Wednesday, March 26, 2014

സര്‍ക്കാര്‍ കൈവിട്ടു; കേരള മാതൃക ഓര്‍മ

കേരളത്തിലെ പൊതുവിദ്യാഭ്യാസം പാടേ തകര്‍ന്നു. സമാന്തര വിദ്യാഭ്യാസലോബിക്ക് ഒത്താശചെയ്യുന്ന ഭരണാധികാരികള്‍ പൊതുവിദ്യാഭ്യാസമേഖലയെ അനാഥമാക്കിയതാണ് തകര്‍ച്ചയ്ക്കു കാരണം. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരും കേരളം നേടിയ സാമൂഹികനേട്ടങ്ങളില്‍ അഭിമാനിക്കുന്നവരും ആശങ്കയോടെയാണ് ഈ സാഹചര്യത്തെ കാണുന്നത്. കേരള രൂപീകരണംതൊട്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മേഖല ശക്തിപ്പെടുത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പാടെ അട്ടിമറിച്ചു. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറവില്‍ അനധികൃത വിദ്യാലയങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇടത്തരക്കാരുടെ ദൗര്‍ബല്യം മുതലെടുത്ത് വന്‍ ഫീസുവാങ്ങി നടത്തുന്ന വിദ്യാഭ്യാസക്കച്ചവടസ്ഥാപനങ്ങള്‍ വ്യാപകമാകുന്നതോടെ സാധാരണക്കാരന്റെ കുട്ടികള്‍ പുറന്തള്ളപ്പെടും.

വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ മുന്നേറ്റത്തിന് ഇത് തിരിച്ചടിയാകും. വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തില്‍ കേരളം പതിനാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് ഏറ്റവും അവസാനം പുറത്തുവന്ന 2012-13ലെ ചഡഋജഅ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2007ല്‍ മൂന്നാം സ്ഥാനത്തായിരുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. വിദ്യാഭ്യാസ വികസന സൂചികയില്‍ (ഋഉക) 2011-12ല്‍ ഏഴാം സ്ഥാനത്തായിരുന്ന കേരളം 2012-13ല്‍ 14-ാം സ്ഥാനത്തായി. പ്രൈമറി വിദ്യാഭ്യാസത്തില്‍ 2011-12ല്‍ ആറാം സ്ഥാനത്തായിരുന്നെങ്കില്‍ 2012-13ല്‍ ഇരുപതാം സ്ഥാനത്താണ്. മൂന്നുവര്‍ഷത്തെ സര്‍ക്കാര്‍നയങ്ങളുടെ വൈകല്യമാണ് ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത്. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ഉണര്‍വുണ്ടാക്കാനുതകുന്ന എസ്എസ്എ, ആര്‍എംഎസ്എ തുടങ്ങിയ കേന്ദ്രാവിഷ്കൃതപദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കാത്തതാണ് ഇതിനു കാരണമായത്. പദ്ധതികള്‍ക്ക് അനുവദിച്ച കോടിക്കണക്കിനു രൂപ പാഴാക്കി. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പലതും വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളം കൈവരിച്ച നേട്ടങ്ങളായിരുന്നു. ഇത് മാറ്റി കേരളത്തിന് അനുയോജ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. ആറു വയസ്സിനു താഴെയും 14 വയസ്സിനു മുകളിലുള്ളവരുടെയും വിദ്യാഭ്യാസവിഷയത്തില്‍ നിയമം മൗനംപാലിക്കുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച 2007ലെ കേരള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വലിയ ഉണര്‍വാണ് പൊതുവിദ്യാഭ്യാസമേഖലയ്ക്ക് സമ്മാനിച്ചത്. ഭാഷ, ഗണിതം തുടങ്ങിയ വിഷയങ്ങളുടെ പഠനത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരേക്കാള്‍ മികവ് പുലര്‍ത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാലയശാക്തീകരണത്തിനും അധ്യാപകശാക്തീകരണത്തിനും ആവിഷ്കരിച്ച പദ്ധതികളാണ് ഈ നേട്ടത്തിനു കാരണമായത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. അധ്യാപകരുടെ അവധിക്കാല പരിശീലനവും ക്ലസ്റ്റര്‍തല പരിശീലനവും ഉപേക്ഷിച്ചു. വിദ്യാലയ മോണിറ്ററിങ് ഫലപ്രദമായും കാര്യക്ഷമമായും നടന്നില്ല. പാഠ്യപദ്ധതി നിര്‍വഹണം മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ താറുമാറാക്കിയവര്‍ മൂല്യനിര്‍ണയരീതിയും പ്രഹസനമാക്കി. പരീക്ഷാ നടത്തിപ്പുപോലും സൂക്ഷ്മതയോടെ കൈകാര്യംചെയ്തില്ല.

