Saturday, March 22, 2014

ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ അന്തരിച്ചു

കോലഞ്ചേരി: ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും ലോക ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ (81) അന്തരിച്ചു. ജര്‍മനിയിലെ ബര്‍ലിന്‍ ആശുപത്രിയില്‍ ഇന്ത്യന്‍സമയം വെള്ളിയാഴ്ച പകല്‍ മൂന്നോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം മാര്‍ച്ച് 30ന് ദമാസ്കസില്‍ നടക്കും.

മാര്‍ച്ച് 27ന് ലബനിലേക്കു കൊണ്ടുപോകുന്ന മൃതദേഹം 29ന് ദമാസ്കസില്‍ എത്തിക്കും. കേരളത്തിലെ യാക്കോബായ സഭയുടെ പരമാധ്യക്ഷനാണ്. പാത്രിയര്‍ക്കീസ് ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് യാക്കോബായസഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 24ന് അവധി പ്രഖ്യാപിച്ചു.

സിറിയയിലെ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി സഭാ ആസ്ഥാനമായ ദമാസ്കസ് വിട്ട് ലബനിലും ജര്‍മനിയിലുമായിരുന്നു. ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ 122-ാമത്തെ പാത്രിയര്‍ക്കീസായ ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം സഭയെ നയിച്ചത്. ഇറാഖിലെ മൂസല്‍ പട്ടണത്തില്‍ 1933 ഏപ്രില്‍ 21നായിരുന്നു ബാവയുടെ ജനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂസലിലെ മാര്‍ അപ്രേം സെമിനാരിയില്‍ വൈദികവിദ്യാഭ്യാസത്തിന് ചേര്‍ന്നു. ഈ കാലത്താണ് സാഖാ എന്ന പേരു സ്വീകരിച്ചത്. 1948 നവംബര്‍ 28ന് മോര്‍ അത്താനാസിയോസ് തോമസ് കസീര്‍ മെത്രാപോലീത്തയില്‍നിന്ന് കോറൂയോ സ്ഥാനവും 1963 ഏപ്രില്‍ 15ന് റമ്പാന്‍സ്ഥാനവും ലഭിച്ചു. 1963 നവംബര്‍ 17ന് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ, മൂസല്‍ ഭദ്രാസനത്തിനുവേണ്ടി മോര്‍ സേവേറിയോസ് എന്ന പേരില്‍ മെത്രാപോലീത്തയായി വാഴിച്ചു.

1964 മേയ് 16 മുതല്‍ ജൂണ്‍ 23 വരെ തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയോടൊപ്പം കേരളസന്ദര്‍ശനം നടത്തി. ഈ സന്ദര്‍ശനവേളയില്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തില്‍ സഹകാര്‍മികത്വം വഹിച്ചു. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പിന്‍ഗാമിയായി 1980 സെപ്തംബര്‍ 14നാണ് ഇദ്ദേഹത്തെ പാത്രിയാര്‍ക്കീസ് ബാവയായി തെരഞ്ഞെടുത്തത്. 1982, 2000, 2004 വര്‍ഷങ്ങളില്‍ കേരളം സന്ദര്‍ശിച്ച ഇദ്ദേഹം 2008ലാണ് ഒടുവില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളസന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കി. യാക്കോബായ സഭയുടെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ വാഴിച്ചതും ഇദ്ദേഹമാണ്. ഇദ്ദേഹം 51 മെത്രാപോലീത്തമാരെ വാഴിച്ചതില്‍ 22 പേരും മലങ്കരസഭക്കാരാണ്. 1988 മുതല്‍ ലോക ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണ്. യാക്കോബായ സഭ 30 ദിവസത്തെ ദുഃഖാചരണം നടത്തും. സഭയുടെ എല്ലാ ദേവാലയങ്ങളിലും ബാവയ്ക്കായി പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും ദുഃഖസൂചകമായി കറുത്ത പതാക ഉയര്‍ത്തണമെന്നും കാതോലിക്ക ബാവ അറിയിച്ചു. സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവിനെയാണ് ബാവയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും കാതോലിക്ക ബാവ അനുസ്മരിച്ചു

മതവിശ്വാസിക്ക് കമ്യൂണിസ്റ്റാകാന്‍ തടസ്സമില്ലെന്നു പ്രഖ്യാപിച്ച ഇടയന്‍

കൊച്ചി: മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മഹാ ഇടയനാണ് വെള്ളിയാഴച അന്തരിച്ച ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ. 2008 ഒക്ടോബറില്‍ കേരളസന്ദര്‍ശനത്തിനിടെ കൊച്ചിയില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പൗരോഹിത്യ സുവര്‍ണജൂബിലിയുടെ സമാപന സമ്മേളനത്തിലാണ് പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തി സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ ഈ പ്രഖ്യാപനം നടത്തിയത്. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മടികാണിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും സന്നിഹിതരായ വേദിയിലായിരുന്നു തന്റെ നിലപാടു വ്യക്തമാക്കിയത്. സമൂഹത്തില്‍ നീതി നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തോട് എന്നും അടുപ്പം സൂക്ഷിച്ച പാത്രിയര്‍ക്കീസ് ബാവ നാലുതവണ കേരളം സന്ദര്‍ശിച്ചു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പൗരോഹിത്യ സുവര്‍ണജൂബിലിയുടെ സമാപന സമ്മേളനത്തിലും പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുത്തന്‍കുരിശിലെ യാക്കോബായസഭാ ആസ്ഥാനത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. "മൂലധ"ത്തിന്റെ ഒരു പ്രതിയാണ് പിണറായി അദ്ദേഹത്തിന് ഉപഹാരമായി നല്‍കിയത്. യാക്കോബായസഭയുടെ ചരിത്രവും പാത്രിയര്‍ക്കീസ് ബാവയുടെ ജീവചരിത്രവും അടങ്ങുന്ന ഫെസ്റ്റ് ക്രൈസ്റ്റ് എന്ന പുസ്തകവും മറ്റൊരു ഉപഹാരവും ബാവ പിണറായിക്കുംനല്‍കി.

