Friday, March 28, 2014

എല്‍ഡിഎഫ് മികച്ച വിജയം നേടും

അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയും വിജയപ്രതീക്ഷയോടെയുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. "ദേശാഭിമാനി"ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടതുമതനിരപേക്ഷ ശക്തികള്‍ക്ക് രാജ്യത്താകെയുള്ള അനുകൂല രാഷ്ട്രീയസാഹചര്യം അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസ് ഒരു കാരണവശാലും അധികാരത്തിലെത്തരുതെന്ന വിചാരമാണ് ജനങ്ങള്‍ക്കുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങളെ തകര്‍ത്ത്, കോര്‍പറേറ്റുകളുടെയും വന്‍കിട ജന്മിമാരുടെയും താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്നു. അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്ക് വിനീതവിധേയരായിനിന്ന് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത് വന്‍കൊള്ള നടത്താന്‍ ഒത്താശചെയ്യുകയാണ് മന്‍മോഹന്‍സിങ്.

രാജ്യത്തിന്റെ ആണവനിലയങ്ങളടക്കം അമേരിക്കയ്ക്ക് അടിയറ വയ്ക്കുന്നതിനെ ഇടതുമതനിരപേക്ഷ പാര്‍ടികള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍, തന്റെ നടപടികളിലെ തെറ്റ് തിരിച്ചറിയാന്‍ മന്‍മോഹന്‍സിങ് തയ്യാറായിട്ടില്ല.

അവശ്യവസ്തുക്കളുടെ വില വന്‍തോതില്‍ കുതിച്ചുയരുന്നു. വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധമായി. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടുന്നില്ല. കോണ്‍ഗ്രസിന്റെ പഴയകാല നേതാക്കളായ ഇന്ദിര ഗാന്ധിയെപ്പോലുള്ളവര്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ നാടെങ്ങും എഫ്സിഐ ഗോഡൗണുകള്‍ സ്ഥാപിച്ച് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കളും ലഭിച്ചു. ഈ വീക്ഷണംതന്നെ ഉപേക്ഷിച്ച് എഫ്സിഐ ഗോഡൗണുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി. രാജ്യത്തിന്റെ ഭാവിയുടെ ഉത്തരവാദിത്തംതന്നെ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുകയാണ് മന്‍മോഹന്‍സിങ്.

ഈ നയങ്ങളുടെ ഫലമായി കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു. അര മണിക്കൂറില്‍ ഒരു കര്‍ഷകന്‍വീതം ആത്മഹത്യചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇക്കൂട്ടര്‍തന്നെ വീണ്ടും അധികാരത്തിലെത്തിയില്‍ ഒരു നിമിഷത്തില്‍ ഒന്നെന്ന കണക്കില്‍ ആത്മഹത്യ നടക്കുമെന്ന ഭീതിയും ആശങ്കയുമാണ് ജനങ്ങള്‍ക്കുള്ളത്. ആകാശത്തും ഭൂമിയിലും ഭൂമിക്കടിയിലുമുള്ള രാജ്യത്തിന്റെ സമ്പത്താകെ കോര്‍പറേറ്റുകള്‍ക്ക് കൈമാറി ലക്ഷക്കണക്കിനു കോടി രൂപയുടെ അഴിമതി നടത്തുന്നു. ഇത്തരം അഴിമതികളെപ്പറ്റി അന്വേഷിക്കുന്ന സിബിഐപോലുള്ള ഏജന്‍സികള്‍ കൂട്ടിലെ തത്തയാണെന്ന് ആക്ഷേപമുയര്‍ത്തിയത് സുപ്രീംകോടതിയാണ്. പണിയെടുക്കുന്നവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനം അട്ടിമറിച്ചു. യൗവ്വനത്തില്‍ തൊഴിലില്‍ പ്രവേശിച്ച് നീണ്ടകാലം സേവനംചെയ്ത് റിട്ടയര്‍ചെയ്യുമ്പോള്‍ ന്യായമായി ലഭിക്കേണ്ട പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളാണ് കവര്‍ന്നെടുക്കുന്നത്. അധ്വാനിക്കുന്ന ജനങ്ങളെയാകെയും കര്‍ഷകരെയും വേട്ടയാടുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഇതിനെതിരെ ലാത്തിയും വെടിയുണ്ടകളും കല്‍ത്തുറുങ്കുകളും പുല്ലാക്കി നിരന്തരം പോരാടുന്നത് ഇടതുമതനിരപേക്ഷ ശക്തികളാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