പാഠപുസ്തകം ലഭിക്കാതെ കുട്ടികള്‍ ഇക്കുറി പരീക്ഷയെഴുതേണ്ടിവന്നു. പൊതുവിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ ബോധപൂര്‍വം അനാഥമാക്കുകയായിരുന്നു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, എഇഒ, ഡിഇഒ, ഡിപിഐ, പൊതുവിദ്യാഭ്യാസസെക്രട്ടറി തുടങ്ങി സുപ്രധാന സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടന്നു. അര്‍ഹതയുള്ളവര്‍ ഉണ്ടായിട്ടും സ്വന്തക്കാരെയും അനര്‍ഹരെയും തിരുകിക്കയറ്റാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നതും സര്‍ക്കാരിന്റെ ഈ മനോഭാവം വെളിപ്പെടുത്തുന്നു. ഭരണച്ചെലവ് കുറയ്ക്കാന്‍ വിദ്യാഭ്യാസമേഖലയില്‍നിന്ന് പതിയെ പിന്‍വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമം.

വിദ്യാഭ്യാസമേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കാനാണ് തീരുമാനം. വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവയ്ക്കുന്ന ഫണ്ടില്‍ ഓരോ വര്‍ഷവും കുറവ് വരുത്തുന്നത് ഇതിന്റെ ഭാഗമാണ്. എയ്ഡഡ് സ്കൂളുകളില്‍ കോഴക്കച്ചവടം ലക്ഷ്യമാക്കി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചപ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ അനുപാതം പഴയ രീതി തുടരുകയാണ്. ഹയര്‍സെക്കന്‍ഡറിയുള്‍പ്പെടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതികസൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്തതും ഇതിന്റെ തുടര്‍ച്ചയായി കാണാം. ഹയര്‍സെക്കന്‍ഡറിതലംവരെ കേരളത്തില്‍ നിലനില്‍ക്കുന്ന സൗജന്യവിദ്യാഭ്യാസം പതുക്കെ അവസാനിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സ്വയംഭരണകോളേജുകള്‍ കച്ചവടത്തിന്റെ പുതിയപാത

തൃശൂര്‍: അടുത്ത അധ്യയനവര്‍ഷം സ്വയംഭരണകോളേജുകള്‍ വരുന്നതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കച്ചവടവല്‍ക്കരണത്തിന്റെ പുതിയ പാത തുറക്കും. സര്‍വകലാശാലകളെ നോക്കുകുത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തിനുതന്നെ കത്തിവയ്ക്കുന്ന തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മാനേജ്മെന്റ് പ്രീണനം. അക്കാദമിക് തലങ്ങളിലുയര്‍ന്ന കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് സ്വയംഭരണകോളേജ് ഓര്‍ഡിനന്‍സ് ഇറക്കുന്നത് സര്‍ക്കാര്‍ തല്‍ക്കാലികമായി മാറ്റിവച്ചിരിക്കയാണെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടിയന്തര നടപടികളിലേക്ക് കടക്കും. കേരളത്തിലെ ഏറ്റവും പ്രശസ്തമായ 13 കോളേജിനാണ് ആദ്യഘട്ടത്തില്‍ സ്വയംഭരണപദവി നല്‍കുക. മൂന്നു സര്‍ക്കാര്‍ കോളേജിനും പത്ത് എയ്ഡഡ് കോളേജിനുമാണ് സ്വയംഭരണപദവി നല്‍കുന്നത്. പിന്നീട് മറ്റു കോളേജുകള്‍ക്കും ബാധകമാകും. സര്‍വകലാശാലകളില്‍നിന്ന് ബന്ധം വിച്ഛേദിക്കപ്പെടുന്ന സ്വയംഭരണകോളേജുകളില്‍ ജനാധിപത്യ അവകാശങ്ങളും അംഗീകൃത പ്രവേശനരീതികളും സിലബസും പരീക്ഷാനടത്തിപ്പുമെല്ലാം ഇല്ലാതാകും. സര്‍വകലാശാലാ സെനറ്റ്, സിന്‍ഡിക്കറ്റ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയവയെല്ലാം സ്വയംഭരണകോളേജുകള്‍ക്ക് അപ്രസക്തമാകും. അധ്യാപകരെയും ജീവനക്കാരെയും സ്വയംഭരണകോളേജുകളുടെ താല്‍പ്പര്യപ്രകാരം നിയമിക്കാം. പരീക്ഷകള്‍ മാനേജ്മെന്റ് താല്‍പ്പര്യപ്രകാരം നടത്തുന്നതോടെ അവയുടെ വിശ്വാസ്യതയും ഇല്ലാതാകും. മെറിറ്റും സംവരണവും മറികടന്ന് കോഴ വാങ്ങി പ്രവേശനവും നിയമനവും നടത്തി വിദ്യാഭ്യാസക്കച്ചവടത്തിനുള്ള വഴിയാണ് ഇതുവഴി സൃഷ്ടിക്കുന്നത്.

വി എം രാധാകൃഷ്ണന്‍

അധ്യയനവര്‍ഷം കഴിഞ്ഞിട്ടും യൂണിഫോം എത്തിയില്ല

തൃശൂര്‍: വിദ്യാഭ്യാസവര്‍ഷം തീര്‍ന്നിട്ടും യൂണിഫോം എങ്ങനെ കുട്ടികള്‍ക്ക് നല്‍കാതിരിക്കാമെന്ന ചിന്തയിലാണ് വിദ്യാഭ്യാസവകുപ്പ്. ആ വകയില്‍ എന്ത് കമീഷന്‍ കിട്ടുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട് കൂട്ടത്തില്‍. എല്‍ഡിഎഫ്് സര്‍ക്കാരാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോമെന്ന ആശയം കൊണ്ടുവന്നത്. ഇതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി നേടി. കുട്ടിക്ക് 400 രൂപ പ്രകാരം എസ്എസ്എ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ചേര്‍ത്ത് 165 കോടി രൂപയും വകയിരുത്തി. പിടിഎ കമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പാക്കി ക്വട്ടേഷനിലൂടെ ഓപ്പണ്‍മാര്‍ക്കറ്റില്‍നിന്ന് തുണിവാങ്ങാനായിരുന്നു നിര്‍ദേശം. ഓരോ സ്കൂളിനും ഇഷ്ടകളറില്‍ തുണിവാങ്ങാം. ഭരണം മാറിയെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതിയിലേക്ക് എയ്ഡഡ് സ്കൂളുകളെ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേകളര്‍ യൂണിഫോമാക്കി. മഫത്ത്ലാല്‍, സുസുക്കി തുടങ്ങി 11 ബഹുരാഷ്ട്രകുത്തകകള്‍ക്കാണ് ആദ്യ പരിഗണന നല്‍കിയത്. പരാതി ഉയര്‍ന്നതോടെ നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷനെയും പങ്കാളിയാക്കി. പിന്നീട് ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയില്ലെന്നു പറഞ്ഞ് എന്‍ടിസിയെ തള്ളി. പദ്ധതി മുടങ്ങുമെന്നായപ്പോള്‍ കമ്പനികള്‍ക്ക് വിതരണത്തിന് മേഖല തിരിച്ചുനല്‍കി. വേണമെങ്കില്‍ ഓപ്പണ്‍മാര്‍ക്കറ്റില്‍നിന്ന് തുണിവാങ്ങാനും നിര്‍ദേശിച്ചു. കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രാലയം നിര്‍ദേശിക്കുന്ന ലാബില്‍നിന്ന് സ്കൂളുകള്‍ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ഇതിനിടെ കമ്പനികള്‍ ഓര്‍ഡര്‍ സ്വീകരിച്ചെങ്കിലും സമയത്ത് തുണിയെത്തിച്ചില്ല. അതിനിടെ, സംസ്ഥാനത്തെ 90 ശതമാനം കുട്ടികള്‍ക്കും യൂണിഫോം നല്‍കാതെ അധ്യയനവര്‍ഷം അവസാനിച്ചു.