സ്നേഹത്തിന്റെയും നീതിയുടെയും പ്രവാചകന്‍

ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ജര്‍മനിയില്‍ കാലം ചെയ്ത വാര്‍ത്ത തീവ്രമായ വേദനയോടും വലിയ നഷ്ടബോധത്തോടും കൂടെയാണ് മലങ്കരസഭ ശ്രവിച്ചത്. പാത്രിയര്‍ക്കീസായി 34 വര്‍ഷം പ്രശോഭിച്ച ഇടയന്മാരുടെ ഇടയശ്രേഷ്ഠന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ വികസനത്തിന്റെയും വളര്‍ച്ചയുടെയും ശില്‍പിയാണ്. സഭയെ ആധുനികവല്‍ക്കരിക്കാന്‍ സമഗ്ര സംഭാവനകള്‍ ബാവാ ചെയ്തു. അറബിഭാഷ, സാഹിത്യം ക്രിസ്തീയ ദൈവശാസ്ത്രം,തത്വചിന്ത തുടങ്ങിയ മേഖലകളില്‍ വിദേശ സര്‍വകലാശാലകളുടെ ഉള്‍പ്പെടെ നിരവധി ഡോക്ടറേറ്റുകള്‍ സമ്പാദിച്ച അദ്ദേഹം ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ബിഷപ്പുമാരെയും വൈദികരെയും വാര്‍ത്തെടുത്തു.

ബാവ എപ്പോഴും നീതിയുടെയും സ്നേഹത്തിന്റെയും കരുണയുടെയും പക്ഷത്തായിരുന്നു. മലങ്കരയില്‍ 2004ല്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തിയപ്പോള്‍ ബാവായുടെ കേരളത്തിലെ പ്രസംഗങ്ങള്‍ തയ്യാറാക്കാന്‍ ഒരുമിച്ചു പങ്കിട്ട നിമിഷങ്ങളും പിന്നീട് ബിഷപ്പായി ബാവയെ സന്ദര്‍ശിച്ച ഓരോ അവസരങ്ങളും ഈ സ്നേഹകരുതലുകള്‍ ഞാന്‍ ആവോളം ആസ്വദിച്ച നിമിഷങ്ങളായിരുന്നു. ബാവായുടെ പാവപ്പെട്ടവരോടുള്ള കരുതല്‍ ആരെയും ആഴത്തില്‍ സ്പര്‍ശിക്കും. സിറിയയിലെ ആഭ്യന്തരകലാപത്തില്‍ വീടും നാടും നഷ്ടപ്പെട്ടവര്‍ക്കായി പിതാവ് നടത്തിയ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. സാമ്രാജ്യത്വത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ശക്തികള്‍ക്കെതിരെ കര്‍ശന നിലപാടുകളെടുത്ത പിതാവിനെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. തന്റെ സ്വദേശമായ ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായ ഭാഷയിലാണ് ബാവാ അപലപിച്ചത്.

എക്യുമിനിസത്തിന്റെ ശക്തനായ പ്രവാചകനായിരുന്നു ബാവാ. അഖില ലോകസഭാ കൗണ്‍സിലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ബാവാ ആഗോളസഭയില്‍ ഐക്യത്തിന്റെ വലിയ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ നിരീക്ഷകനായിപങ്കെടുത്തു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായി 2001ല്‍ ദമാസ്കസില്‍ നടത്തിയ കൂടിക്കാഴ്ചയും ലോകശ്രദ്ധനേടി. റോമന്‍ കത്തോലിക്കാസഭയും സുറിയാനിസഭയും തമ്മില്‍ നടന്ന ഐക്യചര്‍ച്ചകളും അതുവഴി ഉരുത്തിരിഞ്ഞ സംയുക്ത കമ്യൂണിക്കെയും ഈ ഐക്യപ്രതിബദ്ധതയുടെ സാക്ഷ്യപത്രങ്ങളാണ്. മലങ്കരസഭയിലെ വിഘടനവാദവും തര്‍ക്കവ്യവഹാരങ്ങളും പിതാവിനെ വല്ലാതെ അലട്ടിയിരുന്നു. ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥാനത്യാഗം ചെയ്യാന്‍പോലും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് അയച്ച ഇടയലേഖനവും മലങ്കരസഭയില്‍ ശാശ്വതസമാധാനം ഉണ്ടായിക്കാണാന്‍ പിതാവ് എത്രമാത്രം ആഗ്രഹിച്ചു എന്നതിന്റെ തെളിവാണ്. വിശാലമാനവികതയുടെയും ഈശ്വരീയതയുടെയും ആള്‍രൂപത്തെയാണ് നഷ്ടപ്പെട്ടത്. സൂര്യതേജസ് മായുമ്പോള്‍ ഇരുട്ടുപടരുന്ന അനുഭവം മനസ്സില്‍ തോന്നുന്നു.

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം: പിണറായി

തിരു: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുറിയാനിസഭയ്ക്കു മാത്രമല്ല, സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ ആദരിക്കുന്ന ലോകത്തിനാകെത്തന്നെ കനത്ത നഷ്ടമാണ് ബാവായുടെ വിയോഗംമൂലം ഉണ്ടായിട്ടുള്ളതെന്നും പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment