Thursday, March 27, 2014

വീരേന്ദ്രകുമാര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമോ?

കേരളത്തില്‍ ജോസഫ് മുണ്ടശേരി, സുകുമാര്‍ അഴീക്കോട്, ഒഎന്‍വി തുടങ്ങി നിരവധി ബഹുമുഖപ്രതിഭകള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. അവരൊന്നും സ്വന്തം രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ വീരേന്ദ്രകുമാര്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍നിന്ന് പൂര്‍ണമായും വ്യതിചലിച്ചതായി കാണാം. ജനാധിപത്യത്തിന്റെ പരമോന്നത കേന്ദ്രമായ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍, "ഗാട്ടും കാണാച്ചരടുകളും" എന്ന പുസ്തകത്തിലൂടെ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളും ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും ഇന്ന് എത്രമാത്രം രാജ്യത്തെ ബാധിക്കുന്നുവെന്ന് തുറന്നുപറയേണ്ടതുണ്ട്. അതില്‍ വീരേന്ദ്രകുമാര്‍ ഒളിച്ചുകളിക്കുകയാണെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്. അതുപോലെ പല പ്രശ്നങ്ങളിലും വൈരുധ്യനിലപാട് സ്വീകരിക്കുന്നതായും കാണുന്നു. അത് സംബന്ധിച്ച് താങ്കളുടെ തെരഞ്ഞെടുപ്പ് നോട്ടീസിലൊന്നും പരാമര്‍ശിച്ച് കണ്ടില്ല. അതിനാല്‍ ചില കാര്യങ്ങള്‍ക്കെങ്കിലും മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒന്ന്: ഗാട്ടും കാണാച്ചരടുകളും എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇന്ന് രാജ്യത്ത് നടപ്പായിരിക്കുകയാണ്."ഗാട്ടിലെ കാണാച്ചരടുകള്‍ കൂടുതല്‍ വ്യക്തമാവുന്നു. ബഹുരാഷ്ട്രകുത്തകകള്‍ സര്‍ക്കാരുകളായി മാറുന്നു. സര്‍ക്കാര്‍ വെറും ഏജന്‍സികളായും. ആഗോള സമ്പത്തിന്റെ 80 ശതമാനവും ജനസംഖ്യയുടെ 20ശതമാനം വരുന്ന ധനികരുടെ അധീനതയിലായി. ജലം, മണ്ണ്, വിത്ത് തുടങ്ങിയ പൊതുവിഭവങ്ങളൊക്കെ കോര്‍പറേറ്റുകളുടെ പിടിയിലമരുന്നു. ദേശീയ സര്‍ക്കാര്‍ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് കീഴടങ്ങുന്നു".ഇത് താങ്കള്‍ എഴുതിയതാണ്. ഈ ഉളളടക്കത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ കോണ്‍ഗ്രസിനൊപ്പം എങ്ങനെയാണ് ചേര്‍ന്നു നില്‍ക്കുക.

രണ്ട്: വയനാട്ടില്‍ കൃഷ്ണഗിരി വില്ലേജില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി അനധികൃതമാണെന്ന് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ പറഞ്ഞത്. പി സി തോമസാണ് ഇക്കാര്യംസഭയില്‍ ആദ്യം ഉന്നയിച്ചത്. പാട്ടഭൂമിയോ കാണഭൂമിയോ അല്ലെന്നും ആ ഭൂമി പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അതു പാലിച്ചില്ല. ഒരു മാസത്തിനകം ആദിവാസികള്‍ക്ക് വിട്ടുനല്‍കാന്‍ നടപടിയുണ്ടാവണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനെതിരെ വീരേന്ദ്രകുമാറിന്റെ കുടുംബം എന്തിനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആദിവാസികള്‍ക്കെതിരെ കോടതിയെ സമീപിച്ച താങ്കള്‍ എങ്ങനെ ആദിവാസികളുടെ വോട്ട് തേടും.

മൂന്ന്: പാലക്കാട് മണ്ഡലത്തിലെ മലബാര്‍സിമന്റ്സ് എന്ന പൊതുമേഖലാസ്ഥാപനം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോലപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. റിപ്പോര്‍ട്ട് നടപ്പായാല്‍ സ്ഥാപനം പൂട്ടേണ്ടിവരും. പ്രദേശത്തെ നിരവധിപേര്‍ വഴിയാധാരമാവും. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ അനുകൂലനിലപാട് എടുത്ത താങ്കള്‍ ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ.

നാല്: പ്ലാച്ചിമടയിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് 236 കോടി രൂപയുടെ സഹായം ലഭിക്കുന്ന പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്. മൂന്നുവര്‍ഷമായിട്ടും ബില്ല് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചില്ല. കൊക്കക്കോളയുടെയും മറ്റ് കോര്‍പറേറ്റുകളുടെയും സമ്മര്‍ദഫലമായാണ് അയക്കാത്തത്. യുഡിഎഫിലായിട്ടും ബില്ല് നിയമമാക്കാന്‍ എന്തുകൊണ്ട് സ്വന്തം കഴിവ് വിനിയോഗിച്ചില്ല. കേന്ദ്രസര്‍ക്കാരില്‍ യുഡിഎഫിനെകൊണ്ട് സമ്മര്‍ദം ചെലുത്തിച്ചില്ല.

അഞ്ച്: ബിജെപിയുടെ ഓഫീസില്‍ കോണ്‍ഗ്രസ് പ്രതിനിധിയുമായി താങ്കളുടെ മകന്‍ കയറിയിറങ്ങുന്നത് എന്തിനാണ്. ബിജെപി വോട്ട് താങ്കള്‍ക്ക് നേടിത്തരാമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ. 2004ല്‍ ബിജെപി സ്ഥാനാര്‍ഥി ഉദയഭാസ്കറിന് 1,47,792 വോട്ട് കിട്ടിയസ്ഥാനത്ത് 2009ല്‍ സി കെ പത്മനാഭന്‍ മത്സരിച്ചപ്പോള്‍ 68,804 വോട്ടായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് അതിലും കുറയുമോ. ബിജെപി വോട്ട് വേണ്ടായെന്ന് പറയാന്‍ താങ്കള്‍ തയ്യാറാവുമോ.

എ കെ ബാലന്‍

deshabhimani

No comments:

Post a Comment