പരീക്ഷയ്ക്കും പുസ്തകമില്ല; ഉച്ചക്കഞ്ഞിയും മുട്ടിച്ചു

തൃശൂര്‍: സ്കൂളുകളിലെ പാഠപുസ്തകവിതരണവും ഉച്ചക്കഞ്ഞി വിതരണവും യുഡിഎഫ് സര്‍ക്കാര്‍ അവതാളത്തിലാക്കി. അധ്യയനവര്‍ഷത്തിന്റെ ആദ്യ ആഴ്ചകളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പഠനം സുഗമമാക്കിയിരുന്നു. തപാലില്‍ പുസ്തകമെത്തിച്ച് സ്കൂള്‍ സൊസൈറ്റി വഴിയായിരുന്നു വിതരണം. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷംതൊട്ട് ഇത് താളംതെറ്റി. അടുത്ത അധ്യയനവര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ പാഠപുസ്തകം മാറുകയാണ്. ഇവ അച്ചടിച്ച് വിതരണംചെയ്യുമ്പോഴേക്കും അധ്യയനവര്‍ഷം തീരും. സമഗ്ര പോഷകാഹാര പരിപാടിയായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി നടപ്പാക്കിയത്. അരിയും പയറും മാവേലിസ്റ്റോറില്‍നിന്നും പാല്‍ മില്‍മയില്‍നിന്നും മുട്ട ഹോര്‍ട്ടികോര്‍പ്പില്‍നിന്നും ലഭ്യമാക്കി. പച്ചക്കറിക്കുള്ള തുകയും പാചകക്കൂലിയും ഫണ്ടായി നല്‍കി. ഇത് യുഡിഎഫ് അട്ടിമറിച്ചതോടെ ഉച്ചക്കഞ്ഞിവിതരണം പേരിനായി. അരി മാവേലിസ്റ്റോറില്‍നിന്ന് ലഭിക്കുമെങ്കിലും പച്ചക്കറി, പയര്‍, പാല്‍, മുട്ട, വിറക് എന്നിവ വാങ്ങേണ്ടത് സര്‍ക്കാര്‍ ഫണ്ടില്‍നിന്നാണ്. പൊള്ളുന്ന വിലക്കയറ്റം പ്രശ്നം രൂക്ഷമാക്കി. അധ്യാപക സംഘടനകളും പിടിഎകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫണ്ട് കൂട്ടിയില്ല. സാധനങ്ങള്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചു. ആഴ്ചയില്‍ നല്‍കുന്ന പാലും മുട്ടയും ഉപേക്ഷിച്ച് ആ തുക ഉച്ചക്കഞ്ഞിയിലേക്ക് വകയിരുത്തുകയാണ് പല സ്കൂളുകളും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കെട്ടിക്കിടക്കുമ്പോഴും തുക വര്‍ധിപ്പിക്കതെ ഫണ്ട് വകമാറ്റി കമീഷന്‍ അടിച്ചെടുക്കാനാണ് നീക്കം.

