Sunday, March 23, 2014

പാചകവാതക വിലവര്‍ധനയ്ക്കുപിന്നില്‍

1989ല്‍ ഒരു ഗ്യാസ് സിലിണ്ടറിന്റെ വില 57 രൂപയായിരുന്നു. 2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വില 279 രൂപയും. 57 രൂപയില്‍നിന്ന് 279 ലെത്താന്‍ 20 വര്‍ഷമെടുത്തു. ഇന്ന് സബ്സിഡിയില്ലാത്ത ഒരു ഗ്യാസ് സിലിണ്ടറിന്റെ വില 1300 രൂപ. അഞ്ചുവര്‍ഷത്തിനിടെ നാലിരട്ടിയുടെ വര്‍ധന. എന്തുകൊണ്ട് ഇങ്ങനെ വില വര്‍ധിച്ചു എന്നന്വേഷിക്കുമ്പോഴാണ് യുപിഎ സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ ഭീകരമുഖം വ്യക്തമാകുക. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ സ്രോതസ്സായ കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തുനിന്ന് 2009ല്‍ ഒഎന്‍ജിസി ഒരു യൂണിറ്റ് (ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) പ്രകൃതിവാതകം വിറ്റത് 1.83 ഡോളര്‍വച്ചാണ്. ഉല്‍പ്പാദനച്ചെലവ് 1.43 ഡോളറായിരുന്നു. 2009ല്‍ കെജി ബേസിനിലെ 7500 ചതുരശ്ര കിലോമീറ്റര്‍ വരുന്ന എണ്ണ പര്യവേക്ഷണമേഖല റിലയന്‍സിന് കൊടുത്തു. ലാഭം പങ്കുവയ്ക്കുമെന്നായിരുന്നു കരാര്‍. 240 കോടി ഡോളര്‍ ഖനത്തിന് ചെലവിടുമെന്നും കരാറുണ്ടാക്കി. 880 കോടി ഡോളര്‍ ചെലവായെന്ന് കണക്കുണ്ടാക്കി ലാഭം പങ്കുവയ്ക്കാനില്ലെന്ന് റിലയന്‍സ് സ്വയം തീരുമാനവുമെടുത്തു.

യൂണിറ്റിന് 2.34 ഡോളര്‍ നിരക്കില്‍ എന്‍ടിപിസിക്ക് വാതകം നല്‍കുമെന്ന കരാറും റിലയന്‍സ് വേണ്ടെന്നുവച്ചു. 80 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുമെന്ന കരാര്‍, 23 ദശലക്ഷം യൂണിറ്റായി വെട്ടിക്കുറച്ച് ലംഘിച്ചതും റിലയന്‍സുതന്നെ. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രകൃതിവാതകവില യൂണിറ്റിന് 4.2 ഡോളറാക്കി (ഇരട്ടി) കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വാതകവും എണ്ണപ്പാടവും ലാഭവും റിലയന്‍സിന്. അവസാനം 2014 ഏപ്രില്‍മുതല്‍ യൂണിറ്റിന് 8.4 ഡോളര്‍ വിലയിട്ട് പ്രകൃതിവാതകം വില്‍ക്കാന്‍ സര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്‍കി. 2009ല്‍ 1.83 ഡോളറിന് ഒഎന്‍ജിസി വിറ്റ പ്രകൃതിവാതകത്തിന് 2014ല്‍ 8.4 ഡോളര്‍. നാലുവര്‍ഷംകൊണ്ട് 4.5 മടങ്ങ് വിലക്കയറ്റം. ഗാര്‍ഹിക പാചകവാതകവില അഞ്ചുവര്‍ഷംകൊണ്ട് നാലിരട്ടിയായതിന്റെ കാരണം അന്വേഷിച്ച് വേറെ പോകേണ്ടതില്ല. ഇന്ത്യയുടെ പ്രകൃതിവാതകസമ്പത്ത് മുഴുവന്‍ റിലയന്‍സിന്. അതുവച്ച് ജനങ്ങളെ കടിച്ചുകീറാനുള്ള പരമാധികാരവും റിലയന്‍സിന്. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത്. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകകമ്പനികള്‍ക്ക് അനുമതി നല്‍കി.

ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും. ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഉല്‍പ്പാദകരെ കയറൂരിവിടുകയാണ്. രാജ്യത്ത് ആവശ്യമുള്ള വാതകത്തിന്റെ 80 ശതമാനവും നമ്മുടെ നാട്ടില്‍ത്തന്നെയുള്ളതാണെന്ന തിരിച്ചറിവില്ലാത്ത വോട്ടര്‍മാരെയാണ് കോണ്‍ഗ്രസിനും ബിജെപിക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടത്.

പെട്രോളിന് 2004ല്‍ വില 34; ഇന്ന് 76


2004 മേയില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍വില ലിറ്ററിന് 34.71 രൂപ ആയിരുന്നു. രണ്ടാം യുപിഎ അധികാരത്തിലെത്തിയ 2009 മേയില്‍ അത് 44.72 രൂപയായി. ഇന്നാകട്ടെ 76 രൂപയും. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ വില ഏതുനിമിഷവും വര്‍ധിപ്പിക്കാമെന്നായി. ഇപ്പോള്‍, ന്യായീകരണങ്ങള്‍ വേണ്ട, ആരെയും ബോധ്യപ്പെടുത്തേണ്ട; എണ്ണക്കമ്പനികള്‍ക്ക് തീരുമാനമെടുക്കാം. ഏതു തീരുമാനവും സര്‍ക്കാര്‍ അംഗീകരിക്കുന്ന അവസ്ഥ. 2010 ജൂണില്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം പെട്രോള്‍വില നാല്‍പ്പതിലേറെ തവണയാണ്് വര്‍ധിപ്പിച്ചത്. 2010 മാര്‍ച്ചില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവ വര്‍ധിപ്പിച്ച് 26,000 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് ജൂണില്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. എല്ലാം പാര്‍ലമെന്റിനെ മറികടന്ന്. ബജറ്റിലൂടെ ഏതാനും ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കുക, ബജറ്റിതര നടപടികളിലൂടെ കൊടുംകൊള്ള നടത്തുക എന്നതാണ് തുടര്‍ച്ചയായ രീതി.

കുഴപ്പങ്ങള്‍ക്ക് കാരണം സബ്സിഡിയത്രേ

പെട്രോളിയംമേഖലയ്ക്ക് നല്‍കുന്ന സബ്സിഡിയെ സംബന്ധിച്ച് വാചാലമാകുന്ന കേന്ദ്രസര്‍ക്കാര്‍ ഉപയോക്താക്കളില്‍നിന്ന് ഇടാക്കുന്ന ഭീമമായ നികുതിയെപ്പറ്റി മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നികുതിവരുമാനത്തിന്റെ നല്ലൊരുപങ്ക് പെട്രോളിയംമേഖലയില്‍നിന്നാണ്. എക്സൈസ്-കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ മാത്രമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1,04,943 കോടി രൂപയാണ് പെട്രോളിയംമേഖലയില്‍നിന്ന് പിരിച്ചെടുത്തത്. വില്‍പ്പനികുതി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചെടുത്തതാകട്ടെ 1,11,355 കോടി രൂപയും. റോയല്‍റ്റി, സെസ് ഇനങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍നിന്ന് പിരിച്ചെടുത്ത 33,974 കോടി രൂപയ്ക്കു പുറമെയാണ് ഇത്. ഇത്രയും ഭീമമായ തുക പെട്രോളിയംമേഖലയില്‍നിന്ന് നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉപയോക്താക്കല്‍ക്ക് നല്‍കുന്ന സബ്സിഡിയെ സംബന്ധിച്ച് വാചാലമാകുന്നതിന്റെ പിന്നില്‍ രാജ്യതാല്‍പ്പര്യമോ പൊതുമേഖലാ എണ്ണക്കമ്പനികളുടെ താല്‍പ്പര്യമോ അല്ല എന്ന് വ്യക്തം. പെട്രോളിയംമേഖലക്കാകെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഈ മേഖലയില്‍നിന്നുള്ള നികുതിവരുമാനത്തിന്റെ മൂന്നിലൊന്നുപോലും വരില്ലെന്നതാണ് യാഥാര്‍ഥ്യം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ ഏറ്റവും ഉയര്‍ന്ന നികുതിചുമത്തുന്ന രാജ്യമാണ് ഇന്ത്യ. 2012-13ല്‍ 43580 കോടി രൂപയാണ് പെട്രോളിയംമേഖലയിലെ ആകെ സബ്സിഡിയായി കേന്ദ്രബജറ്റില്‍ നീക്കിവച്ചത്. കോര്‍പറേറ്റുകള്‍ക്കായി 28 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഒരു മടിയും കാട്ടാത്ത കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് അട്ടിമറിക്കാന്‍ അത്യാവേശം കാട്ടുകയാണ്.