കോണ്‍ഗ്രസിനെതിരായ ശക്തമായ ജനവികാരം മുതലെടുത്ത് തങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഒത്താശചെയ്യുന്ന ബിജെപിയെക്കൊണ്ടും രാജ്യത്തിന് പ്രയോജനമില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. നരേന്ദ്ര മോഡിയെപ്പോലെ മുസ്ലിംജനവിഭാഗത്തെ കൂട്ടക്കൊലചെയ്ത് കുപ്രസിദ്ധിയാര്‍ജിച്ച ആളുകളെയാണ് കോണ്‍ഗ്രസിനെതിരെ ബിജെപി നിര്‍ത്തുന്നത്. ഒരു കാരണവശാലും ഇവരെയൊന്നും നമ്പാന്‍ കഴിയില്ല. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളെ അണിനിരത്തിയുള്ള 11 പാര്‍ടികളടങ്ങുന്ന ദേശീയ ഇടത്-മതനിരപേക്ഷവേദിയിലാണ് ജനങ്ങള്‍ വലിയതോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

മൂന്നുവര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കീഴിലും സംരക്ഷണയിലുമാണ് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് സരിത എസ് നായര്‍ നടത്തിയത്. ഇക്കാര്യത്തില്‍ തെറ്റ് മനസ്സിലാക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. സരിതയുടെ പേര് കേള്‍ക്കുമ്പോള്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ മുങ്ങാങ്കുഴിയിടുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ 450 കോടി രൂപയുടെ ഭൂമി ഇടപാട് നടത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സലിംരാജിനെ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന് ഹൈക്കോടതി ചോദിച്ചു. 2006 മുതല്‍ 2011 വരെ കേരളം ഭരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കി ആത്മഹത്യയില്‍നിന്ന് അവരെ രക്ഷിച്ചു. കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം എല്ലാവിഭാഗങ്ങള്‍ക്കും ആശ്വാസവും ആഹ്ലാദവും പകര്‍ന്ന ഭരണമായിരുന്നു എല്‍ഡിഎഫിന്റേത്. ഈ ജനവിഭാഗങ്ങളെല്ലാം യുഡിഎഫ് ഭരണത്തില്‍ കടുത്ത അസന്തുഷ്ടിയുള്ളവരാണ്.

പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതടക്കമുള്ള സഹായങ്ങള്‍ നല്‍കിയിട്ടും പദ്ധതി സ്തംഭിപ്പിച്ചുനിര്‍ത്തിയിരിക്കയാണ് യുപിഎ സര്‍ക്കാര്‍. ബ്രഹ്മോസ് യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍തോതില്‍ സഹായം നല്‍കി. ഇപ്പോള്‍ അതിനും കേന്ദ്രസഹായമില്ല. വിഴിഞ്ഞം തുറമുഖപദ്ധതിയില്‍നിന്ന് നാവികസേന പിന്മാറി. ഈ അവഗണനകള്‍ക്കെതിരെ പ്രതികരിക്കാന്‍ കേരളീയര്‍ അവസരം പാര്‍ത്തിരിക്കയാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഗസ്റ്റ് ആര്‍ടിസ്റ്റുകളെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശത്തെ വി എസ് പരിഹസിച്ചു. 1957ല്‍ വി ആര്‍ കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രഗത്ഭര്‍ കമ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിക്കുകയും ജയിച്ച് മന്ത്രിമാരായി കേരളം ഒരിക്കലും മറക്കാത്ത സേവനങ്ങള്‍ നല്‍കുകയുംചെയ്തു. സമൂഹത്തില്‍ വലിയ അംഗീകാരമുള്ളവരെയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. അവരെ ജനങ്ങള്‍ അംഗീകരിക്കുകതന്നെ ചെയ്യും.

വി ജയിന്‍ deshabhimani

No comments:

Post a Comment