വികസനം ഇഷ്ടക്കാര്‍ക്ക് ന്യൂനപക്ഷക്ഷേമം പാളി

മലപ്പുറം: പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിക്കുന്നു. മുസ്ലിം ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തുടക്കമിട്ട പദ്ധതികളാണ് സമ്പന്നവര്‍ഗത്തിന്റെ താത്പര്യാര്‍ഥം യുഡിഎഫ് സര്‍ക്കാര്‍ അവതാളത്തിലാക്കുന്നത്. മദ്രസ അധ്യാപക ക്ഷേമനിധിയും അലിഗഡ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററും ലക്ഷ്യം കണ്ടില്ല. മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും സ്റ്റൈപെന്‍ഡും കൃത്യമായി നല്‍കുന്നതും മുടങ്ങി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന പദ്ധതി കോഴപിരിക്കുന്നതിനായി വിനിയോഗിച്ചു. ഇത് വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കും.

ഉന്നത വിദ്യാഭ്യാസരംഗത്ത് അവസര സമത്വമുണ്ടാക്കാന്‍ ആരംഭിച്ച മത്സര പരീക്ഷാ പരിശീലനവും ലക്ഷ്യം കൈവരിച്ചില്ല. എല്‍ഡിഎഫ് ഭരണകാലത്തുതന്നെ കോഴിക്കോട്, പയ്യന്നൂര്‍, എറണാകുളം തുടങ്ങിയ സെന്ററുകള്‍ ആരംഭിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും പരിശീലന നിലവാരം താഴ്ന്നെന്നാണ് വിമര്‍ശം. സെന്റര്‍ ചുമതലക്കാരെയും പരിശീലകരെയും രാഷ്ട്രീയ പരിഗണനയില്‍ നിയമിച്ചതാണ് വിനയായത്. ഉന്നത തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങള്‍ നോക്കി പരിശീലനം നടക്കുന്നില്ല. പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ്-ക്ലര്‍ക്ക് പരീക്ഷക്കുള്ള പരിശീലനം മാത്രമാണ് മിക്ക സെന്ററുകളും നല്‍കുന്നത്. ജോലിലഭിക്കുന്ന മത്സരാര്‍ഥികളുടെ എണ്ണവും ഇടിഞ്ഞു.

സമുദായത്തിലെ പ്രമാണിമാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് മദ്രസ അധ്യാപക ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും അട്ടിമറിച്ചത്. 10 കോടി രൂപ കരുതല്‍ ധനം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയില്‍ 500 മുതല്‍ 5200 രൂപ വരെ ് പെന്‍ഷന്‍ ഉറപ്പാക്കിയിരുന്നു. തൊഴിലുടമയുടെ വിഹിതം അടയ്ക്കുന്നതിനെതിരെ ചില മദ്രസാ മാനേജ്മെന്റുകള്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പകരം പ്രഖ്യാപിച്ച പദ്ധതിയാകട്ടെ നടപ്പായതുമില്ല. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 2007ല്‍ കോഴിക്കോട്ട് സിപിഐ എം സംഘടിപ്പിച്ച സെമിനാറിലെ നിര്‍ദേശങ്ങളാണ് സംസ്ഥാനത്ത് പാലോളി കമ്മിറ്റി രൂപീകരണത്തിന് ഇടയാക്കിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്താണ് മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമീഷന്‍ രൂപീകരിച്ചത്. സച്ചാര്‍ റിപ്പോര്‍ട്ടില്‍ ആ വര്‍ഷംതന്നെ നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി കേരളത്തിലുടനീളം പര്യടനംനടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹണ നടപടി ആരംഭിക്കുകയുംചെയ്തു.

deshabhimani

No comments:

Post a Comment