സൈബര്‍ കഥയും തലമറന്ന് "എണ്ണ" തേക്കുന്നവരും

സോഷ്യല്‍ വെബ്സൈറ്റുകളില്‍ പ്രചരിച്ച് ഏറെ ലൈക്കുകള്‍ നേടിയ ഒരു സൈബര്‍ കഥ പറയാം. ഒരു സായാഹ്നം. തന്റെ പുതിയ കാര്‍ തള്ളി ഒരാള്‍ പെട്രോള്‍ പമ്പിലെത്തിക്കുന്നു. കാറില്‍നിന്ന് ഒരു കുപ്പിയെടുത്ത് 20 രൂപയ്ക്ക് പെട്രോള്‍ ആവശ്യപ്പെടുന്നു. കാറില്‍ 20 രൂപയ്ക്ക് പെട്രോളോ എന്ന് അന്തിച്ചു നില്‍ക്കുന്ന പമ്പിലെ ജീവനക്കാരനോട് അയാള്‍ പറയുന്നു: ""ഓടിക്കാനല്ല; പെട്രോളൊഴിച്ച് കത്തിക്കാനാണ്.....!!!"" വലിയൊരു ചിരി സമ്മാനിക്കുമെങ്കിലും അതിനുള്ളില്‍ വേദനിപ്പിക്കുന്ന ഒരു തമാശയുണ്ട്; നെഞ്ച് പൊടിക്കുന്ന ഒരു യാഥാര്‍ഥ്യവും. പാചകവാതകവും ഡീസലും പെട്രോളുമൊക്കെ ജനങ്ങളുടെ നടുവൊടിക്കാനുള്ള ആയുധമായി കേന്ദ്രസര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നാണ് ഈ യാഥാര്‍ഥ്യം. അപ്പോള്‍ കാര്‍ കത്തിച്ചുകളയുകയല്ലാതെ മറ്റെന്ത് മാര്‍ഗം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ക്കുവേണ്ടി രാജ്യത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ ഒത്താശചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍. ചുരുക്കത്തില്‍ തലമറന്ന് എണ്ണതേക്കുന്നവരായി നമ്മുടെ ഭരണാധികാരികള്‍.

നഷ്ടക്കണക്കിലെ പൊള്ളത്തരം

എണ്ണക്കമ്പനികളെ നഷ്ടത്തില്‍നിന്ന് രക്ഷിക്കാനാണത്രേ കേന്ദ്രസര്‍ക്കാര്‍ വിലനിര്‍ണയാധികാരം അവര്‍ക്കു വിട്ടുകൊടുത്തത്. എണ്ണക്കമ്പനികള്‍ ഭീമമായ അണ്ടര്‍ റിക്കവറി ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നുണ്ടത്രേ. അതുവഴി എണ്ണക്കമ്പനികള്‍ക്ക് വന്‍തോതിലുള്ള നഷ്ടമുണ്ടാകുന്നു എന്നാണ് പ്രചാരണം. കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന അണ്ടര്‍ റിക്കവറി ബാധ്യതയും യഥാര്‍ഥ നഷ്ടവും തമ്മില്‍ ബന്ധമില്ല. രാജ്യത്തെ എണ്ണക്കമ്പനികളൊന്നും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ തയ്യാറാക്കിയ കണക്കു പ്രകാരം 2012-13ല്‍ രാജ്യത്തെ എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി 1,61,029 കോടി രൂപയാണ്. എന്നാല്‍, 2012-13ല്‍ കേന്ദ്രസര്‍ക്കാര്‍ കണക്കു പ്രകാരം ഒഎന്‍ജിസിയുടെ ലാഭം 20,926 കോടിയാണ്. ഐഒസിയുടെ ലാഭം (2011-12ലെ) 3954.62 കോടിയില്‍നിന്ന് 2012-13ല്‍ 5005.17 കോടിയായി വര്‍ധിച്ചു. ബിപിസിഎല്ലിന്റെ ലാഭം 1311.27 കോടിയില്‍നിന്ന് 2642.9 കോടിയായും വര്‍ധിച്ചു. ഓയില്‍ ഇന്ത്യ, സിപിസിഎല്‍, എആര്‍പിഎല്‍ തുടങ്ങി എല്ലാ എണ്ണക്കമ്പനികളും വന്‍ ലാഭമുണ്ടാക്കുന്നവയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്ക് വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഡിവിഡന്റും നികുതിയുമുള്‍പ്പെടെ നല്‍കിയതിനുശേഷമുള്ള എണ്ണക്കമ്പനികളുടെ അറ്റാദായമാണ് ഇത്. വസ്തുത ഇതായിരിക്കെ എണ്ണക്കമ്പനികളെല്ലാം വന്‍ നഷ്ടത്തിലാണെന്ന (അണ്ടര്‍ റിക്കവറി ബാധ്യത) പെരുംനുണ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തമാണ്.

അണ്ടര്‍ റിക്കവറി എന്ന വില്ലന്‍

ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളല്ല ക്രൂഡ് ഓയില്‍ (അസംസ്കൃത എണ്ണ) ആണ് ഇറക്കുമതിചെയ്യുന്നത്. ക്രൂഡ് ഓയില്‍ എണ്ണക്കമ്പനികളുടെ റിഫൈനറികളില്‍ സംസ്കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്തുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര കമ്പോളത്തിലേതിനേക്കാള്‍ വളരെ ചുരുങ്ങിയ ഉല്‍പ്പാദനച്ചെലവാണ് ഇന്ത്യയില്‍. തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ ഇവിടെ താരതമ്യേന കുറവാണ്. അസംസ്കൃത പദാര്‍ഥങ്ങളുടെ വിലയും ഉല്‍പ്പാദനച്ചെലവും ലാഭവും കണക്കാക്കി വില നിര്‍ണയിക്കുന്നതിനു പകരം അന്താരാഷ്ട്ര വില നോക്കിയാണ് ഇവിടെ വില നിശ്ചയിക്കുന്നത്. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തം. ഈ വിധം ഊതിവീര്‍പ്പിച്ച വിലയാണ് 2010 ജൂണില്‍ വിലനിയന്ത്രണം ഒഴിവാക്കിയതോടെ എണ്ണക്കമ്പനികള്‍ പെട്രോളിന് ഈടാക്കുന്നത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും ഈ വിധമാണ് നിര്‍ണയിക്കുന്നതെങ്കിലും വിലനിയന്ത്രണം നിലവിലുള്ളതിനാല്‍ ഉയര്‍ന്നവില ഈടാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല. അത്തരത്തില്‍ ഈടാക്കാന്‍ സാധിക്കാതെ വരുന്ന അധിക തുകയാണ് യഥാര്‍ഥത്തില്‍ അണ്ടര്‍ റിക്കവറി ബാധ്യത. ഇത് യഥാര്‍ഥ നഷ്ടമല്ല. ഭീമമായ ഈ അണ്ടര്‍ റിക്കവറി സംഖ്യ ഈടാക്കാതെതന്നെ എണ്ണക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നതിലൂടെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പ്രചരിപ്പിക്കുന്ന അനുമാന നഷ്ടത്തിന്റെ കണക്ക് പൊള്ളയാണെന്ന് വ്യക്തമാകും.

No comments:

Post a Comment