പ്രേമചന്ദ്രന് ഇപ്പോള്‍ ടുജി സ്പെക്ട്രമോ കല്‍ക്കരി കുംഭകോണമോ പ്രശ്നമല്ല. പ്രതിരോധരംഗത്തെ അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും പ്രേമചന്ദ്രന് വിഷയമല്ല. കഴിഞ്ഞ ആറേഴുമാസം നിരന്തരം ഉയര്‍ത്തിയ സോളാര്‍ അഴിമതിയും അദ്ദേഹത്തിന് അഴിമതി അല്ലാതായി.

കേവലമൊരു സീറ്റിനുവേണ്ടി എല്‍ഡിഎഫിനെ തള്ളിപ്പറഞ്ഞ് യുഡിഎഫിന്റെ പിണിയാളായ പ്രേമചന്ദ്രനെ യുഡിഎഫിലേക്ക് സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് അദ്ദേഹം സ്വന്തം കുടുംബത്തിലേക്ക് മടങ്ങിവന്നു എന്നാണ്. കളങ്കിതരുടെ കൂട്ടത്തിലേക്ക് സ്വയം വലിഞ്ഞുകയറി രാഷ്ട്രീയമായി അപ്രസക്തനായി യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് കൊല്ലത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. ഈ ജാള്യം മറയ്ക്കുന്നതിനാണ് പച്ചക്കള്ളം നിരന്തരം അദ്ദേഹം എഴുന്നള്ളിക്കുന്നത്.

2004ല്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കിയ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാഷ്ട്രീയ കാലുമാറ്റത്തിനെതിരെ അഭിപ്രായംപറയാന്‍ അര്‍ഹതയില്ലെന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. ചരിത്രസത്യത്തെ നഗ്നമായി വ്യഭിചരിക്കുന്നതാണിത്. 1998 മുതല്‍ 2004 വരെ ആറുവര്‍ഷം തുടര്‍ന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം കേന്ദ്രത്തില്‍നിന്നു തൂത്തെറിയുന്നതിനാണ് 2004ല്‍ കോണ്‍ഗ്രസിനെ ഇടതുപക്ഷം പിന്തുണച്ചത്. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം മുന്നോട്ടുവച്ച ഉപാധികള്‍ അവര്‍ അതേപടി അംഗീകരിച്ചു. അതിന്റെ ഫലമായി രൂപംകൊണ്ടതാണ് ഐക്യപുരോഗമനസഖ്യം അഥവാ യുണൈറ്റഡ് പ്രോഗ്രസീവ് അലൈന്‍സ് എന്ന യുപിഎ. 2004ലെ തെരഞ്ഞെടുപ്പുഘട്ടത്തില്‍ തങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍വച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസിനോട് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഈ പ്രക്രിയയുടെ ഫലമായിരുന്നു ഒന്നാം യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച പൊതുമിനിമം പരിപാടി അഥവാ സിഎംപി. ഇതിന്റെ പിന്‍ബലത്തിലാണ് നാലുവര്‍ഷത്തിലേറെ ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചത്. പിന്നീട് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവക്കരാറിന്റെ പേരില്‍ 2008 മധ്യത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ഈ നടപടി പ്രേമചന്ദ്രന്റെ പാര്‍ടിയായ ആര്‍എസ്പിയുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു. കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ച ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു അന്ന് ആര്‍എസ്പി. അതിന്റെ നേതാവു കൂടിയായിരുന്ന പ്രേമചന്ദ്രന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമായപ്പോള്‍ താന്‍കൂടി ഭാഗഭാക്കായ പഴയ ചരിത്രത്തെ പൂര്‍ണമായി നിരാകരിക്കുന്നു.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു സഖ്യത്തിനായി സിപിഐ എമ്മും മറ്റും ഓടിനടക്കുന്നു എന്നാണ്. ഇതും സമീപകാലചരിത്രത്തെ നിഷേധിക്കലാണ്. 2013 ഒക്ടോബര്‍ 30നു വര്‍ഗീയതയ്ക്കെതിരെ ഡല്‍ഹിയില്‍ നടന്ന കണ്‍വന്‍ഷന്‍ പ്രേമചന്ദ്രന്‍ മറന്നു. ആര്‍എസ്പി ഉള്‍പ്പെടെ നാല് ഇടതുപക്ഷ പാര്‍ടികളും 11 മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളും അന്നത്തെ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഇടതുപക്ഷം തെരഞ്ഞെടുപ്പു സഖ്യത്തില്‍ ഏര്‍പ്പെടുന്നത്. ഇതാകട്ടെ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ മൂന്നാം ജനകീയബദലിന്റെ ഭാഗവുമാണ്. ഈ ബദലിന് ബംഗാളിലും മറ്റും സുപ്രധാന പങ്കാണ് ആര്‍എസ്പി വഹിക്കുന്നത്. അതിന്റെ കേരള ഘടകമാകട്ടെ എ എ അസീസിന്റെയും പ്രേമചന്ദ്രന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തി. കോണ്‍ഗ്രസ് ആകട്ടെ കേന്ദ്രത്തിലും കേരളത്തിലും അഴിമതിക്കു നേതൃത്വംനല്‍കി നാടിനെ തകര്‍ക്കുന്നവരും പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരുമാണ്. ഇവര്‍ക്കൊപ്പം ചേര്‍ന്നു മുഖം വികൃതമായ പ്രേമചന്ദ്രന്‍ ചരിത്രത്തെയും വികൃതമാക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയമായ ആയുധങ്ങള്‍ നഷ്ടപ്പെട്ട്, ആദര്‍ശം ഇല്ലാതായി സ്വയം നഗ്നനായി മാറിയ പ്രേമചന്ദ്രനു വോട്ടര്‍മാരെ ഭയമായിരിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ അദ്ദേഹത്തെ പേടിപ്പെടുത്തുന്നു. ഇതില്‍നിന്നു രക്ഷപ്പെടാന്‍ ചരിത്രത്തെയും സമീപകാല രാഷ്ട്രീയത്തെയും അദ്ദേഹം മലീമസമാക്കുകയാണ്. ഇതുവഴി സ്വയം തോല്‍വി സമ്മതിച്ചിരിക്കുന്നു പ്രേമചന്ദ്രന്‍. അദ്ദേഹത്തെ അകാലത്തില്‍ ചുമക്കേണ്ടിവന്ന യുഡിഎഫിന്റെ സ്ഥിതി അതിലും ദയനീയം.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment